‘LOVE’
ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും. ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന് തന്നെ പ്രസക്തി മങ്ങും. ജീവിച്ചിരിക്കാനും പ്രവർത്തിക്കാനും നാളെയെക്കുറിച്ച് സ്വപ്നം കാണാനും എല്ലാം കരുത്തുള്ളവനാക്കുന്നത് സ്നേഹം എന്ന വികാരമാണ്.
ഒരാളുടെ സ്നേഹം മനസ്സിലാക്കുന്നത് പലപ്പോഴും അയാൾ I LOVE YOU എന്ന് പറയുന്നതുകൊണ്ടുമാത്രമല്ല. അയാളുടെ പ്രവൃത്തികളിലൂടെ, പെരുമാറ്റത്തിലൂടെ, സാന്നിധ്യത്തിലൂടെ സ്നേഹം തിരിച്ചറിയാൻ കഴിയുന്നു. വാക്കുകളെക്കാൾ ഇരട്ടി പ്രഘോഷിക്കുന്നത് പ്രവൃത്തികളാണെന്നാണല്ലോ ഇങ്ങനെയൊരു സാഹചര്യത്തിൽ മറ്റൊരാളുടെ സ്നേഹം മനസ്സിലാക്കാനുള്ള എളുപ്പമാർഗ്ഗങ്ങളെക്കുറിച്ച് മനശ്ശാസ്ത്രം വ്യക്തമാക്കുന്ന ചില സൂചനകളുണ്ട്. വാക്കുകൾ കൊണ്ട് എന്നതിലേറെ സ്നേഹം പ്രകടിപ്പിക്കുന്ന, സ്നേഹം തിരിച്ചറിയുന്ന മാർഗ്ഗങ്ങൾ.
സ്പർശം
ഏറ്റവും ശക്തിയുള്ള ആശയവിനിമയമാർഗ്ഗമാണ് സ്പർശം. ശാരീരികമായ സ്പർശനത്തിലൂടെ വൈകാരികഭാവങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. സുരക്ഷിതത്വവും അടുപ്പവും വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണ് സ്പർശം. വാക്കുകൾ കൊണ്ട് എന്നതിലേറെ ഒരാളെ സ്പർശിക്കുമ്പോൾ,കൈവിരൽ കോർത്തു നടക്കുമ്പോൾ, ചുമലിൽ മുഖം ചേർക്കുമ്പോൾ, സ്നേഹം അനുഭവിക്കാൻ കഴിയും.
സേവനം
ഒരാൾക്ക് ഒരു കാര്യം ആവശ്യമോ അത്യാവശ്യമോ ആണെന്ന് മനസ്സിലാക്കി അത് നിവർത്തിച്ചുകൊടുക്കുമ്പോൾ അവിടെ സ്നേഹം വ്യക്തമാകുന്നു. സാമ്പത്തികപ്രതിസന്ധിയിലായ ഒരു സുഹൃത്തിന് അയാൾ ചോദിക്കാതെ തന്നെ നല്കുന്ന സാമ്പത്തികസഹായം, സഹപാഠിക്ക് പറഞ്ഞുകൊടുക്കുന്ന അറിവുകൾ, നടന്നുപോകുന്ന ഒരാൾക്ക് നല്കുന്ന ലിഫറ്റ് ഇതൊക്കെ ഓരോരോ രീതിയിൽ സ്നേഹത്തിന്റെ പ്രകടനങ്ങളാണ്. ആവശ്യം കണ്ടറിഞ്ഞ് പെരുമാറുക. അതാണ് സ്നേഹത്തിന്റെ മറ്റൊരു ലക്ഷണം. കുടുംബജീവിതത്തിലേക്ക് നോക്കുകയാണെങ്കിൽ പങ്കാളികൾ പരസ്പരം ചെയ്തുകൊടുക്കുന്ന സഹായങ്ങൾ, മക്കൾ മാതാപിതാക്കൾക്ക് നല്കുന്ന ശുശ്രൂഷകൾ ഇവയും സ്നേഹത്തിന്റെ പ്രകടനങ്ങൾ തന്നെയാണ്.
ശ്രദ്ധ
സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും അമൂല്യമായ ഒന്നാണ് മറ്റൊരാൾക്ക് നല്കുന്ന ശ്രദ്ധ. ഒരാൾ സംസാരിക്കുമ്പോൾ അല്ലെങ്കിൽ അയാൾ അടുത്തുള്ളപ്പോൾ അയാൾക്ക് നമ്മുടെ പൂർണ്ണമായ ശ്രദ്ധ കൊടുക്കുക. അസ്വസ്ഥതയോടെ പെരുമാറുക, നോട്ടം മാറ്റുക, ഫോണിൽ നോക്കുക, ഇവയൊക്കെ ഒരു വ്യക്തിയോട് കാണിക്കുന്ന അശ്രദ്ധകളാണ്. അതിന്റെ അർത്ഥമാവട്ടെ അയാളെ നാം വേണ്ടത്ര ഗൗനിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല എന്നതും. കുട്ടികളോ ജീവിതപങ്കാളിയോ മാതാപിതാക്കളോ ഓരോ കാര്യം സംസാരിക്കാനെത്തുമ്പോൾ അവരെ അവഗണിക്കുകയാണ് ചെയ്യുന്നതെങ്കിൽ അല്ലെങ്കിൽ അശ്രദ്ധമായിട്ടാണ് അവരെ ശ്രവിക്കുന്നതെങ്കിൽ അവിടെ സ്നേഹം പ്രകടമാകുന്നില്ല എന്നു തന്നെയാണ് അർത്ഥം.
സർപ്രൈസ് നല്കുക
സ്നേഹിക്കുന്ന വ്യക്തികൾക്ക് നല്കുന്ന സർപ്രൈസുകൾ സ്നേഹത്തിന്റെ തെളിവാണ്. ഉദാഹരണത്തിന് ഭാര്യ ജോലി കഴിഞ്ഞുവരുമ്പോൾ വീട്ടുപണികൾ മുഴുവൻ ചെയ്തുതീർക്കുക, ഭർത്താവ് മറന്നുപോയ പിറന്നാളിന് അയാൾക്ക് സമ്മാനം നല്കുക, മുന്നറിയിപ്പു കൂടാതെ സുഹൃത്തിനെ സന്ദർശിക്കുക ഇതൊക്കെ സർപ്രൈസുകളാണ്, സർപ്രൈസ് ഗിഫ്റ്റുകളും.
ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് വീമ്പിളക്കാതെ സ്നേഹിക്കുന്നുവെന്നതിന് തെളിവുകൾ നല്കുകയാണ് പ്രധാനം. പ്രകടിപ്പിക്കുന്ന സ്നേഹത്തിനാണ് വിലക്കൂടുതലുള്ളത്. സ്നേഹത്തിന്റെ പ്രകടനങ്ങൾ അതിരുകളില്ലാത്തതാണ്. എത്രത്തോളം സ്നേഹം പ്രകടിപ്പിക്കാമോ അത്രത്തോളം നിങ്ങൾ സ്നേഹിക്കാനറിയാവുന്ന മനുഷ്യനായി മാറുകയാണ്.