കാഴ്ചയും കേൾവിയും വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച അത്ര ഷാർപ്പാകുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ കാഴ്ചയില്ല എന്ന് അസ്വസ്ഥപ്പെട്ടിരുന്ന അപ്പനെയും അമ്മയെയും ഓർമ്മിക്കുന്നു. മക്കളെയോ മരുമക്കളെയോ സാധനങ്ങളെയോ തിരിച്ചറിയാൻ തെല്ലും ബുദ്ധിമുട്ടില്ലാത്തപ്പോഴും കണ്ണിന് അടുപ്പിച്ചുവച്ചു പത്രം വായിക്കാൻ കഴിയുമ്പോഴും അവർ പരാതിപ്പെട്ടിരുന്നത് കണ്ണുകാണുന്നില്ല എന്നായിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയുമ്പോഴും കാതുകേൾക്കുന്നില്ല എന്നായിരുന്നു.
കാഴ്ചയും കേൾവിയും എത്രയോ പ്രധാനപ്പെട്ടതാണ്, അല്ലെങ്കിൽ കാഴ്ചയില്ലാതാകുന്നതും കേൾവിയില്ലാതാകുന്നതും വ്യക്തിപരമായി എത്രയോ വലിയ ദുരന്തമാണ്! പക്ഷേ ഇപ്പോൾ വല്ലാത്തൊരു സങ്കടം ഉളളിൽ നിറയുന്നു. കണ്ണുണ്ടായിട്ടും കാഴ്ച നഷ്ടപ്പെട്ടുപോയ, കണ്ണടച്ചുപിടിച്ച ആ യൗവനങ്ങളെയോർത്ത്.. കാതുണ്ടായിട്ടും കാതു കൊട്ടിയടച്ച ആ ചെറുപ്പക്കാരെയോർത്ത്.. എന്തു വികാരമായിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്? ഭയം… വെറുപ്പ്… രാഷ്ട്രീയം… അറിയില്ല. പക്ഷേ അവർക്കെങ്ങനെ സാധിച്ചു അത്? അതും അറിയില്ല. ആസുരമായ ഒരു ലോകമാണ് ഇതെന്നാണ് ചുറ്റുപാടുകൾ പലതും ആവർത്തിച്ചുവ്യക്തമാക്കുന്നത്.
നന്മ ചോർന്നുപോകുന്ന ഇടങ്ങൾ. പക്ഷേ അതിനെക്കാൾ നമ്മെ ഭാരപ്പെടുത്തേണ്ടത് തിന്മയ്ക്ക് നേരെ കണ്ണടച്ചുപിടിക്കുന്ന ചില ശീലങ്ങളാണ്. ഒറ്റ യ്ക്ക് നിന്ന് ഒരു തിന്മയെ ഇല്ലാതാക്കാൻ മാത്രം കരുത്തുളളവരായിരിക്കില്ല നമ്മൾ. പക്ഷേ കൺമുമ്പിൽ കണ്ട തിന്മയ്ക്ക് നേരെ കണ്ണടയ്ക്കാതിരിക്കാനെങ്കിലും നമുക്ക് കഴിയില്ലേ? തന്നാലാവുന്ന വിധം ചെറുവിരൽ അനക്കാനെങ്കിലും..? അതിന് പോലും കഴിയാത്തവിധം നമ്മുടെ മനസ്സിലെ വെളിച്ചം കെട്ടുപോയോ? ആത്മവിശകലനത്തിന് തയ്യാറാവുക.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്