കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം ശരീരത്തെ പോസിറ്റീവായി കാണാൻ കഴിയുന്നതും ലൈംഗികകാര്യങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകുന്നതും തമ്മിൽ ബന്ധമുണ്ട്. ലൈംഗികജീവിതം അലങ്കോലമാണ് എന്ന് പറഞ്ഞ് ഡോക്ടേഴ്സിനെ സമീപിക്കുന്ന പലരുടെയും അനുഭവത്തിൽ നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്.
സ്വയം അംഗീകരിക്കാൻ കഴിയുന്നതും എന്താണോ താൻ അത് അതേപടി ഉൾക്കൊള്ളുന്നതും ജീവിതവിജയത്തിന് അനിവാര്യമാണ് എന്ന് പറ യുന്നതുപോലെ തന്നെ സ്വന്തം ശരീരത്തെ അംഗീകരിക്കാനും ആദരിക്കാനും കഴിയുന്നതു വഴി ലൈംഗികജീവിതത്തെയും സന്തോഷകരവും സംതൃപ്തികരവുമായി മാറ്റാനാവും..
ഇതെങ്ങനെ സാധിച്ചെടുക്കാം? പറയാം: സ്വന്തം ശരീരം എങ്ങനെയാണോ അതേപടി അംഗീകരിക്കുക. ഒരുപക്ഷേ പരസ്യചിത്രങ്ങളിൽ കാണ പ്പെടുന്നവരെ പോലെയോ ചലച്ചിത്രങ്ങളിലെ സുന്ദരീസുന്ദരന്മാരെപോലെയോ നമ്മുടെ ശരീരം ആരോഗ്യപരമായും സൗന്ദര്യപരമായും മികച്ചതായിരിക്കണമെന്നില്ല. എങ്കിലും സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടും അപൂർണ്ണതകളോടും കൂടി ഉൾക്കൊള്ളുക. സ്വന്തം ഉടലിനോട് അവനവർക്ക് തന്നെ മതിപ്പില്ലെങ്കിൽ, സ്വന്തം ശരീരം ആസ്വദിക്കാൻ നമുക്ക് കഴിവില്ലെങ്കിൽ മറ്റുള്ളവർ നമ്മുടെ സൗന്ദര്യാരാധകരാകുമെന്ന് കരുതരുത്. സ്വന്തം ശരീരത്തെ അംഗീകരിക്കുന്നതിലൂടെ ലൈംഗികപരമായ ആത്മവിശ്വാസം നേടിയെടുക്കുന്നവരാകുക.
പങ്കാളികളുടെ സൗന്ദര്യമോ ആരോഗ്യമോ അല്ല ലൈംഗികജീവിതത്തിന്റെ സംതൃപ്തി. പങ്കാളികൾ തമ്മിൽ എത്രത്തോളം വൈകാരികമായ അടുപ്പമുണ്ട് എന്നതാണ് അതിന്റെ അടിസ്ഥാനം. പരസ്പരമുളള സ്നേഹവും ഐക്യവും ആഴവും ലൈംഗികജീവിതത്തിൽ പ്രതിഫലിക്കും. വൈകാരികമായ അടുപ്പത്തിലാണോ ലൈംഗികസംതൃപ്തി സ്വഭാവേന സംഭവിക്കും.
ശരീരത്തെക്കുറിച്ച് ലജ്ജയില്ലാതെയും അപകർഷതയില്ലാതെയും ലൈംഗികബന്ധത്തിൽ ഏർപ്പെടുക. ലോകത്തിൽ ഏറ്റവും സൗന്ദര്യവും ആരോഗ്യവുമുള്ള വ്യക്തി ഞാനാണെന്ന് ആ നിമിഷങ്ങളിൽ സ്വയംസങ്കല്പിക്കുക. അതുപോലെ എന്റെ പങ്കാളിയും. പങ്കാളികൾ തമ്മിൽ ഹൃദ്യമായും ആത്മാർത്ഥമായും ലൈംഗികകാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും ലൈംഗികജീവിതത്തിന് ഗുണം ചെയ്യും. പങ്കാളിയെ തളർത്തിക്കളയുന്ന വിധത്തിലുള്ള വാക്കുകൾ ലൈംഗികതയെ സംബന്ധിച്ച് പറയാതിരിക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം മനുഷ്യന്റെ തലച്ചോറാണെന്നും മറക്കരുത്.