അച്ചടക്കം അത്ര നിസ്സാരമല്ല

Date:

spot_img

‘ഇന്നത്തെ  നമ്മുടെ പ്രസംഗവിഷയം അച്ചടക്കം എന്നതാണല്ലോ.’

ഒരുകാലത്ത് ക്ലാസ് മുറികളിൽ നിറഞ്ഞു നിന്ന ഒരു വാചകമായിരുന്നു ഇത്. അങ്ങനെ പ്രസംഗിച്ചവർക്ക് ഒരുപക്ഷേ ആ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ടാവണം എന്നില്ല. എന്നാൽ അത് തിരഞ്ഞെടുത്തവർ തീർച്ചയായും  വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടുണ്ട്. അന്നും ഇന്നും അച്ചടക്കം ഒരു പ്രധാന വിഷയമാണ്. പ്രസംഗവേദികളിൽ മാത്രമല്ല ജീവിതത്തിന്റെ അരങ്ങുകളിലും.

 ക്ലാസ് മുറികളിൽ മിണ്ടാതെയിരിക്കുക, ശ്രദ്ധിച്ചിരിക്കുക എന്നിങ്ങനെ പരിമിതപ്പെട്ട ചുറ്റളവുകളിൽ മാത്രമല്ല അച്ചടക്കം പ്രധാനപ്പെട്ടതാകുന്നത്. ജീവിതവിജയത്തിന് അടിസ്ഥാനം തന്നെ അച്ചടക്കമാണ്. ഒരു വ്യക്തിയെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കുന്നതിന്, അയാളെ കരുത്തനും ധീരനുമാക്കുന്നതിന് അച്ചടക്കം പ്രധാന പങ്കുവഹിക്കുന്നു.

എന്നാൽ ഇന്നത്തെ തിരക്കുപിടിച്ചതും സാങ്കേതികത വളർന്നുപന്തലിച്ചതുമായ ഒരു കാലഘട്ടത്തിൽ അച്ചടക്കമുള്ളവരായിരിക്കുക എന്നത് നിസ്സാരകാര്യമല്ല. കാരണം ഏതൊരു മുക്കിലും മൂലയിലും ഏകാഗ്രത  നഷ്ടപ്പെടുത്തുന്നതും മനസ്സിന്റെ ശ്രദ്ധയെ അസ്ഥിരപ്പെടുത്തുന്നതുമായ എത്രയെത്ര സംഗതികളാണുള്ളത്! ഇവയെല്ലാം ഒരു വ്യക്തിയെ അച്ചടക്കമുളളവനാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നവയാണ്.
വ്യക്തിപരമായ വളർച്ചയ്ക്കും ജീവിതത്തിൽ വിജയങ്ങൾ നേടിയെടുക്കുന്നതിനും അച്ചടക്കം പാലിച്ചേതീരൂ. വ്യക്തിപരമായ അച്ചടക്കമാണ് വ്യക്തിപരമായ ജീവിതവിജയത്തിന്റെ അടിസ്ഥാനഘടകം.

അച്ചടക്കം എങ്ങനെയാണ് വ്യക്തിപരമായ വളർച്ചയ്ക്ക് കാരണമാകുന്നതെന്ന് നോക്കാം. അവനവനെ തന്നെ നിയന്ത്രിക്കാനുള്ള കഴിവുണ്ടായിരി്ക്കുക, പ്രവൃത്തികളെയും വാക്കുകളെയും നിയന്ത്രിക്കുക, മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുടരുക എന്നിവയ്ക്കെല്ലാം അച്ചടക്കം ആവശ്യമാണ്.  മദ്യപാനശീലമോ പുകവലി ശീലമോ ഉള്ള ഒരു വ്യക്തിയാണെന്നിരിക്കട്ടെ അല്ലെങ്കിൽ അമിതമായതും അനാവശ്യമായതുമായ  ഇന്റർനെറ്റ് ഉപയോഗം ശീലമാക്കിയ വ്യക്തിയാണെന്നിരിക്കട്ടെ ഇത്തരം ദുശ്ശീലങ്ങളുടെ മേൽ നിയന്ത്രണം പുലർത്തിയില്ലെങ്കിൽ,അച്ചടക്കം വരുത്തിയില്ലെങ്കിൽ അത് ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

ജീവിതശൈലീരോഗങ്ങൾ പകർച്ചവ്യാധിയാകുന്ന കാലമാണല്ലോ ഇത്. ഇവയ്ക്ക് പരിഹാരമായും പ്രതിരോധമായും ഡോക്ടേഴ്സ് നിർദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ നടപ്പിലാക്കുന്നത് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിന് ഗുണകരമാണ്.  എന്നാൽ ചിലർ അത്ര ശ്രദ്ധയോ പരിഗണനയോ ഇക്കാര്യത്തിൽ കൊടുക്കാറില്ല. ഫലമോ? ജീവിതം തന്നെ അപകടാവസ്ഥയിലാകുന്നു. ഇങ്ങനെ പലപല മേഖലകളിൽ, വിഷയങ്ങളിൽ ഒരു വ്യക്തി അച്ചടക്കം പാലിക്കേണ്ടതുണ്ട്.

അച്ചടക്കം പെട്ടെന്നൊരു ദിവസം കൊണ്ട് സ്വന്തമാക്കാവുന്നവയല്ല. നിരന്തരമായ ശ്രമവും അദ്ധ്വാനവും  അതാവശ്യപ്പെടുന്നുണ്ട്. ആദ്യം അച്ചടക്കത്തിന് വേണ്ടി ആഗ്രഹിക്കുക.പിന്നീട് അച്ചടക്കത്തിന് വേണ്ടി ശ്രമിക്കുക. അനുദിന ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഇതിന് തുടക്കമിടാവുന്നതാണ്. ഉദാഹരണത്തിന് രാവിലെയുള്ള വ്യായാമം, വൈകുന്നേരങ്ങളിലെ പുസ്തകവായന, ധ്യാനം എന്നിവ. വൈകി എണീല്ക്കുന്ന ശീലമാണ് ഉള്ളതെങ്കിൽ നേരത്തെ എണീല്ക്കുന്നത് പതിവാക്കുക.

അച്ചടക്കമുണ്ടാകുന്നതോടെ  ആത്മനിയന്ത്രണം സാധ്യമാകുന്നു. ആത്മനിയന്ത്രണമുണ്ടാകുമ്പോഴാണ് വ്യക്തിക്ക് തന്റെ ചോദനകളെയും വികാരങ്ങളെയും നിയന്ത്രിക്കാനാവുന്നത്. അച്ചടക്കത്തിന്റെ മറ്റൊരു ഫലമാണ് വ്യക്തികൾ കൂടുതൽ മോട്ടിവേറ്റ് ചെയ്യപ്പെടുന്നുവെന്നത്.

താല്ക്കാലിക സുഖങ്ങളിൽ നിന്നും നൈമിഷിക മായ താല്പര്യങ്ങളിൽ നിന്നുമുള്ള ബോധപൂർവ്വമായ വിട്ടുനില്ക്കലും ഉയിർത്തെണീല്പ്പുമാണ് അ ച്ചടക്കം. അച്ചടക്കമുള്ളവരാകൂ, ജീവിതവിജയം കരസ്ഥമാക്കൂ..

അച്ചടക്കമുണ്ടാകുമ്പോൾ
ലക്ഷ്യബോധമുണ്ടാകുന്നു
സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടാകുന്നു
ജീവിതവിജയം കരസ്ഥമാക്കുന്നു
മെച്ചപ്പെട്ട ആരോഗ്യവും നല്ല ബന്ധങ്ങളും
ജോലിയിൽ സംതൃപ്തിയും ഉയർന്ന പ്രവർത്തനക്ഷമതയും
നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നു,  
മോശം ശീലങ്ങളിൽ നിന്ന് മുക്തരാകുന്നു
മുൻഗണനകൾക്ക് പ്രാധാന്യം കൊടുക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്നു
അനുദിനം സ്വയം മെച്ചപ്പെടുന്നു

More like this
Related

error: Content is protected !!