എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ കാര്യങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവരെ സംബന്ധിച്ച രഹസ്യങ്ങളുമെല്ലാം നാലാളോട് പറഞ്ഞില്ലെങ്കിൽ സമാധാനമില്ലെന്നാണ് അവരുടെ മട്ട്. എന്നാൽ ഒരിക്കലും മറ്റുള്ളവരോട് തുറന്നു പറയാൻ പാടില്ലാത്ത ചില വിഷയങ്ങളുണ്ട്. തീർത്തും വ്യക്തിപരമായ കാര്യങ്ങൾ തുറന്നുപറയാത്തത് വ്യക്തിപരമായ വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്. കൂടാതെ മറ്റുള്ളവരുടെ ന്യായരഹിതമായ വിധിപ്രസ്താവങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനും സ്വന്തം ജീവിതത്തിന്മേൽ നമുക്ക് തന്നെ നിയന്ത്രണം പുലർത്തുന്നതിനും ഇതേറെ സഹായകരമാണ്. ഗ്രീക്ക് ചിന്താധാരയായ സ്റ്റോയിസിസ(േെീശരശാെ)ത്തിന്റെ ഭാഗമായിട്ടാണ് ഈ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. ഇതനുസരിച്ച് മറ്റുളളവരുമായി പങ്കുവയ്ക്കാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
നമ്മുടെ ഭയങ്ങളും നാം അനുഭവിക്കുന്ന അരക്ഷിതാവസ്ഥകളും
എല്ലാവരുടെയും ഉള്ളിൽ പലതരത്തിലുള്ള ഭയങ്ങളുണ്ട്, അരക്ഷിതാവസ്ഥകളുണ്ട്. ജോലി, ആരോഗ്യം, ബന്ധങ്ങൾ, പ്രായം എന്നിങ്ങനെ എത്രയോ വിഷയങ്ങളുണ്ട് ഒരാളുടെ അരക്ഷിതാവസ്ഥയുമായി ബന്ധപ്പെട്ടവയായിട്ട്. അവയെ യുക്തിസഹമായി, കാര്യകാരണസഹിതം ജ്ഞാനത്തോടെ അതിജീവിക്കുകയാണ് വേണ്ടത്. പകരം അത് പരസ്യപ്പെടുത്തുമ്പോൾ അവയെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയും ആത്മാഭിമാനവുമായി ചില ഒത്തുതീർപ്പുശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടതായി വരും. ഗുണത്തെക്കാളേറെ ദോഷം ഉണ്ടാക്കുകയും ചെയ്യും.
സാമ്പത്തിക ഉറവിടങ്ങൾ
നിങ്ങളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും സമ്പാദ്യങ്ങളെക്കുറിച്ചും സാമ്പത്തികവരുമാനത്തെക്കുറിച്ചും മറ്റുള്ളവരോട് വെളിപ്പെടുത്തേണ്ട തില്ല. ശമ്പളവും പ്രായവും ചോദിക്കരുതെന്ന് ന മ്മുടെ നാട്ടിൻപുറങ്ങളിലും പറയാറുണ്ടല്ലോ.
ആന്തരികചിന്തകളും പ്രതികരണങ്ങളും
മനസ്സ് പിടിച്ചാൽ പിടികിട്ടാത്ത ഒന്നാണ്. നമ്മുടെ മനസ്സിലൂടെ എന്തൊക്കെയാണ് കടന്നുപോകുന്നതെന്ന് നമുക്കുപോലും മനസ്സിലാകാറില്ല. അങ്ങനെയെങ്കിൽ അത്തരം കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതുണ്ടോ?
പ്രണയബന്ധങ്ങളും സൗഹൃദബന്ധങ്ങളും
തന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുനടക്കുന്നതിൽ അഭിമാനം കൊ ള്ളുന്നവരാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ. പ്രണയഭാജനവുമായുള്ള ചാറ്റുകൾ, ഫോട്ടോകൾ തുടങ്ങിയവയൊക്കെ പങ്കുവയ്ക്കുന്നവരുമുണ്ട്. നിങ്ങളുടെ ഏറ്റവും സ്വകാര്യതയാണ് അത്തരം ബന്ധങ്ങൾ. അവയെക്കുറിച്ചുള്ള നിറം പിടിപ്പിച്ച അനുഭവങ്ങൾ മറ്റുളളവരുമായി പരസ്യപ്പെടുത്താതിരിക്കുക.
ആരോഗ്യകാര്യങ്ങൾ
ശാരീരികമായ പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും പങ്കുവയ്ക്കാതിരിക്കുക.
ചുരുക്കത്തിൽ, ചില കാര്യങ്ങൾ പരസ്യപ്പെടുത്താതിരിക്കുകയാണ് നല്ലത്. നാവാണ് നമുക്ക് മറ്റുള്ളവരിൽ നിന്ന് അപമാനവും അഭിമാനവും നേടി ത്തരുന്നതെന്നും പറയാറുണ്ടല്ലോ?
സ്റ്റോയിസിസം
ആത്മനിയന്ത്രണം നേടിയെടുക്കുകയും വിനാശകരമായ ചിന്തകളെ അതിജീവിക്കുകയുമാണ് ഈ തത്വചിന്താധാരയുടെ ലക്ഷ്യം. സെനോ ഓഫ് സിറ്റിയമാണ് ഉപജ്ഞാതാവ്. മൂന്നാം നൂറ്റാണ്ടുവരെ ഗ്രീക്കിൽ ആധിപത്യം പുലർത്തിയിരുന്ന ചിന്താധാരയായിരുന്നു.