ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും ആകർഷണവും. ഒരാളെ സ്പർശിക്കുകയോ കെട്ടിപിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യുമ്പോൾ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് സ്പർശനാലിംഗനങ്ങളും ചുംബ നങ്ങളും വ്യക്തികളെ സന്തോഷവാന്മാരാക്കുന്നത്. ഒരുമിച്ചു കൈകൾ കോർത്ത് നടന്നുനീങ്ങുന്ന ദമ്പ
തികളും സുഹൃത്തുക്കളും അമ്മയും മകനും സഹോദരങ്ങളും എല്ലാം വ്യക്തമാക്കുന്നത് പരസ്പരമുള്ള തങ്ങളുടെ അടുപ്പവും സ്നേഹവും തന്നെയാണ്.
ബോധപൂർവ്വമല്ലെങ്കിൽ കൂടി ഇവ പരസ്പരമുളള സ്നേഹം ദൃഢമാക്കുന്നു. സ്നേഹപ്രകടനത്തിന്റെ ഒരു തലം കൂടിയാണ് സ്പർശം. ശാരീരികമായി തോന്നുന്ന അടുപ്പവും ശാരീരികമായ സ്പർശനവും പ്രണയബന്ധങ്ങളിൽ പ്രധാന റോൾ വഹിക്കുന്നുമുണ്ട്. സ്പർശനങ്ങൾക്കും ആലിംഗനങ്ങൾക്കും ക്രിയാത്മകമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിവുണ്ട്.
മുകളിൽ പറഞ്ഞതുപോലെ ഓക്സിടോസിൻ എന്ന ഹോർമോണിന്റെ ഉല്പാദനം ശരീരത്തിലെ സ്ട്രസ് കുറയ്ക്കുന്നു. മനസ്സ് ശാന്തമാക്കുന്നു. സ്പർശനാലിംഗനാദികൾ വഴി ഡോപ്പമൈൻ, സെറോട്ടോണിൻ തുടങ്ങിയവയും തലച്ചോർ പുറപ്പെടുവിക്കുന്നുണ്ട്.
പ്രിയപ്പെട്ട ഒരാൾ പല കാര്യങ്ങളുമോർത്ത് ടെൻഷൻ അനുഭവിക്കുകയാണെന്ന് വിചാരിക്കുക. ആ വ്യക്തിയുടെ തൂനെറ്റിയിൽ ഒരു ഉമ്മ കൊടുക്കുക. ഇത് ആ വ്യക്തിയുടെ ടെൻഷൻ കുറയ്ക്കാൻ സഹായകരമായിരിക്കും… മാത്രവുമല്ല അടുപ്പത്തിന്റെ ഭാഗമാണല്ലോ സ്പർശനം. ആലിംഗനം ചെയ്യുന്നതിലൂടെ രണ്ടു വ്യക്തികൾ തമ്മിലുള്ള അകലം കുറയുന്നു. മനസ്സ്സ്വതന്ത്രമാകുന്നു. മനസ്സിനെ സ്വതന്ത്രമാക്കുന്ന പ്രവൃത്തിയാണ് ചുംബനം. പലപ്പോഴും വാക്കുകൾക്ക് അതീതമായ അനുഭവമാണ് സ്പർശനത്തിലൂടെ സാധ്യമാകുന്നത്.
ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സ്പർശനം സഹായിക്കുന്നു. സ്പർശം പിന്തുണയാണ്, പിന്താങ്ങലാണ്. ആശയക്കുഴപ്പത്തിൽ പെട്ടുഴലുമ്പോൾ സ്നേഹത്തോടെയുള്ള അണച്ചുപിടിക്കൽ നല്കുന്ന ആശ്വാസം സീമാതീതമാണ്. മത്സരത്തിൽ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ ധൈര്യക്കുറവ് നേരിടുന്ന മക്കളെ അണച്ചുപിടിച്ച് ഉമ്മ നല്കി ബെസ്റ്റ് വിഷസ് നേരുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷവും ആശ്വാസവും കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കും.
ഓരോ വ്യക്തിയെയും ശാരീരികമായി സ്പർശിക്കുമ്പോൾ നാം പറയാതെ പറയുന്നത് നമ്മുടെ മനസ്സുകളും ഇതുപോലെ തൊടാൻ പറ്റുന്ന വിധത്തിൽ അടുത്തുള്ളവയാണെന്നാണ്. അല്ലെങ്കിൽ പറയൂ നമ്മൾ സ്പർശിക്കുന്നത്, ചേർന്നിരിക്കാൻ ആഗ്രഹിക്കുന്നത് നമ്മുക്ക് അത്രമേൽ പ്രിയപ്പെട്ടവരെയല്ലേ. ഒരു അപരിചിതനെ സ്നേഹത്തോടെ ആശ്ലേഷിക്കാൻ മാത്രം നമ്മുടെ ഹൃദയം ഇനിയും വിശാലമായിട്ടില്ലല്ലോ. അതുകൊണ്ട് പ്രിയപ്പെട്ടവരെ സ്പർശിക്കാൻ ഇനിയും മടിക്കുന്നതെന്തിന്…?