ഒറ്റയ്ക്കും മുന്നോട്ടു പോകാം…

Date:

spot_img

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ ഒരു സിംഗിൾ ഫോട്ടോയ്ക്ക് ഫോട്ടോഗ്രാഫറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പോസ് ചെയ്യുന്നതാണ് ബുദ്ധിമുട്ട്.  ആൾക്കൂട്ടത്തിലൊരാളായി കാറിക്കൂവാനും മുദ്രാവാക്യം വിളിക്കാനും എളുപ്പമാണ്. ഒരു സംഘഗാനത്തിൽ ചുണ്ടുകൾ ചലിപ്പിച്ച് പാട്ടുപാടാനും അധികം ബുദ്ധിമുട്ടേണ്ട. പക്ഷേ ഒരുസോളോഗാനം പാടി നോക്ക്… ബുദ്ധിമുട്ടറിയാം. തനിച്ച് നില്ക്കുന്നതാണ് ദുഷ്‌ക്കരം. അത് നിലപാടുകൾ ആവശ്യപ്പെടുന്നു. കരുത്ത് ചോദിക്കുന്നു. വ്യക്തമായ ആശയവും ധൈര്യവും അത് അർഹിക്കുന്നു.

തനിച്ചുനില്ക്കൽ തിരിച്ചറിവുകളുടെ ലോകമാണ്. തനിച്ചുനില്ക്കുമ്പോഴാണ് ഒരാൾ പോലും കൂടെയില്ലെന്ന് മനസ്സിലാവുന്നത്.  കൂടെയില്ലാതാവുക എന്നാൽ ഇന്നലെവരെ നല്കിയ വാഗ്ദാനങ്ങൾ തുടച്ചുകളയുക എന്നതാണ്. നിന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരാൻ വരാതെ നിനക്ക് നീ മാത്രമേയുള്ളൂവെന്ന് വിളിച്ചുപറയുന്നതാണ്.

തനിച്ചായിപോകുമ്പോഴാണ് ലോകം എത്രമാത്രം വിശാലമാണെന്ന് മനസ്സിലാവുന്നത്. ആരൊക്കെയോ കൂടെയുളളപ്പോൾ നമ്മുടെ ശ്രദ്ധയും കരുതലുമെല്ലാം അവരിലേക്കായിരുന്നു അവരുടെ സന്തോഷങ്ങൾ.. അവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത.. അവർ നല്കുന്ന സ്നേഹങ്ങൾ.. നാം തനിച്ചാണെന്ന് തോന്നുകയേയില്ല. പക്ഷേ അപ്രതീക്ഷിതമായി തനിച്ചായിപ്പോകുമ്പോൾ.. തനിച്ചാണെന്ന് മനസ്സിലാകുമ്പോൾ.. സത്യത്തിൽ ആ തിരിച്ചറിവാണ് സ്വയം പൊരുതാനും പോരടിക്കാനും കരുത്തു നല്കുന്നത്.   തനിച്ചുനില്ക്കുമ്പോൾ  ചില തിരിച്ചറിവുകളിലേക്കാണ് പ്രവേശിക്കുന്നത്. തനിച്ചായിപോകുമ്പോൾ തനിച്ചായി പോകുന്നതിന്റെ വേദന മനസ്സിലാവും. കൂട്ടുകൂടിയതിന്റെ വില മനസ്സിലാവും. തീർന്നില്ല, തനിച്ച് നില്ക്കുമ്പോഴാണ് തനിക്ക് എന്തുമാത്രം കരുത്തുണ്ടെന്ന് മനസ്സിലാവുന്നത്. മുന്നോട്ടുള്ള വഴികൾ കടന്നുപോകേണ്ടതുണ്ടെന്ന് മനസ്സിലാവുന്നത്.
ആരുമില്ലാത്തതുകൊണ്ടല്ല ചിലരൊക്കെ തനിച്ചായിപോകുന്നത്. ആരെയൊക്കെയോ അന്ധമായി വിശ്വസിച്ചതുകൊണ്ടുകൂടിയാണ്. ആരെയും സ്നേഹിക്കാത്തതുകൊണ്ടല്ല ആരെയൊക്കെയോ സ്നേഹിച്ചിട്ടും ആരും തിരിച്ചുസ്നേഹിക്കാത്തതുകൊണ്ടുകൂടിയാണ്.

എല്ലാവരും ഉള്ളപ്പോഴും ആത്യന്തികമായി നമ്മൾ ഒറ്റയ്ക്കുതന്നെയാണ് എന്നതാണ് വാസ്തവം. ആന്തരികമായി എല്ലാ മനുഷ്യരും ഒറ്റയ്ക്കാണ്. ബാഹ്യമായി നോക്കുമ്പോഴാകട്ടെ ചില ബന്ധങ്ങളുടെ ലോകം ചുറ്റിനുമുണ്ട്. അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മക്കൾ, സഹോദരങ്ങൾ,സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അയൽക്കാർ.. പക്ഷേ അപ്പോഴും ഉള്ളിന്റെയുള്ളിൽ നാം ഒറ്റയ്ക്കാണ്. എല്ലാവരും ഒറ്റയ്ക്കായവരാണ്. ആരും അറിയാത്തതും ആരെയും പ്രവേശിപ്പിക്കാത്തതുമായ ഒരു  ആന്തരിക ലോകം എല്ലാവർക്കുമുണ്ട്. ആ ലോകത്തിൽ എല്ലാ മനുഷ്യരും തനിയെയാണ്.

തനിയെ നിൽക്കാൻ പഠിക്കണം, തനിച്ച് ജീവിക്കാൻ പഠിക്കണം, തനിച്ചുപോകാൻ പഠിക്കണം. തനിക്കുവേണ്ടി കൂടിയും ജീവിക്കാൻ തയ്യാറാകണം. ആരും കൂടെയില്ലെങ്കിലും ആരും കൂട്ടുവന്നില്ലെങ്കിലും ഇനിയുള്ള ജീവിതം തന്റേതുമാത്രമാണെന്ന  ഉറച്ചബോധ്യത്തിൽ തനിച്ചു മുന്നോട്ടുപോവണം. ഒറ്റയ്ക്കിങ്ങനെ കൈവീശി വേഗത്തിൽ നടക്കുമ്പോൾ എന്തൊരു ആത്മവിശ്വാസമാണ്..!

More like this
Related

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു...
error: Content is protected !!