ഉയിർത്തെഴുന്നേല്പ് 

Date:

spot_img

സങ്കടങ്ങൾക്ക് മീതെ ഉയർന്നുനില്ക്കുന്ന സന്തോഷത്തിന്റെ പച്ചിലക്കമ്പാണ് ഉയിർ പ്പ്. നിരാശയുടെ കടലുകൾക്ക് അപ്പുറം തെളിഞ്ഞുകാണുന്ന പ്രതീക്ഷയുടെ മഴവില്ലാണ് ഉയിർപ്പ്.

സങ്കടപ്പെടാതെയും നിരാശപ്പെടാതെയും ആത്മഭാരം ചുമക്കാതെയും കടന്നുപോകാൻ മാത്രം അത്ര എളുപ്പവും സുഖകരവുമാണ് ഈ ജീവിതമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? എന്നിട്ടും നമുക്ക് എന്നും ഇങ്ങനെ സങ്കടപ്പെട്ടും പരാതിപ്പെട്ടും നിരാശപ്പെട്ടും കഴിഞ്ഞാൽ മതിയോ? ബാഹ്യസാഹചര്യങ്ങൾ നമ്മെ വല്ലാതെ ഞെരുക്കുന്നുണ്ടാവാം. നമ്മുടെ ഉയർച്ചയെ ഭയക്കുന്നവരും അസൂയാലുക്കളുമായവർ  നമ്മെ നിരന്തരമായി ചവിട്ടിത്താഴ്ത്തുന്നുണ്ടാവാം.  പ്രതീക്ഷിച്ചതുപോലെ എല്ലാം സംഭവിക്കുന്നുണ്ടാവില്ല. ചേർന്നുനില്ക്കേണ്ടവരെല്ലാം അകന്നുപോയിട്ടുണ്ടാവാം. അവയ്ക്കെല്ലാം വിധേയപ്പെടുമ്പോഴാണ്, ഇരകളായി നിന്നുകൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മൾ പരാജയപ്പെട്ടവരായി മാറുന്നത്.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ മാസം ആഘോഷിക്കുന്ന  ഈസ്റ്റർ ക്രിസ്തുവിന്റെ  വിജയത്തിന്റെ, ഉയിർപ്പിന്റെ ദിനമാണ്. ആ വിജയത്തിൽ അവർക്കു കൂടി അവകാശവും ഓഹരിയുമുണ്ട്. വനിതാദിനവും ഈ മാസമാണ് ആഘോഷിക്കുന്നത്. ഒരുപാട് അസമത്വങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയമായി ജീവിക്കുന്ന സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിനുള്ള ആഹ്വാനം മുഴങ്ങിയതോട് അനുബന്ധിച്ചാണ് ഇന്ന് ലോകമെങ്ങും വനിതാദിനം ആചരിക്കുന്നത്. ഇതൊക്കെ ചില ഉയിർത്തെഴുന്നേല്പുകളുടെ  ഉദാഹരണങ്ങൾ മാത്രമാണ്. 
ക്രിസ്തുവിനെ ഒരു മനുഷ്യപുത്രനായി മാത്രം കണ്ടാൽകൂടി എത്രയോ അധികം പ്രതീക്ഷയാണ് ആ ഉയിർപ്പ് നല്കുന്നത്? ഒരു സമൂഹം മുഴുവനുംചേർന്ന് സംഘടിതവും ആസൂത്രിതവുമായി ഒരു മനുഷ്യനോട് ചെയ്യാവുന്നതിൽ വച്ചേറ്റവും വലിയ ക്രൂരതകൾ ചെയ്തിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരു മനുഷ്യന്റെ കഥയാണത്.  മതവിശ്വാസങ്ങളെയൊക്കെ മാറ്റിനിർത്തിയിട്ടാണെങ്കിൽ പോലും ആ കഥ നല്കുന്ന ഊർജ്ജം,വല്ലാത്തൊരു ഊർജ്ജമാണ്. എല്ലാവരും ഉയിർത്തെണീല്ക്കേണ്ടവരാണെന്നും എല്ലാവർക്കും ഉയിർത്തെഴുന്നേല്പ് സാധ്യമാണെന്നുമാണ് ഉയിർത്തെണീറ്റവരുടെ കഥകളെല്ലാം പറഞ്ഞുതരുന്ന പ്രചോദനം. അവരെല്ലാം ഉയിർത്തെഴുന്നേറ്റവരായിരുന്നു, ഉയിർത്തെണീല്പിക്കപ്പെട്ടവരായിരുന്നില്ല എന്നതും ശ്രദ്ധേയം. ജീവിതത്തിലെ ഓരോ പ്രതികൂലസാഹചര്യങ്ങളെയും ഉയിർത്തെണീല്ക്കാനുള്ള അവസരങ്ങളായി കാണുക.

വിജയാശംസകൾ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

More like this
Related

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...
error: Content is protected !!