പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്? ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും.
ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച ചെറു ചെടി പോലെ.. വേറെ ചിലർ നിരാശയിലാവും, ഇരുട്ട് നിറഞ്ഞ മുറിപോലെയായിരിക്കും അവരുടെ മനസ്സ്. വേറെ ചിലരാവട്ടെ പ്രതിസന്ധികളെ ഉൾക്കൊണ്ടു അതിനോട് ക്രിയാത്മകമായി പ്രതികരിക്കും. ഏറ്റവും സാധാരണമായ ഒരു ഉദാഹരണം പറയാം.
അത്യാവശ്യമായി ഒരു യാത്രയ്ക്ക് പോകുകയാണ് നിങ്ങൾ. പെട്ടെന്ന് കാറിന്റെ ടയർ പഞ്ചറാകുന്നു. (ഇതൊരു പ്രതിസന്ധിയാണോ എന്ന് ചോദിച്ചാൽ… അതെ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികളും നിസ്സഹായതകളുമാണല്ലോ അവനവരെ സംബന്ധിച്ച് വലുത്?) ടയർ മാറ്റിയിടാനുളള ക്രമീകരണങ്ങൾ നടത്തി അല്പം വൈകിയാണെങ്കിലും നിങ്ങൾയാത്ര തുടരുകയല്ലേ ചെയ്യുന്നത്? ഇതിന് പകരം അയ്യോ യാത്ര മുടങ്ങിയേ..ടയർ പഞ്ചറായേ എന്ന് നിലവിളിച്ചു വെറുതെ കുത്തിയിരിക്കുമോ? ഒരിക്കലുമല്ല. പ്രതിസന്ധി ഉണ്ടാവുമ്പോൾ അത് പരിഹരിക്കാനുള്ള മാർഗ്ഗം അന്വേഷിക്കും. മാർഗ്ഗം മുമ്പിൽ തെളിയാൻ മനസ്സ് ശാന്തമാകേണ്ടതുണ്ട്. കേട്ട കഥയിലെ പോലെ ശുദ്ധജലമെടുക്കാൻ കലങ്ങിയ പുഴ തെളിയണം. അതിന് കാത്തിരിക്കണം.
പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിനെ ശാന്തമായി ഉൾക്കൊള്ളുക. അംഗീകരിക്കുക. മനസ്സ് ശാന്തമായെങ്കിൽ മാത്രമേ ഉചിതമായപോംവഴികളെക്കുറിച്ച് ആലോചിക്കാൻ കഴിയൂ. പ്രതിസന്ധികൾക്ക് മുമ്പിൽ ഭയന്നുവിറയ്ക്കരുത്. പെട്ടെന്നൊരു തീരുമാനം എടുക്കുകയുമരുത്. വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ പ്രതിസന്ധിയെ നോക്കിക്കാണാൻ ഇത് സഹായിച്ചേക്കും. പല പ്രതിസന്ധികൾക്കും പരിഹാരമാർഗ്ഗങ്ങളുണ്ട്. പോംവഴികളുമുണ്ട്. ഇനി പരിഹരിക്കപ്പെടാൻ കഴിയാത്തവയാണ് ആ പ്രതിസന്ധിയെങ്കിൽ അതിനെ നേരിടുക മാത്രമേ മാർഗ്ഗമുള്ളൂ. അതിന് പകരം പ്രതിസന്ധിയുമായി കൊമ്പ്കോർത്ത്സംഘർഷത്തിലാകരുത്. ഒഴിവാക്കാൻ പറ്റാത്തതും പരിഹാരമില്ലാത്തതുമായ ചില പ്രതിസന്ധികളും ജീവിതത്തിലുണ്ട് എന്ന് മനസ്സിലാക്കണം.
പ്രതിസന്ധികളെ അവസാനമായി കാണാതിരിക്കുകയാണ് വേണ്ടത്. പൂർണ്ണവിരാമമല്ല ഒരു പ്രതിസന്ധിയും. മറിച്ച് അത് അർദ്ധവിരാമം മാത്രമാണ്. ഓരോ പ്രതിസന്ധികളും ഓരോ പുതിയ തുടക്കം നമുക്ക് തുറന്നുതരുന്നുണ്ട്. പഴയത് അവസാനിക്കുകയും പുതിയത് ആരംഭിക്കുകയും ചെയ്യുന്നതാണ് പ്രതിസന്ധിയെന്ന് പൊതുവെ പറയാറുണ്ട്. അവനവരെ തന്നെ മറികടന്ന് പുതിയ സാധ്യതകൾ കണ്ടെത്താനുള്ള അവസരമാണ് ഓരോ പ്രതിസന്ധികളും. അത് നമ്മുടെ കഴിവുകളെ പുറത്തേക്ക് കൊണ്ടുവരുന്നു. എത്രയെത്ര സാധ്യതകളാണ് മുമ്പിലുള്ളതെന്ന് പറഞ്ഞുതരുന്നു.
പ്രതിസന്ധികൾ ചുറ്റിനുമുള്ള ബന്ധങ്ങളുടെ സ്നേഹവും സത്യസന്ധതയും കൂടി വ്യക്തമാക്കിത്തരുന്നുണ്ട്. പല പ്രതിസന്ധികളുടെ മുമ്പിലും വ്യക്തികൾ ഒറ്റപ്പെട്ടുപോകും. ഏറെ അടുപ്പമുണ്ടെന്ന് കരുതുന്നവർ പോലും കൈവിട്ടുകളയും. യഥാർത്ഥസ്നേഹത്തെയും സുഹൃത്തുക്കളെയും തിരിച്ചറിയാനും ഏറെ സഹായകരമാണ് പ്രതിസന്ധികൾ. അത് നല്കുന്ന പാഠങ്ങളെ ഒരിക്കലും വിസ്മരിക്കാൻ പാടുളളതല്ല. ഇന്ന് പല പ്രതിസന്ധികൾക്കും മുമ്പിൽ അന്തംവിട്ടു നില്ക്കുകയായിരിക്കും നമ്മൾ ഓരോരുത്തരും. പക്ഷേ നാളെ ഇതേ പ്രതിസന്ധിയെക്കുറിച്ചോർക്കുമ്പോൾ അവയെല്ലാം വെറും തമാശയായി തോന്നും.