Tag: maradona malayalam film review

  • ശുഭരാത്രി

    ശുഭരാത്രി

    ശുഭരാത്രി എന്ന പേര് ആദ്യം ഓര്‍മ്മിപ്പിച്ചത് പഴയൊരുമലയാള സിനിമയെ ആണ്. കമല്‍- ജയറാം കൂട്ടുകെട്ടില്‍ പിആര്‍ നാഥന്റെ തിരക്കഥയില്‍ തൊണ്ണൂറുകളിലെന്നോ പുറത്തിറങ്ങിയ ശുഭരാത്രി എന്ന സിനിമയെ. പക്ഷേ ആ സിനിമയുമായി യാതൊരു വിധ സാമ്യവും വ്യാസന്‍ കെപി-ദിലീപ് കൂട്ടുകെട്ടില്‍ ഇന്നലെ റീലീസ് ചെയ്ത ശുഭരാത്രിക്ക് ഇല്ല.

    മതമൈത്രിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും കഥയാണ് പുതിയ ശുഭരാത്രി പറയുന്നത്. ഒരു ദിലീപ് ചിത്രം കണ്ടുകളയാം എന്ന ലാഘവത്തോടെ തീയറ്ററില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് തന്റെ ധാരണകളെ മാറ്റിയെഴുതേണ്ടിവരാം എന്ന് ആദ്യമേ തന്നെ പറയട്ടെ. കാരണം ദിലീപിന്റെ ഭൂരിപക്ഷ സിനിമകളിലേതും പോലെ അദ്ദേഹത്തിന്റെ കോമഡിയോ വളിപ്പുകളോ ഒന്നും ഇല്ലാത്ത,  സീരിയസ് ആയ ചിത്രമാണ് ശുഭരാത്രി; നന്മയുള്ള ചിത്രവും.
    ഒരുപക്ഷേ ദിലീപാണോ നായകന്‍ എന്ന് പോലും സംശയം ഉണര്‍ത്തുന്ന ചിത്രം. കാരണം ആദ്യന്തം നിറഞ്ഞുനില്ക്കുന്നത് സിദ്ദിഖിന്റെ കഥാപാത്രം തന്നെ. 

    മുഹമ്മദിന്‍റേത് ഒരു പോരാട്ടത്തിന്റെ ജീവിതമാണ്. ഇല്ലായ്മകളോടു പടവെട്ടിയുള്ള ജീവിതം. സാമ്പത്തികമായി ഉയരങ്ങളില്‍ നില്ക്കുമ്പോഴും ഇന്നലെകളെ അയാള്‍ മറക്കുന്നില്ല. ഉള്ളിലെ മാനുഷികതയും നന്മയും വിട്ടുപോകുന്നുമില്ല. ഹജ്ജിന് പോകാനുള്ള അയാളുടെ യാത്രയുടെ മുന്നൊരുക്കങ്ങളാണ് ചിത്രത്തെ ഇടവേള വരെ കൊണ്ടുപോകുന്നത്. എന്നാല്‍ അതെല്ലാം തരക്കേടില്ലാത്ത വിധത്തില്‍ ലാഗ് ചെയ്യുന്നുണ്ട് എന്നതാണ് ഖേദകരം. 

    ഹജ്ജിന് പുറപ്പെടുന്ന ദിവസത്തിന്റെ രാത്രിയില്‍ അപ്രതീക്ഷിതമായി അയാളുടെ വീട്ടില്‍ സംഭവിക്കുന്ന ഒരു അപകടം കഥാഗതിയെ മറ്റൊരുരീതിയില്‍ തിരിച്ചുവിടുന്നു. അവിടെയാണ് ദിലീപിന്റെ ജീവിതം അനാവ്രതമാകുന്നത്. മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ മോഷണത്തിനോ കൊലപാതകത്തിനോ പോകാന്‍ തയ്യാറാകുന്ന അച്ഛമ്മാരുടെ കഥകള്‍ക്ക് മലയാളസിനിമകളില്‍ പഞ്ഞമില്ല. ജയസൂര്യയുടെ  കുമ്പസാരം എന്ന ചിത്രം പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നു. എങ്കിലും ശുഭരാത്രി യഥാര്‍ത്ഥമായ ചില സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമായതിനാല്‍ അവയുടെ സാംഗത്യത്തെക്കുറിച്ച് ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്യേണ്ടതില്ല. കാരണം ജീവിതം നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം ചിലപ്പോഴെങ്കിലും നാടകീയമാകാറുണ്ട്.  

    ഒടുവില്‍ എല്ലാം ശുഭപര്യവസായി ആകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. അസാമാന്യമായ മനുഷ്യസ്‌നേഹത്തിന്റെയും നന്മയുടെയും അവതാരമായ സിദ്ദിഖ് അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങളെ ടിഎ റസാക്കിന്റെ സിനിമകളിലാണ് കൂടുതലും കണ്ടിട്ടുള്ളത്. നന്മയും സ്‌നേഹവും നിറഞ്ഞ കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങളുടെ ബന്ധുവെന്ന് തോന്നിക്കുന്ന കഥാപാത്രമാണ് സിദ്ദിഖിന്റെ മുഹമ്മദ്. 

    ഹിന്ദുമുസ്ലീം ക്രൈസ്തവ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവുകളെന്നോണമുള്ള കഥകൂടിയാണ് ശുഭരാത്രി. മുഹമ്മദ് എന്ന മുസല്‍മാന്‍ കൃഷ്ണന്‍ എന്ന ഹൈന്ദവന്‍. അനാഥാലയം നടത്തുന്ന കന്യാസ്ത്രീകളും ക്രിസ്ത്യാനിയായ ഡോക്ടറും. ഇവരെല്ലാം നന്മയുടെ പ്രതിരൂപങ്ങളാണ്. ചിലപ്പോഴൊക്കെ നിസ്സഹായതയുടെയും. ഈ ലോകത്ത് മനുഷ്യന്‍മതങ്ങളുടെ പേരില്‍ കലഹിക്കുമ്പോള്‍ മതമല്ല മനുഷ്യന്‍ തന്നെയാണ് വലുതെന്നും സമ്പത്തല്ല സ്‌നേഹമാണ് മനുഷ്യര്‍ക്കിടയില്‍ വേണ്ടതെന്നുമാണ് ശുഭരാത്രി പറയുന്ന ഒരു സന്ദേശം. അമ്പലമുറ്റത്തെ സായാഹ്നങ്ങളില്‍ ഹിന്ദുവും മുസ്ലീമും ക്രൈസ്തവനും ഒരുമിച്ചുകൂടുന്ന ഒരു രംഗവുമുണ്ട് ചിത്രത്തില്‍. 

    സമ്പത്ത് മനുഷ്യന്‍ ഉണ്ടാക്കുന്നതല്ല ദൈവം തരുന്നതാണ് എന്നതാണ് ശുഭരാത്രി നല്കുന്നമറ്റൊരു സന്ദേശം. അതുകൊണ്ടുതന്നെ അത് ഇല്ലാത്തവരുമായി പങ്കുവയ്ക്കുകയും ചെയ്യണം. ഇങ്ങനെ മതത്തെയും മനുഷ്യനെയും പങ്കുവയ്ക്കലിനെയും കുറിച്ചെല്ലാമുള്ള   തിരിച്ചറിവുകള്‍ നല്കുന്ന സോദ്ദേശ്യചിത്രമാണ് ശുഭരാത്രി. നന്മയും ദയയുമുള്ള ചിത്രം. 

    പക്ഷേ മാറുന്ന പ്രേക്ഷകാഭിരുചികളുടെ ഇക്കാലത്ത് പഴയ ശൈലിയില്‍ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകര്‍ക്ക് എത്രത്തോളം സ്വീകാര്യമാവുമെന്ന് വരുംനാളുകള്‍ തെളിയിച്ചേക്കും.

    വിനായക്‌

  • മറഡോണ

    മറഡോണ

    ചിക്മംഗ്ലൂരില്‍ തുടങ്ങി വെസ്റ്റ് ബംഗാളില്‍ അവസാനിക്കുന്ന മറഡോണ എന്ന സിനിമയ്ക്ക് എത്ര ദൂരമുണ്ട് എന്ന് ചോദിച്ചാല്‍ അതിന് ഇരുളില്‍ നിന്ന് പ്രകാശത്തിലേക്കുള്ള ദൂരം എന്നായിരിക്കും ഉത്തരം. വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു ചിത്രമാണ് മറഡോണ എന്ന് ഒറ്റവാക്കില്‍ പറയാം. മായാനദിയിലെ മാത്തന്‍റെ ചങ്ങാതിയോ ചേട്ടനോ അനിയനോ എന്ന് വേണമെങ്കില്‍ മറഡോണയെ നമുക്ക് വിശേഷിപ്പിക്കാം. പ്രകൃതം കൊണ്ട് അത്തരത്തില്‍ നല്ല സാമ്യമുണ്ട്. പക്ഷേ വഴിയിലെവിടെയോ വച്ച് മറഡോണ മാത്തനെ ഉപേക്ഷിച്ച് പ്രകാശത്തിന്‍റെ വസതിയിലേക്കുള്ള  യാത്ര ആരംഭിക്കുന്നു. ഒരാളെ നല്ലതാക്കിയെടുക്കാന്‍ അയാളുടെ ജീവിതസാഹചര്യങ്ങള്‍ക്കോ സഹചാരികള്‍ക്കോ ഒക്കെ സാധിക്കുമെന്നത് പണ്ടേയുള്ള ചില നിരീക്ഷണങ്ങളാണ്. അത്തരം ചിലകാര്യങ്ങളെ എത്ര സൗന്ദര്യത്തോടെയാണ് മറഡോണ ആവിഷ്ക്കരിച്ചിരിക്കുന്നത്. താന്‍ ചെന്നുചാടിയ ഒരു ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാനായി നുണ പറഞ്ഞ്ഒരു ബന്ധുവിന്‍റെ ഫ്ളാറ്റില്‍ എത്തുന്ന മറഡോണയെ പ്രത്യേകകാരണങ്ങളാലുള്ള ഏകാന്തമായ പത്തുദിവസങ്ങള്‍ മാറ്റിയെടുക്കുകയാണ്. അത്തരമൊരു പരിണാമത്തിന്  പ്രകൃതിയും പക്ഷിമൃഗാദികളും മനുഷ്യരുമെല്ലാം കാരണമാകുന്നുണ്ട്. ഇറച്ചിതിന്നാനുള്ള ആഗ്രഹം കൊണ്ട് കെണിവച്ച് പ്രാവിനെ പിടികൂടാന്‍ ശ്രമിക്കുന്ന അതേ മറഡോണയാണ് മഴ നനയുന്പോള്‍ പറക്കാന്‍ പോലും കഴിയാത്ത പൊടിപക്ഷിക്കുഞ്ഞുങ്ങളെ രക്ഷിക്കാനായി തുണികെട്ടി റിസ്ക്ക് ഏറ്റെടുത്ത് താഴേയ്ക്കിറങ്ങുന്നത്. അതും ഉയരങ്ങളെ പേടിക്കുന്ന മാനസികാവസ്ഥയുള്ല ഒരാള്‍. പട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ മടിക്കുന്ന അയാളാണ് പിന്നെ നായ് യുടെ ചങ്ങാതിയായി മാറുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ പോലും പേടിപ്പെടുത്തുന്ന ആസുരഭാവമുള്ള അവനാണ് നൈര്‍മ്മല്യമുള്ളഹൃദയമുള്ള ഒരുവനായി രൂപാന്തരപ്പെടുന്നത്. പെണ്ണ് എന്നാല്‍ ടെസ്റ്റ് ഡ്രൈവിനുള്ള ഒരു മാര്‍ഗ്ഗമാണെന്ന് മാത്രം കരുതിയിരുന്നവനാണ് അതിനപ്പുറമാണ് യഥാര്‍ത്ഥപ്രണയം എന്ന് തിരിച്ചറിയുന്നത്.
    ഇങ്ങനെ പല വിധത്തില്‍ ഒരു മനുഷ്യന്‍റെ രൂപാന്തരീകരണത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ജീവിതവഴിയിലൂടെയാണ് മറഡോണ സഞ്ചരിക്കുന്നത്. പ്രണയത്തെ പോലും എത്ര വ്യത്യസ്തവും സുന്ദരവുമായിട്ടാണ് ഇതില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ബഷീറിന്‍റെ മതിലുകളിലെ  നാരായണിയുടെ അതേ ഭാവത്തെയാണ് ആശ ഓര്‍മ്മിപ്പിക്കുന്നത്. ഒരു പെണ്ണ് സ്വയം രക്ഷപ്പെടാന്‍ അവളെതന്നെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലും നാല്പതുകാരന്‍റെ കാമചാപല്യങ്ങളെ ആശ നേരിടുന്നതിലൂടെ വ്യക്തമാക്കുന്നുണ്ട്. സൗഹൃദത്തിന്‍റെ കണ്ണുനനയ്ക്കുന്ന രംഗങ്ങളാണ് മറ്റൊന്ന്. ശത്രുപക്ഷത്തിന്‍റെ അടിമുഴുവനുമേറ്റ് കിടക്കുന്ന സുധിക്ക് ഭാര്യയെ ഫോണ്‍വിളിക്കാന്‍ ആഗ്രഹം. അവന്‍റെ ഫോണ്‍ എവിടെയോ മിസ്സായിട്ടുണ്ടാവും. മറഡോണ തന്‍റെ ഫോണെടുത്ത് വിളിക്കാന്‍ കൊടുക്കുന്പോള്‍ സുധി പറയുന്ന ഡയലോഗ് സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്. അതിന് എനിക്ക് നിന്‍റെ നന്പര്‍ മാത്രമല്ലേ കാണാതെ അറിയത്തുള്ളൂ എന്നതാണത്.  താന്‍ കാരണം അപകടത്തില്‍ പെട്ട് ഓര്‍മ്മകള്‍ നശിച്ചുപോയവനെയും കൊണ്ട് എവിടേയ്ക്കോ യാത്ര തുടരുന്ന മറഡോണയില്‍ സിനിമ അവസാനിക്കുന്പോള്‍ അത്പ്രേക്ഷകന്‍റെ ഉള്ളിലും ഒരു മെഴുകുതിരി കൊളുത്തുന്നുണ്ട്. എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുണ്ട് മറഡോണ.. ആരുടെയൊക്കെയോ ജീവിതങ്ങളിലൂടെ ഇത് കടന്നുപോകുന്നുമുണ്ട്. ശക്തമായ തിരക്കഥ തന്നെയാണ് ഇതി്ന്‍റെ അടിത്തറ. അതിന്‍റെ ഹൃദ്യത ആവിഷ്ക്കരിക്കാന്‍ കഴിയുന്നവിധത്തിലുള്ള സംവിധാന മികവും.യഥാക്രമം കൃഷ്ണമൂര്‍ത്തിക്കും വിഷ്ണുനാരായണനും അഭിനന്ദനങ്ങള്‍. ടൊവിനോ വ്യത്യസ്തമായി സിനിമ ചെയ്യുന്ന നടനാണ്. പക്ഷേ സിനിമ നല്ലതായിട്ടും അവയില്‍ പലതും സാന്പത്തികവിജയം കൈവരിക്കാതെ പോയി. ഗപ്പി പോലെയുള്ളവ ഉദാഹരണങ്ങള്‍. അത്തരമൊരു വിധി മറഡോണയ്ക്ക് കൊടുക്കരുത്. കാരണം ഇത് വെളിച്ചമുള്ളസിനിമയാണ്.
error: Content is protected !!