മറഡോണ

Date:

spot_img
ചിക്മംഗ്ലൂരില്‍ തുടങ്ങി വെസ്റ്റ് ബംഗാളില്‍ അവസാനിക്കുന്ന മറഡോണ എന്ന സിനിമയ്ക്ക് എത്ര ദൂരമുണ്ട് എന്ന് ചോദിച്ചാല്‍ അതിന് ഇരുളില്‍ നിന്ന് പ്രകാശത്തിലേക്കുള്ള ദൂരം എന്നായിരിക്കും ഉത്തരം. വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു ചിത്രമാണ് മറഡോണ എന്ന് ഒറ്റവാക്കില്‍ പറയാം. മായാനദിയിലെ മാത്തന്‍റെ ചങ്ങാതിയോ ചേട്ടനോ അനിയനോ എന്ന് വേണമെങ്കില്‍ മറഡോണയെ നമുക്ക് വിശേഷിപ്പിക്കാം. പ്രകൃതം കൊണ്ട് അത്തരത്തില്‍ നല്ല സാമ്യമുണ്ട്. പക്ഷേ വഴിയിലെവിടെയോ വച്ച് മറഡോണ മാത്തനെ ഉപേക്ഷിച്ച് പ്രകാശത്തിന്‍റെ വസതിയിലേക്കുള്ള  യാത്ര ആരംഭിക്കുന്നു. ഒരാളെ നല്ലതാക്കിയെടുക്കാന്‍ അയാളുടെ ജീവിതസാഹചര്യങ്ങള്‍ക്കോ സഹചാരികള്‍ക്കോ ഒക്കെ സാധിക്കുമെന്നത് പണ്ടേയുള്ള ചില നിരീക്ഷണങ്ങളാണ്. അത്തരം ചിലകാര്യങ്ങളെ എത്ര സൗന്ദര്യത്തോടെയാണ് മറഡോണ ആവിഷ്ക്കരിച്ചിരിക്കുന്നത്. താന്‍ ചെന്നുചാടിയ ഒരു ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാനായി നുണ പറഞ്ഞ്ഒരു ബന്ധുവിന്‍റെ ഫ്ളാറ്റില്‍ എത്തുന്ന മറഡോണയെ പ്രത്യേകകാരണങ്ങളാലുള്ള ഏകാന്തമായ പത്തുദിവസങ്ങള്‍ മാറ്റിയെടുക്കുകയാണ്. അത്തരമൊരു പരിണാമത്തിന്  പ്രകൃതിയും പക്ഷിമൃഗാദികളും മനുഷ്യരുമെല്ലാം കാരണമാകുന്നുണ്ട്. ഇറച്ചിതിന്നാനുള്ള ആഗ്രഹം കൊണ്ട് കെണിവച്ച് പ്രാവിനെ പിടികൂടാന്‍ ശ്രമിക്കുന്ന അതേ മറഡോണയാണ് മഴ നനയുന്പോള്‍ പറക്കാന്‍ പോലും കഴിയാത്ത പൊടിപക്ഷിക്കുഞ്ഞുങ്ങളെ രക്ഷിക്കാനായി തുണികെട്ടി റിസ്ക്ക് ഏറ്റെടുത്ത് താഴേയ്ക്കിറങ്ങുന്നത്. അതും ഉയരങ്ങളെ പേടിക്കുന്ന മാനസികാവസ്ഥയുള്ല ഒരാള്‍. പട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ മടിക്കുന്ന അയാളാണ് പിന്നെ നായ് യുടെ ചങ്ങാതിയായി മാറുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ പോലും പേടിപ്പെടുത്തുന്ന ആസുരഭാവമുള്ള അവനാണ് നൈര്‍മ്മല്യമുള്ളഹൃദയമുള്ള ഒരുവനായി രൂപാന്തരപ്പെടുന്നത്. പെണ്ണ് എന്നാല്‍ ടെസ്റ്റ് ഡ്രൈവിനുള്ള ഒരു മാര്‍ഗ്ഗമാണെന്ന് മാത്രം കരുതിയിരുന്നവനാണ് അതിനപ്പുറമാണ് യഥാര്‍ത്ഥപ്രണയം എന്ന് തിരിച്ചറിയുന്നത്.
ഇങ്ങനെ പല വിധത്തില്‍ ഒരു മനുഷ്യന്‍റെ രൂപാന്തരീകരണത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ജീവിതവഴിയിലൂടെയാണ് മറഡോണ സഞ്ചരിക്കുന്നത്. പ്രണയത്തെ പോലും എത്ര വ്യത്യസ്തവും സുന്ദരവുമായിട്ടാണ് ഇതില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ബഷീറിന്‍റെ മതിലുകളിലെ  നാരായണിയുടെ അതേ ഭാവത്തെയാണ് ആശ ഓര്‍മ്മിപ്പിക്കുന്നത്. ഒരു പെണ്ണ് സ്വയം രക്ഷപ്പെടാന്‍ അവളെതന്നെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലും നാല്പതുകാരന്‍റെ കാമചാപല്യങ്ങളെ ആശ നേരിടുന്നതിലൂടെ വ്യക്തമാക്കുന്നുണ്ട്. സൗഹൃദത്തിന്‍റെ കണ്ണുനനയ്ക്കുന്ന രംഗങ്ങളാണ് മറ്റൊന്ന്. ശത്രുപക്ഷത്തിന്‍റെ അടിമുഴുവനുമേറ്റ് കിടക്കുന്ന സുധിക്ക് ഭാര്യയെ ഫോണ്‍വിളിക്കാന്‍ ആഗ്രഹം. അവന്‍റെ ഫോണ്‍ എവിടെയോ മിസ്സായിട്ടുണ്ടാവും. മറഡോണ തന്‍റെ ഫോണെടുത്ത് വിളിക്കാന്‍ കൊടുക്കുന്പോള്‍ സുധി പറയുന്ന ഡയലോഗ് സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്. അതിന് എനിക്ക് നിന്‍റെ നന്പര്‍ മാത്രമല്ലേ കാണാതെ അറിയത്തുള്ളൂ എന്നതാണത്.  താന്‍ കാരണം അപകടത്തില്‍ പെട്ട് ഓര്‍മ്മകള്‍ നശിച്ചുപോയവനെയും കൊണ്ട് എവിടേയ്ക്കോ യാത്ര തുടരുന്ന മറഡോണയില്‍ സിനിമ അവസാനിക്കുന്പോള്‍ അത്പ്രേക്ഷകന്‍റെ ഉള്ളിലും ഒരു മെഴുകുതിരി കൊളുത്തുന്നുണ്ട്. എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുണ്ട് മറഡോണ.. ആരുടെയൊക്കെയോ ജീവിതങ്ങളിലൂടെ ഇത് കടന്നുപോകുന്നുമുണ്ട്. ശക്തമായ തിരക്കഥ തന്നെയാണ് ഇതി്ന്‍റെ അടിത്തറ. അതിന്‍റെ ഹൃദ്യത ആവിഷ്ക്കരിക്കാന്‍ കഴിയുന്നവിധത്തിലുള്ള സംവിധാന മികവും.യഥാക്രമം കൃഷ്ണമൂര്‍ത്തിക്കും വിഷ്ണുനാരായണനും അഭിനന്ദനങ്ങള്‍. ടൊവിനോ വ്യത്യസ്തമായി സിനിമ ചെയ്യുന്ന നടനാണ്. പക്ഷേ സിനിമ നല്ലതായിട്ടും അവയില്‍ പലതും സാന്പത്തികവിജയം കൈവരിക്കാതെ പോയി. ഗപ്പി പോലെയുള്ളവ ഉദാഹരണങ്ങള്‍. അത്തരമൊരു വിധി മറഡോണയ്ക്ക് കൊടുക്കരുത്. കാരണം ഇത് വെളിച്ചമുള്ളസിനിമയാണ്.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!