ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു. വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ് പൊതുനിരീക്ഷണം. പക്ഷേ വിവാഹം കഴിഞ്ഞ് പത്തും പതിനഞ്ചും ഇരുപതും ഇരുപത്തിയഞ്ചും വർഷം പൂർത്തിയായവർക്കിടയിൽ മുമ്പൊന്നും ഇല്ലാത്തവിധം വിവാഹമോചന നിരക്ക് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണ് ഇത്.
നവവധൂവരന്മാർക്ക് വിവാഹജീവിതത്തിന്റെ പ്രാധാന്യത്തെയും പ്രശ്നപരിഹാരങ്ങളെയും കുറിച്ച് മനസ്സിലാക്കികൊടുക്കാനും പഠിപ്പിക്കാനും ഇന്ന് പല മാർഗ്ഗങ്ങളും പ്രശ്നപരിഹാരങ്ങളും ഉള്ളപ്പോഴും വിവാഹജീവിതത്തിൽ ഇരുപതും ഇരുപത്തിയഞ്ചും വർഷം പൂർത്തിയായവരുടെ ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കു പലരുടെയും ശ്രദ്ധയെത്തുന്നില്ല.
ഇത്രയും വർഷമായില്ലേ, ഇനി അവരുടെ കാര്യം എന്താണ് ശ്രദ്ധിക്കാനുള്ളത്, അല്ലെങ്കിൽ അവർ നന്നായി ജീവിക്കുന്നുണ്ടല്ലോ എന്ന മട്ടിലാണ് പലരുടെയും വിചാരം. എന്നാൽ ചില കാര്യങ്ങളിൽ ദമ്പതികൾ ഒന്നുപോലെ മനസ്സ് പങ്കുവച്ചാൽ വിവാഹജീവിതത്തിൽ രജതജൂബിലി പിന്നിട്ടാലും ആദ്യകാലം ഉണ്ടായിരുന്നതുപോലെയുള്ള പ്രണയം നിലനിർത്താൻ സാധിക്കുകയും അതിലൂടെ പ്രശ്നങ്ങളെ അകറ്റിനിർത്താൻ കഴിയുകയും ചെയ്യും എന്നാണ് മനശാസ്ത്രവിദഗ്ദരുടെ അഭിപ്രായം.
ഒരുമിച്ചായിരിക്കാൻ സമയം കണ്ടെത്തുന്നത് ബന്ധം കൂടുതൽ ദൃഢകരമാക്കുമെന്ന് മരിയ സുള്ളിവൻ എന്ന കൗൺസലിംങ് വിദഗ്ദ പറയുന്നു. പല ദമ്പതികളും വിവാഹജീവിതത്തിൽ പല വർഷങ്ങൾ പിന്നിടുമ്പോൾ സാമീപ്യം കുറച്ചുവരുന്നതായിട്ടാണ് കണ്ടുവരുന്നത്. ദമ്പതികളിലെ വൈകാരികമായ ബന്ധം കൂടുതലാക്കാൻ പരസ്പരമുള്ള സാമീപ്യം ഏറെ സഹായിക്കും.
എല്ലാം നന്നായിരിക്കുന്നുവെന്ന് ഒരിക്കലും പറയരുത്. പ്രത്യേകിച്ച് അങ്ങനെ അല്ലാത്തപ്പോൾ. മറിച്ച് സത്യസന്ധതയോടെ കാര്യങ്ങളെ അവതരിപ്പിക്കുക, സമീപിക്കുക. ഇത് പ്രശ്നത്തെ ശാന്തതയോടും ആദരവോടും കൂടി സമീപിക്കാൻ ദമ്പതികളെ സഹായിക്കും. പരസ്പരം നല്ല വാക്കുകൾ പറഞ്ഞ് പ്രോത്സാഹിപ്പിക്കുക. തുടക്കത്തിൽ ചിലപ്പോൾ ഇണയോട് നല്ലവാക്കുകളോ പ്രോത്സാഹനജനകമായ വാക്കുകളോ പറഞ്ഞിട്ടുണ്ടാവും. കാലക്രമേണ ആ പതിവ് ഇല്ലാതാകുന്നു. ഫലമോ ഇണയുടെ മനസ്സിൽ വൈകാരികമായ അരക്ഷിതാവസ്ഥയും പ്രക്ഷുബ്ധതയും ഉണ്ടാകുന്നു.
തമാശകൾ ആസ്വദിക്കുക. ഒരുമിച്ചുള്ള പൊട്ടിച്ചിരിയിൽ പല വിയോജിപ്പുകളും അലിഞ്ഞുപോകും, മനസ്സുകൾ തമ്മിൽ അടുക്കും. അതുകൊണ്ട് തമാശുകൾ ആസ്വദിക്കാൻ സമയം കണ്ടെത്തുക.
ഒരുമിച്ചായിരിക്കുന്ന സമയം മൊബൈൽ ഫോൺ ഓഫാക്കുക. ദമ്പതികളെ തങ്ങളുടേതായ ലോകത്തിലേക്ക് തള്ളിവിടുന്നതിലെ പ്രധാന വില്ലൻ മൊബൈലാണ്. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സന്തോഷം കണ്ടെത്തുന്നവരുടെ എണ്ണം പെരുകിവരുന്നു. അതുകൊണ്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന സമയം കുറച്ചുനേരത്തേയ്ക്കെങ്കിലും ഫോൺ ഓഫാക്കിവയ്ക്കുക. അതുപോലെ ലാപ്ടോപ്, ടിവി എന്നിവയോടും അകലം പാലിക്കുക.
മറ്റ് പങ്കാളിയുമായി തട്ടിച്ചുനോക്കി സംസാരിക്കാതിരിക്കുക. അടുത്തവീട്ടിലെ ദമ്പതികളുടെ ജീവിതം നോക്കി സ്വന്തം ദാമ്പത്യജീവിതത്തെ വിലയിരുത്താതിരിക്കുക താരതമ്യപ്പെടുത്തൽ വരുന്നതോടെ ഇണയെ അംഗീകരിക്കാനോ സ്നേഹിക്കാനോ കഴിയാതെ വരും. ദാമ്പത്യജീവിതം ദുരിതമയമായിത്തീരുകയും ചെയ്യും.
ആഴ്ചയിലൊരിക്കലെങ്കിലും എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഒരുമിച്ചായിരിക്കാൻ മനസ്സ് വയ്ക്കുക. അതുപോലെ ഒരുമിച്ച് ഷട്ടിൽ കളിക്കുക, കാരംസ് കളിക്കുക ഇവയും ചെയ്യുക.
പ്രായം വർദ്ധിച്ചു എന്നു കരുതി അപ്പിയറൻസിൽ അവഗണന പുലർത്തരുത്. ഏതു പ്രായത്തിലും ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധയുണ്ടായിരിക്കണം.
പങ്കാളിയുടെ സ്വകാര്യതയെ മാനിക്കുക. ചിലനേരങ്ങളിൽ ഒറ്റയ്ക്കായിരിക്കാനും സ്വന്തം സ്വകാര്യതയിൽ ജീവിക്കാനും പങ്കാളിക്ക് ആഗ്രഹമുണ്ടാകും. അതുകൊണ്ട് അത്തരം നിമിഷങ്ങളിൽ അവരെ ഒറ്റയ്ക്ക് വിടുക. ആ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കാതിരിക്കുക.
ഒരുമിച്ചു ഉറങ്ങുക. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത് ഒരുമിച്ചായിരിക്കുക. പരസ്പര സ്നേഹം വളർത്താൻ അതേറെ സഹായിക്കും.
വാഗ്ദാനങ്ങൾ പാലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുക. ഇണയുടെ ശരീര ഭാഷ മനസ്സിലാക്കുകയാണ് മറ്റൊരു കാര്യം. ചിലപ്പോൾ ദേഷ്യത്തിന്റെ അടയാളമായിരിക്കും ഇണയുടേത്. മറ്റ് ചിലപ്പോൾ സ്നേഹത്തിന്റേതും. ഇതു മനസ്സിലാക്കാൻ കഴിയുന്നതും അതിനനുസരിച്ച് പ്രതികരിക്കുന്നതും പല പ്രശ്നങ്ങളെയും ഒഴിവാക്കും.