ഇന്നലെകള്‍ വേട്ടയാടാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഒരുപക്ഷേ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരെന്ന് തോന്നുന്നു. കറയറ്റ ഒരു ഭൂതകാലം. തെറ്റുകള്‍ ഇല്ലാത്ത ഇന്നലെ. വര്‍ത്തമാനത്തില്‍ ജീവിക്കുമ്പോഴും ചെയ്തുപോയ കര്‍മ്മങ്ങളുടെ ഭാരമൊന്നും കൂടെ വരാത്ത നല്ല കാലം.അങ്ങനെ എത്ര പേരുണ്ടാവുമോ ആവോ ഈ ഉലകില്‍?
ശരിയാണ് ഇന്നലെകള്‍ ഒരുപാട് വഴിതെറ്റി സഞ്ചരിച്ചു. പല വിധത്തിലുള്ള ഇടര്‍ച്ചകള്‍. പക്ഷേ ഇന്ന് പെട്ടെന്ന് മാനസാന്തരപ്പെട്ടു. അതോടെ ഭൂതകാലം കയ്പുനിറഞ്ഞതായി. മാനസാന്തരത്തിന്റെ വിശാലവീഥിയിലൂടെയുള്ളഅവരുടെ യാത്രകള്‍ ആരംഭിക്കുന്നു. പക്ഷേ അങ്ങനെയൊക്കെ തീരുമാനമെടുത്താലും പഴയകാലത്തിന്റെ അടയാളങ്ങള്‍ വടുക്കളായി അവരുടെ ജീവിതത്തിലുണ്ടാവും, അവര്‍ മരിച്ചുകഴിഞ്ഞാല്‍ പോലും. മരണത്തിനപ്പുറവും അവരെ പിന്തുടരുന്ന പാപത്തിന്റെ പഴമ്പുരാണങ്ങള്‍. പറയാന്‍ ചില ഉദാഹരണങ്ങളുണ്ട്, എല്ലാവര്‍ക്കും അറിയാവുന്നതും അറിയാത്തവരുമായ ചില സെലിബ്രിറ്റികളുടെ ഇപ്പോഴത്തെ ജീവിതവും പഴയകാല ജീവിതവും. ഒരു വാര്‍ത്തയുടെ പുറകെ പോയപ്പോള്‍ കണ്ണില്‍കണ്ടത് ആ വ്യക്തിയുടെ മാനസാന്തരപ്പെട്ട ജീവിതത്തെക്കാള്‍ പാപത്തിന്റെയും ആസക്തികളുടെയും വിവരണങ്ങളായിരുന്നു.ഇന്റര്‍നെറ്റും ആധുനികസാങ്കേതിക വിദ്യകളും ഒക്കെക്കൂടിയായപ്പോള്‍ ആ ജീവിതങ്ങളുടെ കഥകളും ചിത്രങ്ങളും ഒരുതിരയ്ക്കും കവര്‍ന്നെടുക്കാനാവാത്തവിധത്തിലുള്ള ശേഖരണങ്ങളായി. ഇനിയെത്ര തലമുറകള്‍ വന്നാലും ഗൂഗിളില്‍ പേരു ടൈപ്പ് ചെയ്തുകൊടുത്താല്‍ വീഡിയോയും ഇമേജും ന്യൂസുമെല്ലാമായി അവരുടെ ഭൂതകാലം അനാവ്രതമാകും. ഇനിയും അനേകായിരങ്ങളുടെ ആസക്തികളുടെ കാഴ്ചകള്‍ക്ക് ശമനമുണ്ടാക്കി അവ കാലങ്ങളോളം ഉണ്ടാകും. തങ്ങളുടെ പാപങ്ങളെയോര്‍ത്ത് മനസ്തപിച്ചാലും തങ്ങളുടെ ചെയ്തികള്‍ കൊണ്ട് അവര്‍ മറ്റുള്ളവരുടെ ഇടര്‍ച്ചകള്‍ക്ക് കാരണക്കാരാകും. അവര്‍ ഇന്ന് എന്താണോ അത് ആയാലും അവരുടെ ചെയ്തികള്‍.. അത് അവരെ വേട്ടയാടും. മനസ്സാക്ഷിയുണ്ടെങ്കില്‍..ഞാന്‍ അങ്ങനെ ചെയ്തുവല്ലോ.. ചെയ്തുപോയല്ലോ. ഞാന്‍ മൂലം മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയുണ്ടായല്ലോ. അതാണ് മുകളിലെഴുതിയത് ഇന്നലെകള്‍ വേട്ടയാടാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഏറ്റവും ഭാഗ്യവാന്മാരെന്ന്. ദൈവം ക്ഷമിച്ചാലും മനുഷ്യന്റെ ഇടര്‍ച്ചകള്‍ക്ക് കാരണക്കാരായി മാറിക്കൊണ്ടിരിക്കുന്ന നിസ്സഹായര്‍. ദയനീയ ജീവിതങ്ങള്‍. ഡിലേറ്റ് ചെയ്തുകളഞ്ഞാലും റിക്കവര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വീണ്ടെടുക്കുന്ന ഡീറ്റെയില്‍സ് പോലെയുള്ള ഇന്നലെകള്‍. കമ്പ്യൂട്ടറിലെ ഹിസ്റ്ററിയില്‍ എന്നതുപോലെ രേഖപ്പെടുത്തപ്പെട്ടവ.
സെലിബ്രിറ്റികള്‍ അല്ലെങ്കിലും നമ്മുടെ ജീവിതത്തിലുമുണ്ടാകും ഭൂതകാലത്തിന്റെ ചില മുറിവുകള്‍. ഇന്നും ചോരയിറ്റുന്ന ഓര്‍മ്മകള്‍, സംഭവങ്ങള്‍. സംഭവിച്ചുപോയ പിഴവുകള്‍. ആരും അറിയില്ലെന്ന് കരുതി സ്വകാര്യതയില്‍ ചെയ്ത പാപങ്ങള്‍. ശരിയല്ലെന്നും തെറ്റാണെന്നുമൊക്കെയുള്ള ബോധ്യമുണ്ടായിട്ടും പാപം ചെയ്യാന്‍ വിധിക്കപ്പെട്ടവനെപോലെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നവ.. ഇന്നലെകളുടെ ഭാരം അതാണ് ഒരുവന്റെ വലിയ ബാധ്യത. കൊടുത്തുതീര്‍ക്കാനുള്ള ചില ഋണബാധ്യതകള്‍ പോലെ.. ആധാരം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ട് തിരികെ അടയ്ക്കാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പോലെ. കാരണം അവിഹിതമാര്‍ഗ്ഗത്തിലൂടെയാണ് പലതും സമ്പാദിച്ചത്. പണം മുതല്‍ പദവികള്‍ വരെ. അങ്ങനെയുള്ളവര്‍ക്ക് ജീവിതാവസാനത്തിലെങ്കിലും തങ്ങള്‍ നേടിയെടുത്തവയോട് മടുപ്പും മരവിപ്പും തോന്നാതിരിക്കുമോ. അപ്പോള്‍ നേടിയെടുത്തവയൊക്കെ ഭാരമായി അനുഭവപ്പെടാതിരിക്കുമോ? നാളെ നമ്മളെ ഭാരപ്പെടുത്താവുന്നവയൊന്നും ഇന്ന് ചെയ്യാതിരിക്കണം. നാളെ നമ്മള്‍ മാനസാന്തരപ്പെട്ടാലും നമ്മള്‍ ഇന്നലെ ചെയ്ത പ്രവൃത്തിയില്‍ നിന്ന് അനേകര്‍ക്ക് മോചനം കിട്ടിയിട്ടുണ്ടാവണമെന്നില്ല. ഓരോ വാക്കും എഴുതുമ്പോള്‍ ഒരു എഴുത്തുകാരന് ഈ ചിന്തയുണ്ടാവണം. ഓരോ കലാകാരനും ഈചിന്തയുണ്ടാവണം…പാപത്തിന്റെ മാത്രമല്ല സ്‌നേഹബന്ധങ്ങളിലും സൗഹൃദബന്ധങ്ങളിലുമെല്ലാം അത് ബാധകമാണ്.
നാളെ ഭാരം അനുഭവപ്പെടാത്തവിധത്തില്‍ ഇന്ന് ആയിരിക്കുന്ന ഇടങ്ങളില്‍ നാം സ്‌നേഹത്തിന്റെ സുഗന്ധം വിതറുക. കൊടുക്കാതെ പോയതോര്‍ത്തുള്ള ഭാരങ്ങളില്‍ നിന്ന് നമുക്ക് വിമുക്തരാകാം. ഇന്നലെകള്‍ ഒരിക്കലും ഭാരം ചുമക്കലിന്റേതാവാതിരിക്കട്ടെ. മറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ ശാന്തിയും സമാധാനവും നിറഞ്ഞതായിരിക്കട്ടെ.
വിനായക്