ടെന്‍ഷന്റെ ഇക്കാലത്ത് ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്ന ഒരു അസുഖമാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. മനോജന്യ ശാരീരിക രോഗമാണ് ഇത്. മനസ്സിന്റെ അസ്വസ്ഥതകളും പിരിമുറുക്കവും മൂലം വയറ് പിണങ്ങുന്ന അവസ്ഥയാണ് ഈ രോഗം. വയറുവേദനയും ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നലുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ടോയ്‌ലറ്റില്‍ പോയാലും വയറ്റില്‍ നിന്ന് പോകാന്‍ ഒന്നും ഉണ്ടാകണമെന്നില്ല. പുകച്ചില്‍, പുളിച്ചുതികട്ടല്‍, എപ്പോഴും വയര്‍ നിറഞ്ഞിരിക്കുന്നതുപോലെ തോന്നുക എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നു. മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് ഇതിന്റെ അടിസ്ഥാന കാരണം. ജോലിയുമായി ബന്ധപ്പെട്ട പല ആകുലതകളും ഇന്ന് മുമ്പെന്നെത്തെക്കാളുമേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ടെന്‍ഷന്റെ അടിമകളായിട്ടാണ് പല ചെറുപ്പക്കാരും ഓരോ ദിവസവും തള്ളിനീക്കുന്നതും.
അതുകൊണ്ടുതന്നെ തിരക്കുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ചെറുപ്പക്കാരിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം രോഗികളുടെ കുടലിന് പലപ്പോഴും സംവേദനശേഷി വളരെ കൂടുതലായിരിക്കും. എന്നാല്‍ ഈ രോഗത്തെ ടെന്‍ഷന്റെ ഭാഗമായി മാത്രം കാണുകയും ചെയ്യരുത്. കുടലിനെ ബാധിക്കുന്ന ക്രോണ്‍സ് രോഗം, അള്‍സറേറ്റീവ് കൊളൈറ്റീസ്, ക്ഷയരോഗം, കാന്‍സര്‍ തുടങ്ങിയവയ്ക്കും സമാനമായ ലക്ഷണങ്ങള്‍ തന്നെ കണ്ടുവരാറുണ്ട്. അതുകൊണ്ട വയറുവേദനയും ഇടയ്ക്കിടെയുള്ള വയറ്റില്‍ നിന്ന് പോകലും സ്ഥിരമായി നീണ്ടുനില്ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മറക്കരുത്.