സിമി പറഞ്ഞതും ഭാര്യ പറഞ്ഞതും…

കുമ്പളങ്ങി നൈറ്റ്സ് എന്ന സമീപകാല സിനിമയിൽ ഒരു രംഗമുണ്ട്. ഭർത്താവ് തന്റെ അനുജത്തിയോട് ക്ഷുഭിതനായി അവളെ എടീയെന്നും നീയെന്നും പോടിയെന്നുമൊക്കെ സംബോധന ചെയ്ത് സംസാരിക്കുമ്പോൾ അതുവരെ ഭർ ത്താവിന് വിധേയപ്പെട്ട് നിന്നിരുന്ന സിമിയെന്ന ഭാര്യ പൊട്ടിത്തെറിക്കുന്നു. ‘ചേട്ടൻ ബേബി മോളെ അങ്ങനെയൊന്നും വിളിക്കരുത്.’ കൊതുകുബാറ്റ് അടിച്ചുപൊട്ടിച്ചുകൊണ്ട് സിമി ആവശ്യപ്പെടുന്നത് അതായിരുന്നു. അതോ അവൾ അലറുക തന്നെയായിരുന്നോ?

അപ്പോൾ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവന്നത് ഭാര്യയായിരുന്നു. ഒരു പാലാക്കാരന്റെ സ്വതസിദ്ധമായ ശൈലിയോടെ ഭാര്യയെ എടീയെന്ന് സംബോധന ചെയ്യുകയും വാടീ, പോടീ എന്നെല്ലാം വിളിക്കുകയും ചെയ്തിരുന്ന വിവാഹജീവിതത്തിന്റെ  തുടക്കകാലത്ത്, കുറെനാൾ  കഴിഞ്ഞപ്പോൾ  ഭാര്യ  പറഞ്ഞു, ആദ്യമായി അങ്ങനെ വിളിക്കപ്പെട്ടപ്പോൾ ഈർഷ്യയാണ് തോന്നിയതെന്നും  തന്നെ അങ്ങനെ ആരും വിളിക്കുന്നത് ഇഷ്ടമില്ലെന്നും. ഭർത്താവാണെങ്കിലും പ്രതിപക്ഷ ബഹുമാനത്തോടെ വേണം സംസാരിക്കേണ്ടത്. അത് ഭാര്യയോടായാലും അനിയത്തിയോടായാലും.

മാർച്ച് 8 ലോക വനിതാദിനം.
സ്ത്രീയും പുരുഷനും തുല്യരാണെന്നും അവൾക്ക് തൊഴിലിടങ്ങളിലും സമൂഹത്തിലും മാന്യതയും അന്തസും ആദരവും വേണമെന്നും ഓർമ്മിപ്പിക്കാനായൊരു പ്രത്യേക ദിനം. അതുകൊണ്ടുതന്നെ ഒപ്പത്തിന്റെ ഈ ലക്കം സ്ത്രീകളെ പ്രത്യേകമായി അടയാളപ്പെടുത്തിക്കൊണ്ടുള്ളതാണ്. പേജുകളിൽ ആ പ്രത്യേകത പ്രിയ വായനക്കാർ തിരിച്ചറിയുമല്ലോ?

നമുക്ക് സ്ത്രീയെ ആദരിക്കാം.. സ്നേഹിക്കാം… ബഹുമാനിക്കാം. അമ്മയിൽ നിന്ന് ആരംഭിക്കുന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആദരവിന്റെയും തുടർച്ചയായിട്ടായിരിക്കണം ഓരോ പുരുഷനും പില്ക്കാല ജീവിതത്തിൽ  താനുമായി ഇടപെടുന്ന ഓരോ സ്ത്രീയെയും കാണേണ്ടത്. അപ്പോൾ മാത്രമേ സ്ത്രീകളെ ബഹുമാനത്തോടെ കാണാനും അവളുടെ മാനത്തിന് കാവൽ നില്ക്കാനും നമുക്ക് കഴിയൂ.സ്നേഹാദരങ്ങളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

error: Content is protected !!