പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം.
പരീക്ഷാദിവസമോ അല്ലെങ്കില്‍ പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിലോ കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന അമിതമായ ഉത്കണ്ഠയെയാണ് മനശാസ്ത്രവിദഗ്ദര്‍ പരീക്ഷാഭയമെന്ന് വിളിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ മടി, അമിതമായ ക്ഷീണം, തളര്‍ച്ച,ഉറക്കക്കുറവ് എന്നിവയും പരീക്ഷാഭയത്തിന്റെ അനുബന്ധ ലക്ഷണങ്ങളാണ്. പഠിച്ചകാര്യങ്ങള്‍ മറന്നുപോകുമോ, നന്നായി പരീക്ഷയ്ക്ക് ഒരുങ്ങാന്‍ കഴിയുമോ, മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുമോ, കൂട്ടുകാരുടെ പിന്നിലാവുമോ തുടങ്ങിയ നൂറുകൂട്ടം കാര്യങ്ങളാണ് ഒരു കുട്ടിയെ പരീക്ഷാഭയത്തിന് അടിമയാക്കുന്നത്. പലപ്പോഴും അകാരണമായ കാരണങ്ങളുടെ പേരിലാവാം കുട്ടികള്‍ ഈ ഭയത്തിന് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെയും അധ്യാപകരുടെയും കരുതലോടെയുള്ള സമീപനവും ഇടപെടലും ഇക്കാര്യത്തില്‍ കുട്ടികളെ പരീക്ഷാഭയത്തില്‍ന ിന്ന് മോചിപ്പിക്കാന്‍ വളരെയധികം സഹായിക്കും.
മക്കളുടെ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം തിരികെ നല്കാനുള്ള ശ്രമങ്ങളാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. മക്കളെ അമിതമായി ശാസിച്ചതുകൊണ്ടോ കുറ്റപ്പെടുത്തിയതുകൊണ്ടോ ഇക്കാര്യത്തില്‍ പ്രയോജനമുണ്ടാവില്ല. പകരം പരീക്ഷാദിവസങ്ങളില്‍ മക്കളുടെ ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. പഠിച്ചകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചറിയുകയും ഓര്‍ത്തിരിക്കാന്‍ ചില എളുപ്പവഴികള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുക. ശുഭാപ്തി വിശ്വാസം ഉണ്ടാക്കത്തക്കരീതിയില്‍ മക്കളോട് സംസാരിക്കുക. പഠിക്കാനുള്ള അവരുടെ കഴിവുകളെക്കുറിച്ച് ബോധ്യപ്പെടുത്തികൊടുക്കുക. അതുപോലെ വീട്ടില്‍ ശാന്തമായ അന്തരീക്ഷം മക്കള്‍ക്ക് നല്കാനും ശ്രമിക്കണം. മക്കളുടെ പരീക്ഷാകാലത്ത് മാതാപിതാക്കളും ടിവി , അമിതമായ ഫോണ്‍ ഉപയോഗം, വാട്‌സാപ്പ്, ഫേസ്ബുക്ക് ഉപയോഗം എന്നിവയില്‍ നിന്ന് വിട്ടുനില്ക്കണം. പരീക്ഷയില്‍ മാര്‍ക്ക് നേടുന്നത് നല്ല കാര്യമാണെങ്കിലും പരീക്ഷാമാര്‍ക്ക് മാത്രമല്ലജീവിതവിജയത്തിന് അടിസ്ഥാനമെന്നും മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ തങ്ങള്‍ക്ക് സ്‌നേഹം കുറയില്ലെന്നും മക്കളോട് പറഞ്ഞുകൊടുക്കണം.
മക്കളുടെ വിജയത്തിന് വേണ്ടി പരിശ്രമിക്കുന്നതിനൊപ്പം അവരെ പരീക്ഷാഭയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും ആ ഭയം കുറയ്ക്കാനും കഴിയുന്ന വിധത്തിലായിരിക്കണം മാതാപിതാക്കളുടെ ഇടപെടല്‍. ചുരുക്കത്തില്‍ മാതാപിതാക്കളുടെ വിവേകപൂര്‍വ്വമായ ഇടപെടലും പ്രോത്സാഹജനകമായ വാക്കുകളും കുട്ടികളെ പരീക്ഷാഭയത്തില്‍ നിന്ന് രക്ഷിക്കാന്‍ ഏറെ സഹായകമാണ്.