ജൂണ്‍ ഇനിമുതല്‍ മഴക്കാലമല്ല, അത് ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്. ജൂണ്‍ സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ ജീവിതം. ഒരു പെണ്‍കുട്ടിയുടെ ജീവിതവും മനസ്സും അവളുടെ വഴികളും കൃത്യതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഇതുപോലൊരു സിനിമ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. രജീഷ വിജയന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വന്നത് വെറുതെയായില്ല. ഈ കഥാപാത്രമാകാന്‍ വേണ്ടിയും പഴയ കഥാപാത്രങ്ങളെ മറക്കാനും വേണ്ടിയുമാണ് സിനിമയില്‍ നീണ്ട ഗ്യാപ്പ് വന്നതെന്ന രജീഷയുടെ ഒരു കമന്റ് എവിടെയോ വായിച്ചപ്പോഴും അതൊക്കെയും സിനിമയ്ക്കുവേണ്ടിയുള്ള പ്രീ പബ്ലിസിറ്റി സ്റ്റണ്ടാണെന്നേ വിചാരിച്ചിരുന്നുള്ളൂ. പക്ഷേ ആ പറച്ചിലില്‍ കഴമ്പൊക്കെയുണ്ടെന്ന് ജൂണ്‍ കണ്ടപ്പോള്‍ മനസ്സിലായി. നന്നായിരിക്കുന്നു രജീഷ. 16 മുതല്‍ 26 വരെയുള്ള പ്രായത്തിന്റെ വിഹ്വലതകളെയും സ്വപ്നങ്ങളെയും വേദനകളെയും എല്ലാം രജീഷ അതിമനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. രജീഷ മാത്രമല്ല കൂടെ അഭിനയിച്ച ആ പുതുമുഖങ്ങളെല്ലാവരും അങ്ങനെയാണ്.
പുരുഷന്റെ ശ്രദ്ധയെ ആകര്‍ഷിക്കാനും സ്വയം പ്രദര്‍ശിപ്പിക്കാനും ആഗ്രഹിക്കുന്ന ഒരു കാലവും മനസ്സും എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്നും തോന്നുന്നു. അതോടൊപ്പം മറ്റുള്ളവരുടെ കഴിവുകളെ സ്വന്തം കഴിവുകളുമായി തട്ടിച്ചുനോക്കി അപകര്‍ഷതപ്പെടുന്ന മനസ്സും. പനാമ ജോയിയെന്ന കച്ചവടക്കാരനും സ്‌നേഹസമ്പന്നനുമായ അപ്പന്റെ ഏകമകളായ ജൂണ്‍ സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവളാണ്. എന്നാല്‍ പ്ലസ്ടൂ വിലെ കൊമേഴ്‌സ് കാലം അവളെ മാറ്റിമറിക്കുന്നു. അപ്രതീക്ഷിതമായി ലഭിച്ച പ്രണയവും സൗഹൃദവും അത് നല്കിയ ചില സാഹസങ്ങളും കൂട്ടുകാരുമായിരുന്നു അതിന് പിന്നില്‍.
ആ അധ്യാപികയെയും പ്രത്യേകം പറയണം കേട്ടോ. കഴിവുള്ളവരെയും പഠിപ്പിസ്റ്റുകളെയും മാത്രം ക്ലാസ് ലീഡര്‍ ആക്കുന്ന പതിവു അധ്യാപകര്‍ക്കിടയില്‍ എനിക്കൊരു കഴിവുമില്ലെന്ന് അപകര്‍ഷതയോടെ ഏറ്റുപറയുന്ന ജൂണിനെയും സ്വന്തം പേരു പോലും മറ്റുള്ളവരുടെ മുഖത്തുനോക്കി നേരേ ചൊവ്വേ പറയാന്‍ കഴിയാത്ത നെല്‍സണെയുമാണ് അധ്യാപിക ലീഡേഴ്‌സ് ആക്കുന്നത്. അതുതന്നെയായിരുന്നു അവരെ തമ്മില്‍ അടുപ്പിച്ചത്. കുട്ടികളുടെ മനസ്സറിഞ്ഞ് പെരുമാറുകയും ഇടപെടുകയും ചെയ്യുന്ന ഇത്തരം അധ്യാപകരാണ് നമുക്കിനി ഉണ്ടാവേണ്ടത്. ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളും മാനേജ് മെന്റ് സ്‌കൂളിലെ കുട്ടികളും തമ്മിലുള്ള വേര്‍തിരിവും സിപ്പപ്പും അവര്‍ തമ്മിലുള്ള സംഘടനവുമെല്ലാം ഹൃദ്യമായ ആവിഷ്‌ക്കാരമായിരുന്നു.
സൗഹൃദമാണ് ജൂണിന്റെ മറ്റൊരുതലം.എല്ലാകാലത്തും ഒരുമിച്ചുണ്ടാവുമെന്ന് വീമ്പിളക്കുന്ന കൂട്ടുകാരെല്ലാം സ്ഥാനവും മാനവും പദവിയും നോക്കിമാത്രം സൗഹൃദം നിലനിര്‍ത്തിക്കൊണ്ടു പോകുന്നവരാണെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളെക്കാള്‍ മോശം സ്ഥിതിയിലാണ് കൂട്ടുകാരനെങ്കില്‍ അവനെ നൈസായി ഒഴിവാക്കുന്നവരാണ് കൂടുതലും. സൗഹൃദത്തിന്റെ ഇത്തരത്തിലുള്ള വിവിധ മാനങ്ങളെയും അവര്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലും കണ്ണു നനയിക്കുന്ന അനുഭവമായിരുന്നു.
തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനെ യഥാര്‍ത്ഥപ്രണയത്തിന്റെ വിലയറിയൂ എന്ന് കവി പാടിയതുപോലെ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച ആനന്ദിന്റേതാണ് യഥാര്‍ത്ഥ പ്രണയം. തന്നെ ഒരിക്കല്‍ പോലും പരിഗണിക്കാതിരുന്ന ജൂണിനെ ഇക്കാലമത്രയും നിഴല്‍ പോലെ അവന്‍ അവള്‍ പോലുമറിയാ#െ പിന്തുടരുകയും പ്രണയിക്കുകയും ആയിരുന്നുവെന്ന് പ്രേക്ഷകര്‍ അറിയുമ്പോള്‍, അത് നഷ്ടപ്രണയത്തിന്റെയും തിരികെ ലഭിക്കാത്ത പ്രണയത്തിന്റെയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവര്‍ക്ക് തീയറ്ററിലെ ഇരുട്ടില്‍ വെറുതെയൊന്ന് കരയാനുള്ള സ്വാതന്ത്ര്യം നല്കുന്നുണ്ട്.
കുടുംബബന്ധങ്ങളുടേതാണ് ഇനിയൊരുതലം. മകളും അച്ഛനും തമ്മിലുള്ള ബന്ധത്തെ വളരെ സ്വഭാവികമായിട്ടാണ് ചിത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തന്നോടൊപ്പം ബിയര്‍ കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും മകള്‍ക്ക് നല്കുന്ന അച്ഛന്‍് പക്ഷേ അവള്‍ താനറിയാതെ കൂട്ടുകാരനുമൊത്ത് കറങ്ങാന്‍ പോയീ എന്ന് അറിയുന്നത് സഹിക്കാന്‍ പറ്റുന്നില്ല. നിനക്ക് പറ്റുന്ന ചെറുക്കനെ താന്‍ തന്നെ കണ്ടെത്തിത്തരാമെന്നാണ് അയാള്‍ പറയുന്നത്. അതായത് മകളുടെ വിവാഹക്കാര്യം പോലെയുള്ള കാര്യങ്ങളില്‍ അവള്‍ സ്വന്തം തീരുമാനമെടുക്കരുതെന്ന് ആഗ്രഹിക്കുന്ന തികച്ചും യാഥാസ്ഥിതികനായ അച്ഛന്‍. മകള്‍ ഒരിക്കലും ഭാരമല്ലെന്ന് വിശ്വസിക്കുന്ന നല്ല അച്ഛന്‍ കൂടിയാണ് അയാള്‍.
സ്വന്തം കാലില്‍ നില്ക്കാനുള്ള സ്ത്രീയുടെ ആഗ്രഹത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയുമൊക്കെ വിവിധ വശങ്ങള്‍ ജൂണ്‍ ചൂണ്ടികാണിക്കുമ്പോഴും അവളുടെ മറ്റൊരു മുഖം കൂടി തെളിഞ്ഞുവരുന്നുണ്ട്. ഭര്‍ത്താവായി വരാന്‍ പോകുന്നവന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് തന്നെ, തന്നെക്കാള്‍ കൂടുതല്‍ അയാളുടെ വീട്ടുകാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ഒരു സ്ത്രീയും ഇഷ്ടപ്പെടുന്നില്ലെന്ന്. ജോലി ചെയ്യാതെ വെറുമൊരുവീട്ടമ്മയായി ചുരുണ്ടുകൂടാനും ഭര്‍ത്തൃവീട്ടുകാരുടെ കല്പനകളെ ശിരസാ വഹിച്ച് അടിമയെപോലെ കഴിഞ്ഞുകൂടാനും അവള്‍ ആഗ്രഹിക്കുന്നില്ലെന്ന്. ഇത് പുതിയകാലത്തെ എല്ലാ പെണ്‍കുട്ടികളുടെയും വിചാരവും മനസ്സുമാണ്.
വീട്ടുകാരോടുള്ള നെല്‍സണ്‍ന്റെ മനോഭാവത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ വിവാഹം കഴിക്കാതെ വേര്‍പിരിയുന്ന ജൂണ്‍ അവസാനം വീട്ടുകാര്‍ കണ്ടെത്തിയ ചെറുക്കനെ വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് തിരിയുകയാണ്. പക്ഷേ അമേരിക്കയില്‍ പോയെങ്കിലും നെല്‍സണ്‍ ഇനിയും തന്റെ പങ്കാളിയെ കണ്ടെത്തിയിട്ടില്ല എന്ന സൂചനയോടെയാണ് ചിത്രം ശുഭപര്യവസായി ആകുന്നത്.
ജൂണ്‍ പ്രായോഗികമതിയായ പെണ്‍കുട്ടിയാണെന്ന് തന്നെയാണ് ചിത്രം വ്യക്തമാക്കുന്നത്. ഇക്കാലമത്രയും സ്‌നേഹിച്ചുകൊണ്ടിരിക്കുന്ന ആനന്ദിനെയോ താന്‍ തീവ്രമായി സ്‌നേഹിച്ച തന്നെയും സ്‌നേഹിച്ച വീട്ടുകാര്‍ക്ക് മുന്‍ഗണന കൊടുക്കുന്നുവെന്ന് തെറ്റിദ്ധരിച്ച നെല്‍സണ്‍യോ അല്ല ജൂണ്‍ ഭര്‍ത്താവായി സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കാരണം ആനന്ദ് അന്യമതക്കാരനും തന്റെ അപ്പന് ഇഷ്ടമില്ലാത്ത ചെറുപ്പക്കാരനുമാണ്. നെല്‍സണ്‍ സുന്ദരനും ധനാഢ്യനുമാണെങ്കില്‍ വിവാഹത്തിന് വേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തവനാണ്. ഇവര്‍ രണ്ടുപേരും തനിക്ക് ചേരുന്നവരല്ലെന്ന് ഇരുപതാം വിവാഹവാര്‍ഷികമെന്ന സാങ്കല്പികമായ സംഭവചിത്രീകരണത്തിലൂടെ ജൂണ്‍ സ്വയം തെളിയിച്ചുതരുന്നുണ്ട്. സ്ത്രീയുടെ സ്‌നേഹത്തെക്കാള്‍ വലുതും ആത്മാര്‍ത്ഥവുമാണ് യഥാര്‍ത്ഥപുരുഷന്റെ യഥാര്‍ത്ഥ പ്രണയമെന്നുകൂടി ജൂണ്‍ പറയുന്നുണ്ട്. സ്ത്രീയുടെ പിന്നിലുള്ള പുരുഷന്റെ സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും മുഖം ജൂണ്‍ കാണിച്ചുതരുന്നതും കാണാതെ പോകരുത്. അങ്ങനെ ഇത് സ്ത്രീയുടെ മനസ്സിലൂടെ കടന്ന് പുരുഷന്റെ ജീവിതവുമായി ചാര്‍ച്ചപ്പെടുന്ന സിനിമയായി മാറുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചെറിയൊരു കഥയാണ് ജൂണ്‍. പക്ഷേ അതിനെ അവതരിപ്പിച്ച രീതിയാണ് വ്യത്യസ്തം. ആ വ്യത്യസ്തതയാണ് ഹൃദ്യമായി മാറിയത്. അഹമ്മദ് കബീര്‍, ലിബിന്‍, ജീവന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥക്ക് ശക്തിയും സൗന്ദര്യവുമുണ്ട്. തിരക്കഥാകൃത്തുക്കളിലൊരാളാണ് സംവിധായകനും. അഹമ്മദ് കബീര്‍.
ചുരുക്കത്തില്‍ ജൂണ്‍ നമ്മുടെ തന്നെ ഓര്‍മ്മകളിലേക്ക്കൂട്ടിക്കൊണ്ടുപോകുന്ന, ഹൃദയഹാരിയായ സിനിമയാണ്. ഇതില്‍ പ്രണയമുണ്ട്, സൗഹൃദമുണ്ട്, കുടുംബവുമുണ്ട്.
വിനായക് നിര്‍മ്മല്‍