നിങ്ങള്‍ നല്ലൊരു കൂട്ടുകാരനാണോ?

Date:

spot_img

അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള്‍ അവന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും  തുറന്നുപറയാനാവില്ലെനിക്ക്..  അവന്‍ പറഞ്ഞു.
 അപ്പോള്‍ കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല.  അത്രമേല്‍ ഞാനുമായുള്ള ബന്ധത്തെ അവന്‍ വിലവച്ചിട്ടുണ്ടല്ലോ എന്നോര്‍ത്ത്. 
 ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് അവന് എന്നെക്കാള്‍ പ്രിയപ്പെട്ടവരായി വേറെയും സ്‌നേഹിതന്മാര്‍ ഉണ്ടല്ലോ എന്ന്. തെല്ലൊരു അസ്വസ്ഥത അപ്പോഴെല്ലാം എനിക്ക് അനുഭവപ്പെട്ടിട്ടുമുണ്ട്.


  പക്ഷേ ഇപ്പോള്‍ തിരിച്ചറിയുന്നു എല്ലാവരും എപ്പോഴും കൂടെയുണ്ടാവുമ്പോഴും ചിലര്‍ക്കായി നാം കൂടുതല്‍ സ്‌പെയ്‌സ് കരുതിവയ്ക്കുന്നുവെന്ന്.ചിലരെ ചിലപ്പോള്‍ നാം കൂടുതലായി ചേര്‍ത്തുനിര്‍ത്തുന്നുവെന്ന്.ചിലപ്പോള്‍ ചിലരെ നാം കൂടുതല്‍ കേള്‍ക്കാന്‍ അനുവദിക്കുമെന്ന്.ചിലരോട് കൂടുതല്‍ പറയാന്‍ നമുക്കുണ്ടാവുമെന്ന്..
 ശരിയാണ് ബൈക്കില്‍ കറങ്ങാനും സിനിമയ്ക്ക് പോകാനും ട്രിപ്പ് പോകാനുമൊക്കെയുള്ളതിനപ്പുുറം നില്ക്കുന്ന ചില ചങ്ങാത്തങ്ങളൊക്കെയുണ്ട്. മറ്റൊരിടത്തും നഗ്‌നനാവാത്തവന്‍ അവിടെ ആടകള്‍ അഴിച്ചുവച്ച് നഗ്‌നനാവുന്നു കുമ്പസാരക്കൂടുപോലെ ചങ്ങാതി മാറുന്നു. ഒളിവുകളും തിരിവുകളുമില്ലാതെ

 സത്യത്തില്‍ അവന്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കോ അവന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കോ ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ എനിക്കാവുമായിരുന്നില്ല. പക്ഷേ അവന്റെ നെഞ്ചിലെ ചൂടും കരയാത്ത കണ്ണിന്റെ ഉറവയും എനിക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. കണ്ണു നനയാനും നനയിപ്പിക്കാനും കഴിയുന്ന ബന്ധങ്ങളുടെ പേരിനെ ഞാനിപ്പോള്‍ സൗഹൃദം എന്ന് വിളിക്കുന്നു.


കുറവുകളുണ്ടാവാം.പോരായ്മകളുണ്ടാവാം.. സ്വാര്‍ത്ഥതകളും വിയോജിപ്പുകളും ഉണ്ടാകാം. മാനുഷികമായ ബലഹീനതകളുമുണ്ടാവും. എന്നിട്ടും സൗഹൃദത്തിന്റെ എണ്ണ ഏതു പ്രായത്തിലും നമ്മില്‍ കത്തിക്കൊണ്ടേയിരിക്കുന്നു.

 മനസ്സ് അകാരണമായ വിഷാദത്തിന്റെ കൊടുമുടികള്‍ കയറുമ്പോള്‍ ഞാന്‍ ചെന്നിരിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് എന്റെ ഒരു സുഹൃത്ത്. അവന്റെ അടുത്തു ചെന്നിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നെന്തെല്ലാമോ ഒഴുകിപോകുന്നത് ഞാനറിയുന്നു. ഘനീഭവിച്ച എന്റെ വിഷാദങ്ങള്‍..  
ഏതൊരു സുഹൃത്തിനാണോ നിനക്ക് നിന്റെ സങ്കടങ്ങള്‍ കരഞ്ഞുതീര്‍ക്കാനായി ചുമല്‍ ചായ്ച്ച് കൊടുക്കാനും അവന്റെ തിരുമുറിവുകളിന്മേല്‍ കരം വച്ചുകൊടുക്കാനും കഴിയുന്നത് അവിടെയാണ് സൗഹൃദത്തിന്റെ ചിത്രശലഭങ്ങള്‍ പറന്നുതുടങ്ങുന്നത്. ഒരു പക്ഷേ സുഹൃത്തിനൊപ്പം കരയാന്‍ നമ്മില്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞേക്കാം. കാരണം മറ്റേയിടത്ത് നഷ്ടങ്ങളും വേദനകളുമാണല്ലോ. എന്നാല്‍ സുഹൃത്തിന്റെ സന്തോഷങ്ങളില്‍, അവന്റെ നേട്ടങ്ങളില്‍ മുന്‍നിരക്കാരനായി കൈയടിക്കാന്‍ നിനക്ക് കഴിയുന്നുണ്ടോ അതും സൗഹൃദമാണ്. സൗഹൃദം. കരയുമ്പോള്‍ കൂടെ കരയാന്‍ ആളുണ്ടെങ്കിലും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ വരുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുണ്ടോ എന്ന സംശയം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.


 ഇപ്പോള്‍ എവിടെയും സൗഹൃദമാണ്. ഫേസ്ബുക്ക് സൗഹൃദങ്ങള്‍.. വാട്ട്‌സാപ്പ് കൂട്ടായ്മകള്‍.  എന്നാല്‍ അതിനൊക്കെ ആവശ്യനേരത്ത് ഉപകാരമുണ്ടാവുമോ ആവോ?നേരില്‍ കാണുമ്പോള്‍ ഒരു ചിരികൊണ്ട് പോലും കൂട്ടുകൂടാന്‍ വരാതിരുന്നവര്‍ ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയ്ക്കുന്ന പേരില്‍ മാത്രമൊങ്ങുന്ന സൗഹൃദകാലമാണിത്. പക്ഷേ ഒന്നു മറക്കരുത്. ഏതുകാലത്തും യഥാര്‍ത്ഥ സൗഹൃദങ്ങള്‍ക്ക് വിലയുണ്ട്. നിലനില്പും. അതൊരു നിക്ഷേപമാണ്. സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കായ് പത്തുതിന്നാം എന്ന് പറയുന്നതുപോലെ, പത്തു കായ് തിന്നില്ലെങ്കിലും ഒരു കായെങ്കിലും തിന്നാന്‍കഴിയത്തക്കവിധത്തില്‍ സൗഹൃദത്തിന്‌റെ ഒരു തൈയെങ്കിലും നട്ടുവയ്ക്കാന്‍ നീ ഇപ്പോഴേ മറക്കരുത്.  നിസ്വാര്‍ത്ഥത എന്ന മണ്ണില്‍ സ്‌നേഹം ഒഴിച്ച് പ്രാര്‍ത്ഥന ചേര്‍ത്ത് ആ മരം നടുക. അതാണ് നിനക്ക് ഫലം തരുന്നത്. പിന്നെ ഒരു സുഹൃത്തിനെയും തീര്‍ത്തും അവഗണിക്കാതിരിക്കുക. നമുക്കറിയില്ലല്ലോ നാളെ അവനായിരിക്കില്ല നമ്മെ കൈപിടിക്കാന്‍ കൂടെയുണ്ടാവുകയെന്ന്.. അത് സ്വാര്‍ത്ഥമായ ചിന്തയൊന്നുമല്ല. വിവേകപൂര്‍വ്വമായ ഇടപെടലാണ്.


 എല്ലായ്‌പ്പോഴും നിനക്ക് എന്റെ ഒപ്പം വരാനാവില്ല എന്ന് എനിക്കറിയാം. എന്നാല്‍ നീ കൈനീട്ടി വിളിക്കുമ്പോഴെല്ലാം എനിക്ക് നിന്റെ ചാരത്തുവന്നിരിക്കാന്‍ കഴിയണമേയെന്നാണ്  എന്റെ പ്രാര്‍ത്ഥന. നീയെന്റെ കണ്ണീരുതുടയ്ക്കാന്‍ കരം നീട്ടണമെന്നില്ല. പക്ഷേ നിന്റെ ക്ണ്ണീരു ചുംബനം കൊണ്ട് ഒപ്പിയെടുക്കാന്‍സാധിക്കണമെന്നതാണ് എന്റെ ആഗ്രഹം. എന്റെ നെടുവീര്‍പ്പുകള്‍ നീ കേള്‍ക്കാതെ പോയേക്കാം. പക്ഷേ നിന്റെ നെഞ്ചോട്‌േ ചര്‍ന്ന് കിടന്ന് നിന്റെ നെടുവീര്‍പ്പുകള്‍ക്ക് കാതുകൊടുക്കണമെന്നതാണ് എന്റെ മോഹം.

 സൗഹൃദങ്ങള്‍ ജീവിതത്തിന്റെ വിളക്കുകാലുകളാണ്.  അതില്‍ ഒരാള്‍ മാത്രം എണ്ണയൊഴിച്ചാല്‍ പോരാ..ഒരാള്‍ മാത്രം കാവലിരുന്നാല്‍ പോരാ.അതും മറക്കരുത്.. 

വിനായക് നിര്‍മ്മല്‍

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...
error: Content is protected !!