ആന കൊടുത്താലും ആശ കൊടുക്കരുതേ

ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്.  എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി  ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല.  അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു. മനുഷ്യനായും മൃഗമായും രൂപം മാറാന്‍ കഴിവുള്ള അസാമാന്യമായ അത്ഭുതശക്തിയുള്ള ആള്‍. അതായിരുന്നു ഒടിയന്‍. അങ്ങനെയൊരു പ്രമേയത്തെയും കഥാപാത്രത്തെയും കുറിച്ച് പറഞ്ഞുകേള്‍ക്കുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എന്ന അഭിനയസാമ്രാട്ടിന് കൗതുകവും ആകാംക്ഷയും തോന്നുക സ്വഭാവികം.  പാത്രം അറിഞ്ഞ് വിളമ്പണം എന്ന് പഴമക്കാര്‍ പറയുന്നതെത്ര സത്യം. ലാല്‍വിളമ്പാന്‍ ഏല്പിച്ച പാത്രം കൃത്യമായില്ല. ദുര്‍ബലമായ തിരക്കഥയും വിഷയത്തിന് ഒത്ത് ഉയരാന്‍ കഴിയാതെ പോയ സംവിധാനവും. രണ്ടും സാരമില്ല എന്ന് പ്രേക്ഷകര്‍ ഉദാരരാവുമായിരുന്നു.

പക്ഷേ പ്രീപബ്ലിസിറ്റിക്കുവേണ്ടിയുള്ള അണ്‍സഹിക്കിബിള്‍ ആയ തള്ള്. അതാണ് ഈ ചിത്രത്തിന്റെ ദുരന്തം ഇരട്ടിയാക്കിയത്. നല്ല സിനിമ ചിലപ്പോള്‍ തീയറ്ററില്‍ പരാജയപ്പെട്ടുപോകുക സ്വഭാവികം. പക്ഷേ ഒരു മോശം സിനിമയെ എത്രകണ്ട് പ്രമോട്ട് ചെയ്്താലും അത് വിജയിക്കണമെന്നില്ല. ഒടിയനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്നും അതാണ് ചിത്രത്തിനെതിരെ പ്രേക്ഷകശ്രദ്ധ തിരിയാന്‍ കാരണമെന്നും സംവിധായകന്‍ പലയിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ സര്‍, ഒരു നല്ലചിത്രമാണ് ഇങ്ങനെ തകര്‍ക്കപ്പെടുന്നതെങ്കില്‍ അതിനെ രക്ഷിക്കാന്‍ സിനിമ കണ്ട് ഇഷ്ടപ്പെട്ടവര്‍ തന്നെ രംഗത്തിറങ്ങുമായിരുന്നു. ഇവിടെ അത് സംഭവിക്കുന്നില്ലല്ലോ? ഒറ്റപ്പെട്ട ചില പ്രേക്ഷകാഭിപ്രായങ്ങളൊഴികെ ഒടിയന്‍ കണ്ട ഭൂരിപക്ഷവും ചിത്രത്തെ കൈയൊഴിഞ്ഞത് എന്തുകൊണ്ടാണ്? നിഷ്പക്ഷനായ ഒരു പ്രേക്ഷകന്  ഒടിയന്‍ സിനിമയുടെ പിന്നണിക്കാരും ഈ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന് ആരോപണം കേള്‍ക്കുന്നവരും ഒരുപോലെയാണ്. കാരണം ഒരു ഫാന്‍സുകാരും പണം തരാതെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി സിനിമ കാണുന്നവര്‍ തന്നെയാണ് അവര്‍. അവര്‍ക്കാരുടെയും ഓശാരം വേണ്ട. അവര്‍ ആരുടെയും കുഴലൂത്തുകാരും ആവില്ല.  ഫാന്‍സുകാരാണ് ചിത്രം വിജയിപ്പിക്കുന്നതെങ്കില്‍ മോഹന്‌ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ഡ്രാമ വിജയിക്കേണ്ടതല്ലായിരുന്നോ. മമ്മൂട്ടിയുടെ പരോള്‍ പോലെയുള്ള സിനിമകള്‍ വിജയിക്കേണ്ടതല്ലേ. പൃഥിരാജിന്റെ രണം വിജയിക്കേണ്ടതല്ലായിരുന്നോ..ഇവിടെയൊന്നും അത്ഭുതം നടക്കാതിരുന്നത് സിനിമ വിജയിപ്പിക്കുന്നത് ഫാന്‍സുകാരല്ല എന്നതുകൊണ്ടുമാത്രമാണ്.

സിനിമയെ സിനിമയായി കാണുന്നവരാണ് സിനിമയുടെ യഥാര്‍ത്ഥ ആരാധകരും ശക്തിയും. കുറ്റാരോപിതനായി നടന്‍ നില്ക്കുമ്പോള്‍തന്നെയായിരുന്നു ഇതേ പ്രേക്ഷകര്‍ രാമലീല വിജയിപ്പിച്ചതും കമ്മാരസംഭവത്തിന് നേരേ മുഖം തിരിച്ചതും. രണ്ടേ മുക്കാല്‍ മണിക്കൂര്‍ നേരം കണ്ടിരിക്കാന്‍ മാത്രംഒടിയന്‍സിനിമയില്‍ ഒന്നുമില്ല എന്നതാണ് വാസ്തവം. സിനിമ അവസാനിക്കാറായി എന്ന് തോന്നലുണ്ടാകുമ്പോഴും ഡ്യൂയറ്റും ഫഌഷ് ബായ്ക്കുമായി ചിത്രം വലിച്ചുനീട്ടിക്കൊണ്ടുപോകുമ്പോള്‍ പ്രേക്ഷകനുണ്ടാകുന്ന വിരസതയെ, സംവിധായകന്റെ സ്ഥാനത്തുനിന്ന് മാറിനിന്ന് നോക്കുമ്പോഴെങ്കിലും താങ്കള്‍ക്ക്മനസ്സിലാവും. രണ്ടു മണിക്കൂര്‍ എന്നോ അല്ലെങ്കില്‍ രണ്ടുമണിക്കൂര്‍ പത്തുമിനിറ്റെന്നോ ഒക്കെ ആക്കിചിത്രത്തിന്റെ നീളം കുറച്ചാല്‍ കുറെക്കൂടി ചിത്രത്തിന് ആസ്വാദകശേഷി ലഭിച്ചേക്കാം എന്നാണ് സാധാ പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരു അഭിപ്രായം. ലാല്‍ എന്ന അഭിനയപ്രതിഭയില്‍ നിന്ന് പ്രതീകഷിക്കുന്നതോ ലാല്‍ എന്ന സൂപ്പര്‍താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതോ ഒന്നും  ഈ ചിത്രത്തിലില്ല. സവാരിഗിരിഗിരി പറയണമെന്നോ നീ പോടാ ദിനേശാ എന്ന് പറയണമെന്നോ അല്ല ശാഠ്യം. പക്ഷേ ഇതുപോലെയുള്ള  സിനിമയില്‍ നിന്ന് പ്രേക്ഷകന്‍ സ്വഭാവികമായി പ്രതീക്ഷിക്കുന്ന വീരസ്യവും നായകത്വവുമുണ്ടല്ലോ അത് തെല്ലും മാണിക്യനില്ല.നായികയുടെ വീട്ടിലെ അടുക്കളക്കാരനും വിറകുവെട്ടുകാരനും ആടുമാടുകളെ പരിപാലിക്കുന്നവനുമായി ലാല്‍ എന്ന നടനെ കാണാന്‍ പ്രേക്ഷകര്‍ക്കാവില്ല.

ലാലിന്റെ പരാജയപ്പെട്ട സിനിമകളിലെ അദ്ദേഹം അവതരിപ്പിച്ച വേഷവിധാനങ്ങളെക്കുറിച്ചുകൂടി ഒന്ന് വെറുതെ ആലോചിച്ചുപോകുന്നു. പഞ്ചാഗ്നി പോലെയുള്ള അപൂര്‍വ്വം ചിത്രങ്ങളൊഴികെ മോഹന്‍ലാല്‍ മീശ വടിച്ച ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല, അതുപോലെ മോഹന്‍ലാല്‍ ജടാധാരിയായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും. രാജശില്പിപോലെയുള്ള ചിത്രങ്ങള്‍ ഓര്‍മ്മിക്കുക. രാശിയുടെ കൂടി ഭാഗമാണല്ലോ സിനിമ… പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തങ്കമണി വാര്യസാര് പറഞ്ഞറിഞ്ഞാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കറുമ്പന്‍ നായരാണ് എന്ന് മാണിക്യന്‍ അറിയുന്നതിലും വലിയ കോമഡി മറ്റെന്താണുള്ളത്. കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം അയാളാണ് അത് ചെയ്തതെന്ന്. എന്നിട്ടും അതറിയാനും അത് മനസ്സിലാക്കി തിരിച്ചുവരാനും പതിനഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവന്നു എന്നതുപോലെയുള്ള ദുര്‍ബലതയുടെ കഥക്കൂട്ട് തന്നെയാണ് വിനയായി മാറിയത്.  വാരാണസിയും വാര്യസാര്‍ക്ക് സംഭവിക്കുന്ന അപകടവും രക്ഷപ്പെടുത്തലും. എന്റമ്മേഎന്ന് ഇന്നച്ചനെപോലെ ആരും  നിലവിളിച്ചുപോകും. ആദ്യത്തെ അഞ്ചുമിനിറ്റുകൊണ്ടുതന്നെ ചിത്രത്തിന്റെ ഗതിയെന്നതാണെന്ന് മനസ്സിലാക്കാന്‍ അല്പമൊക്കെ സിനിമാബോധമുള്ള ഒരുപ്രേക്ഷകന് ഇന്ന് സോഷ്യല്‍മീഡിയായിലെ പ്രചരണമൊന്നും വായിച്ചുനോക്കേണ്ട കാര്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍ പറഞ്ഞുവരുന്നതിന്റെ അര്‍ത്ഥം ഇത്രയേയുള്ളൂ. തള്ള് പോലെ ചിത്രം ഏറ്റില്ല. തള്ളാതിരുന്നാല്‍ ചിത്രം പിന്നെയും രക്ഷപ്പെടുമായിരുന്നു.പക്ഷേ അതുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്റെ ഭാവി അടഞ്ഞുപോയെന്ന് പറയാനാവില്ല. അദ്ദേഹത്തെ എഴുതിതള്ളാനും വയ്യ. വ്യത്യസ്തയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളാണല്ലോ അദ്ദേഹത്തെ ഒടിയനിലെത്തിച്ചത്. അതുകൊണ്ട് അദ്ദേഹത്തോട് ഒരപേക്ഷ. ഇനി അടുത്ത ചിത്രം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ ഇത്രയും തള്ളരുത്.  വീണ്ടും ഒടിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. പ്ലീസ്‌

error: Content is protected !!