സുന്ദരികളും സുന്ദരന്മാരും

ലോകത്തുള്ള എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് സാഹിത്യകാരനായ ഉറൂബിന്റെ ഒരു നിരീക്ഷണമുണ്ട്. മനുഷ്യമനസ്സിലെ നന്മകൾ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാമെന്നും എല്ലാവരുടെയും ഉളളിലും നന്മയുണ്ടെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. മണ്ണിന്റെ അടിത്തട്ടിൽ പുതഞ്ഞുകിടക്കുന്ന ഒരു വിത്ത് പുതുമഴയേല്ക്കുമ്പോൾ പുറത്തേക്ക് തല നീട്ടുന്നതുപോലെ തന്നെയാണ് മനുഷ്യമനസ്സിലെ നന്മയും.
അനുകൂലസാഹചര്യങ്ങളിൽ തിന്മ മാത്രമല്ല മനുഷ്യരിലെ നന്മയും പുറത്തേക്ക് വരും. കഴിഞ്ഞുപോയ പ്രളയം മനുഷ്യരുടെ നന്മയെ കൂടിയാണ് പുറത്തുകൊണ്ടുവന്നത്. അസാമാന്യമായ ആത്മബലത്തോടും നന്മയോടുംകൂടിയാണ് കേരളം ഈ പ്രളയദുരന്തത്തെ അതിജീവിച്ചത്. ദുരന്തം നമുക്ക്  സമ്മാനിച്ചത് ചില ഹീറോകളെക്കൂടിയാണ്. നിസ്സാരരെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ആകാശത്തോളം ഉയരം കൊണ്ട് നമ്മെ അതിശയിപ്പിച്ചവർ.
ജെയ്സൽ എന്ന 32 കാരൻ മത്സ്യത്തൊഴിലാളിയാണ് ആദ്യം ഓർമ്മയിലേക്ക് വരുന്നത്. വിദേശ മാധ്യമങ്ങൾ പോലും പ്രശംസിച്ച മലപ്പുറം താനൂരിലെ സാധാരണക്കാരനായ അസാധാരണക്കാരൻ. സഹജീവി സ്നേഹത്തിന്റെയും മനുഷ്യരോടുള്ള കാരുണ്യത്തിന്റെയും പുതിയ മുഖങ്ങളുടെ പട്ടികയിലേക്കാണ് ജെയ്സലിന്റെ പേര് എഴുതിചേർക്കപ്പെട്ടിരിക്കുന്നത്. പ്രളയത്തിൽ പെട്ടവരെ ഡിങ്കിബോട്ടിൽ രക്ഷപ്പെടുത്താനായി സ്ത്രീകൾക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കി മാറ്റിയാണ് ജെയ്സൽ പുതിയ കാലത്തിന്റെ മഹാബലിയായി മാറിയത്. മൂന്നടി മണ്ണ് അളന്നുകിട്ടാൻ മൂന്നാം ചുവടിനായി സ്വന്തം ശിരസ് കാണിച്ചുകൊടുത്ത മഹാബലി ഒരു പുരാവൃത്തമാണെങ്കിൽ ജെയ്സൽ പുതിയകാലത്തിന്റെ മഹാബലിയായി മാറുന്നു.  ഈ ചെറിയ സമ്പാദ്യങ്ങൾക്ക് പൊന്നും വിലയുണ്ടാവില്ലേ? ഭിക്ഷ യാചിച്ച് കിട്ടിയ നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ ഈരാറ്റുപേട്ടയിലെ പഴയ ആനക്കാരൻ മോഹനന്റെ ഇരുപതു രൂപയുടെ വില ആർക്കാണ് അളന്നുതിട്ടപ്പെടുത്താനാവുക?താരചക്രവർത്തിമാർ നല്കിയ ലക്ഷങ്ങൾക്ക് മീതെ നില്ക്കും മോഹനന്റെ 94 രൂപ. ഈരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ ടിഎം റഷീദിന്റെ വീട്ടിൽ എത്തിയാണ് മോഹനൻ ആ ഇരുപത് രൂപ കൈമാറിയത്. വീട്ടിലെത്തിയപ്പോൾ പണം ചോദിക്കാനായിരിക്കുമെന്ന് കരുതിയ റഷീദിനെ ഞെട്ടിച്ചുകൊണ്ടാണ് കയ്യിലുള്ള നാണയത്തുട്ടുകളും മുഷിഞ്ഞ നോട്ടുകളുമായി 94 രൂപ കൈമാറിയത്. ആ രൂപ ഏറ്റുവാങ്ങുമ്പോൾ റഷീദിന്റെ കൈകൾക്ക് വല്ലാത്ത ഭാരം തോന്നിയിരിക്കണം, ഉറപ്പ്.  മറ്റെല്ലാവരും നല്കിയ ദാനങ്ങളെക്കാൾ എത്ര വലുതാണ്  അത്. അതുപോലെ, കാൻസർ രോഗബാധിതയായ ഒമ്പതുവയസുകാരിയുടെ പണക്കുടുക്കയുടെ ഭാരവും. പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണ് ഷാഹിദ തന്റെകുടുക്ക സമ്മാനിച്ചത്. ഈ ദാനങ്ങൾക്കൊന്നും പകരം വയ്ക്കാനാവുന്ന മറ്റൊന്നില്ല.
പല ചലച്ചിത്രതാരങ്ങളും പ്രളയദുരിതത്തിൽ ലൈവായിട്ടുണ്ടായിരുന്നു. അവർ ചെയ്തതിനെ ചെറുതായി കാണുന്നുമില്ല. എന്നാൽ ദുരിതാശ്വാസപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുഴുവൻ സമയവും ദുരന്തഭൂമികയിൽ ആയിരുന്നിട്ടും ലൈവിൽ വരാത്ത, സെൽഫിയെടുക്കാത്ത ഒരാളുണ്ട്. ക്യാമറാമാനും സംവിധായകനുമായ രാജീവ് രവി. വളരെ വൈകി അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചപ്പോഴാണ് പുറംലോകം അറിയുന്നത് തന്നെ.
അതുപോലെ, മറ്റൊന്നാണ് ആലുവ താലൂക്കിൽ ഉൾപ്പെട്ട വില്ലേജുകളിൽ ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞ എല്ലാവർക്കും നല്കുന്നതിനുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവും നടന്നുകൊണ്ടിരിക്കുമ്പോൾ ലോഡിംങിന് സഹായിച്ച ഒരു ക്ലീൻഷേവുകാരൻ. ഉഷാറോടെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും മറ്റുള്ളവരുടെ ആജ്ഞകൾ ശിരസാ വഹിക്കുകയും ചെയ്തുകൊണ്ടിരുന്ന അദ്ദേഹം 2012 ബാച്ച് ഐഎഎസുകാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണൻ ആയിരുന്നുവെന്ന് വൈകി മാത്രമാണ് മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ദാദ്രാനഗർ ഹവേലി കളക്ടർ കൂടിയായിരുന്നു അദ്ദേഹം. എന്നിട്ടും സ്വന്തം ഐഡന്ററ്റി വെളിപ്പെടുത്താതെ ഉദ്യോഗത്തിൽ തന്നെക്കാൾ താഴെയുള്ളവരുടെ പോലും ഉത്തരവുകൾ ശിരസാവഹിച്ച് നില്ക്കുന്ന ഈ യുവകളക്ടർ  നമ്മെ അതിശയിപ്പിക്കുന്നുണ്ട്. നൂറുരൂപ പോലും ദാനം ചെയ്താൽ രണ്ടുകോളം വാർത്തയെങ്കിലും വേണമെന്ന് ശഠിക്കുന്ന പബ്ലിസിറ്റിക്കുവേണ്ടി സകലതും ചെയ്യുന്നവർക്കിടയിലാണ് ആ യുവ ഐഎഎസുകാരൻ സുവർണ്ണശോഭയോടെ ജ്വലിച്ചുനില്ക്കുന്നത്. ഇങ്ങനെയും ചിലരുണ്ട് ഈ ലോകത്തിൽ എന്നതാണ് നമുക്ക് ആശ്വാസം, സന്തോഷം.
മാധ്യമങ്ങളും ക്യാമറകളും കണ്ടെടുത്തതുകൊണ്ടാവാം ഇവരെയൊക്കെ ലോകം അറിഞ്ഞത്. ഒരു ക്യാമറക്കണ്ണുകൾക്കും എത്താത്തതും ആരുടെയും പ്രത്യേകമായ ശ്രദ്ധ പതിയാത്തതുമായ എത്രയോ ഹീറോമാർ ഈ പ്രളയകാലത്ത് ജന്മമെടുത്തിട്ടുണ്ട്. അവർക്കെല്ലാം  ബിഗ് സല്യൂട്ട്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത പ്രിയപ്പെട്ട ഹീറോമാരേ നിങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച് മൂർദ്ധാവിൽ ചുംബിച്ചുകൊള്ളട്ടെ…
error: Content is protected !!