71 വയസ്സ് ഒരു പ്രായമല്ല…!

ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ പിന്തിരിപ്പിച്ചില്ല. ശുദ്ധജല ദൗർലഭ്യം നേരിടുന്ന ഗ്രാമീണർക്കായി 46 കോൽ താഴ്ചയുള്ള കിണറാണ് ഇദ്ദേഹം കുഴിച്ചത്.  എല്ലാവരും ലോദിയെ പിന്തിരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രായം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു. ഈ പ്രായത്തിൽ സ്വന്തമായി കിണർ കുഴിക്കുകയോ? എന്നാൽ പിന്തുണയില്ലായ്മയോ നിരുത്സാഹപ്പെടുത്തലോ ലോദിയെ പിന്തിരിപ്പിച്ചില്ല. ഒറ്റയ്ക്ക് അദ്ദേഹം കിണർ കുഴിക്കാൻ ഇറങ്ങിത്തിരിച്ചു. അയൽവാസിയാണ് ഇങ്ങനെയൊരു സാഹസം ഏറ്റെടുക്കാൻ ലോദിയെ പ്രേരിപ്പിച്ചതെന്ന് പറയാം. രോഗിയായ തന്റെ കുഞ്ഞിന് ഒരു ഗ്ലാസ് ശുദ്ധജലം കൊടുക്കാൻ വീടുകൾ മാറിമാറി താമസിക്കേണ്ടി വന്ന ആ നിസ്സഹായന്റെ വേദന ലോദിയെ സ്പർശിച്ചു. അങ്ങനെയാണ് ഗ്രാമത്തിലെ ശുദ്ധജലം പരിഹരിക്കാൻ കിണർ കുഴിക്കാനായി ലോദി തീരുമാനിച്ചത്.  കിണറു കുഴിക്കലിനിടയിൽ പല തടസങ്ങളും നേരിടേണ്ടിവന്നു. മഴക്കാലത്ത് കിണർ ഇടിഞ്ഞുപോയി. അതും ഒന്നല്ല മൂന്നുതവണ. പക്ഷേ ആ മൂന്നുതവണയും മഴ മാറിനിന്നപ്പോൾ വീണ്ടും കിണർ  കുഴിക്കാൻ ആരംഭിച്ചു. കാരുണ്യത്തിന്റെ ഉറവകൾ വറ്റിപ്പോകുമ്പോഴും പ്രായത്തിന് ചേരുന്ന അതിരുകൾ നിശ്ചയിക്കുമ്പോഴും തെളിനീരുറവയുടെ സ്വച്ഛതയും കുളിർമ്മയുമുണ്ട് ഈ വൃദ്ധന്റെ ത്യാഗ പൂർണ്ണമായ പരസ്നേഹപ്രവൃത്തിക്ക്.
error: Content is protected !!