മേരിക്കുട്ടി ഉയർത്തുന്ന ചോദ്യങ്ങൾ

ആണിന്റെ ഉടലിൽ സ്ത്രീയുടെ മനസ്സ്. സ്ത്രീയുടെ ശരീരത്തിൽ പുരുഷന്റെ മനസ്സ്.  മനസ്സ്. അതേക്കുറിച്ച് പറയുമ്പോൾ ആ പഴയ പദപ്രയോഗം തന്നെ വേണ്ടിവരും. പ്രഹേളിക. അതെ മനുഷ്യമനസ്സ് വല്ലാത്തൊരു പ്രഹേളികയാണ്. അവിടെയുളള ചുഴികളും ആഴങ്ങളും വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറ്റൊരാൾക്ക് നിശ്ചയിക്കാനാവില്ല. ഒരുപക്ഷേ ആ മനസ്സിന്റെ ഉടമയ്ക്ക് തന്നെ. രഞ്ജിത്ത് ശങ്കർ- ജയസൂര്യ ടീമിന്റെ പുതുചിത്രമായ ഞാൻ മേരിക്കുട്ടി കണ്ടിറങ്ങിയപ്പോൾ ചിന്തിച്ചത് മുഴുവൻ മനസ്സിന്റെ വൈചിത്ര്യങ്ങളെക്കുറിച്ചും ആഴങ്ങളെക്കുറിച്ചുമാണ്.

മേരിക്കുട്ടിയെ കാണുമ്പോൾ ‘ചാന്തുപൊട്ടി’ലെ രാധാകൃഷ്ണനെ ഓർമിച്ചുപോകുന്നത് സ്വഭാവികമാണ്. പക്ഷേ രാധാകൃഷ്ണൻ വളർത്തുദോഷം കൊണ്ട് പെണ്ണിന്റെ സ്വഭാവം ആയിപ്പോയവനാണ്. അവൻ ഉടലിലും മനസ്സിലും പുരുഷൻ തന്നെ. അതുകൊണ്ടാണ് അവന് മാലിനിയെ പ്രണയിക്കാനും പ്രാപിക്കാനും കഴിയുന്നത്. പക്ഷേ മാത്തുക്കുട്ടി അങ്ങനെയല്ല. അവന്റെ ഉടൽ മാത്രമേ പുരുഷന്റേതുള്ളൂ. മനസ്സ് മുഴുവൻ സ്ത്രീയാണ്. അവന് ഒരിക്കലും ഒരു സ്ത്രീയെ സ്വീകരിക്കാനാവില്ല. അതുകൊണ്ടാണ് വിവാഹം നിശ്ചയിച്ച ദിവസങ്ങളിൽ ആ പെൺകുട്ടിയെ ചതിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് നാടുവിട്ടുപോകുന്നതും ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനായി മേരിക്കുട്ടിയായി മാറുന്നതും.

കൗൺസലിങ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല മാത്തുക്കുട്ടിയുടേത് എന്നറിയുന്ന ഡോക്ടർ പറയുന്നത് മാത്തുക്കുട്ടിയുടേത് ജനറ്റിക് ഡിസോർഡർ എന്നാണ്. ജനിതകവൈകല്യം. ജനിതകവൈകല്യം ഒരാളുടെയും തെറ്റല്ല എന്ന്  വരുമ്പോൾ  ഇവർക്കെതിരെ നാം ഉയർത്തുന്ന പരിഹാസങ്ങളും നിന്ദനങ്ങളും  നമ്മുടെ തന്നെ മനസ്സിന്റെ വൈകല്യമല്ലേ പുറത്തുകാണിക്കുന്നത്?  കള്ളനോട്ടടിക്കാരനും കരിഞ്ചന്തക്കാരനും അഴിമതിക്കാരനും സമൂഹത്തിൽ ആദരവ് നാം നല്കുമ്പോൾ തങ്ങളുടേതല്ലാത്ത തെറ്റുകൊണ്ട്  ലൈംഗികവ്യതിയാനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ നാം കല്ലെറിയുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.  ലൈംഗിക ന്യൂനപക്ഷങ്ങളോട് കത്തോലിക്കാസഭ പുലർത്തിപോരുന്ന മാനുഷികപരിഗണനയെയും അവരെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ തയ്യാറാകുന്നതിലെ സന്നദ്ധതയും അറിഞ്ഞോ അറിയാതെയാണെങ്കിലും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതും നന്നായി. സഭ മാത്രമേ ഇത്തരക്കാരെ ചേർത്തുനിർത്തുന്നുള്ളൂ എന്നതും മറക്കരുത്.  പക്ഷേ ജനിതകവൈകല്യത്തിന്റെ പേരിൽ സ്വന്തം സെക്സ് തീരുമാനിക്കാനും മാറ്റിയെടുക്കാനും ഉള്ള വ്യക്തിസ്വാതന്ത്ര്യത്തെ സഭ എത്രത്തോളം അംഗീകരിക്കുന്നുണ്ട്  എന്ന കാര്യവും ചിന്തിക്കേണ്ടിയിരിക്കുന്നു.

 

 

രഞ്ജിത്ത് ശങ്കർ

സോദ്ദേശ്യ ചിത്രം എന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ രഞ്ജിത്ത് ശങ്കറിന് മേരിക്കുട്ടിയായി മാറുന്ന മാത്തുക്കുട്ടിയുടെ മാനസിക ഭാവങ്ങളും സംഘർഷങ്ങളും മേരിക്കുട്ടിയായി മാറുന്നതിന് മുൻപുള്ള മാത്തുക്കുട്ടിയുടെ അന്തഃസംഘർഷങ്ങളും എത്രത്തോളം ഫലപ്രദമായി അവതരിപ്പിക്കാൻ സാധിച്ചു എന്ന കാര്യത്തിൽ സംശയമുണ്ട്. അതുവരെ ഉണ്ടായിരുന്ന ഐഡിന്റിറ്റി ഉപേക്ഷിച്ച് പുതിയൊരു വിലാസത്തിലേക്ക് മാറുമ്പോൾ സംഭവിക്കുന്ന ആന്തരികസംഘർഷങ്ങൾ എത്രയോ ഭീതിദമായിരിക്കും. അത്തരമൊരു എലമെന്റ് കൂടി ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി. ഇതേ ടീമിന്റെ തന്നെ മുൻകാലചിത്രങ്ങളിലേതുപോലെ കണ്ടിറങ്ങുന്ന ആളുകൾക്ക് പോസിറ്റീവ് എനർജി നല്കണം എന്ന പിടിവാശി ചിത്രത്തിന്റെ ആരംഭം മുതൽ തന്നെ പ്രകടമാണ്. ഒരു ട്രാൻസ്‌ജെൻഡറിന്റെ ഉയിർത്തെഴുന്നേല്പ് മാത്രമായിരുന്നു സംവിധായകൻ ഉദ്ദേശിച്ചിരുന്നത് എന്ന് തോന്നി. പ്രേക്ഷകന് ഡയറക്ടായി പോസിറ്റീവ് ഇംപാക്ട് കൊടുക്കണം എന്ന ആ പിടിവാശി വിട്ടുപിടിച്ചിട്ട് മേരിക്കുട്ടിയുടെ മാനസികസംഘർഷങ്ങളിലേക്കും സമൂഹത്തിൽ നേരിടുന്ന തിരസ്‌ക്കരണത്തെക്കുറിച്ചും സിനിമ ഫോക്കസ് ചെയ്തിരുന്നുവെങ്കിൽ അത് മറ്റൊരു ലെവലിലേക്ക് കൂടി ഉയരുമായിരുന്നുവെന്ന് തോന്നി. എങ്കിലും അതൊരു കുറവല്ല.

താനൊരു ട്രാൻസ്ജെൻഡർ എന്നല്ല ട്രാൻസ് സെക്ഷ്വൽ എന്നാണ് മേരിക്കുട്ടിയുടെ പ്രഖ്യാപനം. പക്ഷേ വാഷ്റൂമിൽ പോകുമ്പോൾ അവിടെ ആണിനും പെണ്ണിനും മാത്രമേ മുറികളുള്ളൂ എന്ന് തിരിച്ചറിഞ്ഞ് ഡിസേബിളിന്റെ മുറിയിലേക്ക് കയറുമ്പോൾ മേരിക്കുട്ടി അതുവരെ പുലർത്തിപ്പോന്നിരുന്ന തത്വങ്ങളെയെല്ലാം പിൻവലിക്കുകയല്ലേ ചെയ്തത്? ട്രാൻസ്‌ജെൻഡേഴ്‌സ് ഡിസ്എബിലിറ്റി ഉള്ളവരാണെന്ന് സ്വയം സമ്മതിക്കുന്നതിന് തുല്യമായി പോയി അത്.

വിയോജിപ്പുകൾ പറയുമ്പോഴും സമകാലിക പ്രസക്തമായിക്കൊണ്ടിരിക്കുന്ന വിഷയത്തെ മുഖ്യധാരാസിനിമയിൽ അവതരിപ്പിച്ച് പൊതുജനത്തിന്റെ മുമ്പിലെത്തിച്ചു എന്നത് നിസ്സാരമല്ല. ഏതെങ്കിലും അവാർഡ് ശ്രേണിയിൽ പെടുത്താതെ കച്ചവട സിനിമയുടെ എല്ലാ  അച്ചുകളും ചേർത്തുവച്ചുകൊണ്ട് പടച്ചതായതുകൊണ്ട് സമൂഹത്തിനും ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് ഭേദപ്പെട്ട ധാരണയും അവരോട് ഐക്യദാർഢ്യവും പ്രഖ്യാപിക്കാൻ ചിത്രം സഹായിക്കുന്നു എന്നതും അഭിനന്ദനീയം തന്നെയാണ്.

ലൈംഗികവ്യതിയാനം ഒരു വ്യക്തിയുടെ കുറവോ കുറ്റമോ ആകാത്തപ്പോൾ സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു എന്ന് ഈ ചിത്രം നമ്മോട് പറയുന്നുണ്ട്. ട്രാൻസ്‌ജെൻഡേഴ്‌സിനിടയിൽ ലൈംഗികതൊഴിലാളികളുണ്ടാകാം. എന്നാൽ എല്ലാ ട്രാൻസ്ജെൻഡേഴ്സും ലൈംഗികതൊഴിലാളികളല്ല. അവർക്കും ഈ സമൂഹത്തിൽ അവകാശങ്ങളും സ്വരങ്ങളുമുണ്ട്. ഇത്തരമൊരു തിരിച്ചറിവിലേക്ക് പൊതുജനത്തെ നയിക്കാനും ഈ ചിത്രത്തിന്റെ ശില്പികൾക്ക് കഴിഞ്ഞിരിക്കുന്നു.

അംഗവൈകല്യത്തോടെയോ ബുദ്ധിമാന്ദ്യത്തോടെയോ ഒരു കുഞ്ഞ് ജനിക്കുമ്പോൾ അത് ദൈവം തന്നതാണ് എന്ന മട്ടിൽ ആ കുഞ്ഞിനെ സ്വീകരിക്കാൻ  മതവിശ്വാസങ്ങളും പുരോഹിതരും പറയുന്നു. അങ്ങനെയെങ്കിൽ ജനിതകവൈകല്യത്തിന്റെ പേരിൽ മേരിക്കുട്ടിയാകാൻ ആഗ്രഹിക്കുന്ന മാത്തുക്കുട്ടിമാരെ നാം സ്നേഹപൂർവ്വം സ്വാഗതം ചെയ്യേണ്ടതല്ലേ? ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് ദൈവം തന്നെയാണെങ്കിൽ ആണിന് ഉടലിൽ പെണ്ണിന്റെ മനസ്സ് കൊടുത്തതും ചിലരൊക്കെ സ്വവർഗാനുരാഗികളായിത്തീരുന്നതും ദൈവത്തിന് പറ്റിയ അബദ്ധമായിട്ടോ വ്യക്തികളുടെ കുറവുകളായിട്ടോ വിധിയെഴുതാനാവുമോ?

മേരിക്കുട്ടി ഓരോ പ്രേക്ഷകനോടും ഉയർത്തുന്ന ചോദ്യങ്ങൾ ഓരോന്നായിരിക്കും. ആ ചോദ്യങ്ങൾ അറിയാൻ ചിത്രം പോയിക്കാണുകതന്നെയേ മാർഗമുള്ളൂ.
error: Content is protected !!