ജൂണിന്റെ ജാലകത്തില്‍ ഓര്‍മ്മകളുടെ ഒരു വല കുരുങ്ങിക്കിടക്കുന്നു. മഴ നനഞ്ഞും സ്ലേറ്റ് മായ്ക്കാന്‍ മഷിത്തണ്ട് ചെടി ഒടിച്ചും ഇടയ്ക്ക് പിണങ്ങിയും വല്ലപ്പോഴും അടികൂടിയും സ്‌കൂളിലേക്കുള്ള ആ യാത്രകള്‍. മഴ നനഞ്ഞും പഴയൊരു കുടയുടെ കീഴില്‍ പാതിനനഞ്ഞ പുസ്തകങ്ങളുമായി വീടണയാറുണ്ടായിരുന്ന വൈകുന്നേരങ്ങള്‍… വിശപ്പിന്റെ കടലിന് വിഴുങ്ങാന്‍ കടുംകാപ്പി പോലുമില്ലാതിരുന്ന നാളുകള്‍… ഓര്‍മ്മകളുടെ ജാലകവാതില്ക്കലിലെ ജൂണ്‍മഴകള്‍ ക്കെല്ലാം ഒരേ സ്വഭാവം.
ജൂണിന് മറ്റെന്തെല്ലാം പ്രത്യേകതകളുണ്ടെങ്കിലും അതിനെ വിദ്യാലയവുമായി ബന്ധപ്പെടുത്തിക്കാണാനാണ് താല്‍പര്യം. കൂടപ്പിറപ്പുകള്‍ സ്‌കൂളിലേക്ക് യാത്രയാകുമ്പോള്‍ അവര്‍ക്കൊപ്പം പോകുന്നതിന് വാശിപിടിച്ച് കരഞ്ഞ ഒരു കുട്ടി മിക്കവരിലുമുണ്ടായിരിക്കും. പിന്നെ അനിവാര്യമായ സമയത്ത് സ്‌കൂള്‍ മുറ്റത്തെത്തുമ്പോഴാണ് അത് കരുതുംപോലെ അത്ര ഭംഗിയുള്ള ഏര്പ്പാടായിരുന്നില്ലെന്നറിയു
വീട് നല്കുന്ന സ്‌നേഹമോ സുരക്ഷിതത്വമോ സ്വാതന്ത്ര്യമോ പള്ളിക്കൂടം നല്കുന്നില്ല. ജീവിതത്തിലെ ആദ്യത്തെ ഒറ്റപ്പെടല്‍ ഒരുവന്‍ അറിയുന്നത് വീടുമായി അകന്ന് ആദ്യമായി പള്ളിക്കൂടമുറ്റത്തെത്തുമ്പോഴാ
ഒരുവന്റെ ജീവിതത്തിലേക്ക് വിലക്കുകളും നിയമങ്ങളും പാരതന്ത്ര്യങ്ങളുമെല്ലാം കടന്നുവരുന്നത് സ്‌കൂള്‍ജീവിതകാലം മുതല്ക്കാണ്. അച്ചടക്കവും ചട്ടങ്ങളും അവന്‍ ശീലിക്കുന്നു. മര്യാദകളും പെരുമാറ്റരീതികളും അവന്‍ പഠിക്കുന്നു. വീട് ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കും. ചിലതൊക്കെ വിട്ടുവീഴ്ച ചെയ്യും. പക്ഷേ പള്ളിക്കൂടം അങ്ങനെയല്ല. അത് ശിക്ഷയായി എപ്പോഴും മുമ്പിലുണ്ട്.
അവന് മീതെയായി മറ്റൊരു ലോകം. അപ്പനെയും അമ്മയെയും മാത്രമല്ല അവനിപ്പോള്‍ ഭയക്കേണ്ടത്. ക്ലാസ് ടീച്ചര്‍, വല്യടീച്ചര്‍ എന്ന ഹെഡ്മിസ്ട്രസ്… പിന്നെ തല തെറിച്ച ചില സഹപാഠികളെ വരെ…
ക്ലാസില്‍ നോട്ടം തെറ്റിയാല്‍, അടുത്തിരിക്കുന്നവനോട് കുശുകുശുത്താല്‍… പാഠം പഠിക്കാതെ വന്നാല്‍, പാഠം തെറ്റിച്ചാല്‍, പാഠപുസ്തകം മറന്നാല്‍, എന്തിനും ശിക്ഷ. എന്നിട്ടും ഇത്രയധികം വര്‍ഷം പഠിച്ചിട്ടും അധികമൊന്നും അടികൊള്ളേണ്ടി വന്നിട്ടില്ലായെന്നതും അത്ഭുതത്തോടെ കാണുന്നു. അത് പഠിക്കാന്‍ മിടുക്കനായതുകൊണ്ടൊന്നു മല്ല… വലയില്‍നിന്ന് ചെറുമത്സ്യങ്ങള്‍ പലപ്പോഴും രക്ഷപ്പെടുക യാണല്ലോ പതിവ്. വലക്കാരന്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും വലിയതു തന്നെ…
എന്നിട്ടും ഒരധ്യാപകന്റെ അകാരണമായ അടിയുടെ ചൂട് വര്‍ഷമിത്ര കഴിഞ്ഞിട്ടും മാഞ്ഞുപോയിട്ടില്ല, മനസ്സില്‍നിന്നും കൈയില്‍നിന്നും. നാലുമണി മുഴങ്ങുന്നത് കാത്ത് ഡെസ്‌ക്കില്‍ സഞ്ചിയോട് മുഖം ചേര്‍ത്ത് കിടക്കുമ്പോഴായിരുന്നു അത്. ഏതോ അശ്ലീലമുദ്രയോ മറ്റോ അതില്‍ അദ്ദേഹം കണ്ടിരിക്കണം. കാഴ്ചപ്പാടാണല്ലോ ശ്ലീലാഅശ്ലീലങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.
ജൂണിന്റെ മണി മുഴങ്ങുമ്പോള്‍ മനസ്സില്‍ വര്‍ഷമിത്ര കഴിഞ്ഞിട്ടും ഒരു കുറ്റബോധം ബാക്കിയാണ്. സിബി. അവന്‍ ഏഴാം ക്ലാസില്‍ പഠിത്തം അവസാനിപ്പിക്കാന്‍ കാരണക്കാരനായത് ഞാനാണല്ലോ? അവന്റെ അസാന്നിധ്യം ക്ലാസില്‍ യാതൊരു അനക്കവും സൃഷ്ടിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. വരാതായപ്പോള്‍ മുതല്‍ മനസ്സില്‍ ആശ്വാസമാണ് അനുഭവിച്ചുകൊണ്ടിരുന്നതും. ഇനി ഇടവേളകളെ പേടിക്കണ്ടാണല്ലോ… പക്ഷേ പിന്നീടാണ് മനസ്സില്‍ കുറ്റബോധം ഇരുള്‍ വീഴ്ത്തിത്തുടങ്ങിയത്. ഞാന്‍ കാരണം… അങ്ങനെയാണ് ചിന്ത പോയത്. ഒരുപക്ഷേ അവന്‍ ഏതൊക്കെയോ ഉയരങ്ങള്‍ താണ്ടേണ്ടവനായിരുന്നിരിക്കണം…
ഇപ്പോള്‍ അവനെവിടെയായിരിക്കും? എന്തായിരിക്കും? ഒരധ്യാപകന്റെ ശിക്ഷ പഠനം തുടരാന്‍ വയ്യാത്തവിധം അത്രമേല്‍ അപമാനമാണാവോ അവന് വരുത്തിവച്ചിരിക്കുക? ഇതൊരിക്കലും വായിച്ചിരിക്കാന്‍ നീ ഇടയാവില്ലെങ്കിലും നീ പഠിത്തം അവസാനിപ്പിക്കാന്‍ കാരണമായത് അന്നത്തെ ആ ശിക്ഷയാണെങ്കില്‍ മാപ്പ്…
വീട്ടില്‍ എല്ലാവരും സ്‌കൂളിലേക്കും കലാലയങ്ങളിലേക്കും യാത്രയാകുമ്പോള്‍ അതിന് അവസരം കിട്ടാതെ ഒരു ബേക്കറി ജോലിക്കാരനായി മാറിയ, പ്രീഡിഗ്രി പാസായ ഒരു പതിനേഴുകാരന്റെ സങ്കടങ്ങള്‍ ആര്‍ക്കാണ് തിട്ടപ്പെടുത്താന്‍ കഴിയുക? സഹപാഠികളും സുഹൃത്തുക്കളും പുതിയ കോഴ്‌സിന് പോകുന്നത് ബേക്കറിയുടെ ചില്ലുപാളികളിലൂടെ നോക്കിനില്ക്കുമ്പോള്‍ കണ്ണീരുവീണ് കാഴ്ച മങ്ങിയത് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞുപോയിട്ടും ഇന്നും അവന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ജീവിതം അങ്ങനെ അവസാനിക്കുമെന്നായിരുന്നു ധാരണ. എത്ര മോഹങ്ങളായിരുന്നു മനസ്സില്‍… ഡിഗ്രി… പിജി… ജേര്‍ണലിസം… എന്നിട്ട് എന്താണ് ലഭിച്ചിരിക്കുന്നത് എന്നായിരുന്നു അന്നത്തെ ചിന്ത.
ലഡു, ജിലേബി തുടങ്ങിയ പരിമിതമായ ബേക്കറി പേരുകള്‍ക്കൊപ്പം ബ്ലാക്ക് ഫോറസ്റ്റ്, സ്വീറ്റ്‌ന, സമോസ തുടങ്ങിയ പേരുകള്‍ കൂടി പഠിച്ചതൊഴിച്ചാല്‍ ആ കാലം എന്താണ് ജീവിതത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്
ഒരാളുടെ ജീവിതം ഒരിടത്തെത്തിയാല്‍ അതവസാനം വരെ അങ്ങനെയായിരിക്കും എന്ന് വിധിയെഴുതരുത്. മറ്റൊരാള്‍ അങ്ങനെ നമ്മുടെ ജീവിതത്തിന് വിലയിടിവ് നടത്തിയാലും നമ്മളതിന് കീഴ്‌വഴങ്ങരുത്. അന്നത്തെ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് എഴുതിയ ഒരുകുറിപ്പ്, തുടര്‍ന്ന് പഠിക്കാനാവാതെ വിഷമിച്ച ഒരു പെണ്‍കുട്ടിക്ക്, ജീവിതത്തെ പ്രത്യാശയോടെ കാണാന്‍ ഇടയാക്കിയെന്ന് അവള്‍ തന്നെ എഴുതു മ്പോള്‍ ഒരാളുടെ നെഗറ്റീവ് അനുഭവങ്ങള്‍ പോലും മറ്റൊരാള്‍ക്ക് പോസിറ്റീവായി മാറുന്നതില്‍ നമ്മള്‍ സന്തോഷിക്കണം. ഒരാളുടെ അനുഭവം അയാളുടെ മാത്രം അനുഭവമല്ല മറ്റ് പലരുടെയും അനുഭവം കൂടിയാണെന്ന ചിന്ത രൂപപ്പെട്ടതും അതിന് ശേഷമാണ്.
ഇന്നത്തെ സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ മഴനനയാറില്ല… കാരണം അവര്‍ക്ക് പര്‍വതാരോഹകര്‍ ഉപയോഗിക്കുന്ന മട്ടിലുള്ള സ്‌കൂള്‍ ബാഗുകളുണ്ട്. ഒറ്റമൈനയെ കണ്ടാല്‍ കരയേണ്ടി വരുമെന്നും ചാണകത്തില്‍ ചവിട്ടിയാല്‍ അടികിട്ടുമെന്നും അവര്‍ക്കിന്നു വിചാരമില്ല. കാരണം അവരില്‍ ഭൂരിപക്ഷത്തിന്റെയും യാത്രകള്‍ സ്‌കൂള്‍ വാഹനങ്ങളിലാണ്.
ഓര്‍ക്കുന്നുണ്ട് അന്നത്തെ സ്‌കൂള്‍ യാത്രകള്‍. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രകളായിരുന്നു അത്. സ്‌കൂള്‍ വാഹനത്തിന്റെ ഇത്തിരി സമചതുരത്തിലൂടെ കാണുന്ന പരിമിതപ്പെട്ട കാഴ്ചകളായിരുന്നില്ല അതൊന്നും. മഴ നനഞ്ഞ് കരയുന്ന പശുക്കള്‍… കെട്ടിക്കിടക്കുന്ന ചെളിവെള്ളം. കലങ്ങിമറിഞ്ഞ പുഴ… ഒഴുകിപ്പോകുന്ന കിളിക്കൂടുകള്‍… ആടിയുലയുന്ന വൃക്ഷത്തലപ്പുകള്‍… ഒടിഞ്ഞുകിടക്കുന്ന മരങ്ങള്‍… ഞെട്ടറ്റുപോയ ഇലക്ട്രിക് കമ്പികള്‍… ഷോക്കേറ്റ് മരിച്ച കിളി… അങ്ങനെയെന്തെല്ലാം…
ജൂണിന്റെ ജാലകവാതില്ക്കല്‍ മുട്ടി ഒരു വെണ്‍പ്രാവ് മഴയിലൂടെ പിന്മാറുന്നത് ഞാന്‍ കാണുന്നു. വരും, ഇനിയും ജൂണ്‍ വരും. അപ്പോഴും ഓര്‍മ്മകളുടെ ചില്ലകള്‍ ഉലയും. അന്ന് വീണ്ടും ഓര്‍മ്മകളില്‍ ജൂണ്‍മഴകള്‍ പെയ്യും. പെയ്യാതിരിക്കില്ല.
വിനായക് നിര്‍മ്മല്‍