അവധിക്ക് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു,
”എടാ റീനാ ഗര്‍ഭിണിയാണ് കേട്ടോ…”
”ഏതു റീന” എന്ന് എനിക്കാദ്യം മനസ്സിലായില്ല. വീട്ടില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും അകന്നുനില്ക്കുന്ന ആളായതുകൊണ്ടാവാം; അമ്മ അതിന് വിശദീകരണം നല്കി.
”കുട്ടിയമ്മേടെ റീന…”
കുട്ടിയമ്മയുടെ റീന. ഓര്‍മ്മകളുടെ പച്ചപ്പില്‍ ചെമ്പരത്തിച്ചെടികള്‍ക്കിടയില്‍ നിന്ന് ഒരു ബാലിക എന്റെ നേര്‍ക്ക് നിസ്സഹായതയോടെ ശിരസ് നീട്ടി.
റീനയെ ഞാന്‍ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയുകയില്ല. ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കണം ഞാനവളെ അവസാനമായി കണ്ടത്. ഒരുപക്ഷേ അന്ന് അവള്‍ക്ക് നാലോ അഞ്ചോ വയസേ ഉണ്ടായിരുന്നിരിക്കയുള്ളൂ.. അവളുടെ അന്നത്തെ മുഖം പോലും എനിക്ക് ഓര്‍മ്മയില്ല. പക്ഷേ അവളെക്കുറിച്ചുള്ള ചിത്രം ഇന്നും മനസ്സിലുണ്ട്. ചെമ്പരത്തിച്ചെടികള്‍ക്കിടയില്‍ തന്റെ അമ്മയുടെ വരവും കാത്ത് നില്ക്കുന്ന, നിറം മങ്ങിയ പെറ്റിക്കോട്ടിട്ട ഒരു ബാലികയുടേതാണത്.
അമ്മയുടെ അനുജത്തിയാണ് കുട്ടിയമ്മ. എന്നിട്ടും ഔപചാരികത കൊണ്ടോ ബഹുമാനാദരവുകള്‍ കൊണ്ടോ ഞാന്‍ വിളിക്കേണ്ടതൊന്നുമല്ല അവരെ വിളിച്ചത്. ഞാന്‍ മാത്രമല്ല എന്റെ കൂടപ്പിറപ്പുകളും അങ്ങനെതന്നെ. എല്ലാവരും അവരെ പേരുവിളിച്ചു– കുട്ടിയമ്മ.
ഞങ്ങളുടെ അയല്‍വക്കത്തായിരുന്നു അവരുടെയും വീട്. അതൊരു കഥയാണ്. വിവാഹം കഴിഞ്ഞും തറവാട്ടുവീട്ടില്‍ തന്നെ കഴിഞ്ഞുകൂടേണ്ട ഒരു കുടുംബസാഹചര്യമായിരുന്നു കുട്ടിയമ്മയ്ക്കുണ്ടായിരുന്നത്. അമ്മയ്ക്കും കുട്ടിയമ്മയ്ക്കും മക്കളുടെ എണ്ണം തുല്യമായിരുന്നു. ആറു പേര്‍. അതില്‍ ഇളയവരായിരുന്നു ഞാനും റീനയും. അയല്‍വക്കത്താണെന്നതോ സഹോദങ്ങളാണെന്നതോ ഒന്നും അമ്മയുടെയും കുട്ടിയമ്മയുടെയും ബന്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചില്ലെന്നതു മാത്രമല്ല ബന്ധത്തിന് വിള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തു.
വിവാഹം കഴിയുന്നതോടെ സഹോദരബന്ധത്തില്‍ അല്പമൊക്കെ അകല്‍ച്ച സാധാരണമാണ്. ഇന്നലെ വരെ ഒരേ പാത്രത്തില്‍ നിന്ന് ഒരുമിച്ചുണ്ടവരും ഒരേ പായയില്‍ കെട്ടിപ്പുണര്‍ന്ന് കിടന്നുറങ്ങിയവരും മറ്റൊരു വീട്ടിലേക്കും മറ്റൊരു സ്‌നേഹത്തണലിലേക്കും മാറിക്കയറുമ്പോള്‍ സ്വഭാവികമായി സംഭവിക്കുന്ന ക്ഷന്തവ്യമായ അപരാധമാണത്; ഒഴിവാക്കാനാവാത്ത പരിണാമവും. പിന്നെ മക്കള്‍ കൂടിയാകുമ്പോള്‍ ആ അകല്‍ച്ച അതിന്റെ പൂര്‍ണ്ണതയിലുമെത്തുന്നു.
ഞാനും എന്റെ ജീവിതപങ്കാളിയും മക്കളും എന്ന മട്ട്. അതിനിടയില്‍ കൂടപ്പിറപ്പുകളുടെ മക്കള്‍ തമ്മിലുള്ള കശപിശ കൂടിയാകുമ്പോഴോ… പിന്നെയും ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കുന്നു. അമ്മയുടെയും കുട്ടിയമ്മയുടെയും സ്‌നേഹബന്ധത്തിന് ഉലച്ചില്‍ തട്ടിയത് ഇക്കാരണം കൊണ്ടുകൂടിയാണെന്ന് ഞാനിപ്പോള്‍ കരുതുന്നു.
തൊട്ടയല്‍വക്കം, സമപ്രായക്കാരായ മക്കള്‍. എന്നാല്‍ ഭിന്ന സ്വഭാവക്കാരും. ഒരാള്‍ പള്ളിക്കൂടത്തിലേക്കോ പളളിയിലേക്കോ ഉള്ള യാത്രയ്ക്കിടയില്‍… മറ്റെയാളെ എന്തെങ്കിലും കളിയാക്കിയതാവാം, അതായിരിക്കും തുടക്കം. മക്കള്‍ തങ്ങളുടെ അമ്മമാരുടെ പക്കല്‍ കണ്ണീരോടെ പരാതി പറയും.
”അവനെന്നെ ഇരട്ടപ്പേര് വിളിച്ചു…”
”അവനെന്റെ മേത്ത് ചെളിവെള്ളം തെറിപ്പിച്ചു…” അങ്ങനെ പലതും. മക്കളെ തങ്ങളുടെ രക്തബന്ധത്തിന്റെ തുടര്‍ച്ചയായി കാണുകയും തിരുത്തുകയും സ്‌നേഹത്തിലും ഐക്യത്തിലും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യേണ്ടതിന് പകരം രണ്ടമ്മമാരും സ്വന്തം മക്കളെ ന്യായീകരിച്ചുകൊണ്ട് അന്യന്റെ മക്കളുടെ മേല്‍ പഴിചാരും.
”നീ നിന്റെ മക്കളെ മര്യാദയ്ക്ക് വളര്‍ത്തിക്കോളണം കേട്ടോ… എന്റെ മക്കളുടെ മേല്‍ കുതിരകേറാന്‍ വന്നാലുണ്ടല്ലോ…”
”ഞാനെന്റെ മക്കളെ മര്യാദയ്ക്ക് തന്നെയാടീ വളര്‍ത്തുന്നെ… നീ ആദ്യം നിന്റെ മക്കളെ മര്യാദയ്ക്ക് വളര്‍ത്ത്…”
കയ്യാലയുടെ താഴെയും മുകളിലുമായി നിന്ന് സഹോദരിമാര്‍ പോരടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. തങ്ങള്‍ക്ക് കാര്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ അവര്‍ അക്കാര്യം തങ്ങളുടെ ഭര്‍ത്താക്കന്മാരോട് പങ്കുവച്ചു.
”നമ്മുടെ മക്കളെ നേരെചൊവ്വേ വഴിനടത്താന്‍ സമ്മതിക്കുന്നില്ല കേട്ടോ അവടെ മക്കള്.. ഇങ്ങനേണ്ടോ നശിച്ച മക്കള്…”
പിന്നെ ആണുങ്ങള്‍ തമ്മിലായി വാക്കേറ്റം. ഇതൊന്നും എന്റെ ഓര്‍മ്മയില്‍ കൃത്യമായി പതിഞ്ഞിട്ടുള്ളതൊന്നുമല്ല കേട്ടോ. പിന്നീടെപ്പോഴോ പറഞ്ഞുകേട്ടതും അതിന്റെ പൂരണമായി ഞാന്‍ ചിന്തിച്ചുകൂട്ടിയതില്‍ നിന്നുമെല്ലാമാണ് ഇങ്ങനെയൊക്കെയായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ അനുമാനിച്ചെടുത്തത്.
അത്തരമൊരു ദിവസമാണ് കുട്ടിയമ്മയുടെ ഭര്‍ത്താവ് രോഗബാധിതനായി മരിക്കുന്നത്. സ്വന്തമായി പറക്കാന്‍ ചിറകു മുളച്ചിട്ടില്ലാത്ത മക്കളും ചിറകരിഞ്ഞുവീണ കുട്ടിയമ്മയും. നേരത്തേ തന്നെ ആ കുടുംബത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഇപ്പോഴാവട്ടെ അതിന്റെ മൂര്‍ദ്ധന്യത്തിലുമെത്തി.
ഞങ്ങളുടെയും അവസ്ഥ അങ്ങനെ തന്നെയായിരുന്നു. അപ്പന്, സ്വന്തം അനിയന്റെ കടയില്‍ ബീഡി തൊറുത്താല്‍ കിട്ടുന്നത് ആഴ്ചയില്‍ അഞ്ചുരൂപയായിരുന്നു. അതുകൊണ്ട് എട്ടുപേരടങ്ങുന്ന ഒരു കുടുംബത്തെ സമൃദ്ധമായി തീറ്റിപ്പോറ്റാന്‍ മാത്രം അത്ഭുതവിദ്യകളൊന്നും അപ്പന്‍ പഠിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഉണ്ടും ഉണ്ണാതെയുമൊക്കെയായിരുന്നു ഞങ്ങളുടെയും ദിനരാത്രങ്ങള്‍. ഒരു നേരത്തെ വകയ്ക്കുപോലും കുട്ടിയമ്മയെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് അന്ന് കഴിഞ്ഞിട്ടുണ്ടാവില്ല.
മക്കളെ തീറ്റിപ്പോറ്റാന്‍ ഭര്‍ത്താവിന്റെ ബന്ധത്തിലുള്ള ഒരു സമ്പന്നഗൃഹത്തിലെ അടുക്കളജോലി ഏറ്റെടുക്കാന്‍ കുട്ടിയമ്മ നിര്‍ബന്ധിതയായത് ഈയൊരു സാഹചര്യത്തിലായിരുന്നു. റീനയൊഴികെ എല്ലാവരും സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നു. അടുക്കള ജോലിക്ക് പോകുമ്പോള്‍ അവളെ ആരെയേല്പിച്ചിട്ടു പോകുമെന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് അമ്മയായിരുന്നു.
”അവള് ഇവിടെ നില്ക്കട്ടെ…”
ചില മരണങ്ങള്‍ എല്ലാ ശത്രുതയും അവസാനിപ്പിക്കുന്നതുപോലെ ആ മരണം അമ്മയുടെയും കുട്ടിയമ്മയുടെയും പിണക്കങ്ങളെയും ഇല്ലാതാക്കിയിരുന്നു.
അങ്ങനെയാണ് റീന പകല്‍നേരങ്ങളില്‍ ഞങ്ങളുടെ വീട്ടിലെത്തിയത്.
കുട്ടിയമ്മ പോകുന്നത് കാണുമ്പഴേ അവള്‍ കരഞ്ഞുതുടങ്ങും. അവള്‍ കരയുന്നത് കണ്ടുകൊണ്ടുതന്നെയാവും കുട്ടിയമ്മ ജോലിക്ക് പോകുന്നതും. അമ്മയും കൂടപ്പിറപ്പുകളും പൊയ്ക്കഴിയുമ്പോള്‍ അന്യമായ ഒരുവീട്ടില്‍ ഒറ്റയ്ക്കായിപ്പോകുന്ന ഒരു പിഞ്ചുകുട്ടിയുടെ ഏകാന്തതയുടെ ഭാരം എത്രയധികമായിരിക്കും! പാവം അതോര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ അവളോട് വല്ലാത്ത സഹതാപം തോന്നുന്നു. അന്നത് മനസ്സിലാക്കിയിരുന്നില്ലെങ്കിലും
എന്റെ വീട്ടില്‍ അഭയം യാചിച്ചുവന്ന ഒരു അഭയാര്‍ത്ഥിയോട് തോന്നുന്ന മനോഭാവമായിരുന്നു എനിക്ക് റീനയോടുണ്ടായിരുന്നത്. അതോ ഒരു അടിമയോട് തോന്നുന്ന ചിന്താഗതിയോ..ഞാനൊരു രക്ഷകര്‍ത്താവ്. എന്റെ ദയയ്ക്ക് കീഴ്‌പ്പെട്ടെന്നോണം വേണമെങ്കില്‍ നിന്നോട്ടെയെന്ന മട്ട്. ഒരു പക്ഷേ രണ്ടാമത്തേതാവാം കൂടുതല്‍ സാധ്യത. കാരണം അടിമയോട് എന്തുമാവാമല്ലോ?
അമ്മയെ വേര്‍പിരിഞ്ഞ്, അപ്പനില്ലാത്ത ആ കുട്ടിയെ ഞാനൊരു കളിക്കൂട്ടുകാരിയായി കണ്ടിട്ടേയില്ല. ഒരു കളിക്കും ഞാനവളെ കൂട്ടുവിളിച്ചില്ല. എന്റെ അവകാശത്തില്‍ പങ്കുപറ്റി എനിക്ക് അര്‍ഹതപ്പെട്ടതിന് കുറവുവരുത്തുന്നവള്‍ എന്ന ദേഷ്യവും എനിക്കുണ്ടായിരുന്നിരിക്കണം. കാരണം ഉച്ചയ്ക്കുള്ള ഭക്ഷണം അവള്‍ക്ക് വീട്ടില്‍ നിന്നായിരുന്നു.
ഞാനെന്തെങ്കിലും കളിക്കുകയാണെങ്കില്‍ പ്രതീക്ഷയോടെ അവളെന്റെ അടുത്തേയ്ക്ക് വരും. അപ്പോള്‍ ഞാനാവട്ടെ അവളെ ആട്ടിയോടിക്കും.
”വേണ്ട.. നീയെന്റെ കൂടെ കളിക്കാന്‍ വരണ്ടാ…”
അതുകേട്ട് കണ്ണ് നിറഞ്ഞ്, മുഖം മങ്ങി അവളോടിപ്പോകും, മറ്റെവിടേയ്‌ക്കെങ്കിലും.
വരാന്തയിലോ മുറ്റത്തോ ഒറ്റയ്ക്കിരുന്ന് അവള്‍ കളിക്കാന്‍ തുടങ്ങിയത് അങ്ങനെയായിരുന്നു.
അപ്പോഴും അവളെ അങ്ങനെ വിട്ടുകൊടുക്കാന്‍ എന്നിലെ സാഡിസ്റ്റ് തയ്യാറായിരുന്നില്ല. പതുങ്ങിച്ചെന്ന്, ശബ്ദമുണ്ടാക്കി ഞാനവളെ പേടിപ്പിക്കും. അല്ലെങ്കില്‍ കൈത്തണ്ടയില്‍ നുള്ളിപ്പറിക്കും. മൂര്‍ച്ചയേറിയ നഖങ്ങളായിരുന്നു എന്റേത്. (അത് റീനയെ മാത്രമല്ല എന്റെ നേരെ മൂത്ത പെങ്ങള്‍ക്ക് നേരെയുമുള്ള എന്റെ ആയുധമായിരുന്നു. എന്റെ പൊന്നു
മോനേ, നീയെന്നെ നുള്ളാതെ വേണേല്‍ അടിച്ചോ എന്ന് അവള്‍ ഞാന്‍ നുള്ളി മുറിവേല്പിച്ച കൈത്തണ്ട ഉയര്‍ത്തിക്കാട്ടി അപേക്ഷിച്ചതും ഞാന്‍ മറന്നിട്ടില്ല.)
റീന പാവം വേദനിച്ച് ഉറക്കെ കരയും. അപ്പോള്‍ എവിടെ നിന്നെങ്കിലും അമ്മ വിളിച്ചുചോദിക്കും.
”നിന്റെ കരച്ചില് ഇതുവരേം നിര്‍ത്താറായില്ലേടീ…”
കുട്ടിയമ്മ പോയതിന്റെ സങ്കടം കൊണ്ട് കരയുന്നതാണെന്നായിരുന്നു അമ്മയുടെ ധാരണ.
ഞാന്‍ ഉപദ്രവിച്ചതു കാരണമാണ് കരയുന്നതെന്ന് അവള്‍ പറഞ്ഞുമില്ല.
”ഈ ചെറുക്കനെക്കൊണ്ട് ഞാന്‍ തോറ്റല്ലോ .”
എന്റെ നഖംകൊണ്ട് മാന്തിക്കീറിയ കൈത്തണ്ടയില്‍ ചോര പൊടിഞ്ഞതും നോക്കി ഉറക്കെ കരയുന്ന റീനയെ കണ്ടപ്പോഴാണ് അവളുടെ കരച്ചിലിന് പിന്നിലൊക്കെ ഞാനായിരുന്നുവെന്ന് അമ്മയറിയുന്നത്.
”നീ ഇനി ഇവന്റെ അടുത്ത് നില്ക്കണ്ടാടീ കൊച്ചേ… നീ വെറുതെ കിന്നാരിക്കാന്‍ ചെന്നിട്ടല്ലേ അവന്‍ നിന്നെ നുള്ളിപ്പറിക്കുന്നത്…” എന്നില്‍ നിന്ന് ഒളിക്കാനുള്ള ഇടമായി അവള്‍ കണ്ടുപിടിച്ചത് ചെമ്പരത്തിച്ചെടികളെയായിരുന്നു. വീട്ടിലേക്ക് കയറുന്ന വഴിയുടെ ഓരത്തായി അന്ന് നിറയെ ചെമ്പരത്തികളുണ്ടായിരുന്നു.
റീന കരഞ്ഞുകൊണ്ട് അതിന്റെ നേര്‍ക്ക് നടന്നു.. അവിടെ നിന്നാല്‍ അങ്ങകലെ വഴിയില്‍ നിന്ന് ആളുകള്‍ വരുന്നത് കാണാമായിരുന്നു. തന്റെ അമ്മ വരുന്നത് നോക്കി പ്രതീക്ഷയോടെ കാത്തുനില്ക്കുകയായിരുന്നു അവള്‍.
അധികം വൈകാതെ കുട്ടിയമ്മയും മക്കളും ആ സ്ഥലവും വീടും വിറ്റ് മറ്റൊരു ദേശത്തേയ്ക്ക് കുടിയേറി. നിസ്സഹായരുടെ കണ്ണീരുകള്‍ കുപ്പിയില്‍ ശേഖരിക്കുന്ന നമ്മുടെ ദൈവം കുട്ടിയമ്മ യ്ക്ക് നല്ലൊരു സാമ്പത്തികസുസ്ഥിരത പിന്നീട് നല്കി. റീന നന്നായി പഠിക്കുകയും ഗള്‍ഫില്‍ നേഴ്‌സായി ജോലി നേടുകയും ചെയ്തു. വിവാഹവും കഴിഞ്ഞു. എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ദൈവം ഇപ്പോള്‍ വീണ്ടും അവളോട് ദയ കാണിച്ചുവെന്നായിരുന്നു അമ്മ അറിയിച്ചത്.
”റീന ഗര്‍ഭിണിയാണ്.”
റീനാ, എന്റെ കൂടപ്പിറപ്പേ കന്നംതിരിവില്ലാത്ത ആ പ്രായത്തില്‍ നിന്നോട് കാണിച്ച ദ്രോഹങ്ങള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. അന്ന് ഞാന്‍ നിന്റെ ശരീരത്തിലേല്പിച്ച മുറിവുകള്‍ മനസ്സില്‍ നിന്ന് തന്നെ മാഞ്ഞുപോയീയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്നത്തെ എന്റെ കൊച്ചുകൊച്ചുതെറ്റുകള്‍ക്ക് ഞാനിതാ എനിക്കേറ്റവും പ്രിയപ്പെട്ട ഈ അക്ഷരങ്ങള്‍കൊണ്ട് പ്രായശ്ചിത്തം ചെയ്യുന്നു. നിനക്ക് നല്ലതുവരട്ടെ…
വിനായക് നിര്‍മ്മല്‍