അമ്പതു വയസു കഴിഞ്ഞ പുരുഷന്മാരെ പോലും പിടികൂടാൻ സാധ്യതകയുള്ള അസുഖമായി ഇന്ന് പ്രോസ്റ്റേറ്റ് കാൻസർ മാറിക്കഴിഞ്ഞു. കുറെ നാൾ മുമ്പുവരെ അറുപതു വയസുകഴിഞ്ഞപുരുഷന്മാരിലായിരുന്നു ഈ അസുഖം കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോഴത് അമ്പതിലെത്തുമ്പോഴും ലക്ഷണങ്ങൾ കാണിച്ചുവരുന്നുണ്ട്.
ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അമിതമായി മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രം ഒഴിക്കുമ്പോൾ രക്തം വരിക, മൂത്രതടസം, രക്തം കലർന്ന ബീജവിസർജനം എന്നിവയെല്ലാമാണ് പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ. എന്നാൽ ഗ്രന്ഥി വീക്കം എന്ന അസുഖത്തിനും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് കണ്ടുവരുന്നത്. അതുകൊണ്ട് ചിലപ്പോഴെങ്കിലും ഈ രണ്ടു രോഗങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെ പോയ സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പാരമ്പര്യം, ഹോർമോൺ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം, വ്യായാമക്കുറവ് എന്നിവയെല്ലാം പ്രോസ്റ്റേറ്റ് കാൻസറിന് കാരണമായി പറയപ്പെടുന്നു. പുരുഷന്മാരിൽ മൂത്രസഞ്ചിക്ക് തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. പുരുഷപ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥിയാണ് ഇത്. ഗ്രന്ഥിക്കകത്ത് മാത്രമുള്ളത്, ചുറ്റിനുമുള്ളത്, വ്യാപിച്ചത് എന്നിങ്ങനെ മൂന്നുതരത്തിൽ പ്രോസ്റ്റേറ്റ് കാൻസറിനെ തിരിച്ചിട്ടുണ്ട്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാൻസറിന് വളർച്ചയുണ്ടായിട്ടില്ലെങ്കിൽ അഞ്ചു വർഷത്തിലേറെ ആയുസുണ്ടാവുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. എന്നാൽ രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് അസുഖം കണ്ടെത്തുന്നതെങ്കിൽ അധികകാലം ജീവിച്ചിരിക്കുന്നതായി കേട്ടിട്ടുമില്ല.
കരൾ, തലച്ചോറ്, വൻകുടൽ, ശ്വാസകോശം എന്നീ അവയവങ്ങളെയെല്ലാം പ്രോസ്റ്റേറ്റ് കാൻസർ പിടികൂടാറുണ്ട്. റേഡിയേഷൻ തെറാപ്പി, ഹോർമോൺ തെറാപ്പി, പ്രോസ്റ്റേറ്റക്ടമി സർജറി, കീമോ തെറാപ്പി എന്നിവയെല്ലാം പ്രോസ്റ്റേറ്റ് കാൻസറിനുള്ള ചികിത്സാരീതികളാണ്.
ഉചിതമായ സമയത്ത് ഉചിതമായ ചികിത്സ ലഭിച്ചാൽ ഈ രോഗത്തെ അതിജീവിക്കാൻ കഴിയുക തന്നെ ചെയ്യും.