ശുഭരാത്രി എന്ന പേര് ആദ്യം ഓര്‍മ്മിപ്പിച്ചത് പഴയൊരുമലയാള സിനിമയെ ആണ്. കമല്‍- ജയറാം കൂട്ടുകെട്ടില്‍ പിആര്‍ നാഥന്റെ തിരക്കഥയില്‍ തൊണ്ണൂറുകളിലെന്നോ പുറത്തിറങ്ങിയ ശുഭരാത്രി എന്ന സിനിമയെ. പക്ഷേ ആ സിനിമയുമായി യാതൊരു വിധ സാമ്യവും വ്യാസന്‍ കെപി-ദിലീപ് കൂട്ടുകെട്ടില്‍ ഇന്നലെ റീലീസ് ചെയ്ത ശുഭരാത്രിക്ക് ഇല്ല.
മതമൈത്രിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും കഥയാണ് പുതിയ ശുഭരാത്രി പറയുന്നത്. ഒരു ദിലീപ് ചിത്രം കണ്ടുകളയാം എന്ന ലാഘവത്തോടെ തീയറ്ററില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് തന്റെ ധാരണകളെ മാറ്റിയെഴുതേണ്ടിവരാം എന്ന് ആദ്യമേ തന്നെ പറയട്ടെ. കാരണം ദിലീപിന്റെ ഭൂരിപക്ഷ സിനിമകളിലേതും പോലെ അദ്ദേഹത്തിന്റെ കോമഡിയോ വളിപ്പുകളോ ഒന്നും ഇല്ലാത്ത, സീരിയസ് ആയ ചിത്രമാണ് ശുഭരാത്രി; നന്മയുള്ള ചിത്രവും.
ഒരുപക്ഷേ ദിലീപാണോ നായകന്‍ എന്ന് പോലും സംശയം ഉണര്‍ത്തുന്ന ചിത്രം. കാരണം ആദ്യന്തം നിറഞ്ഞുനില്ക്കുന്നത് സിദ്ദിഖിന്റെ കഥാപാത്രം തന്നെ.
മുഹമ്മദിന്‍റേത് ഒരു പോരാട്ടത്തിന്റെ ജീവിതമാണ്. ഇല്ലായ്മകളോടു പടവെട്ടിയുള്ള ജീവിതം. സാമ്പത്തികമായി ഉയരങ്ങളില്‍ നില്ക്കുമ്പോഴും ഇന്നലെകളെ അയാള്‍ മറക്കുന്നില്ല. ഉള്ളിലെ മാനുഷികതയും നന്മയും വിട്ടുപോകുന്നുമില്ല. ഹജ്ജിന് പോകാനുള്ള അയാളുടെ യാത്രയുടെ മുന്നൊരുക്കങ്ങളാണ് ചിത്രത്തെ ഇടവേള വരെ കൊണ്ടുപോകുന്നത്. എന്നാല്‍ അതെല്ലാം തരക്കേടില്ലാത്ത വിധത്തില്‍ ലാഗ് ചെയ്യുന്നുണ്ട് എന്നതാണ് ഖേദകരം.
ഹജ്ജിന് പുറപ്പെടുന്ന ദിവസത്തിന്റെ രാത്രിയില്‍ അപ്രതീക്ഷിതമായി അയാളുടെ വീട്ടില്‍ സംഭവിക്കുന്ന ഒരു അപകടം കഥാഗതിയെ മറ്റൊരുരീതിയില്‍ തിരിച്ചുവിടുന്നു. അവിടെയാണ് ദിലീപിന്റെ ജീവിതം അനാവ്രതമാകുന്നത്. മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ മോഷണത്തിനോ കൊലപാതകത്തിനോ പോകാന്‍ തയ്യാറാകുന്ന അച്ഛമ്മാരുടെ കഥകള്‍ക്ക് മലയാളസിനിമകളില്‍ പഞ്ഞമില്ല. ജയസൂര്യയുടെ കുമ്പസാരം എന്ന ചിത്രം പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നു. എങ്കിലും ശുഭരാത്രി യഥാര്‍ത്ഥമായ ചില സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമായതിനാല്‍ അവയുടെ സാംഗത്യത്തെക്കുറിച്ച് ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്യേണ്ടതില്ല. കാരണം ജീവിതം നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം ചിലപ്പോഴെങ്കിലും നാടകീയമാകാറുണ്ട്.
ഒടുവില്‍ എല്ലാം ശുഭപര്യവസായി ആകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. അസാമാന്യമായ മനുഷ്യസ്‌നേഹത്തിന്റെയും നന്മയുടെയും അവതാരമായ സിദ്ദിഖ് അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങളെ ടിഎ റസാക്കിന്റെ സിനിമകളിലാണ് കൂടുതലും കണ്ടിട്ടുള്ളത്. നന്മയും സ്‌നേഹവും നിറഞ്ഞ കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങളുടെ ബന്ധുവെന്ന് തോന്നിക്കുന്ന കഥാപാത്രമാണ് സിദ്ദിഖിന്റെ മുഹമ്മദ്.
ഹിന്ദുമുസ്ലീം ക്രൈസ്തവ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവുകളെന്നോണമുള്ള കഥകൂടിയാണ് ശുഭരാത്രി. മുഹമ്മദ് എന്ന മുസല്‍മാന്‍ കൃഷ്ണന്‍ എന്ന ഹൈന്ദവന്‍. അനാഥാലയം നടത്തുന്ന കന്യാസ്ത്രീകളും ക്രിസ്ത്യാനിയായ ഡോക്ടറും. ഇവരെല്ലാം നന്മയുടെ പ്രതിരൂപങ്ങളാണ്. ചിലപ്പോഴൊക്കെ നിസ്സഹായതയുടെയും. ഈ ലോകത്ത് മനുഷ്യന്‍മതങ്ങളുടെ പേരില്‍ കലഹിക്കുമ്പോള്‍ മതമല്ല മനുഷ്യന്‍ തന്നെയാണ് വലുതെന്നും സമ്പത്തല്ല സ്‌നേഹമാണ് മനുഷ്യര്‍ക്കിടയില്‍ വേണ്ടതെന്നുമാണ് ശുഭരാത്രി പറയുന്ന ഒരു സന്ദേശം. അമ്പലമുറ്റത്തെ സായാഹ്നങ്ങളില്‍ ഹിന്ദുവും മുസ്ലീമും ക്രൈസ്തവനും ഒരുമിച്ചുകൂടുന്ന ഒരു രംഗവുമുണ്ട് ചിത്രത്തില്‍.
സമ്പത്ത് മനുഷ്യന്‍ ഉണ്ടാക്കുന്നതല്ല ദൈവം തരുന്നതാണ് എന്നതാണ് ശുഭരാത്രി നല്കുന്നമറ്റൊരു സന്ദേശം. അതുകൊണ്ടുതന്നെ അത് ഇല്ലാത്തവരുമായി പങ്കുവയ്ക്കുകയും ചെയ്യണം. ഇങ്ങനെ മതത്തെയും മനുഷ്യനെയും പങ്കുവയ്ക്കലിനെയും കുറിച്ചെല്ലാമുള്ള തിരിച്ചറിവുകള്‍ നല്കുന്ന സോദ്ദേശ്യചിത്രമാണ് ശുഭരാത്രി. നന്മയും ദയയുമുള്ള ചിത്രം.
പക്ഷേ മാറുന്ന പ്രേക്ഷകാഭിരുചികളുടെ ഇക്കാലത്ത് പഴയ ശൈലിയില്‍ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകര്‍ക്ക് എത്രത്തോളം സ്വീകാര്യമാവുമെന്ന് വരുംനാളുകള്‍ തെളിയിച്ചേക്കും.
വിനായക്