സിഫിയ എന്ന പേരു കേട്ടിട്ടില്ലാത്തവർ പോലും സോഷ്യൽമീഡിയായിലൂടെ
ചിതൽ എന്ന വാക്ക് കേട്ടിട്ടുണ്ടാകും. ചിതൽ തിന്നുന്ന ജീവിതങ്ങൾക്കൊരു മോചനം എന്ന നിലയിൽ വിധവകളുടെയും അനാഥരുടെ ക്ഷേമത്തിനായി സിഫിയ എന്ന യുവവിധവ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. പതിനാറാം വയസിലായിരുന്നു വിവാഹം. സിഫിയയുടെ ഓർമ്മയിൽ ഇന്നും ആ ദിവസമുണ്ട്. തന്നെക്കാൾ ഇരട്ടി പ്രായമുള്ള ഒരുവന്റെ മുമ്പിൽ പെണ്ണുകാണൽച്ചടങ്ങിന് വേണ്ടി നിന്നുകൊടുത്തത്.
അന്നായിരുന്നു അവൾ ആദ്യമായി സൈക്കിളിൽ സ്‌കൂളിൽ പോയതും. അധികം വൈകാതെ വിവാഹം കഴിഞ്ഞു ബാംഗ്ലൂരിലേക്ക് അവൾ യാത്രയായി. പതിനേഴാം വയസിൽ അമ്മയായി. പത്തൊമ്പതാം വയസിൽ രണ്ടാമത്തെ കുഞ്ഞും പിറന്നു. പക്ഷേ ഇരുപതാം വയസിൽ വിധവയുമായി. സിഫിയായുടെ ജീവിതം മാറിമറിഞ്ഞത് അവിടെ മുതല്ക്കായിരുന്നു. അധികകാലം ഭർത്തൃഗൃഹത്തിൽ നില്ക്കാൻ കഴിഞ്ഞില്ല. പിതൃഗൃഹം അഭയമാകുമെന്ന് അവളന്ന് തെറ്റിദ്ധരിച്ചു. നേരിട്ട് അനുഭവിക്കേണ്ടി വന്ന തിരസ്‌ക്കരണങ്ങളും നിന്ദനങ്ങളും അവളുടെ ഹൃദയത്തിൽ സങ്കടങ്ങളുടെ കടലാഴങ്ങൾ തീർത്തു.
വിധവ സമൂഹത്തിലും സ്വഭവനത്തിലും എന്തുമാത്രം ഒറ്റപ്പെട്ടവളും പരിത്യക്തയുമാണെന്ന് അവൾ ജീവിതം കൊണ്ട് മനസ്സിലാക്കുകയായിരുന്നു. താനും മക്കളും കുടുംബത്തിന് ഭാരമാണെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം കാലിൽ നില്ക്കാനുള്ള കരുത്ത് തേടാനുള്ള ആലോചനയായിരുന്നു ആദ്യം. അത് പ്ലസ് ടൂ പൂർത്തിയാക്കാൻ പ്രേരണ നല്കി. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ നിലച്ചുപോയ പഠനം അവൾ തുടർന്നു,വീട്ടുകാരുടെ എതിർപ്പുകളെ വകവയ്ക്കാതെ തന്നെ. വിധവയായ മകൾ പഠനത്തിനായി പുറത്തേക്ക് ഇറങ്ങിയാൽ പേരുദോഷം കേൾപ്പിക്കുമോയെന്നായിരുന്നു അവരുടെ ഭയം. നാട്ടുകാരുടെ കുത്തുവാക്കുകൾ സ്‌കൂളിലേക്കുള്ള യാത്രയിൽ അവളെ അകമ്പടി സേവിക്കുകയും ചെയ്തു. പക്ഷേ സിഫിയ തോല്ക്കാൻ സന്നദ്ധയായിരുന്നില്ല.
പ്ലസ് ടൂവിന് ശേഷം അവൾ ഡിഗ്രിക്ക് ചേർന്നു. ചെറിയ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ട്യൂഷനെടുത്തുതുടങ്ങി. അപ്പോഴേക്കും പ്രശ്‌നങ്ങൾ വർദ്ധിച്ചുവന്നു. ഇനിയൊരു നിമിഷം പോലും സ്വന്തം വീട്ടിൽ നില്ക്കാൻ അവൾക്കാകുമായിരുന്നില്ല. മൂത്ത മകനെ വീട്ടിലേല്പിച്ച് രണ്ടാമത്തെ മകനെയും കൊണ്ട് സിഫിയ ബാംഗ്ലൂരിലേക്ക് വണ്ടികയറി. അതുവരെ ഭർത്താവിനൊപ്പം ജീവിച്ചപ്പോൾ കണ്ട ബാംഗ്ലൂരല്ല ഇതെന്ന് അവൾക്ക് മനസ്സിലായി. സുഹൃത്തുക്കൾക്ക് അവളെ സഹായിക്കാനായില്ല. അന്വേഷിച്ചുചെന്ന ജോലികളൊന്നും കിട്ടിയതുമില്ല. ശിവാജിനഗറിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആ അമ്മയും മകനും തണുത്തുവിറങ്ങലിച്ച് രണ്ടുദിവസം കഴിച്ചുകൂട്ടി. ആരുടെയും പ്രത്യേകമായ ശ്രദ്ധയ്ക്ക് പാത്രമാകാതെ പിന്നെയും രണ്ടു ദിവസം കൂടി കഴിഞ്ഞുപോയി. കൈയിലുണ്ടായിരുന്ന കാശു തീർന്നു. പോരാഞ്ഞ് കുഞ്ഞിന് പനിയും. മരുന്നു വാങ്ങാനോ ഭക്ഷണം വാങ്ങാനോ പോലും കാശില്ലാത്ത അവസ്ഥ. അന്ന് ആദ്യമായി സിഫിയ വാവിട്ടുനിലവിളിച്ചു.
അപരിചിതനഗരത്തിൽ ആരും സഹായിക്കാനില്ലാതെ അഗതിയായി, അനാഥയായി… ഏകയായി… സ്വർഗ്ഗം നോക്കിയുള്ള ആ നിലവിളിക്ക് ഉത്തരമെന്നോണം ഒരു വൃദ്ധ സിഫിയായുടെയും മകന്റെയും സംരക്ഷണത്തിനെത്തി. ചണമില്ലിലെ തൊഴിലാളിയായ ഒരു തമിഴ്‌നാട്ടുകാരി. അവരെ സിഫിയ പാട്ടിയെന്ന് വിളിച്ചുതുടങ്ങി.
പാട്ടിയുടെ സംരക്ഷണയിലായി തുടർന്നുള്ള ദിവസങ്ങൾ. അന്നവും അഭയവും നല്കി പാട്ടി അവൾക്ക് സ്വന്തം അമ്മതന്നെയായി മാറി. കന്യാസ്ത്രീകൾ നടത്തുന്ന ഒരു അനാഥമന്ദിരത്തിലേക്ക് പിന്നെ പാട്ടി അവളെ കൂട്ടിക്കൊണ്ടുപോയി. മകനെ അവരുടെ പക്കലേല്പിച്ചിട്ട് സിഫിയ ജോലി അന്വേഷണം തുടർന്നു. ഒടുവിൽ കോൾ സെന്ററിൽ ജോലി കിട്ടി. ഏഴുമാസത്തെ ബാംഗ്ലൂർ ജീവിതം മകനെ നിത്യരോഗിയാക്കുമെന്ന് മനസ്സിലാക്കിയപ്പോൾ സിഫിയ ഗത്യന്തരമില്ലാതെ നാട്ടിലേക്ക്തന്നെ മടങ്ങി. ട്യൂഷൻ ജീവിതം പുനരാരംഭിച്ചു. ഈ അവസ്ഥയിലാണ് വിധവകളെക്കുറിച്ചുള്ള ചിന്ത കൂടുതലായി കടന്നുവന്നത്. ജീവിതത്തിൽ ആരോരുമില്ലാത്തവർ, നിരാലംബർ. അവരെ സഹായിക്കണമെന്ന ചിന്ത ശക്തമായി. അക്കാലത്ത് ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റായി കിട്ടിയ ജോലിയിലെ ശമ്പളത്തിൽ നിന്ന് കിട്ടിയ തുകയിൽ നിന്ന് മിച്ചം വച്ച പണം കൊണ്ട് വിധവകളുടെ കുട്ടികളുടെ പഠനചുമതല അവൾ ഏറ്റെടുത്തു.
ഭർത്താക്കന്മാർ മരിച്ച വീടുകൾ തോറും കയറിയിറങ്ങി അവരുടെ ആവശ്യം അറിയാനും കഴിയുന്ന വിധത്തിൽ സഹായിക്കാനുമുള്ള പ്രേരണ ശക്തമായി. ഈ സമയത്തെല്ലാം സ്വന്തം വീട്ടുകാരിൽ നിന്ന് വലിയ എതിർപ്പുകൾ നേരിടേണ്ടതായി വന്നു. വിധവകളുടെ ശാക്തീകരണമായിരുന്നു സിഫിയയുടെ ലക്ഷ്യം. അവരെ ഒറ്റക്ക് ജീവിക്കാൻ അവൾ പ്രേരണ നല്കി. ചെറിയ ചെറിയ ജോലികൾക്കെല്ലാം അവൾ അവരെ പറഞ്ഞയച്ചുതുടങ്ങി. ഭർത്താവിന്റെ മരണത്തോടെ എങ്ങോട്ടുപോകണം എന്തുചെയ്യണം എന്നറിയാതെ നിന്നിരുന്ന വിധവകളുടെ മുന്നോട്ടുള്ള വഴികൾ തന്നാലാവുംവിധം അവൾ തെളിച്ചുകൊടുത്തു. പാലക്കാട് മംഗലംപാലത്തിന് സമീപത്തുള്ള പല വിധവകളും സിഫിയ തെളിച്ചുകൊടുത്ത വഴിയെ മുന്നോട്ടുപോയി.
അച്ചാറുഫാക്ടറിയിലും പലഹാരക്കമ്പനിയിലും ജോലി ചെയ്ത് സ്വന്തം കാലിൽ നില്ക്കാമെന്ന് അവർ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തു. മറ്റുള്ളവരെ സ്വന്തം കാലിൽ നില്ക്കാൻ പഠിപ്പിച്ച സിഫിയയും പുതിയ ലോകം തനിക്കായി കണ്ടുപിടിച്ചു. അവൾ പിന്നീട് ബിഎഡ് പഠിച്ചു. പരീക്ഷ കഴിഞ്ഞ ഉടനെ ദിവസവേതനത്തിന് ജോലിയിൽ പ്രവേശിച്ചു. അതിനിടയിലാണ് വിധവകളുടെ പ്രശ്‌നങ്ങൾ സമൂഹമധ്യത്തിൽ അവതരിപ്പിക്കാനായി ‘ചിതൽ’ എന്ന പേരിൽ സിഫിയ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.