പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും ശ്രദ്ധയും കൊടുത്താല്‍ പനി അതിന്റെ വഴിക്ക് പൊയ്‌ക്കോളൂം. ഇനി അവഗണിച്ചാലോ പനിയുടെ പുറകെ നാം നടക്കേണ്ടിവരും. അതുകൊണ്ട് പനിവരുമ്പോള്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
പനി വന്നാല്‍ ആദ്യം വേണ്ടത് വിശ്രമമമാണ്. അതുപോലെ വെള്ളവും ഭക്ഷണവും ഉപേക്ഷിക്കാനും പാടില്ല. പലരും പനി വന്നാലുടനെ ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവരാണ്. ശരിയാണ് പനിയുടെ അരുചി ഭക്ഷണത്തോട് മടുപ്പുണ്ടാക്കിയേക്കാം. പക്ഷേ ഭക്ഷണം കഴിക്കാതിരിക്കുന്നതുകൊണ്ട് പനി കുറയുന്നില്ലെന്ന് അറിയണം. ജീരകവെള്ളം, കഞ്ഞിവെള്ളം,കരിക്കിന്‍വെള്ളം എന്നിവയാണ് പനി വരുമ്പോള്‍ കുടിക്കേണ്ടത്. മിനിമം 15 ഗ്ലാസെങ്കിലും ഇതിലേതെങ്കിലും കുടിക്കണം. അതുപോലെ ശരീരം തണുപ്പിക്കുന്നത് നല്ലതാണ്. പക്ഷേ ഇതിന് ഒരിക്കലും ഐസ് ഉപയോഗിക്കരുത്. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകള്‍, ദേഹം എന്നിവ തുടച്ച് തണുപ്പിക്കുക. സ്വയം ചികിത്സ നടത്തരുത് എന്നതാണ് മറ്റൊരു പ്രധാനകാര്യം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്. പനി മൂന്നു ദിവസത്തിലേറെ നീണ്ടുനിന്നാല്‍ രക്തപരിശോധന നടത്താന്‍ മടിക്കരുത്.
ഒരു കാര്യം ഓര്‍മ്മിക്കുക, പനി ഒരു രോഗമല്ല രോഗലക്ഷണം മാത്രമാണ്. അനേകം രോഗങ്ങളുടെ ലക്ഷണം അതുകൊണ്ട് പനിയെ നിസ്സാരമായി കരുതാതെ വേണ്ടത്ര ഗൗരവത്തോടെ കാണുകയും ഉചിതമായ ചികിത്സ തേടുകയും വേണം.