അക്ഷരങ്ങൾ നക്ഷത്രമാകുന്ന കവിതകൾ… സുനിൽ ജോസിന്റെ മൂന്നാമത് കവിതാസമാഹാരമായ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി വായിച്ചുമടക്കിക്കഴിയുമ്പോൾ പറഞ്ഞുപോകാവുന്ന വിശേഷണമാണ് ഇത്. ഈ വരികൾ കടമെടുത്തതാകട്ടെ അദ്ദേഹത്തിന്റെ തന്നെ ലിപി എന്ന കവിതയിൽ നിന്നും.
പിന്നെ ഞാനെങ്ങനെയാണ്
നിന്നോട് പറയുക
എന്റെ നക്ഷത്രങ്ങൾ
നക്ഷത്രങ്ങളല്ല
അക്ഷരങ്ങളാണ്.
കവിതയെക്കുറിച്ച് പറയാവുന്നത് കവി തന്നെ കുറിച്ചുവച്ച വരികളിൽ കണ്ടെത്താൻ കഴിയുന്ന അ ത്ഭുതപ്പെടലിന് ഇവിടെ ഞാൻ വശംവദനാകുന്നു. ചെറിയ ചെറിയ കവിതകൾ. പക്ഷേ വായിച്ചവസാനിപ്പിക്കുമ്പോഴാകട്ടെ ഒരു മഹാധ്യാനത്തിലേക്കാണ് ഇവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓരോ വാക്കും ഓരോ സത്യം പറയുന്നു.
ഉദാഹരണത്തിന്,
എഴുന്നേല്ക്കുക,
മതി
ഒരേയിരിപ്പിനി,
ബുദ്ധനാകുക വയ്യ,
ബുദ്ധിമുട്ടാണതേറെ,
അല്പനേരം
നിങ്ങൾക്ക് നിങ്ങളായിരിക്കാൻ
കഴിയുന്നുണ്ടോ
ലോകത്തെ രാജ്യത്തെ
….
നിങ്ങളെതന്നെ മറന്ന്
നിങ്ങളായിരിക്കാൻ.
ഇങ്ങനെ എടുത്തുപറയാൻ പലതുമുണ്ട്. ചുരുക്കത്തിൽ കവിയുടെ തന്നെ വാക്കുകൾ വീണ്ടും ഉദ്ധരിച്ചാൽ,
ഏറ്റവും മൃദുവായ സ്വരങ്ങളിൽ
ഏറെ ഹൃദ്യമായ് തോന്നും
പദങ്ങളിൽ
ഏറുമിഷ്ടത്തിനേറ്റിറക്കങ്ങളിൽ
എത്രവാക്കുകൾ
അതെ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി ഓരോ വായനക്കാരന്റെയും കൂട്ടുകാരനായി മാറുന്ന കൃതിയാണ്. മാറേണ്ട കൃതിയാണ്. ഓർമ്മയായും സ്‌നേഹമായും നിറവായും നേരായും ഓരോരുത്തരെയും വന്നുതൊടുന്ന കൃതി.
ഹുയാൻസാങ്ങിന്റെ കൂട്ടുകാരി
സുനിൽ ജോസ്,
സാപ്പിയൻസ് ലിറ്ററേച്ചർ
വില:110