നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഭാഷയെയുമൊക്കെ നെഞ്ചോട് ചേർത്ത് നാനാത്വത്തിൽ ഏകത്വം കണ്ടെത്തിയ രാജ്യം. പാശ്ചാത്യരുടെ അടിമത്വത്തിൽനിന്ന് മോചിതരായതിനുശേഷം വലിയ വികസന കുതിപ്പാണ് നമ്മൾ നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. തങ്ങളെ ആരു ഭരിക്കുമെന്ന് തീരുമാനിക്കാൻ ഇവിടത്തെ ജനങ്ങൾക്ക് അധികാരമുണ്ട്. സമ്പത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നൽകുന്ന നമ്മൾ ലോകത്തിലെ മൂന്നാമത്തെ വലിയ പ്രതിരോധ ശക്തിയാണ്.
ശാസ്ത്ര സാങ്കേതിക മേഖലകളിലും നമ്മൾ ഒട്ടും പിന്നിലല്ല. ചന്ദ്രയാനും മംഗൾയാനുമൊക്കെ അതിനുള്ള തെളിവുകളാണ്. ജനസംഖ്യയുടെ 65 ശതമാനവും 35 വയസിനു താഴെയുള്ള യുവസമൂഹമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ഈ നേട്ടങ്ങളെല്ലാം നാണയത്തിന്റെ ഒരു വശം മാത്രമാണ്. കംപ്യൂട്ടർ സോഫ്റ്റ്വെയറുകളുടെ നിർമാണത്തിൽ മുന്നിട്ടുനിൽക്കുന്ന നമ്മുടെ രാജ്യം പക്ഷെ ഇവിടത്തെ മുഴുവൻ ജനങ്ങളുടെയും പട്ടിണി മാറ്റാനുള്ള ഭക്ഷ്യ ഉത്പാദനത്തിൽ ഇതുവരെയും സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. 2011ലെ സെൻസെക്സ് പ്രകാരം ഇന്ത്യയിലെ 21.9 ശതമാനം പൗരൻമാരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ്. ഇതിൽ കൂടുതൽ ശതമാനമാളുകളും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഇവിടത്തെ ഒരു ശതമാനം ആളുകളുടെ കൈകളിലാണെന്ന് പറയുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ അസന്തുലിതാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്.
വ്യവസായവത്കരണവും നഗരവത്കരണവുമൊക്കെ നമ്മുടെ രാജ്യത്ത് തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള 20 നഗരങ്ങളിൽ പതിനഞ്ചുമുള്ളത് നമ്മുടെ ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ ലംഘിക്കപ്പെടുന്ന കാഴ്ചകളും നമ്മുടെ രാജ്യത്ത് ഏറിവരുന്നു. ഭരണകൂടത്തിനോ ഭരണാധിപനോ എതിരെ എഴുതുകയോ പറയുകയോ ചെയ്താൽ അവരെ കൊലക്കത്തിക്ക് ഇരയാക്കുന്ന സംഭവങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. ഭരണകൂടങ്ങളുടെ കൈകടത്തലുകൾ ഭയന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കേണ്ടി വരുന്നത് ഒട്ടും അഭികാമ്യമായ കാര്യമല്ല.
ഇപ്പോഴുള്ള മനുഷ്യരെയും ഇനി വരാനിരിക്കുന്ന തലമുറയെയും നമ്മുടെ പരിസ്ഥിതിയെയും അതിലെ എല്ലാ ജീവജാലങ്ങളെയും ഉൾപ്പെടുത്തിയുള്ള ഒരു സുസ്ഥിര വികസമാണ് ഇന്ത്യക്കാവശ്യം. ഇത് ഇവിടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഇവിടത്തെ ഭരണകൂടങ്ങൾക്കുണ്ട്.സ്വാതന്ത്ര്യം ലഭിച്ച് 62 വർഷങ്ങൾക്കിപ്പുറം ലോകത്തിലെ വൻ ശക്തികളിലൊന്നായി മാറിക്കഴിഞ്ഞ നമ്മുടെ രാജ്യത്തെ അടുത്ത അഞ്ച് വർഷത്തേക്ക് ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കാൻ നാം ഒരുങ്ങുകയാണ്. ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയ അതിന്റെ ഭരണഘടനയെ നെഞ്ചോടു ചേർക്കുന്ന ഒരു ഭരണം രാജ്യത്തുണ്ടാവണമെന്നാണ് ഓരോ പൗരനും ആഗ്രഹിക്കുന്നത്. ഭരണഘടനയെ തങ്ങളുടെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് സ്വാർത്ഥ ലാഭത്തിന് വേണ്ടി പൊളിച്ചെഴുതാതെ, ഭരണഘടന ഇത്രയുംനാൾ ഉറപ്പുനൽകിയിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും രാജ്യത്തെ ഓരോ പൗരനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഭരണകൂടം. രാജ്യത്തെ പൗരൻമാർ അവൻ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലോ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലോ വിശ്വസിക്കുന്ന മതത്തിന്റെ പേരിലോ അപമാനിതരാകാൻ അനുവദിക്കാത്ത ഭരണകൂടം.
രാജ്യത്ത് തൊഴിൽ ആവശ്യമുള്ളവർക്ക് അതുണ്ടെന്ന് ഉറപ്പുവരുത്തി, തൊഴിലാളികൾക്ക് അവർ ചെയ്യുന്ന തൊഴിലിനുള്ള കൂലിയും കർഷകർക്ക് അവരുടെ അധ്വാനത്തിനുള്ള ഫലവും ലഭ്യമാക്കുന്ന ഭരണകൂടം. രാജ്യസേവനത്തിനായി മുന്നിട്ടിറങ്ങിയ സൈനികരുടെ ഭാര്യമാരെ വിധവകളാക്കാതെ രാജ്യത്തെ ശത്രുകരങ്ങളിൽനിന്ന് സംരക്ഷിക്കുന്ന ഭരണകൂടം. നാളിതുവരെയായിട്ടും പരിഹരിക്കപ്പെടാതെ കിടക്കുന്ന അതിർത്തി തർക്കങ്ങൾ തീർത്ത് അയൽ രാജ്യങ്ങളെ മിത്രങ്ങളാക്കുന്ന ഭരണകൂടം.അഴിമതിയുടെ കറയേൽക്കാതെ രാജ്യത്തെ വികസനത്തിന്റെ പാതയിൽ നയിക്കുന്ന ഭരണകൂടം. സ്വന്തം രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും വളച്ചൊടിക്കാത്ത ഭരണകൂടം. സമ്പന്നനെ വീണ്ടു സമ്പന്നനും ദരിദ്രനെ വീണ്ടും ദരിദ്രനും ആക്കാത്ത ഭരണകൂടം. പട്ടിണിയും ദാരിദ്രവും തുടച്ചുനീക്കുന്ന ഭരണകൂടം. ചേരികൾ പൊളിച്ചുമാറ്റി അവിടെ അടിസ്ഥാന സൗകര്യങ്ങളുള്ള പാർപ്പിടങ്ങൾ നിർമിച്ചു നൽകുന്ന ഭരണകൂടം. ജനാധിപത്യ സംവിധാനങ്ങൾക്ക് കോടാലി വയ്ക്കാത്ത ഭരണകൂടം.
അരാജകത്വത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇരുളടഞ്ഞ കാലത്തേക്ക് രാജ്യത്തെ തിരിച്ച് വലിക്കാതെ സർവ മേഖലകളിലും മുന്നോട്ട് കുതിക്കാൻ പൗരൻമാരെ പ്രാപ്തരാക്കുന്ന ഭരണകൂടം. രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്ന ഭരണകൂടം. നാനത്വത്തിലാണ് ഇന്ത്യയുടെ ഏകത്വമിരിക്കുന്നതെന്ന തിരിച്ചറിവുള്ള ഭരണകൂടം.തങ്ങളുടെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് ബൂത്തിലേക്ക് നടക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസിൽ നാളെ തന്നെ ഭരിക്കേണ്ടവരെക്കുറിച്ച് ഇത്തരം ചില സ്വപ്നങ്ങൾ കാണും. കോടിക്കണക്കിന് ആളുകളുടെ ഈ സ്വപ്നങ്ങളും പേറിയാണ് ജനപ്രതിനിധികൾ പാർലമെന്റിലേക്ക് പോകേണ്ടത്. ഭരിക്കുന്നവർ ആരായാലും തങ്ങൾ ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ബോധ്യമുണ്ടാകുമ്പോൾ പൗരൻമാരുടെ ഈ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും.