തീ പിടിക്കുന്ന സ്നേഹങ്ങൾ

Date:

spot_img

നേഴ്സിംങ് കഴിഞ്ഞ് വിദേശത്ത്  ഓൾഡ് ഏയ്ജ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലെ ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടാനിടയായി. പ്രണയത്തിന്റെയും പ്രണയ നഷ്ടത്തെക്കുറിച്ചുള്ള ഭീതിയുടെയും പേരിൽ ഒരു കൗമാരക്കാരൻ തിരുവല്ലയിലെ തെരുവീഥിയിൽ വച്ച് തീ കൊളുത്തിയ ദിവസങ്ങളിലായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടൽ. പലതും പറഞ്ഞുവരുന്ന കൂട്ടത്തിൽ വിദേശികളുടെ സംസ്‌കാരവും ജീവിതരീതിയും  ചർച്ചാവിഷയമായി. 

അതിനിടയിൽ അവൻ തനിക്ക് നേരിട്ട വ്യത്യസ്തമായ രണ്ട് അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ഒന്ന് ഒരു വിദേശിയായ യുവാവ് അവനോട് തന്റെ ലൈംഗികതാല്പര്യം വെളിപ്പെടുത്തിയതും താല്പര്യമുണ്ടെങ്കിൽ നമ്മുക്ക് ഒരു ഹോട്ടലിൽ മുറിയെടുക്കാം എന്ന് പറഞ്ഞതുമാണ്. ഞാൻ സ്ട്രെയിറ്റാണെന്നും കുടുംബമുണ്ടെന്നും സുഹൃത്ത് പറഞ്ഞപ്പോൾ വിദേശി മാന്യതയോടെ ഓക്കെ പറഞ്ഞ് പിരിഞ്ഞു. രണ്ടാമത്തേത് തന്റെ ബന്ധുവായ ഒരു പെൺകുട്ടിയുടെ സാമ്യം തോന്നിച്ച ഒരു വിദേശയുവതിയെ സാകൂതം നോക്കിയിരുന്ന ചങ്ങാതിയോട് അവൾ നേരിട്ട് വന്ന് നീയെന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത് എന്ന്  മാന്യതയോടെ ചോദിച്ചതായിരുന്നു. മറ്റൊരു അർതഥം വച്ചല്ല നോക്കിയതെന്നും ബന്ധുവിന്റെ സാമ്യം തോന്നിയതുകൊണ്ട് നോക്കിയതാണെന്നും അവൻ വിശദീകരിച്ചപ്പോൾ അവളും ഓക്കെ പറഞ്ഞ് മടങ്ങിപ്പോയി. 

ഇഷ്ടം തോന്നുന്നതും മോഹം തോന്നുന്നതും സ്വഭാവികമാണ്.  ഈ ലോകത്ത് ആർക്കും ആരെയും സ്നേഹിക്കാം. പക്ഷേ അങ്ങനെ സ്നേഹിക്കുന്നവരൊക്കെ തിരികെ തന്നെയും സ്നേഹിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ല.നിനക്കെന്നെ പലരീതിയിലും ഇഷ്ടമാണെന്നത് സത്യം. പക്ഷേ എനിക്ക് നിന്നോട് അത് തോന്നുന്നില്ല എങ്കിൽ   എന്റെവഴിയിൽ നിന്ന് അകന്നുപോകാൻ നീ സന്നദ്ധനാകണം. അതാണ് നിന്റെ മാന്യത. അതാണ് നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നതും.

സ്നേഹിക്കാനുളള സ്വാതന്ത്ര്യവും  അവകാശവും പോലെ തന്നെയാണ് നിന്റെ സ്നേഹം വേണ്ടെന്ന് വയ്ക്കാനുള്ള എന്റെ അവകാശവും. എല്ലാവർക്കും എല്ലാവരുടെയും സ്നേഹങ്ങളെ സ്വീകരിക്കാനാവില്ല, ഉൾക്കൊള്ളാനും. അത്തരമൊരു തിരിച്ചറിവു സ്നേഹബന്ധങ്ങളിലേർപ്പെടുന്നവർക്ക്  എല്ലാം വേണം.  സത്രീപുരുഷ ബന്ധങ്ങളിൽ മാത്രമല്ല സൗഹൃദബന്ധങ്ങളിൽ പോലും.  എന്റെ സ്നേഹവും സൗഹൃദവും   നിനക്ക് അസ്വസ്ഥതയാണ് സമ്മാനിക്കുന്നതെന്ന് വാക്കാലും പ്രവൃത്തിയാലും നീ തെളിയിച്ചുകഴിയുമ്പോൾ നിന്റെ വഴികളിൽ നിന്ന് ഞാൻ അകന്നുപോകണം. എന്റെ നിഴൽ പോലും നിന്റെ വഴികളിൽ പതിയാൻ ഞാൻ അവസരമൊരുക്കരുത്. മോഹിച്ചതിനെ സ്വന്തമാക്കുന്നതു മാത്രമല്ല ചിലതൊക്കെ വേദനയോടെ വിട്ടുപേക്ഷിക്കുന്നതും സ്നേഹമാണ്. തിരിച്ചുകിട്ടാതിരുന്നിട്ടും പിന്നെയും സ്നേഹിക്കാൻ മനസ്സുണ്ടാകുന്നതും സ്നേഹമാണ്. നിസ്വാർത്ഥമായ സ്നേഹം. അത്തരം സ്നേഹങ്ങളാണ് സ്മാരകങ്ങളാകുന്നത്. 

പിടിച്ചടുക്കുന്നതും വെട്ടിപ്പിടിക്കുന്നതും സ്നേഹമല്ല. ആക്രമിച്ചുകീഴടക്കുന്നതും ദൗർബല്യങ്ങളുടെ പേരിൽ ചൂഷണം ചെയ്യുന്നതും സ്നേഹമല്ല. തോക്കു ചൂണ്ടിയും ആസിഡൊഴിച്ചും തീ കൊളുത്തിയും സ്നേഹിക്കുന്നത് സ്നേഹമേയല്ല. എന്താണ് സ്നേഹമെന്ന് അറിയുന്നതിന് മുമ്പ് എന്തല്ല സ്നേഹമെന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. സ്നേഹത്തെക്കുറിച്ചുള്ള പുതിയ പാഠങ്ങളും തിരിച്ചറിവുകളും  പുതിയ തലമുറയ്ക്ക് കൈമാറേണ്ടതുമുണ്ട്. ചോദിക്കുന്നതെന്തും വാങ്ങിക്കിട്ടിയും കരഞ്ഞ് വാശിപിടിച്ച് നേടിയെടുത്തും സ്നേഹങ്ങളെ വിലയ്ക്കെടുക്കാമെന്നും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സ്വന്തമാക്കാമെന്നുമുള്ള അബദ്ധധാരണകൾ കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് നുള്ളിക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് തിരുവല്ല പോലെയുള്ള സംഭവങ്ങൾ.

ജലസഞ്ചയങ്ങൾക്ക് കെടുത്താനാവാത്തതാണ് പ്രണയമെന്നത് സത്യം. അത് മരണത്തെക്കാൾ ശക്തമാണെന്നതും സത്യം. പക്ഷേ തീ പിടിക്കുന്ന സ്നേഹങ്ങളെക്കുറിച്ചറിയുമ്പോൾ  ഉള്ളിൽ ഭീതി ജനിക്കുന്നുണ്ട്. കാരണം അതിൽ സ്നേഹമില്ല. സ്നേഹം ആരെയും മുറിപ്പെടുത്താത്തതും വേദനിപ്പിക്കാത്തതും കോപിക്കാത്തതും അസൂയപ്പെടാത്തതുമാണ്. അതുകൊണ്ട് സ്നേഹിക്കുന്നു എന്നതിന്റെ പേരിൽ, സ്നേഹിച്ചവർ നഷ്ടപ്പെട്ടുപോകുമെന്ന ഭീതിയിൽ ഇത്തരം ഭ്രാന്തുകൾ കാണിക്കുമ്പോൾ ജീവിതത്തിന്റെ വെളിയിലാണ് നിനക്ക് സ്ഥാനം.

ബിജു സെബാസ്റ്റ്യൻ

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!