അടുക്കളയിൽ ഇവയുണ്ടോ? കാൻസർ ‘പമ്പ കടക്കും’

നല്ല കുടുംബത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് നല്ല അടുക്കളയാണ്. വൃത്തിയുള്ള അടുക്കള എന്നതുമാത്രമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അവിടെ എന്താണോ പാകം ചെയ്യുന്നത് എന്നതനുസരിച്ചാണ് കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യവും ആയുസും അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കഴിക്കുന്ന ഭക്ഷണമാണ് നിങ്ങൾ ആരോഗ്യവാനാണോ എന്ന് നിശ്ചയിക്കുന്നത്. കൃത്യമായ അനുപാതത്തിൽ വൈറ്റമിനുകളും മിനറലുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത്  ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുന്നതിനും കാൻസർ വിമുക്തമായ ജീവിതം നയിക്കുന്നതിനും കാരണമാകും. ബ്രിട്ടീഷ് ജേർണൽ ഓഫ് കാൻസർ പറയുന്നത് പച്ചക്കറികളും പഴവർഗ്ഗങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിവിധങ്ങളായ കാൻസർ രോഗങ്ങളിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തും എന്നാണ്. കാഴ്ച ശക്തിക്ക് ഉത്തമമെന്ന് നാം പരക്കെ വിശ്വസിച്ചുപോരുന്ന കാരറ്റ് കാൻസറിനെ പ്രതിരോധിക്കാൻ വളരെ ശക്തമാണ് എന്നാണ് ന്യൂട്രീഷൻസ് റിവ്യൂസ്  നടത്തിയ ഗവേഷണഫലം പറയുന്നത്, സ്ഥിരമായി കാരറ്റ് കഴിച്ചാൽ ശ്വാസകോശ സംബന്ധമായ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണത്രെ. അതുപോലെ  ചീനിക്കിഴങ്ങ് കഴിക്കുന്നതും ഇതേ അസുഖത്തെ നേരിടാനുള്ള എളുപ്പവഴിയാണ്. രണ്ടിലെയും നാരുകളും ബെറ്റാ കരോട്ടിനുമാണ് കാൻസർ സാധ്യതയെ ദൂരെയകറ്റുന്നത്. സ്ട്രോബറി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യതയെ ഇല്ലാതാക്കാൻ ഒരു പരിധി വരെ സഹായകരമാണ്. മറ്റേതൊരു പഴവർഗ്ഗത്തിലും ഉള്ളതിലേറെ ആന്റി ഓക്സിഡന്റ് സ്ട്രോബറിയിൽ അടങ്ങിയിട്ടുമുണ്ട്. കാൻസറിനെ നേരിടാനുള്ള ഫലപ്രദമായ ആയുധമാണിത്.
ചില മെഷീനുകൾ സുഗമമായി പ്രവർത്തിക്കുന്ന തിന് എണ്ണ ഒഴിച്ചുകൊടുക്കുന്നതുപോലെ ശരീരത്തിന്റെ ദഹനപ്രക്രിയ സുഗമമമായി പുരോഗമിക്കുന്നതിന് ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കാബേജ് അത്യന്താപേക്ഷിതമാണ്. 

അമല കാൻസർ റിസേർച്ച് സെന്ററും കേരള യൂണിവേഴ്സിറ്റിയും നടത്തിയ പഠനപ്രകാരം  മഞ്ഞൾ പാചകത്തിൽ കൂടുതലായി ചേർക്കുന്നത്  ശരീരത്തിലെ ചിലയിനം കാൻസർ സെല്ലുകളെ നിർവീര്യമാക്കാൻ ഏറെ സഹായിക്കുന്നുവെന്നാണ്. അതുകൊണ്ട് പാചകത്തിൽ ഒരിക്കലും മഞ്ഞളിനെ ഒഴിവാക്കരുതേ. 

വൈറ്റമിൻ സി അടങ്ങിയ കോളിഫ്‌ളവർ ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട കാൻസറിനെ നേരിടാൻ ഏറെ ഫലപ്രദമാണ്. മഗ്‌നീഷ്യം അടങ്ങിയ ബീറ്റ് റൂട്ട് കാൻസർ പ്രിവന്റീവായ പച്ചക്കറിയാണ്. നല്ല തോതിൽ ഫൈബറും വൈറ്റമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ colorectal കാൻസർ കുറയ്ക്കാൻ ബീറ്റ്‌റൂട്ടിന് കഴിവുണ്ട്. മഞ്ഞൾ പോലെ തന്നെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഘടകമാണ് കുരുമുളകും. ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പുറമെ കാൻസറിന്റെ വളർച്ച തടയാനും ഇത് കാരണമാകുന്നുവെന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. സൂപ്പിലും സലാഡിലുമൊക്കെ മത്തങ്ങ ചേർക്കുന്നത് നല്ലതാണെന്നും ഇവയിലും കാൻസറിനെ പ്രതിരോധിക്കാനുള്ള ബെറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. വൈറ്റമിൻ സി, എ എന്നിവ അടങ്ങിയ ബ്ലാക്ക്‌ബെറിയിൽ കാൻസറിനെ നേരിടാൻ കഴിവുള്ള കാൽസ്യം, അയൺ, മഗ്‌നീഷ്യം എന്നിവയുമുണ്ട്. അതുകൊണ്ട് കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ ആഹാരത്തിൽ ബ്ലാക്ക്‌ബെറി ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. 

വയറ്റിലുണ്ടാകുന്ന കാൻസറിനെതിരെയുള്ള ഫലപ്രദമായ മാർഗ്ഗമാണ് ഭക്ഷണപദാർത്ഥങ്ങളിൽ വെളുത്തുള്ളി ഉൾപ്പെടുത്തണം എന്നത്.  ഇഞ്ചി, ബ്രോക്കോളി, ബ്ലൂ ബെറി എന്നിവയും ഉൾപ്പെടുത്തേണ്ടവ തന്നെ. കോളൻ കാൻസർ സെല്ലുകളെ നശിപ്പിക്കാൻ ബ്രോക്കോളിക്ക് കഴിവുണ്ട് . പ്രഭാതം ആരംഭിക്കുന്നത് ഗ്രീൻ ടീയോടുകൂടിയായിരിക്കുന്നത് വളരെ ഉത്തമമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. കാരണം ബ്രെസ്റ്റ് കാൻസറിനെ തോല്പിക്കാനുളള കഴിവ് ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. 

മേൽപ്പറഞ്ഞവയെല്ലാം അടുക്കളയിൽ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല കേട്ടോ. അവയെല്ലാം വേണ്ട വിധത്തിൽ പാകം ചെയ്തും ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയും കുടുംബാംഗങ്ങളുടെ ആരോഗ്യജീവിതം ഉറപ്പുവരുത്തണം.

error: Content is protected !!