വേനല്‍ച്ചൂടില്‍ കേരളം വെന്തു ഉരുകുകയാണ്. ഈ അന്തരീക്ഷത്തില്‍ ജീവിതരീതിയില്‍ മാത്രമല്ല ഭക്ഷണരീതിയിലും മാറ്റങ്ങള്‍ വരുത്തുകയും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണമെന്നാണ് ഡോക്ടേഴ്‌സിന്റെ അഭിപ്രായം. പ്രധാനമായും അവര്‍ ഓര്‍മ്മിപ്പിക്കുന്നത് വേനല്‍ക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുത് എന്നാണ്. മിതമായ ഭക്ഷണരീതിയാണ് വേനല്‍ക്കാലത്ത് അഭികാമ്യം. അതുപോലെ ഇറച്ചി, ചായ, കാപ്പി എന്നിവയുടെ ഉപയോഗവും പരമാവധി കുറയ്ക്കണം. പകരം പച്ചക്കറികളും കരിക്കിന്‍ വെള്ളം, മോരും വെള്ളം, നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയുമാണ് ശീലിക്കേണ്ടത് വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫലവര്‍ഗ്ഗങ്ങളിലൊന്നാണ് തണ്ണിമത്തന്‍. ധാരാളം ജലമടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശത്തിന്റെ കുറവ് പരിഹരിക്കാന്‍ തണ്ണിമത്തന്‍ സഹായിക്കും.
കുടിവെള്ളത്തിന്റെ കാര്യമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കുടിവെള്ളത്തില്‍ എലി മൂത്രം കലരാതെ സൂക്ഷിക്കണം. എലിപ്പനി പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍ എടുക്കേണ്ടത്. അതുകൊണ്ട് തിളപ്പിച്ചാറ്റിയതും ശുദ്ധവുമായ കുടിവെള്ളമാണ് ഉപയോഗിക്കേണ്ടത്. മഞ്ഞപ്പിത്തമാണ് മറ്റൊരു രോഗം. കുടിവെള്ളത്തില്‍ മലാംശം കലരുന്നതുവഴി മഞ്ഞപ്പിത്തം പിടിക്കാന്‍ സാധ്യതയുണ്ട്. ഏതുവെള്ളവും എവിടെ നിന്ന് കിട്ടുന്ന വെള്ളവും കുടിവെള്ളമായും വീട്ടാവശ്യത്തിനായും ഉപയോഗിക്കാതെ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിച്ചാല്‍ വേനല്‍ക്കാലത്തെ ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും ഒരുപരിധി വരെ നമുക്ക് അകലം പാലിക്കാന്‍ കഴിയും.