സ്വയം അംഗീകരിക്കാന്‍ തയ്യാറാണോ?

എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണത്. അംഗീകാരം. എന്നെ മറ്റുള്ളവര്‍ അംഗീകരിക്കണം.. എന്റെ പ്രവൃത്തികളെ..എന്റെ അഭിപ്രായങ്ങളെ..എന്റെ കഴിവിനെ.. 

എല്ലാവരും എന്നെ പ്രശംസിക്കണം.. എന്റെ പ്രവൃത്തികളെ..എന്റെ സിദ്ധികളെ.. ഇത്തരം ആഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്നവര്‍ നമുക്കിടയില്‍ വളരെ കുറച്ചുപേരെ കാണൂ. അവര്‍ തീര്‍ച്ചയായും ലൗകികന്മാരല്ല, അതീന്ദ്രിയന്മാരാണ്. പക്ഷേ നമ്മള്‍ ലൗകികരായതുകൊണ്ട് ഇതിനുള്ള വാസനയുണ്ടാകും. സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ഈ ദാഹം മനുഷ്യരുടെ സഹജപ്രവണതയാണ്. 

പക്ഷേ ഒരു ചോദ്യം. മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി പരക്കം പായുന്ന നമുക്ക്, നമ്മളെ തന്നെ എത്രമാത്രം അംഗീകരിക്കാന്‍ കഴിയുന്നുണ്ട്? വളരെ പ്രധാനപ്പെട്ട സംഗതിയാണെന്ന് തോന്നുന്നു അത്. ഇത് സ്വന്തം കഴിവുകളെ കുറിച്ചുള്ള മതിപ്പു മാത്രമല്ല സ്വന്തം കുറവുകളെ കുറിച്ചൂകൂടി വസ്തുനിഷ്ഠമായി  സ്വീകരിക്കാന്‍ കഴിയുമ്പോഴേ സ്വയം അംഗീകരിക്കലിന്റെ ഉദാത്തതയിലേക്ക് നമ്മള്‍ കടന്നു ചെല്ലുകയുള്ളൂ. സ്വന്തം കഴിവുകളില്‍ മാത്രം നോക്കി സന്തോഷിക്കുന്ന ഒരാള്‍ ക്രമേണ അഹങ്കാരത്തിലേക്കും പിന്നെ അതിനെതുടര്‍ന്നുണ്ടാകുന്ന വീഴ്ചകളിലേക്കും വഴുതിവീഴാന്‍ ഇടയുണ്ട്. 

എന്നാല്‍ സ്വന്തം കഴിവുകേടുകളെക്കുറിച്ചോ കുറവുകളെക്കുറിച്ചോ ബോധ്യമുള്ള ഒരാള്‍ ജ്ഞാനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തപ്പെടാനുള്ള സാധ്യതയുമുണ്ട്. എനിക്ക് ഈ കഴിവുണ്ട് എന്ന് തിരിച്ചറിയുന്നതിനൊപ്പം എനിക്ക് ഈ കഴിവില്ല എന്നു കൂടി മനസ്സിലാക്കണം.  ഇത് സ്വയം തിരിച്ചറിവാണ്. ശക്തിയും ബലഹീനതയും ഒന്നുപോലെ തിരിച്ചറിയാന്‍ കഴിയുക. എന്നാല്‍ പലര്‍ക്കും ഇത്തരമൊരു തിരിച്ചറിവില്ലാതെ പോകുന്നു. ഫലമോ ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന മട്ട്..

 ഒരിടത്ത് അഹങ്കാരം.. മറ്റൊരിടത്ത് ആത്മനിന്ദ. രണ്ടും വേണ്ട. എനിക്ക് ചില കഴിവുകളുള്ളതുപോലെ മറ്റ് ചില കഴിവുകള്‍ എനിക്കില്ല എന്ന് തുറന്ന് സമ്മതിക്കാന്‍ കഴിയണം. ഇല്ലാതെപോയ കഴിവുകളെയോര്‍ത്ത് ആത്മനിന്ദ പുലര്‍ത്തേണ്ടതില്ല. കാരണം അതെനിക്ക് ആവശ്യമില്ലാത്തതാണ് എന്ന് ദൈവത്തിനറിയാം. കാരണം എല്ലാകഴിവുകളുടെയും സപ്ലൈയര്‍ ദൈവമാണല്ലോ? അപ്പോള്‍ എനിക്കില്ലാത്ത ചില കഴിവുകള്‍ ദൈവം അത് എന്നില്‍ നിന്ന് ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടയാളമാണ്.

സുപ്പീരിയോരിറ്റി കോംപ്ലക്‌സ് പോലെ തന്നെ സങ്കീര്‍ണ്ണമാണ് ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സും. രണ്ടിനുമിടയിലുള്ള സമദൂരമാണ് നല്ലൊരു വ്യക്തിത്വത്തിന്റെ യഥാര്‍ത്ഥ അടയാളപ്പെടുത്തല്‍. സുപ്പീരിയോരിറ്റി കോംപ്ലക്‌സുള്ള വ്യക്തികളെ അംഗീകരിക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് ബുദ്ധിമുട്ടുള്ളതുപോലെ തന്നെയാണ് ഇന്‍ഫീരിയോരിറ്റക്കാരന്‍ ചുറ്റുവട്ടങ്ങളില്‍ ഉയര്‍ത്തുന്ന പൊടിപടലങ്ങളും. സുപ്പീരിയോരിറ്റിയോ ഇന്‍ഫീരിയോരിറ്റിയോ അല്ല നമുക്ക് വേണ്ടത് . നമുക്ക് വേണ്ടത് സെല്‍ഫ് എസ്റ്റീമാണ്. ആത്മാഭിമാനമെന്നോ ആത്മജ്ഞാനമെന്നോ വിളിക്കാവുന്ന വിധത്തിലുള്ള ഒന്ന്. ഇതാണ് ഞാന്‍.. എന്ന് പറയുന്നതിനൊപ്പം ഇതും ഞാനാണ് എന്നു പറയാനുള്ള സന്നദ്ധത.

ഓരോ വ്യക്തിക്കും തുല്യനായി അയാള്‍ മാത്രമേയുള്ളൂ എന്നത് പഴയ പ്രബോധനമാണെങ്കിലും അതെന്നും പ്രസക്തമാണ്. എന്നെ പോലെ ഞാന്‍ മാത്രമേയുള്ളൂ എന്നതാണ് എന്നെ അഭിമാനബോധമുള്ളവനാക്കുന്നത്. മറ്റുള്ളവരുടെ നോട്ടത്തില്‍ എനിക്ക് ചിലപ്പോള്‍ പല കുറവുകളുമുണ്ടാവാം. അവര്‍ പറയുന്ന കുറവുകള്‍ എന്നെ ഭാരപ്പെടുത്തുന്നില്ല. കാരണം ഇതാണ് ഞാന്‍..എനിക്ക് എന്നെ അംഗീകരിക്കാന്‍ കഴിയുന്നു. അതിന്റെ എല്ലാ കുറവുകളോടും കൂടി. ചിലപ്പോഴെങ്കിലും മാനസികാവസ്ഥയ്ക്ക് അനുസരിച്ച അതില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ട് എന്ന് നിഷേധിച്ചുകൊണ്ടല്ല ഇതെഴുതുന്നതും. 

പക്ഷേ ആത്യന്തികമായി എനിക്ക് എന്നെ അംഗീകരിക്കാന്‍ കഴിയുന്നതാണ് എന്റെ ജീവിതത്തിന്റെ സന്തോഷം. കുറവുകളോടു കൂടി സ്വയം അംഗീകരിക്കാത്ത ഒരാളെ ലോകം മുഴുവന്‍ അംഗീകരിച്ചാലും അതുകൊണ്ട് യാതൊരു വിശേഷവുമില്ല. സ്വയം അംഗീകരിക്കാത്ത ഒരാളെ മറ്റാരും അംഗീകരിക്കുകയുമില്ല. നിങ്ങള്‍ നിങ്ങളെ അംഗീകരിച്ചില്ലെങ്കില്‍ മറ്റാര് നിങ്ങളെ അംഗീകരിക്കും?  അതുകൊണ്ട് സ്വയം അംഗീകരിക്കുക.. മറ്റെല്ലാ അംഗീകാരങ്ങളും പിന്നാലെ വന്നുകൊള്ളും. 

വിനായക് നിര്‍മ്മല്‍

error: Content is protected !!