സന്തോഷപ്രദമായ കുടുംബജീവിതം ദമ്പതികളിൽ ഒരാളുടെ മാത്രം ഉത്തരവാദിത്തവും കടമയുമാണോ? ഒരിക്കലുമല്ല. രണ്ടുപേരും ഒരുപോലെ, ഒരേ ദിശയിലേക്ക് സഞ്ചരിച്ചാൽ മാത്രമേ അവിടെ പൂർണ്ണതയുണ്ടാകുകയുള്ളൂ. വ്യത്യസ്തമായ രണ്ട് അഭിലാഷങ്ങളിൽ നിന്നും സ്വഭാവപ്രത്യേകതകളിൽ നിന്നും വന്ന് ഒരാഗ്രഹവും ഒരു ചിന്തയുമായി തീരുമ്പോഴാണ് അവിടെ കുടുംബജീവിതം വിജയിക്കുന്നത്. ശ്രമവും ആത്മസമർപ്പണവും ജാഗ്രതയും ഉണ്ടെങ്കിൽ മാത്രമേ വിവാഹജീവിതം സാഫല്യം കൈവരിക്കുകയുള്ളൂ.
വിവാഹജീവിതത്തിൽ അത്യാവശ്യം വേണ്ട ഗുണമാണ് സ്നേഹം. സ്നേഹമാണ് കുടുംബ ജീവിതത്തെ വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത്. എന്നാൽ ഇവയ്ക്കൊപ്പം മറ്റ് ചില ഘടകങ്ങൾ കൂടി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ദമ്പതികൾ പരസ്പരം ദയ കാണിക്കണം. ദയവുള്ളവരുമായിരിക്കണം. ഉള്ളിൽ സ്നേഹമുണ്ടായതുകൊണ്ട് മാത്രമായില്ല സ്നേഹം പ്രകടിപ്പിക്കാനും അറിഞ്ഞിരിക്കണം എന്ന് പറയുന്നതുപോലെ സ്നേഹം ഉണ്ടായതുകൊണ്ട് മാത്രമായില്ല ദയവും ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ജോലി കഴിഞ്ഞ് വൈകുന്നേരം ക്ഷീണിച്ച് വരുന്ന ജീവിതപങ്കാളിയെ പുഞ്ചിരിയോടെയും കാരുണ്യത്തോടെയും വാതിൽക്കൽ നിന്നേ സ്വീകരിക്കാൻ ശ്രമിക്കുക. ജോലി കഴിഞ്ഞ് ക്ഷീണിച്ചുവരുന്ന ജീവിതപങ്കാളിക്ക് താൻ അവിടെ വിലപ്പെട്ടവനാണെന്ന തോന്നൽ ഉള്ളിൽ രൂപപ്പെടാൻ കാരണമാകും. അതുപോലെ വീട്ടിൽ ജോലി ചെയ്ത് ക്ഷീണിച്ച ജീവിതപങ്കാളിയോട് കാരുണ്യപൂർവ്വം ഇടപെടുകയും വേണം. ഒരാൾ മാത്രം കരുണ കാണിക്കാനും ഒരാൾ മാത്രം കരുണ സ്വീകരിക്കാനും എന്ന മട്ടിലുള്ള അവകാശവാദങ്ങളൊന്നും വേണ്ട. രണ്ടുപേർക്കും ഇത് ആവശ്യമാണ്.
എളിമയാണ് യഥാർത്ഥ പുണ്യം. എളിമയില്ലെങ്കിൽ അവിടെ പുണ്യമുണ്ടായിരിക്കുകയില്ല. അഹങ്കാരവും തന്നിഷ്ടവുമാണ് വിവാഹജീവിതത്തിലെ അർബുദങ്ങൾ. അഹങ്കാരം കുടുംബജീവിതത്തിലെ സ്നേഹത്തെ കൊല്ലുന്നു. അഹങ്കാരിയായജീവിതപങ്കാളി എപ്പോഴും തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. താൻ പറഞ്ഞത് മാത്രമാണ് അയാളുടെ ശരി. അയാൾക്ക് തന്റെ വികാരങ്ങളാണ് മുഖ്യം. തന്നിൽ നിന്ന് ശ്രദ്ധ കുറഞ്ഞുപോകുന്നതോ താൻ കുറ്റപ്പെടുത്തപ്പെടുന്നതോ അയാൾക്ക് സഹിക്കാൻ കഴിയില്ല. അഹങ്കാരമാണ് കുടുംബജീവിതത്തെ തകർക്കുന്ന പ്രധാനപ്പെട്ട വില്ലൻ. എളിമയുണ്ടെങ്കിൽ മാത്രമേ പരസ്പരം ക്ഷമിക്കാനും സഹിക്കാനും മറക്കാനും വീണ്ടും സനേഹിക്കാനും കഴിയൂ. ഒരു വാഗ്വാദത്തിന് ശേഷം വീണ്ടും പഴയതുപോലെ സ്‌നേഹിക്കാനോ ഇടപഴകാനോ സാധിക്കാത്തത് അവിടെ ദമ്പതികൾക്കിടയിൽ അഹങ്കാരം കൂടുകൂട്ടിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.
കുടുംബജീവിതത്തിൽ ലഭിക്കുന്നതിനെയെല്ലാം സ്വയം അളന്നുനോക്കുന്ന ചില ദമ്പതികളുണ്ട്. എനിക്കെന്താണ് കിട്ടിയത് അത് ഞാൻ തിരിച്ചുനല്കും. നീ എനിക്ക് നല്കിയോ ഞാൻ തിരിച്ചു നല്കും. ഇത് നിന്റേത്, ഇത് എന്റേത് ഇതാണ് ചിലരുടെ മട്ട്. ഇത്തരം ചിന്തകളെ ഒഴിവാക്കുക തന്നെ വേണം. സ്വാർത്ഥതയ്ക്ക് കുടുംബജീവിതത്തിൽ സ്ഥാനമില്ല. സ്വയം മറന്നും മറ്റെയാളെ സേവിക്കാനുള്ളതാണ് കുടുംബജീവിതം. നല്കുന്നത് വ്യവസ്ഥകളില്ലാതെയായിരിക്കട്ടെ, അളന്നുനോക്കാതെ സ്നേഹവും സന്തോഷവും നല്കുക. പങ്കാളി ചിലപ്പോൾ ഓരോ ദിവസവും നമ്മിൽ നിന്ന് പലതും ചെയ്തുകിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും.