ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?

ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പലപ്പോഴും ജീവിതം വിരസമാകുകയും ജോലി മടുക്കുകയും ചെയ്‌തേക്കാം. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍, അടുത്തദിവസത്തെ ഉന്മേഷത്തോടെ  സ്വീകരിക്കാന്‍ എന്തെങ്കിലും എളുപ്പവഴികളുണ്ടോ?

ഓരോ ദിവസത്തെയും വിശേഷങ്ങള്‍ ഡയറിയില്‍ എഴുതുക എന്നതാണ് അതിലൊരു എളുപ്പവഴി. ആ ദിവസം ബോസില്‍ നിന്ന് കിട്ടിയ ശകാരം, സഹപ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ അവഗണന, അപ്പോഴൊക്കെ മനസ്സില്‍ തോന്നിയ ദേഷ്യം, അടക്കിനിര്‍ത്തിയ അമര്‍ഷം എല്ലാം തുറന്നെഴുതുക, ആ ഡയറിയിലേക്ക്. ഒരു തെറാപ്പിയുടെ ഫലം ചെയ്യും ഇത്തരം ഡയറിയെഴുത്തുകള്‍. മനസ്സിലെ സ്‌ട്രെസും സങ്കടവും എല്ലാം എഴുതിവയ്ക്കുമ്പോഴേയ്്ക്കും അകന്നുപോകും.

പുറത്തുപോകുക
ഓഫീസ് ജോലി കഴിഞ്ഞ് വെറുതെ  പുറത്തേക്ക് പോകുക. പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെ നടക്കുക. ഇനി അധികദൂരം പുറത്തേക്ക് പോകാന്‍ കഴിയില്ലെങ്കിലോ നടക്കാന്‍ സാധിക്കില്ല എങ്കിലോ മുറ്റത്തോ ബാല്‍ക്കണിയിലോ ഇറങ്ങിനിന്ന് പ്രകൃതിയെ കാണുക. മാനസികമായ സന്തോഷവും ഊര്‍ജ്ജവും തിരികെയെടുക്കാനും ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകും.

ചൂടുവെള്ളത്തിലുള്ള കുളി, പാട്ടുകേള്‍ക്കല്‍ എന്നിവയും നല്ലതുതന്നെ. കുളിക്കുമ്പോള്‍ സെന്റ് ഒന്നുരണ്ടു തുള്ളി ചേര്‍ക്കുന്നത് നല്ലതാണ് അതുപോലെ നല്ല പുസ്തകം വായിക്കുക.. ഇതൊക്കെ ചെയ്തുകഴിയുമ്പോള്‍ മൈന്റ്‌സെറ്റ് മാറിക്കോളൂം.നിരാശതയും മടുപ്പും മാറും. സുഹൃത്തുക്കളുമായി സമയം ചെലവിടുകയാണ് മറ്റൊന്ന്. അടുത്തുള്ള സുഹൃത്താണെങ്കില്‍ അവിടെ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഫോണ്‍വിളിക്കുകയോ മറ്റോ ചെയ്യുക. മനസ്സ് തുറന്ന് സംസാരിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ മനസ്സിലെ പാതി സമ്മര്‍ദ്ദങ്ങളും ഒഴിവായിക്കോളും. എന്താ ഇനി ഇതൊക്കെ ഒന്ന് ശ്രമിച്ചുനോക്കുന്നോ?

error: Content is protected !!