ഓര്‍മ്മകളെ പൂരിപ്പിക്കുന്ന ചിത്രമാണ് 96. വിട്ടുപോയ ഓര്‍മ്മകളെയും നഷ്ടമായ പ്രണയങ്ങളെയും മറവിയുടെ ജാലകത്തിരശ്ശീലകള്‍നീക്കി അത് പുറത്തേക്ക് കൊണ്ടുവരികയും കൂടെ നടക്കാന്‍ പ്രേരണ നല്കുകയും ചെയ്യുന്നു. ഒരിക്കലെങ്കിലും ഏതെങ്കിലും പ്രണയങ്ങളെ ഉള്ളില്‍കൊണ്ടു നടക്കുകയും എന്നാല്‍ ഒരിക്കലും തുറന്നുപറയാന്‍ കഴിയാതെ വരികയോ സാക്ഷാത്കരിക്കാതെ പോകുകയോ ചെയ്ത പ്രണയസ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളവര്‍ക്ക് ഈ ചിത്രം തങ്ങളുടെ പ്രണയോര്‍മ്മകളുടെ വീണ്ടെടുപ്പിന്റെ ചിത്രമാകുന്നു.
വിജയ് സേതുപതി-തൃഷ ടീമിന്റെ തമിഴ് ചിത്രമാണ് 96. (ഏറെ നാളുകള്‍ക്ക് ശേഷം തീയറ്ററില്‍ പോയി കാണുന്ന തമിഴ്ചിത്രം) 96 ബാച്ചിലെ പത്താംക്ലാസ് സഹപാഠികള്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചുകണ്ടുമുട്ടുന്നതാണ് ഇതിവൃത്തം അതിനിടയില്‍ നായകനായ രാമചന്ദ്രനും നായികയായ ജാനകിയും തമ്മിലുള്ള പ്രണയത്തിന്റെ നിമിഷങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാനകിയുള്‍പ്പടെ എല്ലാവരും ജീവിതത്തിന്റെ അനിവാര്യമായ മറ്റ് ഘട്ടങ്ങളിലേക്ക്- വിവാഹം, മക്കള്‍- പ്രവേശിച്ചിട്ടും രാമചന്ദ്രന്‍ മാത്രം ഇന്നും ഏകാകിയായി കഴിയുന്നു. രാമചന്ദ്രന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ജാനകിയെ വിട്ടുപിരിഞ്ഞിടത്ത് തന്നെ നില്ക്കുകയാണ് അവന്റെ ജീവിതം.
രാമച്രന്ദന്റെ ജീവിതത്തിലെ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും കാരണം അന്വേഷിച്ചുപോകുന്നിടത്താണ് അവന് സ്‌കൂള്‍ കാലയളവില്‍ മുതല്‍ ജാനകിയോടുണ്ടായിരുന്ന പ്രണയത്തിന്റെ- അവള്‍ക്ക് അവനോടും- കഥകള്‍ മനസ്സിലാവുന്നത്. ഇരുവര്‍ക്കും പരസ്പരം പ്രണയമുണ്ടായിരുന്നിട്ടും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അവരില്‍ നിന്ന് തന്നെ അത് മറയ്ക്കപ്പെട്ടു കിടന്നിരുന്നു., ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന് തങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്തെന്ന് ഇരുവരും മനസ്സിലാക്കുന്നത്. അപ്പോള്‍ തനിച്ചിരുന്ന് കരയാന്‍ മാത്രമേ ജാനകിക്കായുള്ളൂ. രാമചന്ദ്രനാവട്ടെ അതുപോലും കഴിയുന്നുമില്ല.
പൊരുതിവാങ്ങുകയും ആരെയെങ്കിലുമൊക്കെ വേദനിപ്പിച്ച് സ്വന്തമാക്കുകയും ചെയ്ത പ്രണയങ്ങളെക്കാള്‍ സുന്ദരവും അവിസ്മരണീയവുമാകുന്നത് ആരെയും മുറിപ്പെടുത്താത്ത പ്രണയങ്ങളാണ് എന്നാണ് 96 പറയുന്നത്. വിജയിക്കുന്നവനാണ് നായകനെങ്കില്‍ ഈ സിനിമയിലെ രാമചന്ദ്രന്‍ പരാജയപ്പെടുന്നവനാണ്. ഒരിക്കലും തന്റെ പ്രണയത്തിന് വേണ്ടി രക്തം ചിന്താത്തവന്‍. സ്വപ്നങ്ങളില്‍ പോലും വര്‍ണ്ണവസ്ത്രങ്ങളുടുത്തു നായികയോടൊത്ത് ഡ്യയറ്റ് പാടാത്തവന്‍. ഒരു ചെറുവിരല്‍ കൊണ്ടുപോലും പ്രണയപൂര്‍വ്വം അവളെ സ്പര്‍ശിക്കാത്തവന്‍. പ്രണയനായകസങ്കല്പങ്ങളെയും വാണിജ്യസിനിമകളില്‍ അവിഭാജ്യമായ നായകമസാലകളെയും തോല്പിച്ചുകൊണ്ടാണ് രാമചന്ദ്രന്‍ മുന്നോട്ടുപോകുന്നത്.
വ്യത്യസ്തമായ ലൊക്കേഷനുകളില്ല. മിനിറ്റിന് മിനിറ്റിനുളള കോസ്റ്റ്യൂം ചെയ്ഞ്ചില്ല. ചിത്രത്തിന്‍റെ സിംഹഭാഗവും രണ്ടുപേര്‍ മാത്രം. അതും ഒരേ ഡ്രസില്‍..
വിജയ്‌സേതുപതി ഇതില്‍ താരമല്ല വെറും നടന്‍ മാത്രമാണ്. മണ്ണില്‍ ചവുട്ടിയുറപ്പിച്ചുനില്ക്കുന്ന നടന്‍. സാധാരണക്കാരനായ ഒരു മനുഷ്യന്റെ എല്ലാവിധ വികാരവിചാരങ്ങളുമുള്ളവന്‍. സ്നേഹിക്കുന്ന പെണ്ണിന്‍റെ മുന്പില്‍ ചങ്കിടിക്കുകയും ദേഹം വിയര്‍ക്കുകയും ചെയ്യുന്നവന്‍. അവളുടെ മകളെ ഫോട്ടോയിലൂടെയെങ്കിലും കാണാന്‍ കൊതിക്കുന്നവന്‍.നീയിപ്പോഴും കന്യകനാണോയെന്ന അവളുടെ ചോദ്യത്തിന് മുന്പില്‍ ലജ്ജിക്കുന്നവന്‍.. തമിഴിന്റെ പതിവു ചേരുവകളെ എത്രയോ യാഥാര്‍ത്ഥ്യത്തോടെയും ധീരതയോടെയുമാണ് ഈ ചിത്രം ബ്രേക്ക് ചെയ്യുന്നത്.
ഇത് ആണിന്റെ പ്രണയത്തെ മഹത്വവല്ക്കരിക്കുന്ന സിനിമ കൂടിയാണ്. ആണിന്റെ പ്രണയം എത്രത്തോളം ശുദ്ധമാണെന്നു പറയുന്ന സിനിമ.. ആദികാലം മുതല്‍ അണ്ഡകടാഹത്തിലെ സകലമാന പുരുഷന്മാരും പ്രണയിക്കുന്ന രീതി ഒരുതരത്തിലാന്നെും അവന്റെ പ്രണയവിചാരങ്ങള്‍ ഒരേപോലെയാണെന്നുമുള്ള ചില സങ്കല്പങ്ങളൊക്കെ നിലവിലുണ്ടല്ലോ. അതായത് സ്ത്രീയെ അവന്‍ പ്രണയിക്കുന്നത് ഉപഭോഗതാല്പര്യത്തോടെയാണെന്നും മറ്റും. അത്തരം അബദ്ധധാരണകളെ എത്ര മനോഹരവും സത്യസന്ധവുമായിട്ടാണ് 96 അവതരിപ്പിച്ചിരിക്കുന്നത്. ഈ ലോകത്തില്‍ ഇങ്ങനെയും ചില ആണ്‍പ്രണയങ്ങളുണ്ടെന്ന് അത് വ്യക്തമാക്കുന്നു. പെണ്ണിന് പ്രേമത്തിന്‍റെ പേരില്‍ ഏകാകിയായി ജീവിക്കാനാവില്ല.സാമൂഹ്യവ്യവസ്ഥകള്‍ അവളെ അത്തരത്തിലുള്ള ചട്ടക്കൂടിലേക്കാണ് നയിക്കുന്നത്. പക്ഷേ പ്രേമം തോന്നുന്ന ആളോടൊപ്പം ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ഇനിയെന്നും ഏകാകിയായി തുടരാനുള്ള സ്വാതന്ത്ര്യമൊക്കെ പുരുഷനുണ്ട്. ആ സ്വാതന്ത്ര്യമാണ് രാമചന്ദ്രന്‍ അനുഭവിക്കുന്നത്.
തേപ്പുകാരുടെയും( പറ്റിച്ചിട്ട് പ്രേമത്തില്‍ കടന്നുകളയുക) പ്രേമത്തിന്റെ പേരില്‍ ദുരഭിമാനകൊലപാതകങ്ങള്‍ നടത്തുന്നവരുടെയും ഇക്കാലത്ത് 96 മുന്നോട്ടുവയ്ക്കുന്ന സന്ദേശം പ്രണയം ആരെയും മുറിപ്പെടുത്തുന്നില്ല, സ്വയം മുറിവേല്ക്കുകയല്ലാതെ എന്നാണ്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ജാനകി പ്രേമപുരസരം പിന്നാലെ ഓടിവന്ന് മഷി കുടഞ്ഞ സൂക്ഷിച്ചുവച്ച വെള്ളഷര്‍ട്ടിനൊപ്പം ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ മഴനനഞ്ഞ ജീന്‍സും ടോപ്പും ഉണക്കി മടക്കിവയ്ക്കുന്ന രാമചന്ദ്രനിലാണ് ചിത്രം അവസാനിക്കുന്നത്. അയാളുടെ ഓര്‍മ്മകളുടെ കാട് പൂത്തുലയുന്നത് ഇനി അങ്ങനെയും കൂടിയാണ്. അയാള്‍ക്കത് മതി. അതിനപ്പുറം അവളെ ഭോഗിക്കണമെന്നോ അവളുടെ ഒപ്പം ജീവിക്കണമെന്നോ അവനാഗ്രഹമില്ല. തന്റെ മകളുടെ നല്ല അച്ഛനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് രാമചന്ദ്രനൊപ്പം ജീവിക്കണമെന്ന് ജാനകിയും ആഗ്രഹിക്കുന്നില്ല. പരസ്പരം ഉടലിനെയും അതിന്റെ ദാഹത്തെയും കുമാരനാശാന്റെ നായികാനായകന്മാരെപോലെ ഉള്ളിലെ പ്രണയം കൊണ്ട് കെടുത്തിക്കളഞ്ഞവരാണിവര്‍.
ഭൂമിയില്‍ ചവുട്ടിനില്ക്കുന്ന ഇത്തരം പ്രണയങ്ങളാണ് നമുക്കിനി ഉണ്ടാവേണ്ടത്. രക്തം ചിന്താത്തതും ആരെയും വേദനിപ്പിക്കാത്തതുമായ, തീവ്രമായ, മാംസനിബദ്ധമല്ലാത്ത പ്രണയങ്ങള്‍. ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ അല്ലെങ്കില്‍ ആര് ആരെയാണ് പ്രണയിക്കാത്തതായുളളത്? പ്രണയത്തിന്റെ പൊട്ടും പൊടിയും ഏതൊരാളുടെ ഓര്‍മ്മകളുടെ ഭണ്ഡാഗാരത്തിലാണ് ഇല്ലാതെയുള്ളത്? പ്രണയിച്ചു വിജയിച്ചവരെക്കാള്‍ പ്രണയിച്ചു നഷ്ടപ്പെട്ടവരാണ് ഈ ചിത്രത്തെ നെഞ്ചിലേറ്റുന്നത്. അവര്‍ക്കറിയാം പ്രണയത്തിന്‍റെ വില എന്താണെന്ന്.
അനുബന്ധം: വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില കഥകള്‍ അവിചാരിതമായി വെള്ളിത്തിരയില്‍ കാണുമ്പോഴുണ്ടാകുന്ന നടുക്കവും അത്ഭുതവുമാണ് വ്യക്തിപരമായി 96 നല്കിയത്. പക്ഷേ ആരോടും പങ്കുവയ്ക്കുകയോ എവിടെയെങ്കിലും എഴുതുകയോ ചെയ്യാത്തതായതുകൊണ്ട് കഥ മോഷണം പോയി എന്ന് അവകാശപ്പെടാനാവില്ല. പക്ഷേ ഒരുകാര്യംമനസ്സിലായി. വിദൂരദേശങ്ങളില്‍ ആയിരുന്നാലും ഭിന്നഭാഷകളിലും എവിടെയൊക്കെയോ ആരൊക്കെയോ ഒരുപോലെ ചിന്തിക്കുന്നുണ്ട്. ഒരേ ചിന്താതരംഗങ്ങള്‍ അവരെ ഒരേ കഥയുടെ അവകാശികളുമാക്കിത്തീര്‍ക്കുന്നു. അങ്ങനെ ഈ സിനിമയുടെ കഥ എന്‍റേതുമാണ്.
വിനായക് നിര്‍മ്മല്‍