നാട്ടിന്‍പ്പുറം നന്മകളാല്‍ സമൃദ്ധം എന്ന് കവി പാടിയിട്ടുണ്ട്. അത് പണ്ടത്തെ കാര്യം. ഇന്ന് ആ നാട്ടിന്‍പ്പുറം അത്ര മേല്‍ നന്മകളാല്‍ സമൃദ്ധമല്ല എന്നു തന്നെയാണ് അമല്‍ നീരദ്- ഫഹദ് ഫാസില്‍ ചിത്രമായ വരത്തന്‍ പറയുന്നത്. ഒരു പക്ഷേ നഗരജീവിതത്തില്‍ കാണുന്നതിലേറെ സ്വാര്‍ത്ഥതകളും തിന്മകളും സംഘര്‍ഷങ്ങളും മാലിന്യങ്ങളും ഗ്രാമജീവിതത്തിലായിരിക്കും ഉള്ളതും.
ദുബായിയില്‍ നിന്ന് ഒരുപ്രത്യേക സാഹചര്യത്തില്‍ ഹില്‍ സ്റ്റേഷനിലുള്ള പൈതൃക സ്വത്തായ വീട്ടിലേക്ക് താമസത്തിനെത്തുന്ന എബിയുടെയും പ്രിയയുടെയും കഥയാണ് ചിത്രം പറയുന്നത്. മോഡേണ്‍ ലുക്കിലുള്ള വേഷവിധാനങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ദമ്പതികളെ കാണുമ്പോഴും മറച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്ത രീതിയില്‍ അവരുടെ സ്‌നേഹപ്രകടനങ്ങള്‍ കാണുമ്പോഴും ആദ്യമാത്രയില്‍ തന്നെ നാട്ടിന്‍പ്പുറത്തെ പഞ്ചാരകുട്ടന്മാര്‍ക്ക് കുരു പൊട്ടിത്തുടങ്ങുന്നു. ഏതു നാട്ടിന്‍പ്പുറത്തും എത്ര പ്രായം ചെന്നാലും കണ്ടുമുട്ടാന്‍ കഴിയുന്ന വിധത്തിലുള്ള കഥാപാത്രമാണ് കൊച്ചുപ്രേമന്റേത്. വരയന്‍ പുലിക്ക് അതിന്റെ വരയും എത്യോപ്യക്കാരന് അതിന്റെ നിറവും മാറ്റാന്‍ കഴിയാത്തതുപോലെ വാര്‍ദ്ധക്യത്തോട് അടുക്കുമ്പോഴും പെണ്ണിനെ കാണുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിറയുന്നത് ആസക്തിയും വന്യതയും തന്നെ.
പ്രിയയുടെ അമ്മയെ ചെറുപ്പത്തില്‍ വായില്‍ നോക്കിയ അതേ നോട്ടം തന്നെയാണ് അയാള്‍ പ്രിയയെയും നോക്കുന്നത്. സദാചാരപ്പോലീസ് ചമയുന്ന പലരും യഥാര്‍ത്ഥജീവിതത്തില്‍ അസന്മാര്‍ഗികളും താന്തോന്നികളുമാണെന്ന് മനോഹരമായി പറഞ്ഞുവയ്ക്കുന്ന അപ്രധാനമെന്ന് തോന്നാവുന്ന ഒരു രംഗം കൂടിയുണ്ട് വരത്തനില്‍.
അന്യനാട്ടില്‍ ബന്ധുക്കളോ അടുത്ത പരിചയക്കാരോ ഇല്ലാതെ ഭാര്യയുമൊത്ത് താമസിക്കേണ്ടിവരുന്ന അതിമാനുഷികരല്ലാത്ത ഭര്‍ത്താക്കന്മാരുടെ കഥയാണ് വരത്തന്‍ എന്നും പറയാം. ചങ്കിടിപ്പോടെ മാത്രമേ ആ ഭര്‍ത്താക്കന്മാര്‍ക്ക് ഈ ചിത്രം കണ്ടിരിക്കാന്‍ കഴിയൂ. കാരണം ഇത് അവരുടെ നിസ്സഹായതയെ അടയാളപ്പെടുത്തുന്നുണ്ട്.
ഭാര്യയുടെ അലക്കിയിട്ടിരുന്ന അടിവസ്ത്രങ്ങള്‍ കാണാതെ പോകുമ്പോഴും കുളിമുറിയില്‍ മൊബൈല്‍ കണ്ടെത്തുമ്പോഴും അതിനെ നിസ്സഹായത കൊണ്ടാണെങ്കിലും വേറൊരു രീതിയില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് എബി. എന്തിനേറെ,, കുറ്റക്കാരെന്ന് പ്രിയ ആരോപിക്കുന്നവരുടെ അടുക്കല്‍ ചെന്ന് വാറ്റുചാരായംപോലും അയാള്‍ കുടിക്കുന്നുണ്ട്. അതോടെയാണ് ഭര്‍ത്താവിലുള്ള വിശ്വാസവും അയാള്‍ തനിക്ക് നല്കുമെന്ന് കരുതുന്ന സുരക്ഷിതത്വവും പ്രിയയില്‍ നിന്ന് ഇല്ലാതാകുന്നത്. പപ്പയുണ്ടായിരുന്നുവെങ്കില്‍ എനിക്ക് ഇങ്ങനെയൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു വെന്ന് അവള്‍ പറയുമ്പോള്‍ ഏതൊരു ഭാര്യയും ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അപ്പനടുത്ത സുരക്ഷിതത്വവും സംരക്ഷണവും കൂടിയാണെന്ന് വ്യക്തമാകുന്നു.
എതിരാളികള്‍ ഒരുക്കിയ ഒരു അപകടത്തില്‍ പെട്ട് പരിക്ക് പറ്റുന്നതോടെ പ്രിയയ്ക്ക് ഭര്‍ത്താവിനോടുള്ള അകല്‍ച്ച പൂര്‍ണ്ണമാകുന്നു. സ്വന്തം വീട്ടില്‍ സ്വസ്ഥമായി ബാത്ത് റൂമില്‍ പോലും പോകാന്‍ കഴിയാതെവരുന്നതോര്‍ത്തുള്ള അവളുടെ ചോദ്യങ്ങള്‍ തികച്ചും ന്യായവുമാണ്. തന്നെ തനിച്ചുവിട്ടേക്കാന്‍ പറഞ്ഞ് വാതില്‍ വലിച്ചടച്ച് പ്രിയ അകത്തിരിക്കുമ്പോള്‍ പുറത്തിറങ്ങി പൊട്ടിക്കരയുന്ന എബി മലയാള സിനിമ കണ്ടിട്ടില്ലാത്തവിധം നിസ്സഹായനായ ഭര്‍ത്താവിന്റെ പുതിയ മുഖമാണ് കാഴ്ചവച്ചത്.
അതുവരെ സ്വഭാവികമായി മുന്നോട്ടുപോയിരുന്ന കഥാഗതിയില്‍ പിന്നീട് പെട്ടെന്ന് മറ്റ് ചിലത് സംഭവിക്കുന്നു. അതോടെ ചിത്രത്തിന്റെ അവസാനത്തെ ഇരുപത് മിനിറ്റ് സംഘര്‍ഷഭരിതമാകുന്നു. ഇടവേളയ്ക്ക് ശേഷമെന്നും മുമ്പെന്നും പറഞ്ഞുതിരിക്കാന്‍ കഴിയുന്നതുപോലെ അവസാനത്തെ ഇരുപത് മിനിറ്റ് ശരിക്കും അമല്‍ നീരദ് സിനിമയായി രൂപാന്തരപ്പെടുന്നു. നായകന്‍ വിജയിയും വീരനും ശൂരനും ആകണമെന്നുമുളള പരമ്പരാഗത സങ്കല്പങ്ങളെ പിന്തുടര്‍ന്നുകൊണ്ടാണ് അത് തയ്യാറാക്കിയിരിക്കുന്നതും. ഇങ്ങനെയൊരു സിനിമയില്‍ അത് വേണമല്ലോ. കാരണം ഭാര്യയുടെ മാനത്തിന് വില പറയാന്‍ മുതലാളിത്തനീക്കം ഗുണ്ടകളുടെ പിന്തുണയോടെ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഭര്‍ത്താവെന്ന നിലയില്‍ എബി ബാധ്യസ്ഥനാണ്.
അതുകൊണ്ടാണ് പുതിയ തലമുറയ്ക്ക് ചിത്രത്തിന്റെ അവസാനഭാഗങ്ങള്‍ ഏറെ ഇഷ്ടമായത് എന്ന് പറയുന്നത്. അതാവട്ടെ സാങ്കേതികവൈദഗ്ദ്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്.
തോക്കിന്‍മുകളില്‍ കയറിയിരിക്കുന്നത് പാറ്റയാണെങ്കിലും അതിനെയും ചവിട്ടിയരയ്ക്കണമെന്നാണ് ചിത്രം നല്കുന്ന സന്ദേശം. ശരിയാണ് നിസ്സാര ജീവി തന്നെയാണ് പാറ്റ. എന്നാല്‍ അതിനെയും വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നമ്മുക്ക് സ്വന്തമായുള്ളതിനെ നശിപ്പിച്ചേക്കും എന്ന മുന്നറിയിപ്പ് ചിത്രം നല്കുന്നുണ്ട്.
അപ്രധാനമെന്ന് തോന്നുന്ന തുടക്കത്തില്‍ പ്രിയ നടത്തുന്ന പാറ്റ നശീകരണം ചിത്രാന്ത്യത്തില്‍ എബി നിര്‍വഹിക്കുന്നതോടെയാണ് വരത്തന്‍ പൂര്‍ണ്ണമാകുന്നത്. വെറും സാധാരണമായ ഒരു കഥയെ സാധാരണരീതിയില്‍ അതിസ്വഭാവികതയോടെ അവതരിപ്പിച്ച് അവസാനം അതിനെ സംഘര്‍ഷാവസ്ഥയില്‍ എത്തിക്കുന്ന പുതിയ കാലത്തിന്റെ ചിത്രമാണ് വരത്തന്‍.
സമാനമായ പല കഥകളും സിനിമ കാണുമ്പോള്‍ നമുക്കോര്‍മ്മ വരും. പക്ഷേ അത്തരം കഥകളെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ അമല്‍നീരദിന് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.പല ചിത്രങ്ങളിലും കാണിക്കുന്നതുപോലെയുള്ള സ്ലോമോഷന്‍ ഹാങ്ങോവര്‍ അമല്‍ നീരദിനെ ഈ ചിത്രത്തില്‍ നിന്നും വിട്ടുപോകുന്നില്ല.