Still Alive

Date:

spot_img
ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തുതീർക്കാവുന്നതിലും ഏറെ കാര്യങ്ങൾ ചെയ്തു തീർത്തതുകൊണ്ടാവാം ഇരുപത്തിയൊന്നാം വയസിൽ മരണമടഞ്ഞപ്പോൾ ക്ലെയർ വിനിലാൻഡ് (Claire Wineland) തീർത്തും ശാന്തയായിരുന്നു. ഭൂമി വിട്ടുപിരിയുന്നതിന്റെ സങ്കടങ്ങളോ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചുപോകുന്നതിന്റെ നഷ്ടബോധമോ  അവൾക്കുണ്ടായിരുന്നില്ല. പക്ഷേ അവളെ സ്നേഹിക്കുന്നവർക്കെല്ലാം ആ മരണം വലിയൊരു ആഘാതമായിരുന്നു. 2018 സെപ്തംബർ രണ്ടിന്  ക്ലെയർ കടന്നുപോയപ്പോൾ അവരുടെ ജീവിതങ്ങളിൽ അപ്രതീക്ഷിതമായി ഇരുട്ടു നിറഞ്ഞതുപോലെയുള്ള അനുഭവമുണ്ടായി. സ്വയം മറന്നുള്ള ജീവിതമായിരുന്നു ക്ലെയറിന്റേത്. മറ്റുള്ളവർക്കുവേണ്ടിയുള്ള ജീവിതത്തിനിടയിൽ തനിക്ക് എന്തെങ്കിലും രോഗമുള്ളതായി പോലും അവൾ ഭാവിച്ചില്ല. മോട്ടിവേഷനൽ സ്പീക്കർ കൂടിയായിരുന്ന അവൾ  തന്റെയുള്ളിലെ വെളിച്ചം മറ്റുള്ളവർക്കും പകർന്നുനല്കി.
 വെറും പതിമൂന്നു വയസ് പ്രായമുള്ളപ്പോഴാണ് അവൾ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ക്ലെയേഴ്സ് പ്ലെയ്സ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. മാരകമായ രോഗങ്ങൾക്ക് വിധേയരായ യുവജനങ്ങളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. തന്റെ തന്നെ രോഗാവസ്ഥയായിരുന്നു  ഫൗണ്ടേഷന്റെ സ്ഥാപനത്തിന് അവളെ പ്രേരിപ്പിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് (Cystic Fibrosis) എന്ന രോഗമായിരുന്നു അവളുടേത്.
ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്. ശ്വാസകോശത്തെയും ദഹനേന്ദ്രിയങ്ങളെയും ബാധിക്കുന്ന ഈ രോഗം ജീവന് തന്നെ ഭീഷണിയാണ്. ശ്വാസതടസവും തുടർച്ചയായി ശ്വാസകോശത്തെ ബാധിക്കുന്ന ഇൻഫെക്ഷനും  ചേർന്ന് രോഗിയുടെ ജീവിതത്തെ താറുമാറാക്കാൻ വളരെയെളുപ്പം ഈ രോഗത്തിനു കഴിയുന്നു. എന്നാൽ ഇതൊന്നും ക്ലെയറിനെ തളർത്തിയില്ല എന്നതാണ് വാസ്തവം.
അസാമാന്യമായ നർമ്മബോധം കൊണ്ടും ജ്ഞാനം കൊണ്ടും സോഷ്യൽ മീഡിയായിൽ പതിനായിരങ്ങളുടെ ഹൃദയം കവർന്ന ഒരു ആക്ടിവിസ്റ്റു കൂടിയായിരുന്നു. എവിടെയും സൗന്ദര്യം കാണുക എന്നതായിരുന്നു അവളുടെ ജീവിതദർശനം. അതുകൊണ്ടാണ് രോഗത്തെ ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കാതെ  അനുവദിച്ചിരിക്കുന്ന സമയം ഫലപ്രദമായും സന്തോഷപ്രദമായും ചെലവഴിക്കാൻ അവൾക്ക് സാധിച്ചത്.
ഓഗസ്റ്റ് 26 ന്  ലങ് ട്രാൻസ്പ്ലാന്റിന്റെ കാര്യം ട്വിറ്ററിലൂടെ അവൾ അറിയിക്കുകയുണ്ടായി. ശുഭമായി എല്ലാം അവസാനിക്കും എന്നതിന്റെ സൂചന ആ ട്വീറ്റിലുണ്ടായിരുന്നു. എല്ലാവരും അങ്ങനെയാണ് കരുതിയതും. ഓപ്പറേഷൻ തുടക്കത്തിൽ വിജയകരമായിരുന്നു. പക്ഷേ അതിനിടയിൽ സ്ട്രോക്ക് വന്നു. ബ്ലഡ് കട്ട പിടിച്ചു. അങ്ങനെ സെപ്തംബർ രണ്ടിന് ക്ലെയർ ഈ ലോകത്ത്നിന്ന് യാത്രയായി. വേദന അറിയാതെയുള്ള സ്വച്ഛവും ശാന്തവുമായ മരണം. പ്രിയപ്പെട്ട മാതാപിതാക്കൾ കട്ടിലിന്റെ ഇരുവശങ്ങളിൽ നിലയുറപ്പിച്ചിട്ടുമുണ്ടായിരുന്നു. അവരുടെ മിഴിനീരിന്റെ തിളക്കത്തിലൂടെ ക്ലെയർ നിത്യതയിലേക്ക് കണ്ണടച്ചു. അവളെ സ്നേഹിക്കുന്നവരുടെയെല്ലാം മനസ്സിൽ മായാത്ത ഓർമ്മകളും ഉണങ്ങാത്ത മുറിവുകളും സമ്മാനിച്ചുകൊണ്ട്… സ്വയം എരിയുമ്പോഴും മറ്റുള്ളവർക്ക് വെളിച്ചം പകർന്ന ഈ പെൺകുട്ടി ശരിക്കും പ്രകാശം പരത്തുന്നവളായിരുന്നു.

More like this
Related

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ...

ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ...
error: Content is protected !!