വീട്ടുകാവലിനൊപ്പം തന്നെ അലങ്കാരത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി മാറികൊണ്ടിരിക്കുകയാണ് വളര്‍ത്തുനായ്ക്കള്‍. വളര്‍ത്തുനായ്ക്കള്‍ ഒരു നല്ല വരുമാനമാര്‍ഗ്ഗമായി കാണുന്നവരുമുണ്ട്. വര്‍ഗ്ഗശുദ്ധിയുള്ള നല്ലയിനം നായ്ക്കളെ വളര്‍ത്തിഅവയുടെ പ്രജനനം/ബ്രീഡിംങ് വഴി ലഭിക്കുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്നതിലൂടെ നല്ല വരുമാനം ഉണ്ടാക്കുവാനും സാധിക്കുന്നു. ചിലര്‍ക്ക് സങ്കരയിനത്തിനേയോ അല്ലെങ്കില്‍ നാടന്‍ ഇനത്തില്‍ പെട്ടവയോ ആണ് താല്‍പര്യം. രോഗപ്രതിരോധശേഷി ഈ ഇനത്തിന് കൂടുതല്‍ ആയിരിക്കുമെന്നതാണ് ഇവയുടെ ആകര്‍ഷണം. എങ്ങനെയുള്ളതാണെങ്കിലും നല്ലൊരു സ്ഥാനം നമ്മുടെ കുടുംബങ്ങളില്‍ വളര്‍ത്തുനായക്കള്‍ നേടിക്കഴിഞ്ഞു.
നായയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഏതു ഇനം നായയെ ആണ് നിങ്ങള്‍ക്ക് ആവശ്യമെന്നത് ആദ്യം തീരുമാനിക്കുക. ഉദാ: വര്‍ഗശുദ്ധിയുളള ഇനം, സങ്കരഇനം, നാടന്‍.
നായയുടെ ശരീരഭാരം അനുസരിച്ച് വര്‍ഗ്ഗ ശുദ്ധിയുള്ള ഇനത്തെ 3 ആയി തരം തിരിച്ചിരിക്കുന്നു.
- ചെറിയ ബ്രീഡ് ഉദാ: ഷിമാറ്റ്സൂ, പൂഡില്‍, ലാസാപ്സോ
- ഇടത്തരം : കോക്കര്‍ സ്പാനിയല്‍, ഡാഷണ്ട്
- വലുത് : ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രധോര്‍, ധോസര്‍മാന്‍
ഇനത്തെ തിരഞ്ഞെടുക്കുമ്പോള്‍ സ്ഥല സൗകര്യത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ബ്രീഡിനെ തീരുമാനിച്ച ശേഷം നല്ലൊരു കുട്ടിയെ ലഭിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. അടുത്തുള്ള വെറ്റിറിനറി ഡോക്ടറേയും സമീപിക്കുന്നതും അവരുടെ ഉപദേങ്ങള്‍ സ്വീകരിക്കുന്നതും വളരെ ഉപകാര പ്രദമായിരിക്കും. വര്‍ഗ്ഗശുദ്ധിയുള്ള ഇനത്തെയാണ് താല്‍പര്യമെങ്കില്‍ നല്ലൊരു ബ്രീഡറെ തിരഞ്ഞെടുക്കുക, നിങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് എല്ലാ ബ്രീഡ് സവിശേഷതകളുമുണ്ടെന്ന്ഉറപ്പ് വരുത്തുക. 4-6ആഴ്ച പ്രായമാണ് ഏറ്റവും ഉത്തമം. കുട്ടിക്ക് നല്ല തിളക്കമുള്ള കണ്ണുകള്‍ ഉണ്ടായിരിക്കേണ്ടതാണ്. നല്ല ഓമനത്വമുള്ളതും ഊര്‍ജ്ജസ്വലതയുമുള്ള നായ്കുട്ടികളെ വേണം തിരഞ്ഞെടുക്കാന്‍. വയര്‍ചാടിയതും, ക്ഷീണമുള്ളതും മന്ദതയുള്ളവയയെ തിരഞ്ഞെടുക്കരുത്. രോമങ്ങളുടെ തിളക്കം നല്ല ആരോഗ്യമുള്ള നായകുട്ടിയുടെ ലക്ഷണമാണ്. കണ്ണില്‍ നിന്നോ മൂക്കില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സ്രവം ആരോഗ്യത്തിന്റെ ലക്ഷണങ്ങളല്ല. മോണ ഇളം പിങ്ക് നിറമുള്ളതായിരിക്കണം. വിളര്‍ച്ച ആരോഗ്യത്തിന്റെ ലക്ഷണമല്ല. ചെവി വൃത്തിയുള്ളത് ഒരു തരത്തിലുള്ള ദുര്‍ഗന്ധം വമിക്കുന്നതുമായിരിക്കരുത്. ഏതെങ്കിലും ജനന വൈകല്യങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ബ്രീഡിന്റെ സവിശേഷതക്കനുസരിച്ചുള്ള സാമാന്യ ശരീരതൂക്കം ഉണ്ടായിക്കണം. വാല് ഒരു വശത്തേക്ക് വളഞ്ഞതോ ഒടിഞ്ഞതോ ആയിരിക്കരുത്. കാലുകള്‍ പരിശോധിക്കുകയും, വിരലുകള്‍ കൈകാലുകളില്‍ ഒരുപോലെയാണെന്ന് ഉറപ്പ് വരുത്തുകയും വേണം.
ഇങ്ങനെ നല്ല ആരോഗ്യമുള്ള ഓമനത്വമുള്ള നായ്കുട്ടിയെ വാങ്ങിയതിന് ശേഷം അതിനെ വീട്ടില്‍ കൊണ്ട് വന്ന് ഒരു തടിപ്പെട്ടിയില്‍ കൂട് ഒരുക്കാവുന്നതാണ്. തുടക്കത്തില്‍ ദിവസേന 5-6 തവണ ഭക്ഷണം നല്‍കാവുന്നതാണ്. ഭക്ഷണം എളുപ്പം ദഹിക്കാന്‍ പറ്റുന്നവയും ആയിരിക്കണം. അമിതമായി തീറ്റിക്കുന്നത് നല്ലതല്ല.
എങ്ങനെ കൂടൊരുക്കാം
എങ്ങനെ കൂടുരൊക്കാമെന്ന് നിങ്ങള്‍ക്കനുസരിച്ചുള്ള ബ്രീഡ് അനുസരിച്ചിരിക്കും. ഏറ്റവും ശ്രദ്ധിക്കേണ്ടത് കൂടില്‍ നിങ്ങളുടെ നായ്ക്ക് അത്യാവശ്യം ചലിക്കാനുള്ള വിസ്താരം ഉണ്ടായിരിക്കണം. ഉദ്ദേശം 1മീറ്ററെങ്കിലും നിങ്ങളുടെ നായയേക്കാളും നീളം ഉണ്ടായിരിക്കണം. (മൂക്കിന്റെ അഗ്രം തൊട്ട് വാലിന്റെ അറ്റം വരെ) കൂടിന്റെ തറ തടി കൊണ്ടോ മറ്റു വസ്തുക്കള്‍കൊണ്ടോ ആവാം. കൂടി കഴുകിയ വെള്ളം പോകുവാന്‍ ഒന്നോ രണ്ടോ ദ്വാരം കൊടുക്കാന്‍ മറക്കരുത്. വശങ്ങളില്‍ ഗ്രില്ലിടുന്നത് വായു സഞ്ചാരമുണ്ടാക്കാന്‍ നന്നായിരിക്കും. റൂഫില്‍ ടൈലോ അസ്പറ്റോസോ ഇടാം. കൂടിന്റെ ഉയരം നായയുടെ തലയുടെ ഉയരത്തേക്കാളും 1 മീറ്റീര്‍ എങ്കിലും ഉണ്ടാവണം. നല്ല തണലുളള സ്ഥലം വേണം കൂടൊരുക്കുവാന്‍ തെരഞ്ഞെടുക്കേണ്ടത്.
തീറ്റക്രമം
കുട്ടിയെ അമ്മയില്‍ നിന്ന് 6-8 ആഴ്ച പ്രായത്തില്‍ മാറ്റാവുന്നതാണ്. ഈ സമയളവില്‍ അവയുടെ പാല്‍ മാത്രം കുട്ടിക്ക് മതിയാകും. കുട്ടിയെ അമ്മയില്‍ നിന്ന് മാറ്റിയതിനുശേഷം അമ്മയുടെ പാലിനു പകരം പശുവിന്‍ പാല് (250 ml) മുട്ട (1 എണ്ണം) ഗ്ളൂക്കോസ് (1/2 tsp) എന്നിവയുടെ മിശ്രിതം ഇടവിട്ട് കൊടുക്കുന്നതാണ് ഉത്തമം. പശുവിന്‍ പാലിനു പകരം ആട്ടിന്‍ പാലും ആകാം.
അമ്മയില്‍ നിന്ന് മാറ്റി 2-3 ദിവസം കുട്ടി നിര്‍ത്താതെ നല്ല കരച്ചിലായിരിക്കും. അതു അമ്മയില്‍ നിന്ന് പിരിഞ്ഞതിനാലെന്നു മനസ്സിലാക്കണം. അല്ലാതെ വിശപ്പുമൂലമെന്ന് തെറ്റിദ്ധരിച്ച് അമിതമായി തീറ്റുകയാണെങ്കില്‍ ദഹനകേട് വരാനുള്ള സാധ്യതയുണ്ട്.
തീറ്റക്രമം ഇങ്ങനെയാവാം
- 1-2 മാസം 6 പ്രാവശ്യം
- 2-3 മാസം 5 പ്രാവശ്യം
- 3-4 മാസം 4 പ്രാവശ്യം
- 4-5 മാസം 3 പ്രാവശ്യം
- 5-7 മാസം 2 പ്രാവശ്യം
റെസ്ക്, ഫ്രൂട്ട് ജ്യൂസ്, നല്ല ഗുണനിലവാരമുള്ള ഡോഗ് ബിസ്ക്കറ്റ്, മുട്ട, സൂപ്പ്, കഞ്ഞി (ഗോതമ്പ്, റാഗി, സോയബീന്‍ പാലില്‍ വേവിച്ചത്) എന്നിവ 3 മാസം വരെ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്.
എല്ലില്ലാതെ ബീഫ് രണ്ടാം മാസം മുതല്‍ കുറേശ്ശെ കൊടുത്ത് തുടങ്ങാവുന്നതാണ്. ഇറച്ചികടയില്‍ നിന്നോ മാര്‍ക്കറ്റില്‍ നിന്നോ ലഭ്യമാകുന്ന വേസ്ററ് 6 മാസം വരെ ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
ചോറ് ചെറുപ്രായത്തില്‍ തന്നെ കൊടുക്കുന്നത് വയര്‍ ചാടിക്കാന്‍ ഇടയുള്ളത്കൊണ്ട് മൂന്നരമാസം പ്രായം വരയെങ്കിലും അവ കൊടുക്കാതിരിക്കു ന്നതാണ് ഉത്തമം. വലുതായതിന് ശേഷം ദിവസേന ഒരു നേരമെന്ന നിലയില്‍ തീറ്റക്രമം ചിട്ടപ്പെടുത്തേണ്ടതാണ്. രാവിലെ പാലോ, ചായയോ, ഒരു മുട്ടയോ കൊടുക്കാവുന്നതാണ്. പക്ഷെ, പ്രധാന ആഹാരം ഉച്ചയ്ക്ക് നല്‍കുന്നതാണ് രാത്രി നല്‍കുന്നതിനേക്കാളും ഉത്തമം. മുട്ട വേവിച്ചിട്ടുവേണം കൊടുക്കുവാന്‍ അതുപോലെ തന്നെയാണ് മത്സ്യവും, മാംസവും നല്‍കേണ്ടത്. അതുമൂലം ദഹനക്കേടും, മറ്റ് അസ്വസ്തതയും തടയാന്‍ സഹായിക്കും. ആഹാരം തയ്യാറാക്കുമ്പോള്‍ 30 ശതമാനം മാംസം ആയിരിക്കണം. ബാക്കി 60 ശതമാനത്തില്‍ പച്ചക്കറി, മുട്ട, പാല്, ബ്രഡ്, മാംസവും എന്നിവയുടെ മിശ്രിതമാകാം. പച്ചക്കറിയില്‍ കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, പയര്‍ എന്നിവ കൊടുക്കാവുന്നതാണ്. ചിക്കനും, മത്സ്യവും, വേവിച്ച് നല്‍കുമ്പോള്‍ എല്ലും മുള്ളുമൊക്കെ നീക്കി വേണം കൊടുക്കുവാന്‍.
വെജിറ്റേറിയന്‍ നായയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ വെജിറ്റബില്‍ സൂപ്പ്, സോയബീന്‍, ചപ്പാത്തി, ഇഡ്ഡലി എന്നിവ കൊടുക്കാം.
ആഹാരത്തില്‍ വിറ്റമിനും ധാതുലവണ മിശ്രിതവും വളര്‍ച്ചക്ക് അത്യന്ത്യാപേക്ഷിതമായത്കൊണ്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തണം കുട്ടികള്‍ക്കാണ് മുതിര്‍ന്ന നായയേക്കാളും കൂടുതല്‍ അളവില്‍ ആഹാരം വേണ്ടതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന സമീകൃത ഡോഗ് ഫീഡും കൊടുക്കാവുന്നതാണ്. ഓരോ പ്രായക്കാര്‍ക്കുള്ള റെഡിമെയ്ഡ് ഫീഡ് ലഭ്യമാണ്. പക്ഷെ, ഇടയ്ക്ക് ഇടയ്ക്ക് നായയുടെ ആഹാരശീലങ്ങള്‍ മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
ബ്രീഡിംഗ് / പ്രജനനം
പെണ്‍നായ സാധാരണഗതിയില്‍ 6-12 മാസം പ്രയമായത്തനുള്ളില്‍ പ്രായപൂര്‍ത്തിയാകുന്നതാണ്. ചെറിയ ബ്രീഡ് വലിയ ബ്രീഡുകളെ അപേക്ഷിച്ച് നേരത്തെ പ്രായപൂര്‍ത്തിയാകുന്നു. വര്‍ഷത്തില്‍ രണ്ട് ഹീറ്റ് പിരീഡ് ആണ് പെണ്‍ നായക്കുള്ളത്.
ഹീറ്റിന്റെ ലക്ഷണങ്ങള്‍
യോനി മുഖം വീര്‍ക്കുന്നു, മുട്ടയുടെ വെള്ളപോലെ തെളിഞ്ഞ കൊഴുത്ത സ്രാവം കാണുന്നു. അതിനുശേഷം 8-10 ദിവസത്തേക്ക് രക്തസ്രാവം ഉണ്ടാകുന്നു. ഈ സമയത്തൊക്കെ ആണ്‍ നായ്ക്കള്‍ക്ക് പെണ്‍നായയുമായി ആകര്‍ഷണമുണ്ടെങ്കിലും പെണ്‍ നായക്കള്‍ അവയെ ആട്ടിഓടിക്കുന്നു. രക്ത സ്രാവത്തിന് ശേഷം ഇളം പിങ്ക് നിറത്തില്‍ അഥവാ തെളിഞ്ഞ വെള്ളം പോലെയുള്ള സ്രവണം ഉണ്ടാകുന്നു. ഇത് 8-10 ദിവസം വരെ കാണാം. ഈ കാലയളവില്‍ പെണ്‍ നായക്കള്‍ ആണ്‍ നായക്കളെ സ്വീകരിക്കുന്നു. ഈ സമയത്താണ് ക്രോസിംങ്ങിന് ഏറ്റവും യോജിച്ചത്. ഹീറ്റ് പിരീഡ് 21 ദിവസം വരെ നീളുന്നു. 6 മാസത്തിനു ശേഷം ഹീറ്റ് വീണ്ടും ഉണ്ടാവുന്നു.
ക്രോസിങ്ങ്
നിങ്ങളുടെ പെണ്‍നായയെ ഏത് നായയെ കൊണ്ടാണ് ക്രോസ് ചെയ്യിക്കുന്നത് എന്ന് ആദ്യം തീരുമാനിക്കുക. രക്തസ്രാവം കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞതിന് ശേഷമാണ് ക്രോസ ് ചെയ്യിക്കേണ്ടത്. അത് ഏകദേശം ഹീറ്റ് പിരീഡ് തുടങ്ങി 10-13 ദിവസമാകുമ്പോഴാകും. ചെറിയ ബ്രീഡിന് അത് നേരത്തേയും വലുതിന് വൈകിയും ആകാം. പെണ്‍നായയെ ക്രോസ് ചെയ്യാനുള്ള ആണ്‍ നായയുടെ അടുത്ത് കുറച്ചു ദിവസം നേരത്തെ ആകുന്നത് നന്നാവും. പെണ്‍ നായ സഹകരിക്കുന്നുവെങ്കില്‍ ഒരു ദിവസം വ്യത്യാസത്തില്‍ മൂന്ന് പ്രാവശ്യമായി ക്രോസ് ചെയ്യിക്കുന്നതാണ് നല്ലത്. പെണ്‍ നായയുടെ ഗര്‍ഭപാത്രത്തിന്റെ ചില പ്രത്യേകതമൂലം പശുവിലും മറ്റു മൃഗങ്ങളിലും ചെയ്തു വരുന്ന കൃത്രിമ ബീജധാരണം പെണ്‍ നായയില്‍ വിജയകരമല്ല.
ഗര്‍ഭകാലയളവ് പട്ടികളില്‍ 60-63 ദിവസം വരെയാണ്. ആദ്യമാസം സാധാരണ ഭക്ഷണം മതിയെങ്കിലും രണ്ടാം മാസം തുടങ്ങുമ്പോഴേക്കും കൂടുതല്‍ ആഹാരം നല്‍കേണ്ടതാണ്. കരള്‍ വേവിച്ച് 19 gm /1 കിലോ ശരീരതൂക്കം ആഹാരത്തില്‍ കൊടുക്കുന്നത് നല്ലതാണ്. ഈ സമയത്ത് മുട്ട, പാലുദ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ കൊടുക്കുന്നതും നല്ലതാണ്. വിറ്റാമിനും ധാതുലവണ മിശ്രിതവും നിര്‍ബന്ധമായും നല്‍കുക.
ഡിസ്ററമ്പറിനും, ഹെപ്റ്റെറ്റിസിനുമെതിരെ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാം മാസം തുടക്കത്തില്‍ കൊടുക്കുന്നത് കുട്ടികള്‍ക്ക് 6-9 ആഴ്ച വരെ ഈ രോഗങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്നതിന് സഹായിക്കും. അനുയോജ്യമായ വിരമരുന്നും ഈ സമയം കൊടുക്കേണ്ടതാണ്’
പ്രസവം
പ്രസവ സമയത്തിനു മുമ്പ് അസ്വസ്ഥരായി നായ്ക്കല്‍ കാണപ്പെടുന്നു. ഗുഹ്യഭാഗം നീര്‍ച്ചു വീര്‍ക്കുന്നതും മുലകളില്‍ പാല്‍ നിറയുന്നതായി കാണുമ്പോള്‍ പ്രസവസമയം അടുത്തതായി മനസ്സിലാക്കണം.
പ്രസവവേദന തുടങ്ങുമ്പോള്‍ അസാധാരണ സ്വഭാവ വ്യത്യാസം കാണാന്‍ കഴിയുന്നു. വേദനകൊണ്ട് ചിലപ്പോള്‍ പുളയുകയും മുരളുകയും ചെയ്തേക്കാം. ഈ സമയം അത് വെള്ളം കുടിക്കുകയോ തിന്നുകയോ ഇല്ല. ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്ന് ശക്തിയായി മുക്കുന്നു. ആ സമയം പച്ചനിറത്തിലുള്ള ദ്രാവകം വരുന്നതായി കാണാം. അതിനു ശേഷം കുട്ടിചിലപ്പോള്‍ തനിച്ച് അല്ലെങ്കില്‍ മറുപിള്ളയോടൊപ്പം പുറത്തേക്ക് വരുന്നു. സാധാരണ അമ്മ തന്നെ മറുപിള്ളയില്‍ നിന്ന് കുഞ്ഞിനെ നീക്കി അങ്ങനെ നീക്കുന്ന മറുപിള്ള അമ്മ തന്നെ തിന്നുന്നതാണ് കണ്ടുവരുന്നത്. പക്ഷെ, ചിലപ്പോല്‍ കുഞ്ഞ് ജലസഞ്ചിയോടൊപ്പം പുറത്തേക്ക് വരുകയും അമ്മ അതില്‍ നിന് കുഞ്ഞിനെ എടുക്കാനൊന്നും മെനക്കെടാതിരിക്കുകയും ചെയ്തേക്കാം. ആ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ വളരെ സൂക്ഷ്മതയോടെ ജലസഞ്ചി പൊട്ടിച്ചു കുഞ്ഞിനെ അതില്‍ നിന്ന് എടുക്കുകയും മുഖവുമെല്ലാം നന്നായി തുടച്ച് പുറംകാലില്‍ പിടിച്ച് മുന്നോട്ടും പിറകോട്ടും ആട്ടണം.
ഒന്നോ രണ്ടോ കുഞ്ഞ് പുറത്തേക്ക് വന്നതിന് ശേഷം കുറച്ചു വിശ്രമിച്ചതിനുശേഷമാണ് അടത്തു കുഞ്ഞിനായി അമ്മ പരിശ്രമിക്കുന്നത്. അങ്ങനെ 18 മണിക്കൂര്‍ കൊണ്ടാണ് മിക്കപ്പോഴും പ്രസവം പൂര്‍ത്തിയാവുന്നത്. ചിലപ്പോള്‍ അതിലും കൂടാനും സാധ്യതയുണ്ട്. കുഞ്ഞിന്റെ പൊക്കിള്‍ കൊടിയില്‍ അണുബാധയുണ്ടാവാതിരിക്കാന്‍ ഏതെങ്കിലും ആന്റിസെപ്റ്റിക് മരുന്ന് പുരട്ടി കൊടുക്കേണ്ടതാണ്. ഒറ്റ പ്രസവത്തില്‍ 4-8 വരെ കുഞ്ഞുങ്ങള്‍ ഉണ്ടാവാം. പ്രായമായ പെണ്‍ നായ്ക്കളില്‍ കണ്ടുവരുന്ന മറ്റൊരു പ്രക്രിയയാണ് Pseudo Pregnancy ഈ അവസരങ്ങളില്‍ പെണ്‍നായ്ക്കള്‍ ഗര്‍ഭത്തിന്റെതായ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നു. പക്ഷെ, കുട്ടിയുണ്ടായിരിക്കുകയില്ല. ഇത് ഒരു തരത്തിലും അതിന്റെ പ്രജനനത്തിനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയില്ല. അടുത്ത സീസണില്‍ വളരെ സാധാരണയായി ഹീറ്റില്‍ വരികയും ഗര്‍ഭം ധരിക്കുകയും ചെയ്തു വരാറുണ്ട്.
മുലയൂട്ടുന്ന സമയത്താണ് അവകൂടുതല്‍ ക്ഷീണിതയാവുന്നത്. അതുകൊണ്ട് പ്രത്യേക പരിപാലനം ആ സമയങ്ങളില്‍ നല്‍കേണ്ടതാണ്. എത്ര കുഞ്ഞുങ്ങള്‍ ജനിച്ചു എന്നതനുസരിച്ചിരിക്കുന്നു എത്രപോഷകങ്ങള്‍ കൊടുക്കണമെന്ന് നിശ്ചയിക്കാന്‍. എളുപ്പും ദഹിക്കുന്ന ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മുലയൂട്ടുന്ന കാലയളവില്‍ അമ്മയക്ക് 3-4 തവണ ആഹാരം നല്‍കേണ്ടതാണ്. ശുദ്ധമായ വെള്ളം എപ്പോഴും കുടിക്കുവാന്‍ നല്‍കണം. വിറ്റാമിനുകളും ധാതുലവണമിശ്രിതവും നിര്‍ബന്ധമായും കൊടുക്കണം. മുലയൂട്ടുന്ന കാലയളവില്‍ അമ്മ വളരെയധികം ക്ഷീണിക്കുകയും രോമങ്ങള്‍ കൊഴിയുകയും മെലിയുകയും ചെയ്യുന്നു. അതിനാല്‍ കുഞ്ഞുങ്ങളെ മുലയൂട്ടല്‍ നിര്‍ത്തിയതിനുശേഷം കുറച്ച് ആഴ്ചകളിലും മുലയൂട്ടുമ്പോള്‍ എന്നു പോലുള്ള പരിപാലനം നല്‍കേണ്ടതാണ്.
കുട്ടി ജനിച്ച് രണ്ടാം ആഴ്ചയുടെ അവസാനമാകുമ്പോഴേക്കുമാണ് കണ്ണുകള്‍ തുറക്കുക. കുട്ടികളുടെ എണ്ണം കുടുതലാണെങ്കില്‍ അവയുടെ മുലപ്പാല്‍ ആവശ്യത്തിന് തികയാതെ വരുന്ന അവസരത്തില്‍ പശുവിന്റെ പാല് നേര്‍പ്പിച്ച് ഫീഡിങ്ങ് ബോട്ടിലില്‍ കൊടുക്കാവുന്നതാണ്. കുഞ്ഞുങ്ങളുടെ അരോഗ്യമനുസരിച്ച് അവരെ 1-2 മാസം പ്രായമുള്ളവരില്‍ അമ്മയില്‍ നിന്ന് മാറ്റാം 11/2 മാസം (6-ാം ആഴ്ച) പ്രായത്തില്‍ വിരക്കുള്ള മരുന്ന് കൊടുക്കാവുന്നതാണ്. 8-ാം ആഴ്ച പേവിഷബാധയ്ക്കെതിരെയുള്ള ആദ്യപ്രതിരോധ കുത്തിവെയ്പ്പ് എടുക്കാം. ഏത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുമ്പോഴും കുട്ടിക്ക് നല്ല ആരോഗ്യമുണ്ടാവുമെന്നുറപ്പ് വരുത്തണം. 9-ാം ആഴ്ച ഡിസ്റെറഞ്ചര്‍, പാര്‍വോ, ലെപ്റ്റോസ്വൈറോസ്സ്, ഹെപ്റ്റെസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ് എടുക്കണം 10-ാം ആഴ്ച പേവിഷനെതിരെയുള്ള ബൂസ്ററര്‍ബോസ് കോടുക്കണം. 11-ാം ആഴ്ച ഡിസ്ററബര്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള ബൂസ്ററര്‍ഡോസ് കൊടുക്കണം. ആയതിനുശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ ഈ രണ്ടു പ്രതിരോധ കുത്തിവെയ്പ്പും തുടര്‍ന്നു നല്‍കേണ്ടതാണ് വിര മരുന്ന് എല്ലാ മാസവും കൊടുക്കേണ്ടതാണ്.
പൊതുവേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നല്ല തിളക്കമുള്ള രോമം ആരോഗ്യത്തിന്റെ ലക്ഷണമാണ്. വര്‍ഷത്തില്‍ രണ്ടുതവണ നായ്ക്കളില്‍ രോമങ്ങള്‍ കൊഴിയാറുണ്ട്. അത് സാധാരണമാണ് കൃത്യതയോടെയുള്ള ബ്രഷിംഗ് രോമങ്ങള്‍ നല്ല തിളക്കമുള്ളതാക്കാന്‍ സഹായിക്കും. ആദ്യം എതിര്‍വശത്തേക്കു വേണം ബ്രഷ് ചെയ്യാന്‍ അതിനുശേഷം സാധാരണ വശത്തേക്കും ആൃൗവെശിഴന് ശേഷം നല്ല തൂവാല കൊണ്ട് തുടച്ചുകൊടുക്കണം. എപ്പോഴും കുളിപ്പിക്കുന്നത് നന്നല്ല. ഇടയ്ക്കിടയ്ക്ക് കുളിപ്പിക്കുന്നത് രോമങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. കുളിപ്പിക്കുമ്പോള്‍ ഡോഗ്സോപ്പോ ഡോഗ് ഷോംപൂ മാത്രമേ ഉപയോഗിക്കാവൂ. കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടുപഞ്ഞി ചെവിയില്‍ വയ്ക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളെ കുളിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ കൂടു കഴുകുമ്പോള്‍ Dettol, Phenol തുടങ്ങിയവയുപയോഗിച്ച് കഴുകരുത്. അവ നിങ്ങളുടെ നായ്ക്കളുടെ ത്വക്കിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ചെവിയിലെ വാക്സ് ഇടയ്ക്കിടെ കോട്ടണ്‍ ബ്ഡ്സ് ഉപയോഗിച്ച് നീക്കം ചെയ്യണം. ചെള്ള്, പേന്‍ തുടങ്ങിയ നിങ്ങളുടെ നായ്ക്കളെ ശല്യം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അതിന്റെ ശല്യം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അതിനുള്ള പ്രതിവിധി ചെയ്യണം. ഇടയ്ക്ക് വെറ്റിറിനറി പരിശോധന നടത്തുന്നതിന് വളരെ നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് ചെറു പ്രായത്തില്‍ തന്നെ പുറത്തുപോയി മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ പഠിപ്പിക്കണം. ക്ഷമയോടും കരുണയോടും ഇടപെഴുകുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വിധത്തില്‍ ചെറുപ്രായത്തില്‍ തന്നെ Train ചെയ്യിപ്പിക്കാവുന്നതാണ്. നായ്ക്കള്‍ക്കുള്ള Training School കളും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്.
നല്ലവിധത്തില്‍ പരിപാലിക്കുകയാണെങ്കില്‍ നല്ലൊരു തുണയും സുഹൃത്തുമാകാന്‍ വളര്‍ത്തുനയ്ക്കള്‍ക്ക് സാധിക്കും; അതോടൊപ്പം നമുക്ക് നല്ലൊരു മാനസികോന്മേഷവും. ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ Pet Therapy എന്ന ചികിത്സാരീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്ക് മനുഷ്യരിലുള്ള സ്വാധീനം അത്ര വലുതാണ് എന്നതാണ് നാം ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്.
Dr. Ann Lisa Thaomas
MVSc (Animal Nutrition)
Veterinary Surgeon
Athavanad, P.O. Punnathala