പ്രായം ചെല്ലുന്തോരും കായികക്ഷമത കുറഞ്ഞുവരുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്. പ്രായവും രോഗവും തമ്മിൽ ഏറ്റുമുട്ടി പലരും പരാജയപ്പെടുകയും ചെയ്യുന്നു. നൂറു വയസിനപ്പുറം ജീവിച്ചിരിക്കും എന്ന് ചിന്തിക്കുന്നവർ പോലും വളരെ കുറവായിരിക്കും. പക്ഷേ അപൂർവ്വം ചിലരുണ്ട് ഈ ധാരണകളെയെല്ലാം മറിച്ചുവയ്ക്കുന്നവരായിട്ട്. പ്രായം അവർക്ക് പ്രശ്നമേയല്ല. യൗവനത്തിലെ ചുറുചുറുക്കും പ്രസരിപ്പും വാർദ്ധക്യത്തിലും അവർ പ്രസരിപ്പിക്കുന്നു. അത്തരത്തിലൊരാളാണ് ഹെൻട്രി സെങ് (Henry Tseng). തന്റെ പ്രായത്തിലുള്ള ഒരാൾക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്തത് എന്ന് പൊതുസമൂഹം വിലയിരുത്തിയവയെല്ലാം ബ്രേക്ക് ചെയ്യുകയാണ് ഈ 111 കാരൻ. നിത്യവും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. ജപ്പാനിലെ യോക്കോഹാമ്മായിലാണ് ഈ മുത്തച്ഛന്റെ ജനനം. പക്ഷേ 1975 മുതൽ ലോസ് ആഞ്ചൽസിലാണ് ജീവിതം. എൺപതാമത്തെ വയസിലും ശീർഷാസനം ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ 30 മിനിറ്റ് നേരം ബൈക്കോടിക്കും. എയ്റോബിക്സ് ക്ലാസുകളിലും പങ്കെടുക്കും. തന്റെ ആരോഗ്യത്തിന്റെയും ചുറുചുറുക്കിന്റെയും രഹസ്യമായി അദ്ദേഹം പറയുന്നത് നിത്യവുമുള്ള ജിമ്മിലെ വർക്കൗട്ടുകളും പോസിറ്റീവ് മനോഭാവവുമാണ്. വ്യവസായ സംരഭകനായിരുന്നു ഇദ്ദേഹം. ആരോഗ്യകരമായ ജീവിതശൈലിയാണ് തന്റെ പിതാവിന്റേതെന്ന് മകൾ ലിൻഡ പറയുന്നു. മദ്യപാനമോ പുകവലിയോ ഇല്ല. ശരീരത്തിന് ദോഷം ചെയ്യുന്ന യാതൊന്നും ഉപയോഗിക്കാറില്ല. നൂറാം വയസിലാണ് ഹെൻട്രിയുടെ ഭാര്യയും മരണമടഞ്ഞത്. ദമ്പതികൾ ഒരുമിച്ച് വ്യായാമത്തിലേർപ്പെട്ടിരുന്നു. പുഴുങ്ങിയ രണ്ട് മുട്ട, പാതി ഏത്തപ്പഴം, ബ്രെഡും ജാമും, മുന്തിരി എന്നിവയാണ് പ്രഭാതഭക്ഷണം. ഉച്ച ഭക്ഷണം ചൈനീസ്, ഇറ്റാലിയൻ, മെക്സിക്കൻ എന്നിവയേതെങ്കിലുമാണ്. വല്ലപ്പോഴും മക്ഡൊണാൾഡും സന്ദർശിക്കും. ഡിന്നറിന് ചിക്കൻ, ഓംലെറ്റ്, സൂപ്പ്, പന്നി, പോത്ത് എന്നിവയുണ്ടാകും. എല്ലാം കഴിക്കുമെങ്കിലും അമിതമായി ഭക്ഷണം കഴിക്കാറില്ലെന്ന് മകൾ പറയുന്നു. പ്രസാദാത്മകമായ ജീവിതവീക്ഷണമാണ് ഹെൻട്രിയുടേത്. വിഷമിച്ചിരിക്കാൻ കഴിയുന്ന അനേകം കാരണങ്ങൾ എന്റെ അനുദിന ജീവിതത്തിൽ ഉണ്ടാകാറുണ്ട്. പക്ഷേ ഞാൻ അതോർത്ത് മനസ്സ് വിഷമിക്കാറില്ല. ഒക്കെ വിട്ടുകളയും. ഹെൻട്രി സെങ് പറയുന്നു. ഗുണത്തോടെ ജീവിക്കുക, പുഞ്ചിരിക്കുക, ഒന്നും അസാധ്യമായിട്ടില്ല, നിരാശത മനസ്സിൽ നിന്ന് അകറ്റുക, സന്തോഷിക്കുക. തന്റെ വിജയരഹസ്യവും ആരോഗ്യരഹസ്യവും അദ്ദേഹം ഒരു മാധ്യമത്തോട് പങ്കുവെച്ചത് ഇങ്ങനെയാണ്.
Tag: golden age
-
71 വയസ്സ് ഒരു പ്രായമല്ല…!
ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ പിന്തിരിപ്പിച്ചില്ല. ശുദ്ധജല ദൗർലഭ്യം നേരിടുന്ന ഗ്രാമീണർക്കായി 46 കോൽ താഴ്ചയുള്ള കിണറാണ് ഇദ്ദേഹം കുഴിച്ചത്. എല്ലാവരും ലോദിയെ പിന്തിരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രായം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു. ഈ പ്രായത്തിൽ സ്വന്തമായി കിണർ കുഴിക്കുകയോ? എന്നാൽ പിന്തുണയില്ലായ്മയോ നിരുത്സാഹപ്പെടുത്തലോ ലോദിയെ പിന്തിരിപ്പിച്ചില്ല. ഒറ്റയ്ക്ക് അദ്ദേഹം കിണർ കുഴിക്കാൻ ഇറങ്ങിത്തിരിച്ചു. അയൽവാസിയാണ് ഇങ്ങനെയൊരു സാഹസം ഏറ്റെടുക്കാൻ ലോദിയെ പ്രേരിപ്പിച്ചതെന്ന് പറയാം. രോഗിയായ തന്റെ കുഞ്ഞിന് ഒരു ഗ്ലാസ് ശുദ്ധജലം കൊടുക്കാൻ വീടുകൾ മാറിമാറി താമസിക്കേണ്ടി വന്ന ആ നിസ്സഹായന്റെ വേദന ലോദിയെ സ്പർശിച്ചു. അങ്ങനെയാണ് ഗ്രാമത്തിലെ ശുദ്ധജലം പരിഹരിക്കാൻ കിണർ കുഴിക്കാനായി ലോദി തീരുമാനിച്ചത്. കിണറു കുഴിക്കലിനിടയിൽ പല തടസങ്ങളും നേരിടേണ്ടിവന്നു. മഴക്കാലത്ത് കിണർ ഇടിഞ്ഞുപോയി. അതും ഒന്നല്ല മൂന്നുതവണ. പക്ഷേ ആ മൂന്നുതവണയും മഴ മാറിനിന്നപ്പോൾ വീണ്ടും കിണർ കുഴിക്കാൻ ആരംഭിച്ചു. കാരുണ്യത്തിന്റെ ഉറവകൾ വറ്റിപ്പോകുമ്പോഴും പ്രായത്തിന് ചേരുന്ന അതിരുകൾ നിശ്ചയിക്കുമ്പോഴും തെളിനീരുറവയുടെ സ്വച്ഛതയും കുളിർമ്മയുമുണ്ട് ഈ വൃദ്ധന്റെ ത്യാഗ പൂർണ്ണമായ പരസ്നേഹപ്രവൃത്തിക്ക്.