Tag: clean house

  • വീടിന്റെ ശുചിത്വം, നാടിന്റെ ശുചിത്വം

    വീടിന്റെ ശുചിത്വം, നാടിന്റെ ശുചിത്വം

    ഒരാള്‍ വീട് എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ അയാള്‍ തന്റെ നാടും പരിപാലിക്കും.വീട്ടില്‍ കാണിക്കാത്ത വൃത്തിയും മെനയും അയാള്‍ നാട്ടിലും കാണിക്കില്ല. അതുകൊണ്ടു വൃത്തിയുടെ പാഠങ്ങളും  ജീവിതത്തിന്റെ അടുക്കും ചിട്ടയും വീട്ടില്‍ നിന്നുതന്നെയായിരിക്കണം തുടങ്ങേണ്ടത്.

    പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല വെളിയിട വിസര്‍ജ്ജനമുക്ത രാജ്യമായി മാറ്റാനുള്ള ശ്രമത്തിന് കഴിഞ്ഞ ദിവസം നാം തുടക്കം കുറിച്ചുകഴിഞ്ഞു. വെളിയിടങ്ങളെ വിസര്‍ജ്ജനകേന്ദ്രങ്ങളായി മാറ്റുന്നരീതിക്ക് അവസാനം കുറിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

    പക്ഷേ വെളിയിട വിസര്‍ജ്ജനം മലയാളികള്‍ക്ക് അത്രമേല്‍ പതിവു കാര്യമല്ല. കാരണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ അത്തരം കാര്യത്തില്‍ നാം ഭേദപ്പെട്ട നിലയില്‍ പരിഷ്‌കൃതരായിട്ടുണ്ട്. എന്നാല്‍ അവിടെ മാത്രമല്ലേ നാം അനുകരണീയരായിട്ടുള്ളൂ എന്ന സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്.

    ഉദാഹരണത്തിന് പൊതു നിരത്തിലേക്ക് കാര്‍ക്കിച്ചുതുപ്പുക, അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുക, പരസ്യമായി മൂത്രവിസര്‍ജ്ജനം നടത്തുക, പൊതു ശൗചാലയങ്ങളില്‍ ശുചിത്വം പാലിക്കാതിരിക്കുക, പരസ്യമായി പുകവലിക്കുക എന്നിങ്ങനെ എത്രയോ കാര്യങ്ങളില്‍ കേരളീയരായ നാം ഇനിയും മാറേണ്ടതായിട്ടുണ്ട്. പണം കൊടുത്ത് കാര്യം സാധിക്കുന്ന ഇടങ്ങള്‍ പോലും എത്രയോ വൃത്തിഹീനമായിട്ടാണ് കണ്ടുവരുന്നത്.! പൊതു കക്കൂസുകളില്‍ ആവശ്യം കഴിഞ്ഞു വെള്ളമൊഴിക്കാതെ ഇറങ്ങിപ്പോകുന്നവര്‍ എത്രയോ അധികമാണ്.. എന്റെ ആവശ്യം കഴിഞ്ഞു ഇനി എനിക്കെന്ത് എന്ന മട്ടാണ് പലര്‍ക്കും.  അല്ലെങ്കില്‍ മൂക്കുപൊത്താതെയും കണ്ണടയ്ക്കാതെയും കയറിയിറങ്ങാന്‍ കഴിയുന്ന എത്ര  പബ്ലിക്ക് ടോയ്ലറ്റുകള്‍ നമുക്കുണ്ട്?

    എന്നെ പോലെ തന്നെയാണ് മറ്റുള്ളവരും എന്ന ചിന്ത നഷ്ടമാകുന്നതും പൊതുജനാരോഗ്യവും ശുചിത്വവും എന്റെ കൂടി ഉത്തരവാദിത്തമാണെന്ന ചിന്ത ഇല്ലാതെപോകുന്നതുമാണ് ഇങ്ങനെ നാം പ്രവര്‍ത്തിക്കുന്നതിന് കാരണം. ഒന്നിലധികം പേര്‍ ഒരുമിച്ചു താമസിക്കുന്ന ഇടങ്ങളില്‍ പോലും ഇത്തരക്കാരെ കണ്ടിട്ടുണ്ട്. പുറമേയ്ക്ക് നോക്കുമ്പോള്‍ അവരൊക്കെ വലിയ വേഷവും ഭാഷും കസേരയും ഉള്ളവര്‍ തന്നെ. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ തങ്ങളെ തന്നെ വെളിപ്പെടുത്തുന്നു.

    വീടുകളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ടോയ്‌ലറ്റ് ട്രെയിനിംങിന്‍റെ പ്രാധാന്യത്തെക്കുറിച്ചു കൂടി ഇവിടെ ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.അതിലൂടെ അവര്‍ നേഴ്‌സറിക്ലാസുകളിലേക്കും പിന്നെ സ്‌കൂളിലേക്കും പോകുന്നതോടെ ശുചിത്വസംബന്ധമായ ചില തിരിച്ചറിവുകളുടെ ഭാഗമായിത്തീരുന്നു. ചെറുപ്രായത്തില്‍ തന്നെ തലയില്‍ കയറുന്ന ഈ ശുചിത്വബോധം അവര്‍ പിന്നീട് ആയിരിക്കുന്ന എല്ലാ മേഖലകളിലും പിന്തുടര്‍ന്നുകൊള്ളൂം.
    സ്വന്തം വീട്ടുമുറ്റം വൃത്തിയായി കഴിയുമ്പോള്‍ നാടു വൃത്തിയാകും എന്ന അര്‍ത്ഥം വരുന്ന ഒരു ചൊല്ലുണ്ടല്ലോ. അതുതന്നെയാണ് ഇവിടെയും പ്രസക്തമാകുന്നത്. വീട്ടില്‍ നിന്ന് പഠിക്കുന്ന ചില നല്ല ശീലങ്ങളാണ് ഒരാളെ നാടിന്റെയും നല്ല ശീലങ്ങളുടെ ഭാഗമാക്കുന്നത്. ഈ പാഠങ്ങള്‍ നഷ്ടമാകുകയോ മനസ്സിലാക്കാതെ പോകുകയോ ചെയ്യുന്നവരാണ് പബ്ലിക് ടോയ്‌ലറ്റുകളെ അനാരോഗ്യകരവും വൃത്തിയില്ലാത്തതുമാക്കി മാറ്റുന്നത്.

    നഗരസഭയുടെയും പഞ്ചായത്തുകളുടെയും ഒക്കെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശൗചാലയങ്ങളുടെയും ബസ് സ്റ്റാന്‍ഡ്, റെയില്‍വേ എന്നിവിടങ്ങളിലെയും കക്കൂസുകളുടെയും അവസ്ഥയെക്കുറിച്ച ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുകയും അവിടെ വേണ്ടതായ കര്‍ശനനടപടികള്‍ സ്വീകരിക്കുകയും വേണം. വൃത്തിയായി സൂക്ഷിക്കപ്പെടുന്ന ഒരു പൊതു ശൗചാലയത്തില്‍ മനപ്പൂര്‍വ്വം വൃത്തിയില്ലാതെപെരുമാറുന്നവര്‍ കുറവായിരിക്കാം. പക്ഷേ വൃത്തിഹീനമായി കിടക്കുന്ന ശൗചാലയങ്ങളില്‍ അതേരീതിയില്‍ തന്നെ പ്രതികരിച്ചിട്ട് ഇറങ്ങിപ്പോകുന്നവരുമുണ്ടാകാം.

    എന്തായാലും നാടിന്റെ ശുചിത്വവും ആരോഗ്യവും ഒന്നോ രണ്ടോ പേരുടെ മാത്രം ഉത്തരവാദിത്തമല്ല അതൊരുകൂട്ടുത്തരവാദിത്തമാണ്. നാടിനെ മലീമസമാക്കുകയും അനാരോഗ്യകരമായ ജീവിതരീതികളിലേക്ക്  നാടിനെ തള്ളിവിടുകയും ചെയ്യുന്നവര്‍ക്ക് വിദേശരാജ്യങ്ങളിലേതുപോലെ കര്‍ശനമായ ശിക്ഷ വിധിക്കുന്ന നിയമങ്ങള്‍ നമ്മുടെ നാട്ടിലും കര്‍ക്കശമാക്കണം. വീട്ടില്‍ നിന്ന് പഠിക്കുന്ന വൃത്തിയുടെ ശീലങ്ങള്‍ നാട്ടിലും തുടരാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെ.

error: Content is protected !!