Category: Social

  • നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

    നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

    കടുത്ത ചൂടില്‍ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാന്‍ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. 

    മുന്‍വര്‍ഷങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടാത്ത മേഖലകള്‍ പോലും വരണ്ടുണങ്ങി. കിണറുകള്‍ വറ്റിവരണ്ടു. ഒരുകാലത്ത് ജല സമ്പന്നതയുടെ പേരില്‍ അഭിമാനിച്ചിരുന്ന നമ്മുടെ നാട് കടുത്ത ജലദൗര്‍ലഭ്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നത് നടുക്കമുളവാക്കുന്ന യാഥാര്‍ത്ഥ്യം തന്നെ.

    ജലസ്രോതസുകള്‍ മലിനപ്പെടുത്തിയതും അവയോട് അനാദരവ് കാണിക്കുന്നതുമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായിരിക്കുന്നതെന്ന് നമുക്ക് നിഷേധിക്കാനാവില്ല. ഓരോ ജലസ്രോതസും മലിനപ്പെടുത്തിയതില്‍ നമ്മളോരോരുത്തരും ചെറുതും വലുതുമായ പങ്കു വഹിച്ചിട്ടുണ്ട്. പാരിസ്ഥിതികമായ ചൂഷണവും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിച്ചെറിയലും മുതല്‍ ഒരുപാട് കാരണങ്ങള്‍ അതിനു പിന്നിലുണ്ട്. ജലമാണ് ജീവന്റെ നിലനില്പ്. പുല്‍ക്കൊടിത്തുമ്പു മുതല്‍ മനുഷ്യന്‍ വരെ നിലനിന്നുപോരുന്ന ആവാസവ്യവസ്ഥയില്‍ ജലത്തിന്റെ പ്രാധാന്യം ആര്‍ക്കും നിഷേധിക്കാനാവില്ല. പ്രപഞ്ചത്തില്‍ ആദ്യമായി ജീവനുണ്ടായത് വെള്ളത്തിലാണെന്നതാണ് മതവിശ്വാസങ്ങള്‍. എന്നിരിക്കിലും ആവശ്യം നിര്‍വഹിച്ചുകഴിയുമ്പോള്‍  അതിന്റെ പ്രാധാന്യം മറന്നുപോകുന്നവരാണ് നമ്മളെല്ലാവരും.

    ദാഹിച്ചു വരണ്ടുവരുമ്പോള്‍ ഒരു ഗ്ലാസ് വെള്ളത്തിന് വല്ലാത്ത രുചിയുണ്ട്. എന്നാല്‍ തണലത്തിരിക്കുമ്പോള്‍ വെള്ളത്തെക്കുറിച്ച് നാം ചിന്തിക്കുന്നതുപോലുമില്ല.   പണം പോലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടതാണ് വെള്ളമെന്ന പാഠങ്ങള്‍ വീടുകളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കണം.

    ഇക്കാര്യത്തില്‍ അമ്മമാര്‍ക്ക് പ്രത്യേക പങ്കുണ്ട്  എന്നതാണ് വിശ്വാസം. നമ്മുടെ ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒരു രീതി ടാപ്പ് തുറന്നുവച്ച് അടുക്കളയില്‍ പാത്രം കഴുകുന്ന രീതിയാണ്. വാഷ്‌ബെയ്‌സിന്റെ ടാപ്പുതുറന്നുവച്ച് വായും മുഖവും കഴുകുന്ന രീതിയാണ്. ഇതിലൂടെ ആവശ്യത്തില്‍ കൂടുതല്‍ വെള്ളമാണ് പാഴാക്കിക്കളയുന്നത്. പണ്ടുകാലങ്ങളില്‍ ഇതായിരുന്നില്ല രീതി. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.  ഒരു കപ്പ് വെള്ളത്തില്‍ ഒതുക്കിനിര്‍ത്തേണ്ട കാര്യങ്ങളാണ് ഒരുബക്കറ്റ് വെള്ളത്തിലേക്ക് പുതുതലമുറ എത്തിച്ചിരിക്കുന്നത്്. അതിന് അവരെ കുറ്റം പറയേണ്ട കാര്യമില്ല. കാരണം നാം ചെയ്തുകാണിക്കുന്നത് അതാണ്.

    അതുകൊണ്ട് ജലം പരിമിതമായി ഉപയോഗിക്കേണ്ടതിന്റെ പാഠങ്ങള്‍ നാം വീടുകളില്‍ നിന്ന് തുടങ്ങണം. അടുക്കളയില്‍ തുടങ്ങുകയും കാണിച്ചുകൊടുക്കുകയും ചെയ്യേണ്ട ജല പരിമിത ഉപയോഗത്തിന്റെ പാഠങ്ങളേ ഭാവിതലമുറയെ വെള്ളത്തോടുള്ള മിതത്വം പാലിക്കാന്‍ പ്രേരിപ്പിക്കുകയുള്ളൂ. അല്ലെങ്കില്‍ അവര്‍ വളരെ വലിയ ധൂര്‍ത്തന്മാരായി പോകും. വെള്ളത്തിന്റെ ധൂര്‍ത്തന്മാര്‍. വരും കാലത്ത് ഏറ്റവും വലിയ യുദ്ധം നടക്കാന്‍ പോകുന്നത് വെള്ളത്തിന് വേണ്ടിയാണെന്ന ചില മുന്നറിയിപ്പുകള്‍ കൂടിയുണ്ട് .

    അതുപോലെ ഈ നൂറ്റാണ്ടിന്റെ  മധ്യത്തോടെ ശുദ്ധജല ആവശ്യം ഇപ്പോഴത്തെതിന്റെ ഇരട്ടിയാകുമമെന്നും എന്നാല്‍ ജലപരിപോഷണത്തില്‍ കേരളം ഏറെ പി്ന്നിലാണെന്ന കാര്യവും അറിഞ്ഞിരിക്കുന്നത് നന്ന്.  പല കുടിവെള്ള പദ്്ധതികളും പാതിവഴിയില്‍ നിലച്ചുപോയിരിക്കുന്ന അവസ്ഥയാണ് നമുക്ക് മുമ്പിലുള്ളത്. അവയെ പുനരുജ്ജീവിപ്പിക്കുകയും വര്‍ഷകാലത്തെ മഴവെള്ളം ഗുണപ്രദമായി ശേഖരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്താല്‍ നാം ഇന്ന് നേരിടുന്ന ശുദ്ധജലദൗര്‍ലഭ്യത്തിന് വലിയൊരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിയും.

    നാടും വീടും ഒത്തുചേര്‍ന്നുള്ള കൈകോര്‍ക്കലുകളിലൂടെ വരുംകാലങ്ങളില്‍  നാം  ജലസ്വയംപര്യാപ്തത കൈവരിച്ചാല്‍ അതുതന്നെയാകും വരും തലമുറയ്ക്ക്  നമുക്ക് നല്കാന്‍ കഴിയുന്ന വലിയ നന്മകളിലൊന്ന്. ഏറ്റവും വലിയ സന്പാദ്യവും.

  • വഴിവിട്ട സൗഹൃദങ്ങള്‍ക്ക് വീണ്ടും ഇര

    വഴിവിട്ട സൗഹൃദങ്ങള്‍ക്ക് വീണ്ടും ഇര

    എല്ലാ ബന്ധങ്ങള്‍ക്കും ചില അതിരുകള്‍വേണം, അതിര്‍ത്തികളും. ലംഘിക്കാനല്ല ലംഘിക്കപ്പെടാതിരിക്കാന്‍. നീ ഇത്രയുംവരെയെന്നും ഞാന്‍ ഇത്രയും വരെയെന്നുമുള്ള ഉഭയസമ്മതപ്രകാരമായിരിക്കണം ഓരോ ബന്ധങ്ങളും നിര്‍വചിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ തങ്ങളുടെ ദാമ്പത്യബന്ധത്തിന് വെളിയില്‍ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങള്‍ക്ക്. സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദങ്ങളെ വിലക്കേണ്ടതൊന്നുമില്ല. വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ അവര്‍ സൗഹൃദങ്ങളെ ഒഴിവാക്കേണ്ടതുമില്ല. പക്ഷേ അവിടെ മേല്‍്പ്പറഞ്ഞ വിധത്തിലുള്ള ചില തത്വദീക്ഷകള്‍ പാലിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ അതിരുകള്‍ മാഞ്ഞുപോകും, അതിര്‍ത്തികള്‍ ലംഘിക്കപ്പെടും.  ഫലമോ അനിഷ്ടകരമായ പലതും സംഭവിച്ചെന്നിരിക്കും. കാസര്‍ഗോഡുകാരിയായ അധ്യാപിക രൂപശ്രീയുടെ കൊലപാതകവുമായി  ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും സുഹൃത്തുമായ വ്യക്തി അറസ്റ്റ് ചെയ്തപ്പെട്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ  വിചാരങ്ങളാണിവയൊക്കെ. ഒരേ തരംഗദൈര്‍ഘ്യമുള്ള വ്യക്തികള്‍ തമ്മില്‍ ഏതു സാഹചര്യത്തില്‍ കണ്ടുമുട്ടുമ്പോഴാണെങ്കിലും അവര്‍ക്ക്  ഒരുമിച്ചു മുന്നോട്ടുപോകാനുള്ള പ്രചോദനം ഉണ്ടാവുക സ്വഭാവികമാണ്.  പക്ഷേ അവയില്‍ മൂല്യനിരാസം സംഭവിക്കരുതെന്ന് മാത്രം. പരസ്പരമുള്ള സൗഹൃദങ്ങളെ കുടുംബത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും അതിലേര്‍പ്പെട്ടിരി്ക്കുന്നവര്‍ക്ക് കഴിയണം.

    വെങ്കിട്ടരമണയ്ക്കും രൂപശ്രീക്കും കുടുംബമുണ്ടായിരുന്നു. ജീവിതപങ്കാളിയും മക്കളുമുണ്ടായിരുന്നു. എന്നിട്ടും അതിനെ അപ്രധാനീകരിക്കുന്ന വിധത്തിലുള്ള ബന്ധം അവര്‍ക്കിടയില്‍ ഉടലെടുത്തു. ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപ്രകാരം തങ്ങള്‍ക്കിടയിലേക്ക് മറ്റൊരു അധ്യാപകന്‍ കടന്നുവന്നതായുള്ള വെങ്കിടരമണയുടെ സംശയമാണ് ഈ ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്. സാമ്പത്തികമായ ഇടപാടുകളും മന്ത്രവാദവുമൊക്കെ മറ്റ് കാരണങ്ങള്‍. എങ്കിലും അടിസ്ഥാനപരമായി അവരെ ഒന്നിപ്പിച്ചത് വിവാഹബന്ധത്തിന് വെളിയിലുള്ള സൗഹൃദം തന്നെയായിരുന്നു. വഴിവിട്ട ബന്ധങ്ങളുടെയെല്ലാം അവസാനം ഇങ്ങനെയൊക്കെ തന്നെയെന്ന് പുറമേ നിന്ന് നമുക്ക് വിധിയെഴുതാമെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങളുടെ മാനസികാവസ്ഥയും അവര്‍ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന അപമാനങ്ങളും മാനസികസമ്മര്‍ദ്ദങ്ങളും കൂടി നാം കാണേണ്ടിയിരിക്കുന്നു. ആ വേദനകളുടെ അളവുകളെ നിശ്ചയിക്കാന്‍ നമ്മുടെ അന്ധമായ വിധിയെഴുത്തുകള്‍ക്ക് സാധിക്കുകയുമില്ല.

     അധ്യാപനം എന്നത് പവിത്രമായ ജോലിയും അധ്യാപകര്‍  വെളിച്ചം പകര്‍ന്നുനല്കുന്നവരുമായിരുന്നു പണ്ടുകാലങ്ങളില്‍. അല്ലെങ്കില്‍ അത്തരമൊരു പദവി അറിഞ്ഞോ അറിയാതെയോ ആ ജോലിക്ക് ലഭിച്ചിരുന്നു. പക്ഷേ ഇന്ന് അധ്യാപനത്തിന്റെ വിശുദ്ധിയും അധ്യാപകര്‍ക്കുള്ള മഹത്വവും നഷ്ടമായിത്തുടങ്ങിയിരിക്കുന്നു.  മാന്യമായ ശമ്പളം കൈപ്പറ്റുന്ന ഒരു ജോലി എന്നതിന് അപ്പുറം കുട്ടികളോട് പ്രതിബദ്ധതയില്ലാത്ത ഒരു അധ്യാപകസമൂഹം ഇവിടെ വളര്‍ന്നുവരുന്നു എന്നത്  നടുക്കമുളവാക്കുന്ന യാഥാര്‍ത്ഥ്യമാണ്. വെങ്കിടരമണയെപോലെയുള്ള അധ്യാപകരില്‍ നിന്ന് എന്തുവെളിച്ചമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്? ആകസ്മികമായി ചെയ്ത ഒരു കുറ്റ കൃത്യമോ അവിചാരിതമായി സംഭവിച്ച പിഴവോ ആയിരുന്നില്ല രൂപശ്രീയുടെ മരണം. അത് ആസൂത്രിതമായിരുന്നു. അപ്പോള്‍ അത് നടക്കുന്നതിന് മുമ്പു തന്നെ അയാളുടെ മനസ്സില്‍ രൂപശ്രീ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. ജന്മനാ കുറ്റകൃത്യങ്ങളിലേക്കു മനസ്സ് തിരിഞ്ഞ ഒരാള്‍ക്ക് മാത്രമേ അങ്ങനെയൊരു കൊലപാതകം ചെയ്യാന്‍ കഴിയൂ. ചില കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതുകൊണ്ടുമാത്രമോ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളതുകൊണ്ടു മാത്രമോ അധ്യാപനം എന്ന ജോലിക്ക് ഒരാള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹനാകുന്നില്ല. അയാളുടെ ബുദ്ധിനിലവാരം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരിക നിലയും. ഐക്യൂവിന് ഒപ്പം തന്നെ പ്രാധാന്യം ഇന്ന് ഇക്യൂവിനും നലകുന്നുണ്ട്. ഐക്യു ശ്രമിച്ചാല്‍ മെച്ചപ്പെടുത്താം. പക്ഷേ മോശപ്പെട്ട ഇക്യൂ ഒരിക്കലും മെച്ചപ്പെടുത്തിയെടുക്കാനാവില്ല. കര്‍ണ്ണന്റെ കവചകുണ്ഡലങ്ങള്‍ പോലെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നുകിടക്കുന്നവയാണ് അവ. ജന്മനാ അത്ആര്‍ജ്ജിച്ചിരിക്കുന്നവയാണ്. അത്തരക്കാര്‍ ഭാര്യയായാലും അമ്മയായാലും ഭര്‍ത്താവായാലും അധ്യാപകനായാലും അതേ രീതിയിലേ പ്രതികരിക്കൂ. പഴയകാല ചില അധ്യാപകരെ ഓര്‍മ്മയിലേക്ക് കൊണ്ടുവരൂ. പുസ്തകം വലിച്ചെറിയുന്നവര്‍.. അലറുന്നവര്‍.. കഠിനമായി ശിക്ഷിക്കുന്നവര്‍..ശപിക്കുന്നവര്‍.. ഇത്തരക്കാരൊക്കെ ഉണ്ടായിരുന്നില്ലേ? അവരെയൊരിക്കലും നല്ല അധ്യാപകരായി നമുക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുമോ.ഇല്ല വൈകാരികപക്വതയില്ലാത്തവര്‍. സ്വഭാവികമായ ദേഷ്യങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഇത് പറയുന്നത്. നല്ല രീതിയില്‍ അധ്യാപകര്‍വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും അവരുടെ വ്യക്തിജീവിതം, കുടുംബജീവിതം എന്നിവ കൂടി ജോലിയിലുള്ള നിയമനത്തിന് പരിഗണിക്കേണ്ട സാഹചര്യം എന്നെങ്കിലും നമ്മുടെ നാട്ടിലുണ്ടാവുമോ? നിശ്ചിതകാലത്തെ നിരീക്ഷണത്തിനും വിലയിരുത്തലിനും ശേഷം മാത്രം അധ്യാപകജോലിയിലുള്ള സ്ഥിരം നിയമനം എന്ന വ്യവസ്ഥ വന്നാല്‍ അത് ഭാവിയിലെ നമ്മുടെ കുട്ടികളുടെ മാനസികനിലയ്ക്കും സന്മാര്‍ഗ്ഗനിരതയ്ക്കും മൂല്യാധിഷ്ഠിതജീവിതത്തിനും വലിയൊരു മുതല്‍ക്കൂട്ടായിരിക്കില്ലേ? വിദ്യാര്‍ത്ഥികളെ ചിരിച്ച് മയക്കിയെടുക്കുന്ന അധ്യാപകരാകാതെ അവര്‍ക്ക് തങ്ങളുടെ ജീവിതം കൊണ്ട് പ്രകാശം നല്കുന്ന അധ്യാപകരാകുവാന്‍ വരുംകാലങ്ങളിലെങ്കിലും നമുക്ക് കഴിയട്ടെ.

  • ലോകം മറ്റൊരു അപകടഭീഷണിയില്‍

    ലോകം മറ്റൊരു അപകടഭീഷണിയില്‍

    ചൈനയില്‍  നിന്ന് തുടങ്ങിയ ആ ഭീകരന്റെ ആക്രമണത്തില്‍ ഭയന്നുവിറച്ചുനില്ക്കുകയാണ് ഇപ്പോള്‍ ലോകം. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല കൊറോണ വൈറസ് ബാധയെക്കുറിച്ചാണ്. ചൈനീസ് നഗരമായ  വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ആ വൈറസ്ബാധ ഇതിനകം ആറുപേരുടെ ജീവനെടുത്തുകഴിഞ്ഞു. ആറ് എന്നത് ഒരു പകര്‍ച്ചവ്യാധിയെ സംബന്ധിച്ച് ചിലപ്പോള്‍ നിസ്സാരമായി തോന്നിയേക്കാമെങ്കിലും കൃത്യമായ മരുന്നുകളും വാക്‌സിനുകളും ലഭിച്ചില്ലെങ്കില്‍ വരും കാലത്ത് വലിയ അപകടകാരിയായേക്കാമെന്ന  സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ അതിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മനുഷ്യരാശിയുടെ മൂന്നിലൊന്നിനെയും സംഹരിക്കാന്‍ ഇതിന് കഴിവുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു.

     കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധയ്ക്ക് കാരണമായ വവ്വാലുകള്‍തന്നെയാണ് കൊറോണ വൈറസ് ബാധയ്ക്ക് പിന്നിലെയും വില്ലന്‍. വവ്വാലുകളില്‍ നിന്ന്  ഒട്ടകങ്ങളിലേക്കും ഒട്ടകങ്ങളില്‍ നിന്ന്  മനുഷ്യനിലേക്കും രോഗം പകരുന്നതായിട്ടാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ഫ്രാന്‍സ്, ജര്‍മ്മനി, ഈജിപ്ത് എന്നിങ്ങനെ 37 രാജ്യങ്ങളിലാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 35%  മനുഷ്യരുടെയും ജീവനെടുക്കാനും ഈ വൈറസ് ബാധക്ക് കഴിഞ്ഞു. തായ്‌ലന്‌റ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. പുതുതായി  രണ്ടായിരത്തോളം ആളുകളില്‍ രോഗബാധ കണ്ടെത്തിയിട്ടുമുണ്ട്. അതില്‍ ആറുപേരാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത്.
     വുഹാനില്‍ വ്യാപകമായ വൈറസ് ബാധ നമ്മള്‍ മലയാളികളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും ചില സംശയങ്ങള്‍ തോന്നിയേക്കാം. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ മലയാളി മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന നഗരമാണ് വുഹാന്‍. മാത്രവുമല്ല ലണ്ടനിലേക്കും പാരീസിലേക്കും റോമിലേക്കുമൊക്കെ വുഹാനില്‍ നിന്ന് നേരിട്ട്  വിമാനസര്‍വ്വീസുകളുമുണ്ട്.  ഈ സാഹചര്യത്തില്‍ രോഗബാധ വ്യാപിക്കാനുള്ള സാധ്യതകള്‍ നമ്മുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

    പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗബാധയുടെ പ്രാഥമികലക്ഷണങ്ങള്‍. ന്യൂമോണിയ പോലെ സംശയമുണര്‍ത്തുന്നതുകൊണ്ട് പലപ്പോഴും രോഗം തിരിച്ചറിയാതെ പോകാനുള്ള സാധ്യതയും ഏറെയാണ്. ചൈന ഈ രോഗത്തെ പ്രതിരോധിക്കാന്‍ സുശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അപകട ഭീഷണി വേണ്ടെന്നുമൊക്കെയുള്ള സാന്ത്വനങ്ങള്‍ ഏറെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഭീതി ഒഴിയുന്നില്ല എന്നു തന്നെയാണ് വാസ്തവം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല എന്നതാണ് ഏറെ ആശ്വാസകരം. എങ്കിലും ആരോഗ്യവകുപ്പ് നല്കുന്ന ചില മുന്നറിയിപ്പുകളെയും സുരക്ഷാനടപടികളെയും കുറിച്ച് നാം ബോധവാന്മാരായിരിക്കുകയും വേണം.

    പക്ഷിമൃഗാദികളെ വളര്‍ത്തുന്ന കേന്ദ്രങ്ങള്‍, ആളുകള്‍ സമ്മേളിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഒഴിവാക്കുക, ചൈനയിലേക്കുള്ള യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുക  എന്നിവയെല്ലാം ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.  ഏതൊരു സാംക്രമികരോഗത്തെയുംവരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നത് ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ലോകത്തെ മുഴുവന്‍ വിറപ്പിച്ച പല രോഗങ്ങളും ഇന്ന് നിയന്ത്രണവിധേയമായിരിക്കുന്നത് അങ്ങനെ തന്നെയാണ്. നാളെ അത് കൊറോണ വൈറസ് ബാധയുടെ കാര്യത്തിലും ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മനുഷ്യന്റെ ഐക്യവും സ്‌നേഹവും സംഘടനാശേഷിയും വെളിച്ചത്തുകൊണ്ടുവരുന്നവയാണ് ഓരോ രോഗകാലങ്ങളും എന്നും മറക്കാതിരിക്കാം.

  • വാഹനാപകടങ്ങള്‍ പെരുകുമ്പോള്‍ ചെയ്യേണ്ടത്…

    വാഹനാപകടങ്ങള്‍ പെരുകുമ്പോള്‍ ചെയ്യേണ്ടത്…

    കേരളത്തില്‍ ദിനംപ്രതി റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ പെരുകുന്നതിന് കാരണമായി റോഡുകളുടെ ശോച്യാവസ്ഥയാണ് അതില്‍ ഡ്രൈവര്‍മാര്‍ പ്രധാനമായും ആരോപിക്കുന്നത്.  റോഡ് നിര്‍മ്മാണം, വാട്ടര്‍ അതോറിറ്റിയുടെ വിവിധ ജോലികള്‍ക്കായുള്ള റോ്ഡ് കുഴിക്കല്‍ എന്നിവയെല്ലാം അതില്‍ പെടുന്നുണ്ട്.അക്കാര്യത്തില്‍ കുറെയൊക്കെ ശരികളുണ്ടെങ്കിലും പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംങും ഡ്രൈവിംങിനിടയിലുള്ള ഉറക്കവും അപകടം വര്‍ദ്ധിപ്പിക്കുന്നവയാണ്. വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളും നിയമങ്ങളും ലംഘിച്ചു അപകടത്തില്‍പെടുന്നവരും കുറവൊന്നുമല്ല. അതുപോലെ തന്നെ നഗരങ്ങളിലേതിനെക്കാള്‍ അപകടമുണ്ടാകുന്നത് ഗ്രാമങ്ങളിലാണെന്ന കണ്ടെത്തലുകളുമുണ്ട്. കാരണം ദീര്‍ഘദൂരയാത്രകളിലെ ഉറക്കമാണ് ഇവിടെ അപകടകാരണം. ഒട്ടുമിക്ക അപകടങ്ങളും ഉണ്ടാകുന്നത് അര്‍ദ്ധരാത്രിക്ക് ശേഷവും അതിരാവിലെയുമാണ്. ഉറക്കമിളച്ച് വണ്ടിയോടിക്കരുതെന്ന ബോധവല്‍ക്കരണങ്ങളെ തെല്ലും പരിഗണിക്കാതെയാണ് സമയലാഭം നോക്കി പലരും രാത്രികാലങ്ങളില്‍ വണ്ടിയോടിക്കുന്നത്. ഇതില്‍ ചിലരുടെയെങ്കിലും യാത്രകള്‍ ലക്ഷ്യത്തിലെത്താറുമില്ല. സീറ്റ് ബെല്‍റ്റ് ധരിപ്പിക്കാനുംഇരുചക്രവാഹനക്കാരെ ഹെല്‍മെറ്റ് വയ്പ്പിക്കാനും അധികാരികള്‍ ശ്രമിക്കുന്ന പെടാപാടുകള്‍ നാം കണ്ടുകൊണ്ടാണിരിക്കുന്നത്. സത്യത്തില്‍ അധികാരികളുടെ ഭാഗത്തു നിന്ന് ഇത്രയധികം എനര്‍ജിയും സമയവും പാഴാക്കേണ്ടതുണ്ടോ? വണ്ടിയോടിക്കുന്നവരൊക്കെ  സ്വന്തം ജീവനെക്കുറിച്ച് തിരിച്ചറിവുള്ളവര്‍ തന്നെയാണ്. ജീവന്റെ വില തിരിച്ചറിയേണ്ടവര്‍ കൂടിയാണ്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍ പുതിയ കാഴ്ചയൊന്നുമല്ല. ഇന്നലെ അങ്ങനെ ചെയ്തപ്പോള്‍ അപകടം സംഭവിച്ചില്ലെന്ന് കരുതി നാളെയോ ഇന്നോ അത് സംഭവിച്ചുകൂടായ്കയില്ലല്ലോ. പക്ഷേ അങ്ങനെയൊരു ഓര്‍മ്മപോലുമില്ലാതെയാണ് വാഹനമോടിച്ച് മൊബൈലില്‍ സംസാരിക്കുന്നത്. ഇതൊക്കെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. അറിഞ്ഞുകൊണ്ട് അപകടത്തില്‍ ചാടുന്നതിന് തുല്യവും.

    വാഹനമോടിക്കുന്നവര്‍ ഓരോരുത്തരും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടത് താന്‍ തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും കാത്തുസംരക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് എന്നാണ്. ജീവനോടുള്ള അനാദരവു തന്നെയാണ് അശ്രദ്ധമായ വാഹനമോടിക്കലുകള്‍. ഇക്കാര്യത്തില്‍ ഓരോ ഡ്രൈവറും വ്യക്തിപരമായ ഉറച്ച തീരുമാനമെടുക്കുകയാണെങ്കില്‍ ഒരുപരിധിവരെ അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും. രാത്രികാലങ്ങളിലുള്ള നീണ്ടയാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യഘട്ടങ്ങളില്‍ അത്തരംയാത്രകള്‍ വേണ്ടിവന്നാല്‍ ഉറക്കംവരുമ്പോള്‍ വഴിയരികില്‍ വണ്ടിനിര്‍ത്തി കുറച്ചുനേരം ഉറങ്ങിയതിന് ശേഷം യാത്ര തുടരുക എന്നിവയൊക്കെ ചെയ്യുന്നതിലൂടെയും അപകടം ഒഴിവാക്കാം.

    ബോധവല്‍ക്കരണം നടക്കട്ടെ.അതോടൊപ്പം സ്വന്തം ജീവന്‍ കാത്തുസൂക്ഷിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരുമാകട്ടെ. അതോടെ നമ്മുടെ റോഡുകള്‍ ജീവന്റെ നിലവിളികളില്‍ നിന്ന് അകന്നുനില്ക്കും.

  • കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്‍ത്തകള്‍…

    കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്‍ത്തകള്‍…

    കേരളത്തില്‍  ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആദ്യമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് കാണാന്‍ തലേന്നേ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുകയും പൊളിഞ്ഞുവീഴുന്ന ഫ്ലാറ്റുകൾക്ക് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തത്  വാര്‍ത്തയായിരുന്നുവല്ലോ. അതിന് സാധിക്കാത്തവര്‍ വീടുകളിലെയും ഓഫീസുകളിലെയും ടിവിക്ക് മുമ്പില്‍ ആകാംക്ഷാപൂര്‍വ്വം ആ ദൃശ്യങ്ങള്‍ കാണുകയും ചെയ്തു.  കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നത് കണ്ടപ്പോള്‍ ആര്‍ത്തട്ടഹസിച്ചവരും ആരവമുയര്‍ത്തിയവരും അക്കൂട്ടത്തിലുണ്ട്.

    തങ്ങളുടേതല്ലാത്ത നഷ്ടങ്ങളെ ആഹ്ലാദമാക്കിയവര്‍.  നന്മ നിറഞ്ഞ വാര്‍ത്തകള്‍ കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്നതിലുമപ്പുറം മറ്റുള്ളവരുടെ കണ്ണീരിന്റെയും കദനങ്ങളുടെയും കഥകള്‍ കേള്‍ക്കാനാണ് മനുഷ്യമനസ്സ് കൂടുതലായി ചാഞ്ഞിരിക്കുന്നത്.  മരട് റിപ്പോര്‍ട്ടിംങ് അത്തരമൊരു സത്യത്തെ ഒരിക്കല്‍കൂടി നമ്മുടെ മുമ്പില്‍ വിളിച്ചുപറഞ്ഞു. വാര്‍ത്താപ്രാധാന്യം എന്നതിലുമപ്പുറം അതിന്്  മറ്റുള്ളവരുടെ വീഴ്ചകളെ ആഘോഷമാക്കി മാറ്റാനുള്ള മലയാളി മനസ്സുകളുടെ സങ്കുചിതത്വങ്ങളുടെയും പരപീഡനരതിയുടെയും മുഖം കൂടിയുണ്ടായിരുന്നു. നഷ്്ടങ്ങളും വേദനകളുമെല്ലാം എപ്പോഴും  വ്യക്തിപരമാണ്. കൂടെയുള്ളവര്‍ പോലും അതിനെ അതിന്റേതായ തീവ്രതയില്‍ മനസ്സിലാക്കണം എന്നില്ല.കേരളത്തിലെ ഭൂരിപക്ഷത്തിനും മരടിലെ ഫഌററുടമകള്‍ അന്യരും അപരിചിതരുമാണ്. അവര്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്ന് വിചാരിക്കുന്നവര്‍ ഏറെയാണ്. മരടിലെ രണ്ടുമൂന്നു ഫഌറ്റ് ഉടമകളെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. എന്നാല്‍ അവര്‍ക്കാകട്ടെ എന്നെ തെല്ലും അറിയുകയുമില്ല. സൗബിനും മേജര്‍ രവിയും ആന്‍ അഗസ്റ്റ്യനും ജോമോന്‍ ടി ജോണുമാണ് അവര്‍. തീരദേശ നിയമത്തിന്റെ പേരു പറഞ്ഞ് ഫഌറ്റുകള്‍ പൊളിച്ചുനീക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ നാളെതങ്ങളുടെ സ്വപ്‌നഗേഹത്തിന് നേരെയും മറ്റേതെങ്കിലും നിയമത്തിന്റെ പേരുപറഞ്ഞ് ജെസിബികളും ബുള്‍ഡോസറുകളും വരുമ്പോള്‍ ഇതേപോലെ കൈയടിക്കുമോ?

    നിയമങ്ങളുടെ പേരു പറഞ്ഞ് ഫഌറ്റ് പൊളിച്ചുനീക്കിയപ്പോള്‍ കടവും വിലയുംവാങ്ങി ആ ഫ്ലാറ്റുകൾ വാങ്ങിയവരുടെ കണ്ണീരും സങ്കടവും നാം കാണാതെപോയി. അവരുടെ സങ്കടങ്ങളോട് താദാത്മ്യപ്പെടാന്‍ നമുക്ക് കഴിയാതെയും പോയി. ഫഌറ്റുടമകള്‍ സമ്പന്നരാണെന്നത് അവരുടെ കാശിന്റെ മൂല്യം കുറയ്ക്കുന്നില്ല. ഓരോരുത്തരും അവനവരുടെ സാമ്പത്തികസ്ഥിതിയും ജീവിതനിലവാരവും അനുസരിച്ചാണ് ജീവിക്കുന്നത്. അതിനവര്‍ക്ക് അവകാശവുമുണ്ട്.

    ദുരന്തങ്ങള്‍ വാര്‍ത്തകളാകാതിരിക്കുന്നില്ല. പക്ഷേ അവയെ ആഘോഷമാക്കുന്ന വിധത്തില്‍ അവതരിപ്പിക്കരുത്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖപത്രത്തിന്‌റെ ഒന്നാം പേജില്‍ വന്ന ഫോട്ടോ പലരുടെയും ഓര്‍മ്മയില്‍ ഇന്നുമുണ്ടാവാം.അപകടത്തെത്തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുപോയ പെണ്‍കുട്ടി മരണവെപ്രാളത്തോടെ ദാഹജലത്തിനായി കേഴുന്നതായിരുന്നു അത്. അസാധാരണമായ ഫോട്ടോയെന്ന് വാഴ്ത്തുമ്പോഴും ആ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സങ്കടങ്ങളെ ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതെത്രയോ അധികമായിരിക്കും.ഫോട്ടോഗ്രാഫര്‍ക്ക് അയാളുടെ പ്രഫഷനിലിസം പ്രകടിപ്പിക്കാനും പത്രത്തിന് എക്‌സ്‌ക്ലൂസിവാകാനും കാരണമാകുന്നതിനപ്പുറം  ആ ചിത്രത്തിലെമാനുഷികത  മറന്നുപോകരുത്. അതിനായിരിക്കണം നാം പ്രാധാന്യം കൊടുക്കേണ്ടത്. നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും  വാര്‍ത്തകളിലെ അതിവൈകാരികത നിയന്ത്രിക്കപ്പെടുകയും ചെയ്യട്ടെ.

  • പ്രണയദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുമ്പോൾ

    പ്രണയദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുമ്പോൾ

    ✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
    അസി. പ്രഫസർ,
    സെന്റ്.തോമസ് കോളേജ്,
    തൃശ്ശൂർ

    പ്രണയ ദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുന്ന അനതി സാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ കൗമാരവും യൗവനവും കടന്നു പോയി കൊണ്ടിരിയ്ക്കുന്നത്. സാംസ്കാരിക കേരളത്തിന്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ച്, അതിന്റെ സാംസ്കാരിക തലസ്ഥാനത്ത്(തൃശ്ശൂരിന്റെ വനാതിർത്തിയിൽ)  അരങ്ങേറിയ  ജനുവരി ആദ്യവാരത്തിലെ പ്രണയക്കൊല, ഇത്തരം ദുരന്തങ്ങൾക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വനത്തിനുള്ളിൽ കൊല ചെയ്യപ്പെട്ട രീതിയിൽ കണ്ടെത്തപ്പെട്ട പതിനേഴു വയസ്സുകാരി “ഇവ” യുടെ നിഷ്ക്കളങ്കമുഖം, പൊതുമനസ്സുകളിലും സമാന പ്രായത്തിൽ മക്കളുള്ള മാതാപിതാക്കളിലും തീർത്ത വേദനയും പ്രയാസവും മറക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് തീർച്ച. 

    പ്രണയക്കെണികൾ:-

    പ്ലസ് ടു കാലത്തിലെത്തുന്നതോടെ പ്രണയ വികാരങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെത്തുകയായി.എന്നെ പ്രണയിയ്ക്കാനാളുണ്ട് എന്നത്, സ്വാഭാവിക പ്രണയമെന്നതിനപ്പുറത്ത്, ആത്മാഭിമാനത്തിന്റെ കൂടി മാനകമാകുന്നതാണ് ഇന്നിന്റെ പ്രധാന പ്രശ്നം. പെൺകുട്ടികൾക്ക് തങ്ങൾക്കൊരു ആൺസുഹൃത്തും ആൺകുട്ടികൾക്ക് തങ്ങൾക്കൊരു പെൺസുഹൃത്തും ഇല്ലെന്നത് വലിയൊരു അഭിമാന പ്രശ്നമായി കാണുന്നുവെന്നതിലേയ്ക്ക് നമ്മുടെ കൗമാരവും യുവത്വവും മാറിയിരിയ്ക്കുന്നു. തനിക്കെന്തോ കുഴപ്പമുള്ളതുകൊണ്ടാണ്ആൺസുഹൃത്ത് ഇല്ലാത്തതെന്ന് ചിന്തിയ്ക്കുന്നവരും താൻ സുന്ദരിയല്ലാത്തതു കൊണ്ടാണ് ആൺകുട്ടികൾ തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതെന്ന് ചിന്തിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരുന്നു. ഈ മാനസികാവസ്ഥയിൽ നിന്നാണ് എങ്ങിനെയെങ്കിലും പ്രണയിക്കണമെന്ന ചിന്ത അവരിൽ പലരിലും അഭിരമിയ്ക്കുന്നത്. ഇത് പലപ്പോഴും അപക്വമായതും വീണ്ടുവിചാരമില്ലാത്തതുമായ പ്രണയങ്ങളിലേയ്ക്കു നയിക്കുന്നു. ഇത്തരം പ്രണയങ്ങളാണ് ചൂഷണം ചെയ്യപ്പെടുന്നതിൽ ഭൂരിഭാഗവും. നേരത്തെ ഇത്തരം ചൂഷണങ്ങൾ വ്യക്തിപരം മാത്രമായിരുന്നെങ്കിൽ, ഇപ്പോഴതിനു പുറകിൽ പല റാക്കറ്റുകളും മാഫിയകളും ഉണ്ടെന്നുള്ളത് സമീപകാല വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
    പ്രണയമയമായ കാലയളവിൽ,പ്രണയാർദ്രമെന്ന് തോന്നിപ്പിക്കുന്നതൊക്കെ പ്രണയാർദ്രമല്ലെന്നും, പ്രണയിക്കുന്നു എന്ന് പറയുന്നവരിൽ ചെറുപക്ഷമെങ്കിലും പ്രണയം നടിക്കുന്നവരോ കൃത്രിമമായി പ്രണയിക്കുന്നവരാണെന്നും നമ്മുടെ കുട്ടികൾ മനസ്സിലാക്കുന്നില്ലെന്നതാണ് വാസ്തവം. അത്തരക്കാരെ മനസ്സിലാക്കാനും സ്ഥാപിതതാല്പര്യക്കാരോട് “പറ്റില്ല” എന്നു പറയാനും എന്നാണ് നമ്മുടെ കുട്ടികൾ വളരുക? അത്തരമൊരു മാനസികാവസ്ഥയിൽഒറ്റപ്പെടുന്ന നമ്മുടെ കൗമാരത്തെ ചേർത്തു നിർത്താനും സഹഗമിയ്ക്കാനും നമ്മുടെ രക്ഷാകർത്താക്കൾക്കും പരിശീലനം അവശ്യം തന്നെ. 

    സാമൂഹ്യ മാധ്യമങ്ങളും ഇത്തരം പ്രണയക്കെണികൾക്ക് വലിയ സാധുതയേകുന്നുണ്ട്. ചൂഷണങ്ങളിൽ പ്രാമുഖ്യം, നഗ്നത വെച്ചുള്ള വിലപേശലുകൾക്കു തന്നെയാണ്. പ്രണയത്തിന്റെ ഉത്തുംഗശൃംഗത്തിലെ, ഒരാവേശത്തിന്റെ പുറത്തുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും വീഡിയോകളും തങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കാവുന്ന സാഹചര്യത്തിലേയ്ക്ക് നമ്മുടെ കുട്ടികളെ കൊണ്ടുചെന്നെത്തിക്കുന്നുമുണ്ട്. അടച്ചിട്ട മുറികളിൽ തന്റെ നഗ്നത പ്രദർശിപ്പിക്കുന്നവരും, അതാസ്വദിക്കുന്നവരും ഇക്കാര്യത്തിന് അവരെ പ്രേരിപ്പിക്കുന്നവരും, പത്തു മാസം സുഖശീതളിമയിൽ കിടന്ന തന്റെ അമ്മയുടെ ഗർഭപാത്രവും അമ്മിഞ്ഞപ്പാൽ നുകർന്ന മാറിടങ്ങളും മറന്ന്, അതേ ആകൃതിയും രൂപവുമുള്ള  ശരീരങ്ങളെ ആസൂത്രിതലക്ഷ്യത്തോടെ ദുരുപയോഗിക്കുന്നുവെന്നത് എന്ത് വിരോധാഭാസമാണ്? നൊന്തു പ്രസവിച്ച തന്റെ അമ്മയ്ക്കില്ലാത്തതൊന്നും  അവൾക്കില്ലയെന്നു തിരിച്ചറിയുന്നിടത്ത് അവസാനിക്കേണ്ടതു തന്നെയാണ് അവന്റെ കാമാർത്തി. 

    ഉറവിടങ്ങളിലേയ്ക്കുള്ള മടക്കം:-

    സൗഹൃദ, പ്രണയക്കെണികള്‍ മൂലം കുടുംബങ്ങള്‍ തകര്‍ക്കപ്പെടുന്നതു സമൂഹത്തില്‍, പ്രത്യേകിച്ച് കേരള സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വളരെവലുതാണ്. കുടുംബങ്ങളേയും അവയിലെ കുടുംബാംഗങ്ങളേയും ഈ പതിറ്റാണ്ടിൽ ബാധിച്ചിരിക്കുന്ന മദ്യപാനാസക്തി, സ്‌നേഹരാഹിത്യം, അണുകുടുംബ പശ്ചാത്തലം, പിടിവാശികള്‍, നവമാധ്യമങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരം, സീരിയലുകളും സിനിമകളും നൽകുന്ന തെറ്റായ സന്ദേശങ്ങള്‍, ഉപഭോഗസംസ്‌കാരം എന്നിങ്ങനെ നിരവധി കാരണങ്ങള്‍, നല്ലകുടുംബ ബന്ധങ്ങൾക്കപ്പുറത്തെ പുതിയ സാധ്യതകളിലേയ്ക്ക് നമ്മുടെ കൗമാരത്തെ നാമറിയാതെ നയിക്കുന്നുണ്ട്. അല്ലെങ്കിൽ തനിയ്ക്കാശ്വാസവും പരിഗണനയും കിട്ടുന്ന പുതിയ മേച്ചിൽപുറങ്ങൾ അവർ തേടുന്നുവെന്നു പറയുന്നതാകും കൂടുതൽ ശരി. ഈ വെല്ലുവിളികളെ യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാനും ക്രിയാത്മകമായി അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബ ബന്ധങ്ങളെ സുദൃഢമാക്കി, അവയുടെ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാനും സാധിക്കുകയുള്ളൂ. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും സ്വതന്ത്രമായി പരിഹരിയ്ക്കപ്പെടുന്ന വേദികളായി കുടുംബങ്ങൾ മാറിയാലേ, വീടിന്റെ യഥാർത്ഥ അർത്ഥം നമ്മുടെ ഇരുനില കെട്ടിടങ്ങൾക്ക് അവകാശപ്പെടാനാകൂ. ചൈനയിൽ നിന്നുള്ള സുപ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ ലിൻടുയാങ്, ഇങ്ങിനെയെഴുതി ” മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിയ്ക്ക് ഏറ്റവും അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങൾ തമ്മിലുള്ളതാണ്.” അതു കൊണ്ട് തന്നെ തലമുറ മാറ്റത്തെ പഴിയ്ക്കാതെ കുടുംബ ബന്ധങ്ങളെ നിലനിർത്തി, അവയുടെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയെന്നതു തന്നെയാണ്, മുഖ്യ പരിഹാര മാർഗ്ഗം.

    നമുക്ക് നൻമയുടെ ആ ഉറവിടങ്ങളിലേയ്ക്കു മടങ്ങാം.
    ഞാൻ പ്രണയത്തിനെതിരൊന്നുമല്ല, കേട്ടോ…..പക്ഷേ അവയെ പക്വതയോടെയും യാഥാർത്ഥ്യബോധത്തോടെയും അഭിമുഖീകരിയ്ക്കണമെന്നു മാത്രം.

  • കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

    കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

    കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന  കുട്ടികളുടെ  ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര്‍ ഈ വീടിന്റെ ഭരണകര്‍ത്താക്കളും നമ്മള്‍ അവരുടെ ആശ്രിതരുമായിത്തീരുമെന്ന വിചാരമൊന്നും ഇല്ലാതെയല്ലേ അവരെ ചിലപ്പോഴെങ്കിലും നാം ട്രീറ്റ് ചെയ്യുന്നത്? അവരോട് ഇടപെടുകയും സംസാരിക്കുകയും ചെയ്യുമ്പോഴും ഇതേ സമീപനം തന്നെയാണ് നാം പുലര്‍ത്തുന്നത്. വീടിനുള്ളില്‍ ഇതാണ് അവസ്ഥയെങ്കില്‍ വീടിന് വെളിയിലും അവര്‍ വിവേചനവും അവഗണനയും നേരിടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.  ഈ വിവേചനത്തി്‌ന്റെ ഏറ്റവും പ്രകടമായ തെളിവാണ് കുട്ടികള്‍ക്ക് നല്കുന്ന സൗജന്യ പഠനോപകരണങ്ങളുടെയും മറ്റ് സാമ്പത്തികസഹായങ്ങളുടെയും വിതരണത്തിന്റെ പേരിലുള്ള പരസ്യപ്പെടുത്തലുകള്‍.

    അതുപോലെ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍തഥികള്‍ക്ക് വീടു നിര്‍മ്മിച്ചുകൊടുക്കുമ്പോഴും കാണാം ഇത്തരത്തിലുള്ള എട്ടുകോളം വാര്‍ത്തകള്‍.  ആ ഫോട്ടോകളില്‍ നിര്‍ദ്ധനരായ മാതാപിതാക്കളുടെ ഓരം ചേര്‍ന്നുനില്ക്കുന്ന കുട്ടികളുടെ കണ്ണുകളിലെ ദൈന്യതയും മുറിവും ഇത്തിരിയൊക്കെ വെളിച്ചമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുുന്നതേയുള്ളൂ. പലപ്പോഴും  തോന്നിയിട്ടുണ്ട് അത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ അവസാനിപ്പിച്ചൂകൂടെ എന്ന് ? നല്കുന്നത് സ്വീകരിക്കുന്നവരോടുള്ള സ്‌നേഹം കൊണ്ടും കരുണ കൊണ്ടുമായിരുന്നുവെങ്കില്‍ ഇത്തരം പ്രസിദ്ധപ്പെടുത്തലുകള്‍ക്ക് എന്തര്‍ത്ഥമാണുള്ളതെന്ന്! സമാനമായി ചിന്തിക്കുന്ന അനേകരുണ്ട് എന്നതും യാഥാര്‍ത്ഥ്യം. അത്തരക്കാരുടെയെല്ലാം നിശ്ശബ്ദമായ ആഗ്രഹവും പ്രാര്‍ത്ഥനയുമാണ് ഇപ്പോള്‍ ഫലവത്തായിരിക്കുന്നത്. കുട്ടികള്‍ക്ക് നല്കുന്ന സാമ്പത്തികസഹായങ്ങളുടെയൊന്നും വാര്‍ത്തയോ ഫോട്ടോയോ പ്രസിദ്ധീകരിക്കരുതെന്ന ഔദ്യോഗികമായ നിയമം വന്നിരിക്കുന്നു. നോട്ബുക്കുകള്‍ പോലും നല്കുന്നത് എട്ടുകോളം വാര്‍ത്തയും ചിത്രവുമാക്കി മാറ്റുന്നവര്‍ക്ക്  ഈ താക്കീത് കനത്ത പ്രഹരം തന്നെയായിരിക്കും.  തങ്ങളുടെ പേരും ഫോട്ടോയും പത്രത്തില്‍ വരാന്‍ ആഗ്രഹിച്ചും നാട്ടുകാരുടെ കൈയടി ആഗ്രഹിച്ചും നല്കുന്ന   ദാനങ്ങള്‍ ഈ നിയമം വരുന്നതോടെ  എത്രത്തോളം തുടരുമെന്നും കണ്ടറിയണം. ദാനം നല്കുന്നത് നല്ലതു തന്നെ. എന്നാല്‍ എങ്ങനെ നല്കുന്നു എന്നതാണ് അതിനേക്കാള്‍ പ്രധാനം. ഞാന്‍ ഒരാള്‍ക്ക് ഒരു രൂപ കൊടുക്കുന്നത് അയാള്‍ എന്നെക്കാള്‍ ഇല്ലാത്തവനായതുകൊണ്ടാണല്ലോ. ആ ഇല്ലായ്മയെ എന്റെ സമ്പന്നതകൊണ്ട് മുറിപ്പെടുത്തുന്നത് സംസ്‌കാരയോഗ്യമല്ല.

     സംസ്‌കാരഹീനതയാണ് കുട്ടികള്‍ക്ക്  നല്കുന്ന സാമ്പത്തികസഹായങ്ങളെ പ്രസി്ദ്ധപ്പെടുത്തുന്നതിലൂടെ സംഭവിക്കുന്നത്. കുട്ടികളുടെ മനസ്സിലേല്ക്കുന്ന മുറിവുകള്‍ക്ക് വലിയ ആഴമുണ്ട്. ആ മുറിവുകള്‍ അവരുടെ ഭാവിജീവിതത്തെ കൂടി ദോഷകരമായി ബാധിക്കും. അത്തരം മുറിവുകളില്‍ നിന്ന് മോചിതരാകാന്‍ പുതിയ ഇത്തരം നിയമങ്ങള്‍ക്ക കഴിയട്ടെ. കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍.

  • പാടത്തെ പച്ചപ്പ് ജീവിതത്തിലും വേണം

    പാടത്തെ പച്ചപ്പ് ജീവിതത്തിലും വേണം

    കർഷകരുടെ നിലവിളികൾ നമുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോർക്കണമെന്ന് മാത്രമേയുള്ളൂ.  കാർഷികസമ്പദ്ഘടന അമ്പേ തകർന്നതും ഉല്പന്നങ്ങൾക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങൾക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങൾ പലപ്പോഴും വനരോദനങ്ങൾ മാത്രമാവുകയാണ് ചെയ്തിരുന്നത്. കാരണം കർഷകരെ സംഘടിപ്പിച്ചു നിർത്താനോ മുൻനിരയിലേക്ക് നീക്കിനിർത്തി അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ അധികമാരുമുണ്ടായിരുന്നില്ല.അവർ എന്നും പിന്നാക്കം നിന്നിരുന്നവരായിരുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെയും നേരിട്ടുള്ള വോട്ടുബാങ്കുകളല്ലാതിരുന്നവർ.  ഇത്തരം ഒരു സാഹചര്യത്തിലാണ് കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള കർഷകസമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പ്രസക്തി വർദ്ധിച്ചിരിക്കുന്നത്. തലശ്ശേരിയിൽ തുടങ്ങിവച്ച ആ മുന്നേറ്റം മറ്റ് പലയിടങ്ങളിലേക്കും വ്യാപിക്കുന്നതായാണ് വാർത്തകൾ.

    നമ്മുടെ സമൂഹത്തെ താങ്ങിനിർത്തുന്ന ഏറ്റവും വലിയ ശക്തിസ്രോതസാണ് കർഷകർ എന്നതാണ് സത്യം. ഒരു എൻജിനീയർ ഇല്ലെങ്കിലും കളക്ടർ ഇല്ലെങ്കിലും  നമുക്ക് ജീവിക്കാം. സിനിമ കണ്ടില്ലെങ്കിലും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാം. പക്ഷേ ഒരു കർഷകൻ ഇല്ലാതെ നമുക്കെങ്ങനെ ജീവിക്കാനാവും. ഭക്ഷണമില്ലാതെ നമുക്കെങ്ങനെ ജീവിക്കാനാകും?

    പക്ഷേ ഡോക്ടർക്കോ സിനിമാതാരത്തിനോ സാഹിത്യകാരനോ കൊടുക്കുന്ന ആദരവോ അംഗീകാരമോ ബഹുമതിയോ ഒരു കർഷകന് ഒരിക്കലും കിട്ടുന്നില്ല. താഴെക്കിടയിലുള്ള വർഗ്ഗമായിട്ടാണ് ഉദ്യോഗസ്ഥവരേണ്യവർഗ്ഗം അവരെ കാണുന്നത്. ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതിവച്ചിട്ടുണ്ട് എന്ന് നാം പറയാറുണ്ട്. അതുപോലെ ഓരോ അരിമണിയിലും അതിന് വിയർപ്പൊഴുക്കിയ ആളുടെ പേരും എഴുതിവച്ചിട്ടില്ലേ? പക്ഷേ അതാര്
    ഓർക്കുന്നു?

    നമ്മൾ നമ്മുടെ പോക്കറ്റിന്റെ കനമനുസരിച്ച് ഇഷ്ടമുള്ള  സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങികഴിക്കുന്നു. അവർ എഴുതിത്തരുന്ന ബില്ല പേ ചെയ്ത് ഏമ്പക്കം വിട്ട് ഒന്നുകിൽ സന്തോഷത്തോടെയോ അല്ലെങ്കിൽ കുറ്റം പറഞ്ഞോ ഇറങ്ങിപ്പോകുന്നു. പക്ഷേ അപ്പോഴൊക്കെ ഒരിക്കലെങ്കിലും ആ ഭക്ഷണത്തിന് പിന്നിൽ വിയർപ്പൊഴുക്കിയ ഒരു വ്യക്തിയെ അത് പാടത്ത് വിളയിച്ച, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ അതിന് വേണ്ടി അദ്ധ്വാനിച്ച വ്യക്തിയെ ഓർമ്മിക്കുന്നുണ്ടോ? വീടുകളിൽ നിന്ന് അതിരാവിലെ വാങ്ങുന്ന പാൽ മുതൽ എത്രയോ സാധനങ്ങളുടെ പേരിലാണ് നാം ഓരോദിവസവും ഓരോ കർഷകനോടും കടപ്പെട്ടിരിക്കുന്നത്?

    നമ്മൾ കൊടുക്കുന്ന വിലയിൽ പലപ്പോഴും അർഹിക്കുന്നതുപോലും ഈ കർഷകരുടെ കൈകളിൽ എത്തുന്നുമുണ്ടാവില്ല. എന്നിട്ടും നഷ്ടം സഹിച്ചും അവർ ഓരോരോ കൃഷി ചെയ്യുന്നു. നെല്ലുവിതച്ചും പച്ചക്കറികൃഷി നടത്തിയും റബർ വെട്ടിയും പശുവിനെ വളർത്തിയും എല്ലാം. കാരണം ഇതാണ് അവരുടെ ജീവിതം. അവർക്ക് ഇതല്ലാതെ മറ്റൊന്നും അറിയില്ല. അറിവുകുറഞ്ഞവർ… വിദ്യാഭ്യാസം കുറഞ്ഞവർ…
    തങ്ങൾ അനുഭവിക്കുന്ന ചൂഷണം കാരണമായിത്തന്നെയാണ് ഒരുകർഷകനും തന്റെ മക്കൾ കർഷകരായിത്തീരണമെന്ന് ആഗ്രഹിക്കാത്തത്. രണ്ടക്ഷരം പഠിച്ച് വല്ല ജോലിയും മേടിക്കെന്റെ മക്കളേ എന്നാണ് അവർ പിൻതലമുറയോട് പറയുന്നത്. ഡോക്ടറുടെ മകൻ ഡോക്ടറാകുമ്പോഴും അതുകൊണ്ടുതന്നെ കർഷകന്റെ മകൻ കർഷകനാകുന്നില്ല. ഈ രംഗത്തുള്ള അനീതിയും അസമത്വവും ജീവിതമാർഗ്ഗത്തിനുള്ള വെല്ലുവിളികളും തന്നെ പ്രധാന കാരണം.

    വരുംകാലങ്ങളിലെങ്കിലും ഈ മനോഭാവത്തിൽ മാറ്റംവരണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ അവിടവിടെയായി കൃഷിയിൽ പൊന്നുവിളയിക്കുന്ന ചില വിജയഗാഥകൾ കേൾക്കുന്നത് സന്തോഷകരമായ കാര്യംതന്നെ. കൂടുതൽ ചെറുപ്പക്കാർ കൃഷിയിലേക്ക് വരണം. അതിനാദ്യം വേണ്ടത് കൃഷികൊണ്ട് ജീവിക്കാനാവശ്യമായതു ലഭിക്കും എന്ന സാഹചര്യം ഉറപ്പുവരുത്തലാണ്. അർഹമായതു കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തലാണ്. ഗവൺമെന്റിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും പിന്തുണയും പിന്താങ്ങലുമാണ്. തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ആളുകളുണ്ടെന്ന തിരിച്ചറിവാണ്. അത്തരമൊരു മാറ്റത്തിന് കാരണമാകട്ടെ പുതുതായി അരങ്ങേറുന്ന കാർഷികമുന്നേറ്റങ്ങൾ.
    വിയർപ്പൊഴുക്കിയും വെയിലേറ്റും മഴ നനഞ്ഞും ഗ്ലാമറസ് ലോകത്തിന് അന്യമായിനിന്നുകൊണ്ട് ഞങ്ങളെ ഓരോ ദിവസവും തീറ്റിപ്പോറ്റുന്ന പ്രിയപ്പെട്ട കർഷകരേ നിങ്ങളുടെ കൈകളെ ഞങ്ങൾ ആദരവോടെ ചുംബിക്കട്ടെ. ജയ് കിസാൻ എന്ന്  മുദ്രാവാക്യം ഉറക്കെവിളിക്കുകയും ചെയ്തുകൊണ്ട് എന്നും നിങ്ങൾക്കൊപ്പം..

  • നടുക്കമുളവാക്കുന്ന മരണങ്ങള്‍

    നടുക്കമുളവാക്കുന്ന മരണങ്ങള്‍

    ഏതൊരു മരണവും നമുക്ക് മുമ്പില്‍ ഉണര്‍ത്തുന്നത് നടുക്കവും സങ്കടവും ഒക്കെയാണ്. എന്നാല്‍ ചില മരണങ്ങള്‍ക്ക് മുമ്പില്‍ ആ നടുക്കവും സങ്കടവും സീമാതീതമായി വളരുന്നുണ്ട്. അത്തരമൊരു മരണവാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിക്കുന്ന നവജാതശിശുക്കളുടെ കൂട്ട മരണങ്ങള്‍. രാജ്‌കോട്ടിലെയും അഹമ്മദ്ബാദിലെയും സര്‍ക്കാര്‍ ആശുപത്രികളാണ് കൂട്ടമരണങ്ങള്‍ക്ക് വേദിയായത്. ഇവിടെ കഴിഞ്ഞ മാസം മാത്രം മരണമടഞ്ഞവ കുഞ്ഞുങ്ങളുടെ എണ്ണം 219. രാജ്‌കോട്ടിലെആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം ആകെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 1235. അഹമ്മദ്ബാദിലെ ആശുപത്രിയില്‍ മൂന്നു മാസത്തിനിടെ മരണമടഞ്ഞത് 253 കുഞ്ഞുങ്ങള്‍.

    ഗുജറാത്തിലെ  ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞുപോയത്ആയിരത്തിലേറെ കുഞ്ഞുങ്ങള്‍. ഈ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ഓരോ മനുഷ്യസ്‌നേഹിയുടെയും നെഞ്ച് കലങ്ങും. ഓരോ അച്ഛനമ്മമമാരുടെയും കണ്ണ് നിറയും. കാരണം തങ്ങള്‍ ഓമനിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങളെപോലെയുള്ളവര്‍.. ആ മാതാപിതാക്കളുടെ വേദന ഓരോ അച്ഛന്റെയും അമ്മയുടെയും വേദനയാണ്.  ഒരു കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രതീക്ഷ മുഴുവന്‍ കുഞ്ഞുങ്ങളിലാണ്. ആ കുഞ്ഞുങ്ങള്‍ തന്നെ ഇല്ലാതാകുമ്പോള്‍ അല്ലെങ്കില്‍ അപകടകരമാം വിധം തുടച്ചുനീക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ ഭാവിതന്നെയാണ് ഇല്ലാതാകുന്നത്. ലോകത്തെയും രാജ്യത്തെയും ഭാവിയിലേക്ക് നയിക്കാന്‍ കഴിവുള്ള, പ്രാപ്തിയുള്ള, എത്രയോ കു്ഞ്ഞുങ്ങളായിരുന്നിരിക്കാം അക്കൂട്ടത്തിലുണ്ടായിരുന്നത്.! രണ്ടും മൂന്നും വയസ് പ്രായമുള്ളപ്പോഴാണ് പല കുഞ്ഞുങ്ങളും മരിക്കുന്നത്.അതായത് കുഞ്ഞിന്റെ കളിയും ചിരിയും അച്ഛാ വിളിയും അമ്മ വിളിയും ഒക്കെ കേട്ടുതുടങ്ങിക്കഴിയുമ്പോള്‍. വൈകാരികമായി ചിന്തിക്കുമ്പോള്‍ പോലും അത് നല്കുന്ന ആഘാതം കനത്തതാണ്. ഒരു സംസ്ഥാനത്ത് അല്ലെങ്കില്‍ അവിടെയുള്ള ഒരുപ്രത്യേക സ്ഥലത്ത് എന്തുകൊണ്ട് തുടര്‍ച്ചയായി ഇങ്ങനെ മരണങ്ങള്‍ സംഭവിക്കുന്നു എന്നതിന് കൃത്യമായ മറുപടി അധികാരികള്‍ക്ക് പോലും നല്കാനില്ല. പത്രപ്രതിനിധികളുടെ ഇത്തരം ചോദ്യങ്ങളെ അവഗണിച്ചു കടന്നുപോയ മുഖ്യമന്ത്രിയെക്കുറിച്ചാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാവങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ ഗവണ്‍മെന്റ് കാണിക്കുന്ന അലംഭാവമാണ് ഇവിടെ പ്രകടമാകുന്നത്. പാവപ്പെട്ടവരും ദരിദ്രരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും വോട്ടുബാങ്കുകള്‍ മാത്രമാകാതെ അവരുടെ ജീവിതനിലവാരത്തിന് ഉപയുക്തമായ രീതിയില്‍ ഭരണസമ്പ്രദായങ്ങളിലുും ആരോഗ്യമണ്ഡലത്തിലും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അതിന്റെ പ്രയോജനം അവര്‍ക്ക്‌ലഭ്യമാകുകയും വേണം. ഭാരതത്തിന്‌റെവികസനം എന്ന് പറയുന്നത് സമഗ്രമായ രീതിയിലായിരിക്കണം. ഒരു രാജ്യത്തിന്റെ ഭരണസംവിധാനം പ്രശംസിക്കപ്പെടേണ്ടത് ദരിദ്രരോട് കാണിക്കുന്ന അനുഭാവപൂര്‍വ്വമായ സമീപനത്തിന്‌റെ കാര്യത്തിലാണ്. അവരെക്കൂടി ഉല്‍ക്കര്‍ഷത്തിലേക്ക് നയിക്കാന്‍ സഹായകമായ വിധത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴാണ്.

    രാജ്യത്തിന്റെ നല്ല ദിനങ്ങള്‍ക്ക് എല്ലാവരും പങ്കാളികളാകണം. അവരുടെ അവകാശമാകണംആ നല്ല ദിനങ്ങള്‍. ആ നവജാതശിശുക്കളുടെ മരണത്തില്‍ ആത്മാര്‍ത്ഥമായി സങ്കടപ്പെട്ടുകൊണ്ട്, ആ മാതാപിതാക്കളുടെ വേദനകള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട്, ഇനിയൊരിക്കലും ഇതുപോലൊരു ദുരന്തം ഉണ്ടാവാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്..

  • മാര്‍പാപ്പ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ

    മാര്‍പാപ്പ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ

    ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോള്‍ വീഴാന്‍ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലര്‍ മാധ്യമങ്ങള്‍ വരെ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പിന്നീട് പാപ്പ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കാരണം താന്‍ ഒരു ദുര്‍മാതൃകയാണ് ലോകത്തിന് നല്കിയത് എന്നതിന്റെ പേരില്‍. ഈ സംഭവം മറ്റ് പല സംഭവങ്ങളിലേക്കും നമ്മുടെ ഓര്‍മ്മയുണര്‍ത്തുന്നുണ്ട്. ആരാധകരും സെലിബ്രിറ്റികളും തമ്മിലുള്ള ബന്ധങ്ങളുടെ അതിരുകള്‍ മുതല്‍ എത്ര വലിയവരിലും ആത്യന്തികമായി നിറഞ്ഞുനില്ക്കുന്ന നിസ്സാരതയിലേക്ക് വരെയാണ് ആ ചിന്തകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.  എഴുത്തുകാരും അഭിനേതാക്കളും പോലെയുള്ള  നാലാള്‍ അറിയുന്നവരുടെയെല്ലാം നിലനില്പ് എന്ന് പറയുന്നത് അവരെ സ്‌നേഹിക്കുന്നവരുടെ പിന്തുണയാണ്. ആരാധകര്‍ എന്ന് നാം അതിനെ വിശേഷിപ്പിക്കുന്നു. വെള്ളിത്തിരയില്‍ തങ്ങള്‍ കാണുന്ന താരങ്ങളെ നേരില്‍ കാണുമ്പോള്‍ അവരെ കെട്ടിപിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നവരുണ്ട്.

    എഴുത്തുകാരുടെ കൈകള്‍ മുത്തുന്നവരുണ്ട്. സെലിബ്രിറ്റികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടുന്നവരുണ്ട്. ആരാധകര്‍ വ്യത്യസ്തരാണ് എന്നതുപോലെ തന്നെ സെലിബ്രിറ്റികളും വ്യത്യസ്തരാണ്. ഭാവവ്യത്യാസങ്ങളും മാനസികസമ്മര്‍ദ്ദങ്ങളും അവര്‍ക്കുമുണ്ട്. തങ്ങള്‍ അപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍,തങ്ങള്‍ ആഗ്രഹിക്കാത്ത രീതിയിലുള്ള പ്രതികരണം ഉണ്ടാകുമ്പോള്‍ അതിനോട് അവര്‍ തത്തുല്യമായ രീതിയില്‍ പ്രതികരിച്ചുവെന്നു വരാം.  തന്നെ അനുചിതമായി സ്പര്‍ശിക്കുകയോ കെട്ടിപിടിക്കുകയോ ചെയ്ത ഒരു ആരാധകനെ ഒരു യുവതാരം ചീത്തവിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ട് അധികകാലമായില്ല. സൂപ്പര്‍ താരം പത്രലേഖകനോടും ചോദ്യങ്ങള്‍ക്ക് മുമ്പില്‍അസ്വാരസ്യപ്പെട്ടതും തനിക്കൊപ്പം സെല്‍ഫിയെടുത്ത ആരാധകന്റെ കൈയില്‍ നിന്ന്  ഫോണ്‍ പിടിച്ചുവാങ്ങിഗാനഗന്ധര്‍വന്‍ ഫോട്ടോ ഡിലേറ്റ് ചെയ്തത് മറ്റ് ചില സംഭവങ്ങള്‍. ഇതിനൊക്കെ അവര്‍ക്ക് അവരുടേതായ ന്യായങ്ങളും വിശദീകരണങ്ങളുമുണ്ടാകും.  തന്നെ കാണാന്‍ വന്ന ആരാധകനെ സെക്യൂരിറ്റി തടഞ്ഞപ്പോള്‍ അവരെ വിലക്കുകയും ആരാധകനെ അടുത്തുനിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്ത സൂപ്പര്‍താരങ്ങളുമുണ്ട്.


     ഇങ്ങനെയൊക്കെയാകുമ്പോഴുംആരാധകന്‍ പ്രതീക്ഷിക്കുന്ന രീതിയില്‍  സെലിബ്രിറ്റികള്‍ പെരുമാറണമെന്ന് ശഠിക്കരുത്. അവര്‍ നിങ്ങളെ ഏതൊക്കെയോ തരത്തില്‍ തൃപ്തിപ്പെടുത്തുന്നതുകൊണ്ടാണ് നിങ്ങള്‍  അവരെആരാധിക്കുന്നത്. നിങ്ങളെക്കാള്‍ സംതിങ് ഡിഫറന്റ് ആയതുകൊണ്ടാണ് അവര്‍ ആരാധനാമൂര്‍ത്തികളായത്.  നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഒരുവിടവുണ്ട്. ആ വിടവിനെ അതായിതന്നെ നിലനിര്‍ത്തുന്നതാണ് സുരക്ഷിതമായ ബന്ധത്തിന് നല്ലത്.
     പക്ഷേ സെലിബ്രിറ്റികളും മനുഷ്യരാണ് എന്ന കാര്യം മറക്കരുത്. വലിയ കാര്യങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ ചിലപ്പോഴെങ്കിലും ചെറിയ മനുഷ്യരെ പോലെ പെരുമാറിക്കളയും. കാരണം എല്ലാവരും മനുഷ്യരാണ്.

    ബലഹീനതകളുള്ളവരും മാനുഷികപ്രവണതകള്‍ ഉള്ളവരുമാണ്. ഒരു വ്യക്തിയില്‍ ആദ്യം പുറത്തേക്ക് വരുന്നത് പലപ്പോഴും അയാളിലെ  നെഗറ്റീവായിരിക്കും. ഒരാള്‍ അറിയാതെയാണെങ്കില്‍ പോലും തിരക്കുള്ള ബസില്‍ വച്ച് കാലില്‍ ചവിട്ടിയാല്‍ നാം ചോദിക്കുന്നത് തന്റെ മുഖത്തെന്താ കണ്ണില്ലേ എന്നായിരിക്കും. സഡന്‍ റിയാക്ഷന്‍ പലപ്പോഴും നെഗറ്റീവ് കമന്റസായിട്ടായിരിക്കും. നെഗറ്റീവ് പ്രതികരണമായിട്ടായിരിക്കും. താന്‍ വീഴുമെന്ന് ഭയന്നപ്പോള്‍ മാര്‍പാപ്പയ്ക്ക് ചെയ്യാനുണ്ടായിരുന്ന ഏറ്റവും മാന്യമായ പ്രതികരണം ആ സ്ത്രീയുടെ കൈയ്ക്ക് തട്ടി പിടി വിടുവിക്കുക എന്നതായിരുന്നു. എന്നാല്‍ താന്‍ ചെയ്തത് ശരിയായില്ലെന്ന് തോന്നിയപ്പോള്‍ പാപ്പ മാപ്പ് പറയുകയും ചെയ്തു. സൂപ്പര്‍താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇല്ലാത്ത ഔന്നത്യത്തിലേക്ക് പാപ്പ ഉയര്‍ന്നത് അവിടെയാണ്. ആരാധകര്‍ ഉണ്ടാവട്ടെ. സെലിബ്രിറ്റികള്‍ ഉണ്ടാവട്ടെ. പക്ഷേ അതിരുകള്‍ നിശ്ചയിക്കാന്‍ മറക്കരുത്. വലിയവരോട് അകന്ന് വലുതാകാനാണ് ശ്രമിക്കേണ്ടത് എന്നും കൂടി ഓര്‍മ്മിപ്പിക്കട്ടെ.

error: Content is protected !!