കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന് ഒരു സിനിമയില്‍ ബാബുരാജിന്റെ കഥാപാത്രം പറയുന്നുണ്ട്. സംഭവം സത്യമല്ലേ. കുടിയന്മാരോട് ഇവിടെ ആര്‍ക്കും എന്തുമാകാം. അതുകൊണ്ടല്ലേ ഈ കൊറോണകാലത്തും അവരുടെ ജീവന് വേണ്ടത്രവില കല്പിക്കാത്തവിധം ബിവറേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
പള്ളിയും പള്ളിക്കൂടവും അമ്പലവും മോസ്‌ക്കുകളും അടച്ചുപൂട്ടിയിട്ടും ബാറുകള്‍ക്ക് അവധിയില്ലാതിരുന്നതും ഷാപ്പ് ലേലത്തിന് തിടുക്കം കൂട്ടിയതും അതുകൊണ്ടല്ലേ?
പള്ളിയും പള്ളിക്കൂടവും അടച്ചുപൂട്ടിയിട്ടും ബിവറേജ് അടച്ചൂപൂട്ടാത്ത സ്ഥിതിക്ക് കോവിഡ് 19 പ്രതിരോധം എങ്ങനെ സാധിക്കും എന്ന ചര്‍ച്ച ഇതിന് മുമ്പും നടന്നിട്ടുണ്ട്. അത് കേരളത്തിലെ സാമാന്യബോധമുള്ള ഏതൊരാളുടെയും മനസ്സിലെ ചിന്തയും വേവലാതിയും യുക്തിയുമായിരുന്നു.
ബിവറേജുകള്‍ അടച്ചുപൂട്ടിയാല്‍ മദ്യപന്മാര്‍ കൂടുതല്‍ അക്രമാസക്തരും മയക്കുമരുന്നുപോലെയുള്ളവയിലേക്ക്് തിരിയുമെന്നുമാണ് ബിവറേജുകളെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനങ്ങള്‍ക്ക് ന്യായീകരണമായി പറഞ്ഞുകേള്‍ക്കുന്നത്. ശരിയായിരിക്കാം. സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ വ്യാപാരങ്ങളെ അത് ദോഷകരമായി ബാധിച്ചേക്കാം. മയക്കുമരുന്നുകള്‍ക്ക്ുള്ള പ്രതിവിധിയായി മദ്യപാനത്തെ പ്രതിഷ്ഠിച്ച് മദ്യപാനത്തിന് ന്യായീകരണം നല്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് അത്. മദ്യമില്ലെങ്കില്‍ മയക്കുമരുന്ന് എന്ന നിലയിലേക്കൊന്നും കേരളത്തിലെ ജനങ്ങള്‍ പെട്ടെന്നൊന്നും വഴിമാറുമെന്നും കരുതാന്‍ വയ്യ.
പക്ഷേ അതിന് വേണ്ടി ബിവറേജുകള്‍ തുറന്നുകൊടുക്കുന്നത് കൂടുതല്‍ ദോഷകരമല്ലേ? ജനതാകര്‍ഫ്യൂവും ലോക്ക് ഡൗണുമൊക്കെ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ അതിനോട് സഹകരിച്ചത് തങ്ങള്‍ക്കാവശ്യമുള്ള അവശ്യസാധനങ്ങള്‍ മുന്‍കൂട്ടി സംഭരിച്ചുവച്ചുകൊണ്ടായിരുന്നു. അതുപോലെ ബിവറേജുകള്‍ ഇന്ന ദിവസം മുതല്‍ ഇത്ര ദിവസം വരെ അടച്ചിടുമെന്ന് നേരത്തെ അറിയിപ്പ് കൊടുത്താല്‍ മദ്യപിക്കുന്നവര്‍ക്ക് ഏതാനും ദിവസത്തേയ്‌ക്കെങ്കിലും അവ ശേഖരിച്ചുവയ്ക്കാന്‍ കഴിയില്ലേ.. ബിവറേജുകള്‍ക്ക് മുമ്പിലുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കാനാവില്ലേ.. അതുവഴി കൊറോണ വ്യാപനത്തെ ഒരുപരിധിവരെ തടയാന്‍ കഴിയില്ലേ?
മറ്റെല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധം ഏര്‍പ്പെടുത്തുകയും ബിവറേജസുകളെയും ബാറുകളെയും അതില്‍ നി്‌ന്നൊഴിവാക്കുകയും ചെയ്യുമ്പോള്‍ നാം ഉദ്ദേശിക്കുന്ന ഫലം കിട്ടാതെ പോകും. വേണ്ടത്ര പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്ത ഈ മദ്യപന്മാര്‍ സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മദ്യപന്മാരുടെ ആരോഗ്യത്തെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയെ മാനിച്ച് ഗവണ്‍മെന്റ് തലത്തില്‍ പുതിയ തീരുമാനങ്ങളുണ്ടാകട്ടെ.
മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ ഏതെങ്കിലും കൃത്യമായ ദിവസം വരെ ബിവറേജുകള്‍ അടച്ചിടുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുക. ആ സാഹചര്യത്തോട് മാനസികമായി പൊരുത്തപ്പെടാന്‍ മദ്യപാനികള്‍ക്ക് ഇതുവഴി സാധിക്കും.
മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല ഇതെഴുതിയത്, മദ്യപാനം ഓരോരുത്തരുടെയും ചോയ്‌സാണ്. മദ്യപാനവും പുകവലിയും പോലെയുള്ളവ ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോരുത്തരും അതിന്റെ ഉപയോക്താക്കളാകുന്നത്. അപ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടെന്ന് തന്നെ ചുരുക്കം. എന്നിട്ടും ഈയാംപാറ്റകളെ പോലെ അതിലേക്ക് അവര്‍ പായുന്നുണ്ടെങ്കില്‍അതവരുടെ മാനസിക നിലയുടെ പ്രത്യേകതയാണ്. അത്തരക്കാര്‍ക്ക് ബോധവല്ക്കരണവും ചികിത്സയുമാണ് വേണ്ടത്. മദ്യപാന്മാരുടെ പണം മാത്രം പോരാ അവരുടെയും കുടുംബത്തിന്റെയും ആരോഗ്യകാര്യങ്ങളില്‍ കൂടി ഗവണ്‍മെന്റിന് ശ്രദ്ധ വേണം. അപ്പോള്‍ മാത്രമേ ജനകീയ ഗവണ്‍മെന്റാകുകയുള്ളൂ.