തിമിരം.

പ്രായമാകുമ്പോള്‍ കണ്ണിലെ ലെന്‍സിനുണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങളുടെ പരിണിത ഫലമാണ് തിമിരം. വളരെ ലളിതമായൊരു ശസ്ത്രക്രിയയിലൂടെ രോഗിക്ക് മുമ്പുണ്ടായിരുന്ന കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കും. 98% തിമിരശസ്ത്രക്രിയകളും വളരെ വിജയകരമാണ്.

എന്താണ് തിമിരം?
നമ്മുടെ കണ്ണില്‍ ക്യാമറയുടെ ലെന്‍സിന് സമാനമായ ഒരു ലെന്‍സുണ്ട്. വസ്തുക്കളില്‍ നിന്നുള്ള പ്രകാശരശ്മികളെ കണ്ണിനുള്ളിലെ ലെന്‍സ്, റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യുന്നു. തുടര്‍ന്ന് റെറ്റിന തലച്ചോറിലേക്ക് അയയ്ക്കുന്ന സന്ദേശത്തിന്റെ ഫലമായാണ് നമുക്ക് വസ്തുക്കളെ കാണാന്‍ സാധിക്കുന്നത്.  ലെന്‍സ് പ്രകാശരശ്മികളെ കടത്തിവിടത്തക്കവിധം സുതാര്യമായിരുന്നാലെ നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കുകയുള്ളൂ. ലെന്‍സ് മങ്ങിയതോ അതാര്യമോ ആയിത്തീരുമ്പോള്‍ പ്രകാശത്തിന് അതിലൂടെ കടന്നുപോകാന്‍ കഴിയാതെ വരികയും, തത്ഫലമായി കാഴ്ച മങ്ങുകയും ചെയ്യുന്നു. ലെന്‍സിനുണ്ടാകുന്ന ഈ മാറ്റത്തിനാണ് തിമിരം എന്നുപറയുന്നത്.

ശസ്ത്രക്രിയ
തിമിരശസ്ത്രക്രിയയില്‍ നമ്മുടെ കണ്ണിലുള്ള ലെന്‍സ് മാറ്റി പകരം മറ്റൊരു ഇന്‍ട്രാ ഒക്കുലാര്‍ ലെന്‍സ് (IOL) വച്ചു പിടിപ്പിക്കുന്നു. രോഗിക്ക് സാധാരണയായി വ്യക്തമായ ദൂരക്കാഴ്ച ഇതോടെ ലഭിക്കും. എന്നാല്‍ വായിക്കാന്‍ കണ്ണട ഉപയോഗിക്കേണ്ടി വന്നേക്കാം. തിമിരത്തിന്റെ തുടക്കത്തില്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് കാഴ്ച വീണ്ടെടുക്കാവുന്നതാണ്. അതിനുള്ള സാങ്കേതികവിദ്യ ഇന്നു നിലവിലുണ്ട്.

ഫാക്കോ എമല്‍സിഫിക്കേഷന്‍, സ്മോള്‍ ഇന്‍സിഷന്‍ കാറ്ററാക്ട് സര്‍ജറി (മാനുവല്‍ ഫാക്കോ), എക്സ്ട്രാ ക്യാപ്സുലാര്‍ എക്സ്ട്രാക്ഷന്‍ തുടങ്ങി വിവിധ ശസ്ത്രക്രിയ മാര്‍ഗ്ഗങ്ങളും അവയ്ക്കനുയോജ്യമായ ഇന്‍ട്രാ ഒക്കുലാര്‍ ലെന്‍സുകളും ഇന്ന് നിലവിലുണ്ട്. മള്‍ട്ടി ഫോക്കല്‍ ലെന്‍സുകളും ഇവിടെ ലഭ്യമാണ്.

ഫാക്കോ എമല്‍സിഫിക്കേഷനില്‍ 2 mm മുതല്‍ 3 mm വരെ വലിപ്പമുള്ള മുറിവിലൂടെയാണ് ലെന്‍സ് മാറ്റി വയ്ക്കുന്നത്. ഇതിനു തുന്നല്‍ ആവശ്യമില്ല. സ്മോള്‍ ഇന്‍സിഷന്‍ ക്യാറ്ററാക്ട് സര്‍ജറിയിലും എക്സ്ട്രാ ക്യാപ്സുലാര്‍ എക്സ്ട്രാക്ഷനിലും മുറിവിന്റെ വലിപ്പം യഥാക്രമം 5 mm മുതല്‍ 6 mm വരെയും 10 mm മുതല്‍ 12 mm വരെയും ആയിരിക്കും. ആദ്യത്തെ രണ്ടു രീതികളിലും ചെറിയ മുറിവായതിനാല്‍ രോഗിക്ക് പെട്ടെന്നുതന്നെ മുറിവുണങ്ങി കാഴ്ച വീണ്ടെടുത്ത് ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. മള്‍ട്ടിഫോക്കല്‍ ലെന്‍സുകള്‍ ഉപയോഗിച്ചാല്‍ ശസ്ത്രക്രിയയ്ക്കുശേഷം വായിക്കാന്‍ വേണ്ട കണ്ണട ഉപയോഗിക്കേണ്ടിവരുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകും. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി പരിശോധനയ്ക്കുശേഷം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും.

ശസ്ത്രക്രിയയ്ക്കുവേണ്ട തയ്യാറെടുപ്പുകള്‍
1. ഡോക്ടര്‍ ഓപ്പറേഷന്‍ നിര്‍ദ്ദേശിച്ചാല്‍ ഓപ്പറേഷനു മുമ്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും, ഏകദേശ ചിലവുകളെക്കുറിച്ചും പേഷ്യന്റ് കൗണ്‍സിലേഴ്സ് നിങ്ങള്‍ക്കു പറഞ്ഞുതരുന്നതായിരിക്കും. ഹോസ്പിറ്റലില്‍ അഡ്മിറ്റാകാതെ തന്നെ തിമിര ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. (‘Day care Surgery’). ഇതിനെക്കുറിച്ച് കൗണ്‍സിലേഴ്സ് നിങ്ങള്‍ക്ക് വിശദീകരണം തരുന്നതായിരിക്കും.
2. അഡ്മിഷന് വരുന്നതിന് മുന്‍പുതന്നെ രക്തസമ്മര്‍ദ്ദം, പ്രമേഹം, പനി, ചുമ, മൂലക്കുരു, മോണപഴുപ്പ്, മൂത്രതടസ്സം, ചെവിപഴുപ്പ്, മലബന്ധം മുതലായ രോഗങ്ങള്‍ ബന്ധപ്പെട്ട ഡോക്ടറെ കണ്ട് നിയന്ത്രണാധീനമാക്കിയിരിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ച് രോഗം പരിപൂര്‍ണ്ണമായും നിയന്ത്രണാധീനമാക്കിയശേഷമേ ഓപ്പറേഷന്‍ നടത്തുകയുള്ളൂ.
3. ഏതെങ്കിലും മരുന്നിന് അലര്‍ജിയുണ്ടെങ്കില്‍ വിവരം ഡോക്ടറെ ധരിപ്പിക്കണം.
4. ഏതെങ്കിലും മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അവ ഡോക്ടറെ കാണിച്ച്, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം മാത്രം ഉപയേഗിക്കുക.
5. നിങ്ങള്‍ കണ്ണടയോ കോണ്‍ടാക്ട് ലെന്‍സോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഓപ്പറേഷനുമുന്‍പുള്ള പരിശോധനയ്ക്കു വരുമ്പോള്‍ അവ കൊണ്ടുവരേണ്ടതാണ്.
6. ഓപ്പറേഷനുമുന്‍പായി ചില മെഡിക്കല്‍/രക്തപരിശോധനകള്‍ നടത്തുന്നതായിരിക്കും. കൂടാതെ പുതുതായി കണ്ണില്‍ വയ്ക്കേണ്ട ലെന്‍സിന്റെ പവറും (A Scan test) പരിശോധിക്കുന്നതായിരിക്കും.

ഓപ്പറേഷന്‍ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍
1. രാവിലെ കുളിക്കണം.
2. സ്ത്രീകള്‍ മുടി ചീകി വൃത്തിയാക്കി ഒതുക്കി വയ്ക്കണം.
3. നഖങ്ങള്‍ മുറിച്ച് കൈകാലുകള്‍ ശുചിയാക്കണം.
4. ഓപ്പറേഷുമുമ്പായി മുഖവും കൈകാലുകളും സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. ചെരിപ്പ് തീയറ്ററിനകത്ത് കൊണ്ടുപോകാന്‍ പാടില്ല.
5. ഓപ്പറേഷനുമുന്‍പ് കണ്ണിലൊഴിക്കാന്‍ തന്നിരിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദേശിച്ച പ്രകാരം കൃത്യമായി ഒഴിക്കണം.

ഓപ്പറേഷന്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓപ്പറേഷന്‍ തീയ്യറ്ററില്‍ നിങ്ങളുടെ കണ്ണിനചുറ്റുമുള്ള ഭാഗങ്ങള്‍ വൃത്തിയാക്കിയതിനുശേഷം അണുവിമുക്തമായ തുണികൊണ്ട് ഓപ്പറേഷന്‍ ചെയ്യേണ്ടതായ കണ്ണ് ഒഴികെ ബാക്കി മുഖഭാഗങ്ങള്‍ മറയ്ക്കുന്നതാണ്. സുഗമമായി ശ്വസിക്കുന്നതിനായി മൂക്കിനടുത്തായി ഒരു ഓക്സിജന്‍ ട്യൂബ് വച്ചിരിക്കും. അതിനുശേഷം കണ്ണ് മരവിപ്പിക്കുന്നതിനായി ഒരു ഇന്‍ജക്ഷന്‍ (Local Anaesthesia) നല്‍കും. ചില സാഹചര്യങ്ങളില്‍ ബോധം മയക്കിയും (General Anaesthesia) ഓപ്പറേഷന്‍ ചെയ്യും. കണ്ണിനടുത്ത് ഇഞ്ചക്ഷന്‍ തരുമ്പോഴോ, ഓപ്പറേഷന്‍ ചെയ്യുമ്പോഴോ തലയും മറ്റ് ശരീരഭാഗങ്ങളും അനക്കരുത്.

ഓപ്പറേഷന്‍ ഏകദേശം അരമണിക്കൂറോളം സമയം വേണ്ടിവന്നേക്കാം. നിങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെങ്കിലും വേദന അനുഭവപ്പെടുകയില്ല.

ശസ്ത്രക്രിയയ്ക്കുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഓപ്പറേഷനുശേഷം സാധാരണ ആഹാരം കഴിക്കാവുന്നതാണ്.
2. അത്യാവശ്യത്തിന് മാത്രം സംസാരിക്കുക.
3. ഓപ്പറേഷന്‍ ചെയ്ത കണ്ണിന്റെ ഭാഗം വച്ച് ചരിഞ്ഞ് കിടക്കരുത്.
4. ഒരു കാരണവശാലും ഓപ്പറേഷന്‍ ചെയ്ത കണ്ണ് തിരുമ്മരുത്.
5. കണ്ണില്‍ വെയിലടിക്കാതിരിക്കാന്‍ കൂളിംഗ് ഗ്ളാസ്സ് ഉപയോഗിക്കുക.
6. ആശുപത്രി വിട്ടതിനുശേഷം പ്രാഥമിക ദിനചര്യകള്‍ പതിവുപോലെ നടത്താവുന്നതാണ്. എന്നാല്‍ ഒരു മാസത്തേക്ക് ഭാരമുള്ള വസ്തുക്കള്‍ എടുത്തുപൊക്കുകയോ തല അരയ്ക്കു കീഴെ വരത്തക്കവിധം കുനിയുകയോ ചെയ്യരുത്.
7. ആശുപത്രി വിട്ടശേഷം ദേഹം എല്ലാ ദിവസവും കുളിക്കാം. മൂന്നാം ദിവസം മുതല്‍ ഷേവ് ചെയ്യാവുന്നതുമാണ്. എന്നാല്‍ സോപ്പോ വെള്ളമോ കണ്ണില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഒരാഴ്ചയ്ക്കുശേഷം തല കുളിക്കാം. എന്നാല്‍ തുണിയോ വിരലോ ഒരു കാരണവശാലും കണ്ണില്‍ മുട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
8. കണ്ണില്‍ പീളയോ പഴുപ്പോ കണ്ടാല്‍, വൃത്തിയുള്ള പഞ്ഞി വെള്ളത്തിലിട്ട് തിളപ്പിച്ചാറ്റിയശേഷം നനവോടുകൂടി എടുത്ത്, കണ്ണില്‍ മുട്ടാതെ പീള സാവധാനം എടുത്ത് മാറ്റുക.
9. തുടര്‍ പരിശോധനയ്ക്കായി വാര്‍ഡ് സിസ്ററര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരേണ്ടതാണ്. അന്നുവരെ കണ്ണില്‍ മരുന്ന് ഒഴിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും പ്രത്യേകമായ അസുഖം തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണുക.
10. കണ്ണില്‍ മരുന്ന് ഒഴിക്കുമ്പോള്‍ കുപ്പിയുടെ അടപ്പോ കുപ്പിയോ കണ്ണില്‍ മുട്ടരുത്. ഉപയോഗിച്ചശേഷം കുപ്പി ഭദ്രമായി അടച്ചുവയ്ക്കുക.
11. ഓപ്പറേഷനുശേഷം ഒരു മാസത്തേക്ക് പുകവലി, മുറുക്ക്, പൊടിവലി, മദ്യപാനം തുടങ്ങിയവയെല്ലാം ഒഴിവാക്കണം.
12. ഓപ്പറേഷനുശേഷം ഡോക്ടര്‍ അനുവദിക്കുന്നതുവരെ സുറുമ, കണ്‍മഷി, മസ്ക്കാര മുതലായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുത്.
13. കാഴ്ച ശരിയായി ലഭിക്കുന്നതുവരെ ൈ്രഡവിങ്ങ് ഒഴിവാക്കുക.
14. മൂന്നാഴ്ചത്തേക്ക് ലൈംഗീകബന്ധം പാടില്ല.
15. മൂന്നാഴ്ചത്തേക്ക് ടിവി കാണല്‍, വായന എന്നിവ പരിമിതപ്പെടുത്തുക.
16. ചെങ്കണ്ണ്, പനി, ചുമ മുതലായ അസുഖങ്ങളുള്ള വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്.

സത്വരശ്രദ്ധ വേണ്ട കാര്യങ്ങള്‍
താഴെ പറയുന്നവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍, ഓപ്പറേഷന്‍ കഴിഞ്ഞ് 24 മണിക്കൂറിന് ശേഷവും കാണുകയാണെങ്കില്‍, ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തേണ്ടതാണ്.

1. നിങ്ങളുടെ കാഴ്ചയില്‍ പെട്ടെന്ന് കുറവോ മങ്ങലോ അനുഭവപ്പെടുക.
2. കണ്ണിന് ചുമപ്പ് കൂടുക.
3. കണ്‍പോളകളില്‍ നീരോ, കണ്ണില്‍ രക്തസ്രാവമോ കാണുക.
4. ഛര്‍ദ്ദിയോ മറ്റ് അസ്വസ്ഥതകളോ തോന്നുക.
5. കൃഷ്ണമണി വെളുത്തോ, പുകപിടിച്ചപോലെയോ ആവുക.
6. കണ്ണില്‍ നീണ്ടുനില്‍ക്കുന്ന വേദനയും അസ്വസ്ഥതയും അനുഭവപ്പെടുക.

ശസ്ത്രക്രിയയുടെ ഫലം
98% ശസ്ത്രക്രിയകളും വിജയകരമാണെങ്കിലും 2% മുതല്‍ 3% വരെ രോഗികളില്‍ ചില പ്രശ്നങ്ങള്‍ കണ്ടേക്കാം. മിക്ക പ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം കാഴ്ച വേണ്ടത്ര വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നേക്കാം.

ശസ്ത്രക്രിയ കഴിഞ്ഞ് കുറേ കാലങ്ങള്‍ക്ക് ശേഷം ചിലപ്പോള്‍ കാഴ്ചക്കുറവ് അനുഭവപ്പെടാം. ഇത് ലെന്‍സിനെ യഥാസ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്ന ക്യാപ്സുലാര്‍ ബാഗ് എന്ന ഭാഗം അതാര്യമാകുന്നതുകൊണ്ടാണ്. ഇങ്ങിനെ കാഴ്ചക്കുറവുണ്ടായാല്‍ വളരെ ലഘുവായ ലേസര്‍ ചികിത്സയിലൂടെ കാഴ്ച വീണ്ടെടുക്കാവുന്നതാണ്.

error: Content is protected !!