സൗഹൃദം സിനിമയിൽ നിന്ന് കൈ നീട്ടിയപ്പോൾ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് സെറിൻ ഫ്രാൻസിസ് എന്ന സംഗീതസംവിധായകൻ. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘മുല്ലപ്പൂവിതളോ’ എന്ന ഗാനത്തിന് ഈണം നല്കിയത് തൃശൂർക്കാരനായ ഈ ഇരുപത്തിയാറുകാരനാണ്.
ചർച്ച് ക്വയറിൽ കീബോർഡ് വായിച്ചാണ് സെറിൻ സംഗീതജീവിതത്തിന് തുടക്കം കുറിച്ചത്. അപ്പോഴെല്ലാം മനസ്സിൽ കുറിച്ചിട്ട ആഗ്രഹമായിരുന്നു സിനിമ. പക്ഷേ അതിലേക്കുള്ള പ്രവേശനം സ്വപ്നസമാനമായിരിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ സംഭവിച്ചത് അതായിരുന്നു. ഗ്രേറ്റ് ഫാദർ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫനീഫ് അദേനിയുമായുള്ള സൗഹൃദമാണ് സെറിന് അവസരം നല്കിയത്.
ഹനീഫിന്റെ തിരക്കഥയിൽ അബ്രഹാമിന്റെ സന്തതികളുടെ വർക്ക് പുരോഗമിക്കുമ്പോഴാണ് സിനിമയിലെ ഒരു ഗാനത്തിന് ഈണം നല്കാൻ പുതിയൊരാൾക്ക് അവസരം നല്കിയാലോ എന്ന ആലോചന വന്നത്. സംവിധായകൻ ഷാജി പാടൂരിനും നായകനായ മമ്മൂട്ടിക്കും അങ്ങനെ തന്നെയൊരു ആലോചനയുണ്ടായിരുന്നു. നിന്റെ സിനിമയാണ്. പുതിയൊരാൾക്ക് അവസരം നല്കുന്നത് നല്ലതായിരിക്കും എന്ന് മമ്മൂട്ടി ഷാജിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നീ ചെയ്തുനോക്കൂ. ഇഷ്ടമായെങ്കിൽ നമുക്കെടുക്കാം. ഫനീഫ് സെറിനോട് പറഞ്ഞത് അങ്ങനെയാണ്.
അതനുസരിച്ച് സെറിൻ ഈണം ചിട്ടപ്പെടുത്തി. കേട്ടുകഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടമായി. പയ്യൻ കേറിവരട്ടെയെന്ന് മമ്മൂട്ടി പച്ചക്കൊടി കാട്ടിയതോടെ സെറിന്റെ സിനിമാ അരങ്ങേറ്റത്തിന് കേളികൊട്ടുയരുകയായിരുന്നു. സെറിന്റെ ഈണത്തിന് റഫീക്ക് അഹമ്മദിന്റെ കാവ്യാത്മകമായ വരികളും ഹരിചരണിന്റെ ശബ്ദവും ചേർന്നപ്പോൾ മലയാളചലച്ചിത്രഗാനശാഖയിലേക്ക് അവിസ്മരണീയമായ ഒരു ഗാനം കൂടി പേരു ചേർക്കപ്പെടുകയായിരുന്നു. സെറിൻ തന്റെ സിനിമാ പ്രവേശനത്തിന്റെ കാര്യം അധികമാരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഗാനം യൂട്യൂബിൽ വന്നതിന് ശേഷമാണ് അക്കാര്യം പലരും അറിയുന്നത്.
നല്ല സിനിമകളുടെ ഭാഗമാകണം. എനിക്ക് അവസരം കിട്ടിയതുപോലെ മറ്റുള്ളവർക്കും അവസരം കൊടുക്കണം. സെറിൻ തന്റെ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു. മാതാപിതാക്കൾ: ഫ്രാൻസിസ് -ഷീല. സഹോദരങ്ങൾ: സെബിൻ, സെജിൻ