മൈ സ്റ്റോറി

പ്രണയം ആർക്കാണ് ഇല്ലാത്തത്? അല്ലെങ്കിൽ പ്രണയിച്ച് നഷ്ടപ്പെടാത്തവരായി ആരാണുള്ളത്? എന്തിനെയെങ്കിലുമൊക്കെ പ്രണയിക്കുകയും  നഷ്ടപ്രണയത്തിന്റെ വിങ്ങലുമായി തപ്തഹൃദയത്തോടെ ജീവിക്കുന്നവരുമായി ആരൊക്കെയോ ഉണ്ട്. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും നഷ്ടപ്പെട്ടുപോയ ആ പഴയകാല പ്രണയത്തെ ഓർത്ത് വേദനിക്കുന്നവരുമുണ്ട്. പിന്നെ എപ്പോഴെങ്കിലും ആ പ്രണയത്തെ തിരിച്ചുപിടിക്കാൻ ഒരവസരം വന്നാലോ?

Roshni Dinakar – Film Director

പറഞ്ഞുവരുന്നത് റോഷ്‌നി സംവിധാനം ചെയ്ത മൈ സ്റ്റോറി എന്ന പൃഥ്വിരാജ് പാർവതി ചിത്രത്തെക്കുറിച്ചാണ്. പറയുമ്പോൾ അതു പറയണമല്ലോ പ്രണയമായിട്ടും ചിത്രം ഏല്ക്കാതെ പോയി. നന്നാക്കിയെടുക്കാമായിരുന്ന ഒരു പ്രമേയം ഉണ്ടായിട്ടും തിരക്കഥയിലെ പോരായ്മകളും വൈകല്യങ്ങളും കൊണ്ട് ചീറ്റിപ്പോയ പടക്കം കണക്കെയായി മൈ സ്റ്റോറി. ആകർഷിക്കത്തക്കതായ ഒരുപിടി സാഹചര്യങ്ങൾ ആകെമൊത്തം നോക്കുമ്പോൾ ചിത്രത്തിനുണ്ട്. എങ്കിലും കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളോ വൈകാരികഭാവങ്ങളോ പ്രണയത്തിന്റെ തീവ്രതയോ പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയാതെ പോയതു തന്നെയാണ് ചിത്രത്തിന്റെ പോരായ്മ.

ഇന്നത്തെ പ്രേക്ഷകർക്ക് ആഴപ്പെട്ട പ്രണയാനുഭവങ്ങളോടു പോലും പഴയതലമുറയെ പോലെ പ്രതിബദ്ധതയുള്ളവരല്ല. അവരുടെയിടയിലേക്കാണ് ഫ്‌ളാഷ്ബായ്ക്കിലെ ഒരു പ്രണയത്തെ മധ്യവയസിൽ തിരിച്ചുപിടിക്കാൻ നായകൻ നടത്തുന്ന വികലമായ ശ്രമങ്ങളുമായി മൈ സ്റ്റോറി കടന്നുവന്നത്.

മധ്യവയസിലെ പ്രണയം വല്ലാത്തൊരു അനുഭവമാണ്. എന്നാൽ ചേരേണ്ട ചേരുവകൾ ചേർത്തു പറയണമെന്ന് മാത്രം. പക്ഷേ അത്തരമൊരു സാധ്യത മൈ സ്റ്റോറിയുടെ സ്രഷ്ടാക്കൾക്ക് നല്കാനായില്ല. കാലം മാറുമ്പോൾ അതനുസരിച്ചുള്ള ട്രീറ്റ്‌മെന്റ് സിനിമ പോലെയുള്ള ജനകീയ മാധ്യമങ്ങൾക്ക് കൂടിയേതീരു. ഇഴഞ്ഞുനീങ്ങുന്ന അവതരണവും ഫ്‌ളാഷ്ബായ്ക്കും വർത്തമാനകാലവും കൂടിക്കലർന്നുള്ള രംഗചിത്രീകരണവുമെല്ലാം കൂടി സാമാന്യം നല്ലരീതിയിൽ ചിത്രം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുമുണ്ട്. എങ്കിലും മലയാളത്തിന് ഏറെക്കുറെ അപരിചിതമായ ലൊക്കേഷൻ പരിചയപ്പെടാൻ സാധിക്കുന്നതുവഴി ചിത്രം കണ്ടിരിക്കാൻ  ആ രീതിയിൽ ഇത്തിരിയൊക്കെ നല്ലതാണ്. പോർച്ചുഗീസും സ്‌പെയ്‌നും നല്കുന്ന കാഴ്ചകൾ അത്തരത്തിലുള്ളതാണ്. എങ്കിലും  ആകെക്കൂടി  നിരാശാഭരിതമാണ് ചിത്രം എന്ന് പറയാതിരിക്കാനുമാവില്ല.

error: Content is protected !!