NEWS MAKER @ SHIVAGURU PRABHAKARAN

ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ പലതു കൊണ്ടും ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു  ശിവഗുരു പ്രഭാകരൻ എന്ന തമിഴ്‌നാട്ടുകാരന്റേത്. തഞ്ചാവൂരിലെ മേലൊട്ടെൻകാവ് ഗ്രാമത്തിൽ ജനിച്ച ശിവഗുരുവിന്  പ്ലസ് ടൂ വിന് ശേഷം എൻജീനിയറിംങിന് ചേരാനായിരുന്നു ആഗ്രഹം. പക്ഷേ ഓലമെടഞ്ഞ് കുടുംബം പുലർത്തുന്ന അവന്റെ അമ്മയ്ക്ക് മകന്റെ സ്വപ്‌നങ്ങൾക്ക് കൂട്ടുപോകാൻ കഴിഞ്ഞില്ല. ഫലമോ പഠനം മുടങ്ങി. ശിവഗുരു അങ്ങനെ നിത്യവൃത്തിക്കായി ഒരു സാധാ തൊഴിലാളിയായി.  കുടുംബം പോറ്റുന്ന തൊഴിലാളി. എങ്കിലും മറ്റ് തൊഴിലാളികളെപോലെ തന്റെസ്വപ്‌നം അവിടെയെവിടെയെങ്കിലും ഉപേക്ഷിച്ചുപോകാൻ അവന് മനസ്സ് വന്നില്ല. തൊഴിലിനൊപ്പം സ്വപ്‌നവും ശിവഗുരു കൂടെ കൊണ്ടുനടന്നു. ഇത്തിരി കാശ് തുടർപഠനത്തിനായി നീക്കിവയ്ക്കാനും അവൻ തയ്യാറായി.  അതിനിടയിൽ സഹോദരിയെ വിവാഹവും കഴിപ്പിച്ചയച്ചു. കുടുംബബാധ്യതകൾ തെല്ലൊന്ന് പരിഹരിക്കപ്പെട്ടപ്പോൾ അവൻ എൻജിനീയറിംങ് പഠനത്തിന് ചേർന്നു. വെല്ലൂരിലെ തന്തൈപെരിയാർ ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയിലായിരുന്നു പഠനം. അതിനിടയിലും പാർട്ട് ടൈം ആയി ജോലി ചെയ്യാനും സന്നദ്ധനായിരുന്നു.

പഠനത്തിനും വീട്ടുചെലവിനും പണം കണ്ടെത്താൻ അതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. പലപ്പോഴും റെയിൽവേ സ്റ്റേഷനിലായിരുന്നു ഉറക്കം. ഇക്കാലയളവിലാണ് ഐഎഎസ് എന്ന സ്വപ്‌നം ജീവിതത്തിലേക്ക് കടന്നുവന്നത്. കലക്ടറായി കാറിൽ സഞ്ചരിക്കുന്നതും ജനങ്ങളെ സേവിക്കുന്നതും ആ സ്വപ്‌നങ്ങൾക്ക് അകമ്പടിയായി. മൂന്നുതവണ  സിവിൽ സർവീസ് കൈവിട്ടപ്പോഴും മനസ്സ് മടുത്തില്ല.. വീണ്ടും എഴുതി. അതാണ് ഇപ്പോൾ ശിവഗുരുവിനെ വിജയകിരീടം അണിയിച്ചിരിക്കുന്നത്. സമീപകാലത്തെ വാർത്തകളിൽ അതിജീവനത്തിന്റെ മാധുര്യം കൊണ്ട് സവിശേഷശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് ശിവഗുരു പ്രഭാകരൻ.  ഇത്തരം പ്രചോദനാത്മകമായ ജീവിതങ്ങൾ നമ്മുടെ വഴികളെയും പ്രകാശിപ്പിക്കുക തന്നെ ചെയ്യും.
error: Content is protected !!