ബക്കിംഗ്ഹാം (Buckingham) കൊട്ടാരം

ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിംഗ്ഹാം (Buckingham) കൊട്ടാരം.  ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കുന്നു.

1837 മുതല്‍ക്കേ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയാണ്‌ ബക്കിംഗ്ഹാം കൊട്ടാരം. ഡ്യൂക്ക് ഓഫ് ബക്കിംഗ്ഹാം അദ്ദേഹത്തിന്‍റെ പത്നിയ്ക്കായി നിര്‍മ്മിച്ചതാണ് ഈ വസതി. ഇതൊരു കൊട്ടാരമായി രൂപീകരിച്ചെടുത്തത് ജോര്‍ജ്ജ് നാലാമനാണ്. വിക്ടോറിയയാണ് ഇവിടെ  താമസം ആരംഭിച്ച  ആദ്യ രാജ്ഞി. കൂട്ടുകുടുംബവ്യവസ്ഥിതിയിലാണ് ഇന്നും ബ്രിട്ടീഷ് രാജകുടുംബം കൊട്ടാരത്തില്‍ കഴിഞ്ഞുവരുന്നത്.

ഏതാണ്ട് 600 മുറികളുണ്ട്, കൊട്ടാരത്തില്‍. രാജകുടുംബാംഗങ്ങള്‍ വസിക്കുന്ന മുറികള്‍, അതിഥിമുറികള്‍ എന്നിവ കൂടാതെ 78 കുളിമുറികള്‍, 92  ഓഫീസുകള്‍, ഒരു സിനിമ തീയറ്റര്‍, നീന്തല്‍ക്കുളം, പോസ്റ്റ്‌ ഓഫീസ്, ആഭരണനിര്‍മ്മാണശാല, എ ടി എം എന്നിവയും അടങ്ങുന്നതാണ് കൊട്ടാര സമുച്ചയം. ഏതാണ്ട് നാന്നൂറോളം പേര്‍ കൊട്ടാരത്തില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. വീട്ടുജോലിക്കാര്‍, പാചകക്കാര്‍, ശുചീകരണതൊഴിലാളികള്‍, തോട്ടക്കാര്‍, ഇലക്ട്രിക്കല്‍ ജോലിക്കാര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. കൊട്ടാരത്തിലെ മുന്നൂറോളം ക്ലോക്കുകളുടെ പ്രവര്‍ത്തനം നോക്കാന്‍ മാത്രം രണ്ടു ജോലിക്കാരുണ്ട്.

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലി ചെയ്യുന്ന സുരക്ഷാഗാര്‍ഡുകളുടെ ഡ്യൂട്ടിമാറ്റം ചേഞ്ചിംഗ് ഓഫ് ഗാര്‍ഡ്സ് എന്നാണ് അറിയപ്പെടുന്നത്. ഇതൊരു പ്രത്യേക ചടങ്ങാണ്. ഈ ചടങ്ങ് കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ സന്നിഹിതരാകാറുണ്ട്. രാവിലെ 11.30 നാണ് ചേഞ്ചിംഗ് ഓഫ് ഗാര്‍ഡ്സ് നടന്നു വരുന്നത്.

വിനോദസഞ്ചാരികള്‍ക്ക് ബക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിക്കാന്‍ ഓഗസ്റ്റിലും, സെപ്റ്റംബറിലും മാത്രമേ സാധിക്കൂ. കാരണം, ആ സമയത്താണ് എലിസബത്ത് രാജ്ഞി സ്കോട്ട്ലന്റിലെയ്ക്ക് യാത്രയാവുന്നത്. 

error: Content is protected !!