ദാമ്പത്യബന്ധത്തെ പലപ്പോഴും അസ്വസ്ഥമാക്കുകയും പിന്നീട് ശിഥിലമാക്കുകയും ചെയ്യുന്ന ഒന്നാണ് പകവീട്ടലുകള്‍. മുമ്പെന്നോ ഒരിക്കല്‍ ജീവിതപങ്കാളി പറഞ്ഞതോ ചെയ്തതോ ആയ കാര്യം ഓര്‍മ്മയില്‍ സൂക്ഷിച്ച് അവസരം വരുമ്പോള്‍ തിരിഞ്ഞുകൊത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒട്ടുമിക്ക ദാമ്പത്യങ്ങളിലെയും സ്ഥിരം പരിപാടിയാണ് പകവീട്ടല്‍. തക്ക അവസരം വരുമ്പോള്‍ ശത്രുവിനെ കീഴടക്കാന്‍ കാത്തിരിക്കുന്ന പ്രതിയോഗിയുടെ മട്ടിലാണ് പല പങ്കാളികളും ഇണയെ ആക്രമിക്കുന്നത്.
അന്ന് എന്നോട് പറഞ്ഞത് ഇങ്ങനെയല്ലേ അതുകൊണ്ട് ഞാന്‍ ഇങ്ങനെ പറയും. അല്ലെങ്കില്‍ അന്നെന്നോട് ചെയ്തതിന് പകരമായിട്ടാ ഞാനിത് ചെയ്തത്..ഇങ്ങനെ പോകുന്നു വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള പകവീട്ടലുകള്‍. സത്യത്തില്‍ പകവീട്ടല്‍ എന്നത് ഒരുവീട്ടല്‍ വ്യക്തിയുടെ ആന്തരികവ്യക്തിത്വമില്ലായ്മയുടെയും ബലക്കുറവിന്റെയും അടയാളമാണ്. പക വീട്ടുമ്പോള്‍ ആദ്യത്തെയാളും രണ്ടാമത്തെയാളും ഒരേ നിലവാരത്തിലേക്കാണ് താഴുന്നത്. ഇതൊരിക്കലും ആരുടെയും മുറിവുണക്കുന്നില്ല. ആദ്യം മുറിവു നല്കിയ ആളും രണ്ടാമത് മുറിവേല്പിക്കപ്പെടുന്നു. ദേഷ്യത്തിനോ അജ്ഞത മൂലമോ പറഞ്ഞുപോയ ഒരു വാക്കിനോടോ പ്രവൃത്തിയോടോ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നത് ബാലിശമാണ്.
പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതാണ് പകവീട്ടലുകള്‍ക്ക് പിന്നിലെ ഒരു കാരണം. പകവീട്ടലുകള്‍ പരസ്പരം ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തും. ദാമ്പത്യത്തിലെ ഊഷ്മളത നഷ്ടമാക്കും. ഹൃദയങ്ങളെ തമ്മില്‍ അകറ്റും. അതുകൊണ്ട് നിങ്ങളെ വേദനിപ്പിച്ച പങ്കാളിയോട് പകവീട്ടാതിരിക്കുക. അന്ന് കിട്ടിയ മുറിവിനെ ഉണക്കാന്‍ അനുവദിക്കുക. നിങ്ങള്‍ക്ക് ക്ഷമിക്കാനോ സഹിഷ്ണുത പുലര്‍ത്താനോ കഴിയുന്നില്ല എന്നതിന്റെ പ്രകടമായ തെളിവാണ് പകവീട്ടലുകള്‍. അതുകൊണ്ട് പകവീട്ടലുകളില്‍ നിന്ന് അകന്ന് പരസ്പരമുള്ള കൈത്താങ്ങലുകളിലേക്കും കരുതലുകളിലേക്കും ദാമ്പത്യബന്ധത്തെ വളര്‍ത്തുക.